എസ്‍സിഒ: കുമ്മായവും ചാന്തും ചേരാത്ത മണിമന്ദിരം

HIGHLIGHTS
  • പൊതുതാൽപര്യങ്ങൾ ഇല്ലാത്ത രാജ്യാന്തര സംഘടനകളിലെ അംഗത്വം രാജ്യത്തിനു ബാധ്യതയാകുമോ ?
modi
(Photo: Twitter/ narendramodi)
SHARE

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിക്കണമെന്ന നിർദേശവുമായി പണ്ട് ബംഗ്ലദേശ് രംഗത്തുവന്നപ്പോൾ ദീർഘദർശിയായ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അതിന് അനുകൂലമായിരുന്നില്ല. പിന്നീട് ഏറെ പ്രേരണയ്ക്കും സമ്മർദത്തിനും ശേഷമാണ് സൗത്ത് ഏഷ്യൻ അസോസിയേഷൻ ഓഫ് റീജനൽ കോ ഓപ്പറേഷൻ (സാർക്) എന്ന നിർദിഷ്ട സംഘടനയിൽ അംഗമാകാമെന്ന് ഇന്ത്യ സമ്മതിച്ചത്. അതിനു മുൻപ്, ഉഭയകക്ഷി തർക്കങ്ങൾ ഈ വേദിയിൽ ചർച്ചചെയ്യാൻ പാടില്ലെന്നും ഭിന്നതയുള്ള വിഷയങ്ങളിൽ വോട്ടെടുപ്പ് പറ്റില്ലെന്നും അംഗരാജ്യങ്ങൾ മുഴുവൻ പങ്കെടുക്കാതെ വാർഷിക സമ്മേളനം ചേരാൻ പാടില്ലെന്നും മറ്റുമുള്ള നിബന്ധനകൾ ഇന്ത്യ മുന്നോട്ടുവയ്ക്കുകയും അവയെല്ലാം അംഗീകരിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ ഏതാണ്ട് കാൽനൂറ്റാണ്ടിനു ശേഷം കാര്യമായി ഒന്നും ചെയ്യാൻ കഴിയാതെ സാർക് മൃതാവസ്ഥയിലായി. ഭീകരപ്രവർത്തകരെ അതിർത്തികടത്തിവിടുന്ന പാക്കിസ്ഥാന്റെ നയവും ജമ്മു കശ്മീർ പ്രശ്നം ഈ വേദിയിൽ ഉന്നയിക്കുന്നതും ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ചതോടെയാണ് ഈ സ്ഥിതി സംജാതമായത്. 

സ്വന്തം താൽപര്യസംരക്ഷണത്തിനു വേണ്ടി മാത്രം ചില രാജ്യങ്ങൾ രാജ്യാന്തര സംഘടനകൾ രൂപീകരിക്കുന്നതിന്റെ അനന്തരഫലമായി ഇതിനെ കണക്കാക്കാം. എന്തെങ്കിലും ചില അനുകൂലഘടകങ്ങൾ മുന്നിൽകണ്ട് മറ്റ് ചില രാജ്യങ്ങളും ഇത്തരം നീക്കങ്ങളുമായി സഹകരിക്കുന്നു. 

ചൈനയുടെയും റഷ്യയുടെയും നേതൃത്വത്തിൽ 2001 ൽ രൂപീകരിച്ച ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) മേഖലയിലെ സുരക്ഷയും സഹകരണവുമാണ് ആത്യന്തിക ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിരുന്നത്. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയ്ക്കു പുറമേ ഇന്ത്യയും പാക്കിസ്ഥാനും ഈയിടെ ഇറാനും ഇതിൽ അംഗങ്ങളായി. എന്നാൽ, പരസ്പരം യോജിപ്പിച്ചു നിർത്താവുന്ന പൊതുഘടകങ്ങൾ ഒന്നുമില്ലാത്ത സ്ഥിതിയിലാണ് എസ്‍സിഒ. 

ചാന്തും കുമ്മായവും ചേർക്കാതെ പണിത ഒരു സൗധമായി ഇതിനെ കണക്കാക്കാം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശംകൂടിയായപ്പോൾ അങ്ങേയറ്റം വിഭജിക്കപ്പെട്ട സ്ഥിതിയിലാണ് സംഘടന. സോവിയറ്റ് മേധാവിത്വത്തിൽ നിന്നു വിടുതൽ നേടിയ മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വാണിജ്യവും മറ്റു ഭാവിസാധ്യതകളും മുന്നിൽകണ്ടാണ് ഇന്ത്യ ഇതിൽ അംഗമായതെന്നോർക്കണം. 

