അപ്രതീക്ഷിതമായ തീരുമാനങ്ങളെടുക്കാറുള്ള യുഎസിലെ നിയമസംവിധാനം പലപ്പോഴും മറ്റു രാജ്യക്കാരെ സ്തബ്ധരാക്കാറുണ്ട്.
കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനവിധി അംഗീകരിക്കാതെ അതിനെതിരെ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പ്രതിരോധം തീർത്ത ഡോണൾഡ് ട്രംപ് അവസാനം അനുയായികളെ ഇളക്കിവിട്ട് രാജ്യത്ത് കലാപം സൃഷ്ടിക്കാനും ശ്രമിച്ചതാണ്. ആ നീക്കം പരാജയപ്പെട്ട ശേഷവും അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായി തുടർന്നു. 4 വർഷത്തിനു ശേഷം 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുകയാണ് ട്രംപ്. ആർക്കും അവഗണിക്കാനാവാത്ത സാധ്യത അദ്ദേഹത്തിനുണ്ട്.
ഈ നിർണായഘടത്തിൽ മറ്റൊരു കുപ്രസിദ്ധി കൂടി അദ്ദേഹം കൈവരിച്ചു. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ്, അടുപ്പക്കാരിയായിരുന്ന രതിചിത്രനടിയെ നിശ്ശബ്ദയാക്കുന്നതിനു വേണ്ടി പണം നൽകിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ വിചാരണ ചെയ്യാൻ ഗ്രാൻഡ് ജൂറി തീരുമാനിച്ചു. മൻഹാറ്റൻ ഡിസ്ട്രിക്ട് അറ്റോർണി മുമ്പാകെ കീഴടങ്ങിയ ട്രംപ് 34 കുറ്റങ്ങൾ അടങ്ങിയ കുറ്റപത്രം വായിച്ചുകേട്ടു. കേസ് അടുത്ത ഡിസംബറിലേക്ക് മാറ്റുകയും ചെയ്തു. വിചിത്രമെന്നു പറയട്ടെ, ഈ നടപടികൾക്കു ശേഷവും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രചാരണം അദ്ദേഹം സജീവമാക്കുകയാണ് ചെയ്തത്. വിചാരണയ്ക്കു ശേഷം ശിക്ഷിക്കപ്പെട്ടാൽ പോലും ട്രംപ് മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് തോന്നുന്നില്ല.
അഞ്ചാം ഭരണഘടനാഭേദഗതിയിലൂടെയാണ് അമേരിക്കയിൽ ഗ്രാന്റ് ജൂറി സമ്പ്രദായം നടപ്പിലാക്കിയത്. ഇത് സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഓരോ സംസ്ഥാനത്തിനും അവകാശമുണ്ടായിരുന്നു. അതനുസരിച്ച് പെൻസിൽവേനിയയും കനക്ടികട്ടും വിട്ടുനിന്നു. ന്യൂയോർക്ക് ഉൾപ്പെടെ 23 സംസ്ഥാനങ്ങൾ ചിലതരം കുറ്റങ്ങൾക്ക് ഈ സമ്പ്രദായം വേണമെന്ന് തീരുമാനിച്ചു. ബാക്കി 25 സംസ്ഥാനങ്ങൾ ഗ്രാന്റ് ജൂറി രീതി സമ്മതമെങ്കിൽ ആവാം എന്ന നിലപാട് സ്വീകരിച്ചു. ഈ സമ്പ്രദായമനുസരിച്ച് കുറ്റം ചുമത്തുന്നതിന് ജൂറി അംഗങ്ങളുടെ ഭൂരിപക്ഷം മതിയാകും. എന്നാൽ, വിചാരണയ്ക്കു ശേഷം ശിക്ഷിക്കുന്നതിന് തീരുമാനം ഏകകണ്ഠമാകണം. ഇന്ത്യയിലും ജൂറി സമ്പ്രദായം നിലനിന്നിരുന്നു. 1973 ൽ നാം അത് വേണ്ടെന്നു വച്ചു.

2006 കാലത്ത് അടുപ്പമുണ്ടായിരുന്ന സ്റ്റോമി ഡാനിയേൽസ് എന്ന രതിചിത്രനടിക്ക് 1,30,000 ഡോളർ നൽകാൻ ട്രംപ് അഭിഭാഷകനോട് നിർദേശിച്ചുവെന്നാണ് കേസ്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിച്ചപ്പോൾ പഴങ്കഥകൾ പുറത്തുപറയാതിരിക്കാനാണ് പണം നൽകിയത്. ഇവിടെ ‘അവിഹിത’ ബന്ധമോ പണം നൽകിയതോ അല്ല കുറ്റം. അങ്ങനെ പണം നൽകിയത് വക്കീൽ ഫീസ് എന്ന പേരിൽ കണക്കെഴുതിയതാണ്. അക്കൗണ്ടിങ് നിയമങ്ങളുടെ ലംഘനവും ഓഫിസ് രേഖകൾ തിരുത്തിയതുമെല്ലാം കുറ്റപത്രത്തിൽ ആരോപിക്കുന്ന 34 തരം കൊള്ളരുതായ്മകളിൽ ഉൾപ്പെടുന്നു.
തനിക്കെതിരെ കുറ്റം ചുമത്താൻ നീക്കം നടക്കുന്നുണ്ടെന്നും അനുയായികൾ പ്രതിഷേധിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തതിനെ തുടർന്ന് കോടതിക്ക് അധികസുരക്ഷ ഏർപ്പെടുത്തേണ്ടി വന്നു. ഈ വർഷം ഡിസംബർ 23 ആണ് കേസിന്റെ അടുത്ത തീയതി. എന്നാൽ, 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയുംവരെ കേസ് നീട്ടിവയ്പിക്കാനാണ് ട്രംപിന്റെ അഭിഭാഷകസംഘം ശ്രമിക്കുനനത്.

