ദുബായിലെ അംബരചുംബികളിൽ ഒന്നിനു മുകളിൽ നിന്ന് പുറത്തേക്കു നോക്കുമ്പോൾ ചുറ്റുപാടും എത്രവേഗമാണ് മാറുന്നതെന്ന് വ്യക്തമാകും. ഏതാനും വർഷം മുൻപു വരെ ഉയരമേറിയ എടുപ്പുകളുടെ അസ്ഥിപഞ്ജരങ്ങൾ മാത്രമാണ് കാണാനുണ്ടായിരുന്നത്. അവയുടെ വിന്യാസം മാറുന്നതനുസരിച്ച് കാഴ്ചകളും മാറിക്കൊണ്ടിരുന്നു. എന്നാൽ, ഇന്ന് അവയിൽ ഓരോന്നിന്റെയും അകത്തളങ്ങളിലേക്കു കണ്ണോടിക്കുമ്പോൾ നാം അദ്ഭുതസ്തബ്ധരാകും. നൂതനസാങ്കേതികവിദ്യയുടെ പ്രതീകങ്ങളായ അത്യാധുനിക കംപ്യൂട്ടറുകളും റോബട്ടുകളും ഓഫിസുകളും സ്വീകരണമുറികളും കിടപ്പറകൾപോലും അലങ്കരിച്ചിരിക്കുന്നു. നിർമിത ബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രവർത്തിക്കുന്ന വിവിധ ഉപകരണങ്ങൾ മനുഷ്യ സാന്നിധ്യം പോലും അനിവാര്യമല്ലാതാക്കിയിരിക്കുന്നു. ലോകത്ത് മറ്റൊരു നഗരവും ഇത്രവേഗത്തിലും വ്യാപകമായും സാങ്കേതിക വിദ്യയെ ഇരുകയ്യും നീട്ടി സ്വീകരിച്ചതായി തോന്നുന്നില്ല. 3 ഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ ആദ്യമായി കെട്ടിടം പണിതുയർത്തിയ ദുബായ്, നിർമിത ബുദ്ധിയുടെ സഹായത്തോടെ ലോകത്തെ നിയന്ത്രിക്കാനുള്ള പാതയയിൽ അതിവേഗം മുന്നേറുകയാണ്.

ഈ ദിവസങ്ങളിലെ ഖലീജ് ടൈംസിലൂടെ കണ്ണോടിക്കുമ്പോൾ, ഭൂരാഷ്ട്രമണ്ഡലത്തിലെ (ജിയോപൊളിറ്റിക്കൽ) ദ്രുതവേഗത്തിലുള്ള മാറ്റങ്ങൾ യുഎഇയെ മാത്രമല്ല മധ്യപൂർവദേശത്തെയാകെ മാറ്റിമറിക്കുന്നതായി കാണാം. ഏതാനും ആഴ്ചകൾക്കു മുൻപുപോലും ചിന്തിക്കാൻ കഴിയാതിരുന്ന കാര്യങ്ങളാണ് ആഭ്യന്തരവും ബാഹ്യവുമായ വിവിധ മണ്ഡലങ്ങളിൽ ഒരേസമയം സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 18 ന് ഇറങ്ങിയ ഖലീജ് ടൈംസിന്റെ പ്രധാനതലക്കെട്ട് It’s Official: Tehran invites Saudi King എന്നായിരുന്നു. ഇസ്‍ലാമിക വിശ്വാസപ്രകാരമുള്ള 2 പ്രധാന പള്ളികളുടെ ചുമതലക്കാരനായ സൗദി രാജാവിനെ ഇറാൻ ഔദ്യോഗിക സന്ദർശനത്തിന് ക്ഷണിച്ചിരിക്കുന്നു. ചൈനയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും കഴിഞ്ഞ മാസം നടത്തിയ ഒത്തുതീർപ്പു ചർച്ചകളെ തുടർന്നാണ് ഇറാൻ സൽമാൻ രാജാവിനെ ക്ഷണിച്ചത്. സൗദി അറേബ്യ നിരുപാധികം വിട്ടയച്ച ഹൂതി തടവുകാരൻ സനാ വിമാനത്താവളത്തിൽ വച്ച് ബന്ധുക്കളെ ആശ്ലേഷിക്കുന്ന ചിത്രവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയോടു ചേർന്നുതന്നെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസ്താവന കാണാൻ കഴിഞ്ഞു. സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണനിലയിലാകുന്നത് അറബ്– ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ നിർണായക ചുവടുവയ്പാണെന്നായിരുന്നു ആ പ്രസ്താവനയുടെ ചുരുക്കം.