ഊഴമനുസരിച്ച് ഇത്തവണ എസ്‍സിഒ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കായിരുന്നു. ആ നിലയിൽ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കേണ്ടതും ഇന്ത്യയായിരുന്നു. ലോകസാഹചര്യം പരിഗണിക്കുമ്പോൾ ഇത്തവണത്തെ യോഗം പ്രശ്നസങ്കീർണമാകുമെന്ന് ഇന്ത്യ മുന്നിൽ കണ്ടു. ചൈനയും റഷ്യയും പാക്കിസ്ഥാനും മുഖാമുഖമുള്ള സമ്മേളനത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം മൂലം വെർച്വൽ യോഗമാകാമെന്നു തീരുമാനിച്ചത് അതുകൊണ്ടാണ്. സമ്മേളനത്തിന്റെ ദൈർഘ്യം കഷ്ടിച്ച് 3 മണിക്കൂർ മാത്രമായിരുന്നു. എന്നാൽ, അതിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനത്തിൽ 5000 പദങ്ങളുണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ സമർഖണ്ഡ് പ്രഖ്യാപനവും സുദീർഘമായിരുന്നു. വെർച്വൽ സമ്മേളനമായിരുന്നതിനാൽ പ്രോട്ടോക്കോൾ നൂലാമാലകളോ വിരുന്നുകളോ ഉഭയകക്ഷി ചർച്ചകളോ ഫോട്ടോ സെഷനോ ഉണ്ടിയിരുന്നില്ല. 

ഇത്തവണ ഉച്ചകോടി വെർച്വൽ ആയിരിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിക്കുമ്പോൾ അതിനു പ്രത്യേകിച്ചു കാരണമൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ, സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നുള്ള വ്യതിയാനമോ പ്രത്യക്ഷമോ പരോക്ഷമോ ആയ മറ്റ് അർഥതലങ്ങളോ ദുസ്സൂചനകളോ ഈ തീരുമാനത്തിനു പിന്നിലുള്ളതായി കരുതേണ്ടതില്ലെന്ന് പിന്നീടു വിശദീകരിച്ചു. പക്ഷേ, ഇന്ത്യയുടെ ഉള്ളിലിരുപ്പ് മറ്റൊന്നായിരുന്നുവെന്ന് ഏവർക്കും വ്യക്തമായിരുന്നു. വാഷിങ്ടണിൽ മോദിയും ജോ ബൈഡനുമായുള്ള ഉച്ചകോടിക്കു തൊട്ടുപിന്നാലെ വ്ലാഡിമിർ പുട്ടിനെയും ഷി ജിൻപിങ്ങിനെയും ഡൽഹിയിൽ അണിനിരത്താൻ ഇന്ത്യ ഉദ്ദേശിച്ചിരുന്നില്ല. യുഎസുമായുള്ള ബന്ധം ഏറ്റവും നല്ലനിലയിൽ പോകുമ്പോൾ അവർക്ക് അലോസരം സൃഷ്ടിക്കുന്ന ഒന്നും നമ്മുടെ നേതൃത്വം താൽപര്യപ്പെടുന്നില്ല. സൈനികസഖ്യമുള്ള രാജ്യങ്ങൾക്കല്ലാതെ മറ്റാർക്കും നൽകാത്ത പ്രതിരോധ സാങ്കേതികവിദ്യ ഇന്ത്യയ്ക്കു കൈമാറാൻ മോദി– ബൈഡൻ ഉച്ചകോടിയിൽ യുഎസ് സമ്മതിച്ചിരുന്നു. 

India-china-flags

രാഷ്ട്രീയമായി യോജിപ്പിച്ചുനിർത്തുന്ന പൊതുഘടകങ്ങൾ തീരെയില്ലാത്ത രാജ്യാന്തര കൂട്ടായ്മകൾ സാർക്കിലും എസ്‍സിഒയിലും ഒതുങ്ങുന്നില്ല. ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും ദക്ഷിണാഫ്രിക്കയും അംഗങ്ങളായ ബ്രിക്സ് ആണ് മറ്റൊരു ഉദാഹരണം. ഇതൊരു യുഎസ് സാമ്പത്തിക വിദഗ്ധന്റെ ആശയമായിരുന്നു. അമേരിക്കൻ ചേരിയുടെ സാമ്പത്തിക ആധിപത്യത്തെ ചെറുക്കാനുള്ള വേദിയായി ചൈന അതിനെ ഉപയോഗിക്കാൻ ശ്രമിച്ചുവരുന്നു. 