കുറ്റം ചുമത്തിയത് രാഷ്ട്രീയ പീഡനമാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൈകടത്തലാണെന്നും ട്രംപ് ആരോപിക്കുന്നു. ഇതിനെ ചെറുക്കാനുള്ള നിയമനടപടികൾക്കു വേണ്ടി സാമ്പത്തിക സഹായം നൽകണമെന്ന് അദ്ദേഹം അനുയായികളോട് അഭ്യർഥിച്ചു. ഈ അഭ്യർഥനയ്ക്ക് വൻ പ്രതികരണമായിരുന്നു. 24 മണിക്കൂറിനുള്ളിൽ 40 ലക്ഷം ഡോളർ സംഭാവനയായി ലഭിച്ചു. 3 ദിവസത്തിനുള്ളിൽ 70 ലക്ഷം ഡോളർ (57.4 കോടി രൂപ) ഈ അക്കൗണ്ടിലേക്ക് പ്രവഹിച്ചതായി ട്രംപിന്റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നവർ വെളിപ്പെടുത്തി. ചുരുക്കത്തിൽ, കുറ്റം ചുമത്തിയത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്. പ്രചാരണം കൂടുതൽ ശക്തമാകുന്നതോടെ വിചാരണയോ അതിലെ വിഷയങ്ങളോ അപ്രസക്തമായേക്കും.
റിപ്പബ്ലിക്കൻ പാർട്ടിയിലെ ട്രംപിന്റെ സ്വാധീനത്തിന് ഇളക്കം തട്ടിക്കാൻ കുറ്റവിചാരണ നടപടികൾക്കു കഴിഞ്ഞിട്ടില്ല. അതേസമയം, ജോ ബൈഡൻ ഭരണകൂടത്തിനെതിരായ വിമർശനങ്ങൾക്ക് ട്രംപ് മൂർച്ച കൂട്ടുകയും ചെയ്തു. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട തിരിച്ചടി ഭരണകക്ഷിയായ ഡെമോക്രാറ്റുകൾക്ക് വീര്യം പകർന്നിരുന്നു.
എന്നാൽ, ബൈഡൻ ഭരണകൂടം അമേരിക്കയെ ലോകയുദ്ധത്തിലേക്കു തള്ളിയിടുമെന്നാണ് ട്രംപിന്റെ പ്രചണ്ഡ പ്രചാരണം. താൻ പ്രസിഡന്റ് ആയിരുന്നപ്പോൾ അമേരിക്ക ഒരിടത്തും യുദ്ധം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. യുക്രെയ്നിനെതിരെ ബലപ്രയോഗത്തിനു മുതിരരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ട്രംപ് പറയുന്നു. തയ്‍വാനെതിരെ തിരിഞ്ഞാൽ ദോഷം ചെയ്യുമെന്ന് ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങിനോടും അദ്ദേഹം പറഞ്ഞിരുന്നുവത്രേ. വീണ്ടും അധികാരത്തിലെധിയാൽ ദിവസങ്ങൾക്കകം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം നൽകുന്നു. കുറ്റപത്രം വായിച്ചുകേട്ട ശേഷം കോടതിയിൽ നിന്നു പുറത്തുവന്ന ട്രംപ് പ്രതിയെന്ന നിലയിൽ പരുങ്ങിയല്ല, മറിച്ച് രാഷ്ട്രീയമായി നേരിടാൻ ഉറച്ചുതന്നെയാണ് ഫ്ലോറിഡയിൽ അനുയായികളെ അഭിസംബോധന ചെയ്തത്.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വം ലഭിക്കാനുള്ള സാധ്യതകൾക്ക് ‘അവിഹിത പണമിടപാട്’ കുറവുവരുത്തിയിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 2024 ൽ ട്രംപും ബൈഡനുമാണ് മത്സരിക്കുന്നതെങ്കിൽ ഇരുവർക്കും 45 % വീതമാണ് സാധ്യതയെന്ന് വോൾ സ്ട്രീറ്റ് ജേണൽ നടത്തിയ സർവേ വ്യക്തമാക്കി. ഫലത്തിൽ കാര്യമായ മാറ്റത്തിനു സാധ്യതയില്ലെന്നും നവംബറിൽ നടത്തിയ സർവേ പ്രവചിച്ചിരുന്നു.

2020 ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ അട്ടിമറി നടത്തിയതായി ട്രംപ് ആരോപിച്ചിരുന്നു. പുട്ടിനെ ‘പ്രതിഭാശാലി’ എന്നു വിശേഷിപ്പിച്ച അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടിയുടെ ചെല്ലപ്പിള്ളയാണ് താനെന്ന് അവകാശപ്പെടുകയും ചെയ്തു. ഈ അവകാശവാദങ്ങളോ പ്രസ്താവനകളോ അദ്ദേഹത്തിന്റെ വിശ്വാസ്യത വർധിപ്പിച്ചില്ല. പക്ഷേ, ഒരുകാലത്തും ട്രംപിന് വിശ്വാസ്യത ഒരു വിഷയമായിരുന്നില്ലെന്ന് ഓർക്കണം. മാത്രമല്ല, ഒരിക്കലും പ്രവചിക്കാനാവാത്ത രാഷ്ട്രീയക്കാരനാണ് അദ്ദേഹം. ഗുരുതരമായ നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുമ്പോഴും പാർട്ടി തന്നെ സ്ഥാനാർഥിയായി തിരഞ്ഞെടുക്കുമെന്നും വീണ്ടും വിജയിച്ച് അമേരിക്കയുടെ പ്രസിഡന്റ് ആകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.