വസ്തുതകൾ കൽപിതകഥകളെക്കാൾ വിചിത്രവും അദ്ഭുതാവഹവുമായിത്തീരുന്നത് സാങ്കേതികവിദ്യയുടെ രംഗത്തോ വാണിജ്യ – നിക്ഷേപ മേഖലയിലോ മാത്രമല്ല. പുതിയൊരു ലോകക്രമത്തിന്റെ പ്രചണ്ഡവാതം ലോകമാകെ ആഞ്ഞുവീശുന്നതാണ് നാം ഇവിടെ കാണുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധം ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുമ്പോൾത്തന്നെ, മറ്റു രാജ്യങ്ങൾ പുതിയ പുതിയ സഖ്യങ്ങളും വാണിജ്യബന്ധങ്ങളും സ്ഥാപിച്ച് ഭാവി ഐശ്വര്യപൂർണമാക്കാനുള്ള പരിശ്രമത്തിലാണ്. ആഭ്യന്തര പരിഷ്കാരങ്ങളും ഇതിന്റെ ഭാഗംതന്നെയാണ്. സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജ്യാന്തര സ്പേസ് സ്റ്റേഷനിലേക്ക് പറക്കാൻ ഒരുങ്ങുന്ന രാജ്യത്തെ ആദ്യ വനിതാ ഗഗനചാരിക്ക് ഹസ്തദാനം നൽകുന്ന ചിത്രം ഇക്കൂട്ടത്തിൽ ശ്രദ്ധേയമായി തോന്നി.

ഖത്തറും യുഎഇയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും എംബസികൾ തുറക്കാനും തീരുമാനിച്ച റിപ്പോർട്ടായിരുന്നു ഏപ്രിൽ 19 ന് ചർച്ചയായത്. ഈജിപ്തിലെ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന പേരിൽ 2 വർഷം മുൻപ് ഖത്തറിനെ ബഹിഷ്കരിച്ച അറബ് രാജ്യങ്ങൾ വീണ്ടും അവരുമായി കൈകോർക്കുന്നു. യുഎഇയിലെയും ഖത്തറിലെയും ഭരണാധികാരികളുടെ കുടുംബങ്ങൾ തമ്മിലുള്ള മികച്ച ബന്ധം ഉപരോധത്തെ അസംബന്ധനാടകമാക്കി. അതിവേഗം മാറുന്ന ലോകസാഹചര്യം ഗൾഫ് സഹകരണ കൗൺസിലെ (ജിസിസി) മറ്റ് അംഗരാജ്യങ്ങളും തിരിച്ചറിഞ്ഞത് പ്രശ്നപരിഹാരം എളുപ്പമാക്കി. ‘‘ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഒറ്റയ്ക്കാവില്ല, അത് കൂട്ടത്തോടെയാവും’’ എന്നാണ് ഷെയ്ക്സ്പിയർ പറഞ്ഞത്. എന്നാൽ, സദ്‍വാർത്തകളും ഗുണകരമായ സാമൂഹിക പരിഷ്കാരങ്ങളും കൂട്ടത്തോടെ സംഭവിക്കുന്ന കാഴ്ചയാണ് മധ്യപൂർവദേശത്തു ദൃശ്യമാകുന്നത്.
ഈ നാടകീയമായ മാറ്റങ്ങളുടെ ആകെത്തുകയെന്നു പറയാവുന്നത് ചൈനയുടെ വളർച്ചയും അമേരിക്കയും തളർച്ചയുമാണ്. ഇതുവരെ ഈ മേഖലയിലെ വാണിജ്യ– സാമ്പത്തിക രംഗത്തു നിശ്ശബ്ദം പ്രവർത്തിച്ചിരുന്ന ചൈന, ആഗോള രാഷ്ട്രീയ സൈനിക ശക്തിയായി സ്വയം പ്രതിഷ്ഠിക്കാനുള്ള യത്നത്തിലാണ്. മനുഷ്യനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആഗോളകൂട്ടായ്മയുടെ കേന്ദ്രസ്ഥാനത്തു നിൽക്കാനും അതിന്റെ ശിൽപിയെന്ന നിലയിൽ ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടാനും പ്രസിഡന്റ് ഷി ജിൻപിങ് കൊതിക്കുന്നു. ഈ മേഖലയിൽ അമേരിക്കയുടെ മേധാവിത്വം വെല്ലുവിളിക്കാൻ പോന്ന ശക്തിയായി മാറിയെന്ന് ചൈന ഇതിനകം തെളിയിച്ചു. ഇസ്രയേലും പലസ്തീനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ചൈന 5 വർഷം മുൻപേ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ, അമേരിക്കയുടെ സ്വാധീനം മൂലം അവർക്ക് കാര്യമായി മുന്നേറാൻ ഇതുവരെ കഴിഞ്ഞില്ല. അറബ് ലോകവും ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തീവ്രശ്രമം നടത്തുന്ന ചൈന കഴിഞ്ഞവർഷം ജിസിസി രാജ്യങ്ങളുടെ സമ്മേളനം ബെയ്ജിങ്ങിൽ നടത്താമെന്നു നിർദേശിച്ചു. കഴിഞ്ഞ വർഷം സൗദി അറേബ്യ സന്ദർശിക്കാനും പ്രസിഡന്റ് ഷി സമയം കണ്ടെത്തി. ഇറാനുമായും അവർക്കു മികച്ച ബന്ധമാണുള്ളത്. സൗദിയെയും ഇറാനെയും അടുപ്പിക്കാനുള്ള ഷിയുടെ ശ്രമം സഫലമായത് ഈ പശ്ചാത്തലത്തിലാണ്.

മധ്യപൂർവദേശത്തെ ചൈനയുടെ ഇടപെടൽ അമേരിക്കയ്ക്ക് സുഖിക്കണമെന്നില്ല. എന്നാൽ ഇറാന്റെ ആണവപദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചൈനയുമായി സഹകരിക്കാൻ അവർ തയാറായേക്കും. ഇസ്രയേൽ– പലസ്തീൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും അവർക്ക് സ്വീകാര്യമായേക്കും. പലസ്തീൻ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടും എന്നു കരുതാനാവില്ല. എങ്കിലും സൗദി അറേബ്യ ഇസ്രയേലിനെ അംഗീകരിക്കുകയും ഇറാൻ– ഇസ്രയേൽ ബന്ധം സംഘർഷമുക്തമാകുകയും ചെയ്താൻ പലസ്തീനിലും സമാധാനത്തിന്റെ വെള്ളക്കൊടി പാറാനുള്ള സാധ്യത വിദൂരമല്ല.
ശീതയുദ്ധത്തിന്റെ നാളുകളിൽ മധ്യപൂർവദേശത്ത് ഇന്ത്യയ്ക്ക് ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും നമുക്ക് നല്ല ബന്ധമായിരുന്നു. ഇവിടെ സമാധാനം സ്ഥാപിക്കുന്നതിനായുള്ള നിരവധി രാജ്യാന്തര പ്രമേയങ്ങൾ തയാറാക്കിയത് നമ്മുടെ സമർഥരായ നയതന്ത്രജ്ഞരാണ്. ഇന്ത്യ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്ന നാളുകളിലും ഇസ്രയേലിന് ഇന്ത്യയോട് കാര്യമായ എതിർപ്പില്ലായിരുന്നു. ക്യാംപ് ഡേവിഡ് ഉടമ്പടിക്കു ശേഷം അറബ് രാജ്യങ്ങളും പലസ്തീനും ഈജിപ്തിനെ ഒറ്റപ്പെടുത്തണമെന്നും ചേരിചേരാപ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടപ്പോഴും ഇന്ത്യ അവരെ പിന്തുണച്ചു. ഇസ്രയേലിന്റെ എതിർപ്പുമൂലം മേഖലയിലെ സമാധാന സംരക്ഷണ പ്രവർത്തനങ്ങളിൽ ഇന്ത്യ പങ്കാളിയായിട്ടില്ല. എന്നാൽ, സമാധാനത്തിനു ശ്രമിക്കുന്ന നിർണായകശക്തിയെന്ന സ്ഥാനം എക്കാലവും നമുക്കു ലഭിച്ചിരുന്നു.

സമീപകാലത്തായി റഷ്യയും ചൈനയും കൂടുതൽ അടുത്തതും ചൈന അമേരിക്കയെ മറികടന്ന് നിർണായക റോളിലേക്കു വന്നതും ഇന്ത്യയുടെ പങ്ക് പരിമിതപ്പെടുത്തി. ഒരുപക്ഷേ പുതുതായി രൂപംകൊണ്ട ഇന്ത്യ– ഇസ്രയേൽ– യുഎസ്– യുഎഇ (ഐ2യു2) കൂട്ടായ്മ ഭാവിയിൽ ഇവിടെ നിർണായക സ്ഥാനം കൈവരിച്ചേക്കാം. മധ്യപൂർവദേശത്ത് ശാശ്വത സമാധാനം വിദൂരസാധ്യതയാണ്. അതുകൊണ്ട് സമാധാനപാതയിലേക്കുള്ള ഏതു മുന്നേറ്റവും ശുഭസൂചനയായി കണക്കാക്കി സ്വാഗതം ചെയ്യപ്പെടണം.