ചേരിചേരാ നയം ഉപേക്ഷിച്ച് വിവിധ രാജ്യാന്തര സംഘടനകളിൽ അംഗമാകാൻ ഇന്ത്യ തീരുമാനിച്ചപ്പോൾ അതിൽ ഓരോന്നിന്റെയും ഗുണദോഷങ്ങളെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തിയതായി തോന്നുന്നില്ല. രാസവസ്തുക്കൾ സംബന്ധിച്ച ഓസ്ട്രേലിയ ഗ്രൂപ്പ് ആണ് മറ്റൊരു ഉദാഹരണം. അതേസമയം, ഏഷ്യ പസിഫിക് ഇക്കണോമിക് കോ ഓപ്പറേഷൻ (എപിഇസി), ന്യൂക്ലിയർ സപ്ലൈയേഴ്സ് ഗ്രൂപ്പ് (എൻഎസ്ജി) തുടങ്ങിയ സംഘടകൾ ഇന്ത്യയ്ക്ക് അംഗത്വം നൽകാൻ തയാറായിട്ടില്ല. 

രാജ്യാന്തര സംഘടനകളുടെ അധ്യക്ഷ പദവി ഊഴമനുസരിച്ചാണ്. ഇതിൽ ചിലതെല്ലാം കൊണ്ടാടാറുണ്ടെങ്കിലും മറ്റു ചിലതു വയ്യാവേലിയാകാറുണ്ട്. കാരണം, സമ്മേളത്തിന്റെ അവസാനം പുറപ്പെടുവിക്കുന്ന സംയുക്ത പ്രഖ്യാപനത്തെ തള്ളിപ്പറയാൻ ചെയറിന് അധികാരമില്ല. ഇത്തവണത്തെ എസ്‍സിഒ സമ്മേളനത്തിന്റെ പ്രഖ്യാപനം ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ അനുകൂലിച്ചിട്ടുണ്ട്. ഇന്ത്യ തുടക്കംമുതൽ ഈ പദ്ധതിക്ക് എതിരാണ്. പാക്ക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന– പാക്ക് സാമ്പത്തിക ഇടനാഴി ഇതിന്റെ ഭാഗമാണ്. ജി 20 അധ്യക്ഷ സ്ഥാനവും അലങ്കാരമായി പറയാമെങ്കിലും സംയുക്ത പ്രഖ്യാപനത്തിന്റെ കാര്യത്തിൽ ഒത്തുതീർപ്പിൽ എത്താനായില്ലെങ്കിൽ പഴി കേൾക്കേണ്ടിവരും. 

എസ്‍സിഒയിൽ ഇന്ത്യയ്ക്കും വ്യക്തമായ താൽപര്യങ്ങളുണ്ടെന്നു വാദിക്കുന്നവരുണ്ട്. യുറേഷ്യൻ ജിയോപൊളിറ്റിക്സിൽ സജീവമായി ഇടപെടുന്ന ഇന്ത്യ പരമ്പരാഗതമായി മധ്യേഷ്യൻ രാജ്യങ്ങളുമായി ബന്ധം നിലനിർത്തിയിരുന്നുവെന്നാണ് അവർ പറയുന്നത്. മേഖലയിൽ ചൈനയെപ്പോലെ ഇന്ത്യയും നിർണായക ശക്തിയാണെന്നും ഈ രാജ്യങ്ങളുമായുള്ള മികച്ച ബന്ധം നമ്മുടെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കംകൂട്ടുമെന്നുമാണ് അവരുടെ വാദം. 

india-china
ഫയൽചിത്രം.

എസ്‍സിഒയുടെ ചട്ടക്കൂടിനുള്ളിൽ ഇന്ത്യയ്ക്ക് ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെക്കുറിച്ച് പുനരവലോകനം ചെയ്യാവുന്നതാണ്. റഷ്യയുടെ പിന്തുണയോടെ യുറേഷ്യൻ ഇക്കണോമിക് യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നതിനും ഈ വേദി ഉപയോഗിക്കാം. ഇതിനെല്ലാം ഉപരിയായി ഭീകരപ്രവർത്തനത്തെയും മതമൗലികവാദത്തെയും വിഘടനവാദത്തെയും പൊതുപ്രശ്നങ്ങൾ എന്നനിലയിൽ കൂട്ടായി നേരിടുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണെന്ന് മുൻ വിദേശകാര്യ സെക്രട്ടറി കൻവൽ സിബൽ ചൂണ്ടിക്കാട്ടിയിരുന്നു. 

എന്തുതന്നെയായാലും ചില രാജ്യാന്തര സംഘടനകളിലെ അംഗത്വംകൊണ്ട് എന്തു ഗുണമെന്ന് ഇന്ത്യ ചിന്തിക്കേണ്ട സമയമായി. ചിലതിൽ ഇടപെടൽ പരിമിതപ്പെടുത്താം. അതേസമയം, കൂടുതൽ ഗുണപ്രദമായ എപിഇസി, എൻഎസ്ജി എന്നിവയിൽ അംഗമാകാൻ ശ്രമം തുടരുകയും ചെയ്യാം. 

English Summary: Does membership in international organizations that do not have common interests become a liability for the country?

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS