ഇതിഹാസതുല്യനായിരുന്നു; ജീവിച്ചിരുന്നപ്പോൾത്തന്നെ

HIGHLIGHTS
  • ഉമ്മൻ ചാണ്ടിയെപ്പോലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾക്കൊപ്പം ജോലി ചെയ്യുന്നതുതന്നെ സന്തോഷപ്രദമാണ്.
  • അദ്ദേഹത്തേപ്പോലെ സമയം വിനിയോഗിക്കാൻ മറ്റാർക്കും കഴിയുമെന്നു തോന്നുന്നില്ല.
  • മറ്റു കക്ഷികളുടെ വകുപ്പുകളിൽ ഒരിക്കലും അദ്ദേഹം കൈകടത്താൻ ശ്രമിച്ചിരുന്നില്ല.
kottayam-oommen-chandy-visiting-students
SHARE

എ.കെ.ആന്റണി, വയലാർ രവി എന്നിവരുടെ പേരുകളോടൊപ്പം ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുമ്പോൾത്തന്നെ അദ്ദേഹം യുവാക്കൾക്കിടയിലെ താരമായിരുന്നു. എന്നാൽ, ഞാൻ പഠിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അന്ന് കെ.എസ്.യു. ഉണ്ടായിരുന്നില്ല. കോളജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കു നൽകിയ നാമനിർദേശപത്രിക പ്രിൻസിപ്പൽ ഡോ.എൻ.എസ്. വാരിയർ എന്റെ അച്ഛനെ നിർബന്ധിച്ചതിനെത്തുടർന്ന് പിൻവലിച്ചതോടെ ഈയുള്ളവന്റെ രാഷ്ട്രീയജീവിതം അവസാനിക്കുകയും ചെയ്തു. ഐഎഫ്എസ് ലക്ഷ്യമിടുന്ന എന്റെ വളർച്ചയ്ക്ക് രാഷ്ട്രീയ പ്രവർത്തനം വിഘാതമാവുമെന്നായിരുന്നു വാരിയർ സാറിന്റെ ഉപദേശം. 

ഒ.സി. പക്ഷേ, ജീവിതാന്ത്യം വരെ ഒരു താരമായിരുന്നു. അവസാനശ്വാസം വരെ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം അനുപമമായിരുന്നു. അദ്ദേഹത്തിന്റെ ജനസമ്മതി, ഗാന്ധിയൻ എന്ന നിലയിലുള്ള ദൃഢചിത്തത, ജനങ്ങളോടുള്ള സ്നേഹം, സർവോപരി കേരളത്തെ സമ്പൽസമൃദ്ധമായ വികസിത സംസ്ഥാനമായി മാറ്റണമെന്ന അദമ്യമായ ആഗ്രഹം എന്നിവയെല്ലാം താരതമ്യങ്ങൾ ഇല്ലാത്തവയായിരുന്നു. എതിരാളികൾ അദ്ദേഹത്തെ പലതരത്തിൽ കളങ്കപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ആ ‘ടഫ്ളോൺ’ പ്രതിച്ഛായ തകർക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല. ഐറിഷ് കവി ഒളിവർ ഗോൾഡ്സ്മിത്തിന്റെ വരികൾ കടമെടുത്താൽ 

"With meek and unaffected grace, 

his looks adorned the venerable place; 

truth from his lips prevailed with double sway, 

and fools who came to scoff, remained to pray". 

ഗൂഢാലോചനയും ദുഷ്ടസ്ത്രീകളുമായുള്ള അടുപ്പവും ഉൾപ്പെടെ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നതിനു മുൻപേ ജനങ്ങളുടെ കോടതി തള്ളിയിരുന്നു.അദ്ദേഹത്തിനെതിരായ ഒരാരോപണവും രണ്ടോ മൂന്നോ ദിവസത്തിനപ്പറം വാർത്തയാക്കാൻ മാധ്യമങ്ങൾക്കു കഴിയുമായിരുന്നില്ല. ജനങ്ങളുടെ രക്ഷകൻ എന്ന പ്രതിച്ഛായ കൈവരിച്ചശേഷം സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ചു നേതൃനിരയിൽ എത്തിയവരെ നമുക്കറിയാം. എന്നാൽ, ഇന്നാട്ടിലെ സാധാരണക്കാരെ രാഷ്ട്രീയ, സാമ്പത്തിക, സാമുദായിക, പ്രാദേശിക ഭേദമില്ലാതെ സേവിച്ച ഉമ്മൻ ചാണ്ടി അവരുടെ കാവൽമാലാഖയായി നമ്മുടെ രാഷ്ട്രീയനഭസ്സിൽ തിളങ്ങിനിന്നു. ഭരണസാരഥ്യം വഹിച്ചപ്പോഴും പ്രതിപക്ഷനിരയിൽ ആയിരുന്നപ്പോഴും ഈ നിലയ്ക്കു മാറ്റം ഉണ്ടായിരുന്നില്ല. 

oommen-chandy-speech-ktm

ദീർഘകാലം വിദേശത്തായിരുന്നതിനാൽ എനിക്ക് അദ്ദേഹത്തെ നേരിട്ടുകാണാനോ പരിചയപ്പെടാനോ ആദ്യകാലത്ത് അവസരമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം വിയന്നയിൽ വന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി കണ്ടത്. ഒറ്റയ്ക്ക് ഇന്ത്യൻ എംബസിയിലേക്കു വന്ന ഉമ്മൻ ചാണ്ടിയുടെ രൂപം ഇപ്പോഴും ഓർക്കുന്നു. ഞാൻ ഉദ്യോഗം അവസാനിപ്പിച്ച് കേരളത്തിൽ തിരികെയെത്തുമ്പോഴും അദ്ദേഹം തന്നെയായിരുന്നു മുഖ്യമന്ത്രി. അക്കാലത്ത് ഒരുദിവസം അമിറ്റി വാഴ്സിറ്റി വൈസ് ചാൻസലർ അശോക് ചൗഹാനോടൊപ്പം അദ്ദേഹത്തെ സന്ദർശിച്ചു. കേരളത്തിൽ ഒരു സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന ചൗഹാൻ അതിന് എന്റെ‌ സഹായം തേടിയതിനെ തുടർന്നായിരുന്നു ആ സന്ദർശനം. ഞങ്ങളെ ഹാർദമായി സ്വീകരിച്ച മുഖ്യമന്ത്രിക്ക് സ്വകാര്യ സർവകലാശാല സ്ഥാപിക്കാനുള്ള നിർദേശത്തെക്കുറിച്ചും മതിപ്പായിരുന്നു. എങ്കിലും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അതിനു പാകമായിട്ടില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ചില രാഷ്ട്രീയ സംഘടനകളുടെ എതിർപ്പിനെക്കുറിച്ചും സൂചിപ്പിച്ച അദ്ദേഹം അവസരം ഒത്തുവന്നാൽ നമുക്ക് അക്കാര്യം ആലോചിക്കാമെന്ന് ഉറപ്പുനൽകിയാണ് ഞങ്ങളെ യാത്രയാക്കിയത്. 

rajeev-gandhi-ak-antony-oommen-chandy
ഉമ്മൻ ചാണ്ടി ട്വിറ്ററിൽ പങ്കുവച്ച, രാജീവ് ഗാന്ധിക്ക് ഒപ്പമുള്ള ചിത്രം. (File photo by twitter/Oommen_Chandy)

2011 ൽ വീണ്ടും മുഖ്യമന്ത്രിയായപ്പോൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ആധുനികവൽക്കരിക്കാനും സാമ്പ്രദായിക രീതികളിൽ നിന്നു മോചിപ്പിക്കാനും അദ്ദേഹം തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ ചെയർമാനാകാൻ എന്നെ ക്ഷണിച്ചു. മുൻ വൈസ് ചാൻസലർമാർ വഹിച്ചിരുന്ന പദവിയാണത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെക്കുറിച്ച് കാര്യമായ അറിവില്ലാതിരുന്ന ഞാൻ വൈമനസ്യം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ആഗോള തലത്തിൽ പ്രവർത്തിച്ചു പരിചയമുള്ള, തുറന്ന മനസ്സോടെ കാര്യങ്ങളെ കാണാൻ കഴിയുന്നവർക്കേ നമ്മുടെ വിദ്യാഭ്യാസ രംഗം അടിമുടി പരിഷ്കരിക്കാൻ കഴിയൂ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. 

കൗൺസിലിലെ എന്റെ സഹപ്രവർത്തകർ ഈ മാറ്റത്തിന്റെ അടിസ്ഥാന രൂപരേഖ തയാറാക്കി. അടിസ്ഥാന സൗകര്യം, അധ്യാപക പരിശീലനം, സാങ്കേതികവിദ്യയുടെ ഉപയോഗം, സ്വയംഭരണം, ഗവേഷണം തുടങ്ങി സർവമേഖലകളെയും സമഗ്രമായി സ്പർശിക്കുന്നതായിരുന്നു ആ രേഖ. 

nattakom-guest-house-oommen-chandy-1
ഉമ്മൻ ചാണ്ടി നാട്ടകം ഗെസ്റ്റ് ഹൗസിൽ.

ഞങ്ങളുടെ നിർദേശം മുഖ്യമന്ത്രിക്കു സ്വീകാര്യമായിരുന്നു. പദ്ധതികളുമായി മുന്നോട്ടുപോകാൻ അദ്ദേഹം നിർദേശിച്ചു. എന്നാൽ, ഗൂഢാലോചനക്കാർ ‍ഞങ്ങൾക്കു മുൻപേ പുറപ്പെട്ടിരുന്നു. വിദ്യാഭ്യാസ വിദഗ്ധൻ എന്ന നിലയിൽ എന്റെ യോഗ്യതയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് ഞങ്ങൾ ഗവൺമെന്റിനു സമർപ്പിച്ച 16 റിപ്പോർട്ടുകൾക്കെതിരെയും അവർ രംഗത്തെത്തി. സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും നമ്മുടെ നാ‌ട്ടിലും തുടങ്ങണമെന്ന നിർദേശമാണ് ഏറ്റവുമധികം എതിർക്കപ്പെട്ടത്. 

oommen-chandy-varghese-kurian

ഇക്കാര്യങ്ങളിലെല്ലാം ഒ.സിക്ക് ഉറച്ച നിലപാടാണ് ഉണ്ടായിരുന്നത്. എന്നാൽ, സമ്മർദം ചെലുത്തുക എന്നതിലുപരി പ്രേരിപ്പിച്ചു മനസ്സുമാറ്റാൻ ശ്രമിക്കുക എന്ന നയമാണ് അദ്ദേഹം സ്വീകരിച്ചത്. ഭരണമുന്നണിയിലെ ഘടകകക്ഷികളിൽ നിന്നുപോലും എതിർപ്പ് രൂക്ഷമായപ്പോൾ, കേരളത്തിലെ മികച്ച 20 കോളജുകൾക്ക് സ്വയംഭരണ പദവി നേടിയെടുക്കാൻ കഴിഞ്ഞു എന്നതു മാത്രമായിരുന്നു ഞങ്ങളുടെ വിജയം. 

oommen-chandy-in-uk-2

മറ്റ് നിർദേശങ്ങളെച്ചൊല്ലി പ്രക്ഷോഭം രൂക്ഷമായി. അതിന്റെ കൊട്ടിക്കലാശം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഗ്ലോബൽ എജ്യുക്കേഷൻ മീറ്റിൽ ആയിരുന്നു. സമ്മേളനം അലങ്കോലമാക്കാൻ നിശ്ചയിച്ചെത്തിയ ഒരുകൂട്ടം വിദ്യാർഥികൾ ഞാൻ വേദിയിലേക്ക് പോകുന്നതു തടയാൻ ശ്രമിച്ചു. എനിക്കു പരുക്കേറ്റില്ല. പക്ഷേ, വിദ്യാഭ്യാസരംഗം പരിഷ്കരിക്കാൻ തുനിഞ്ഞിറങ്ങിയ ഞാൻ റോഡിൽ കിടക്കുന്ന ചിത്രം കേരളത്തിന്റെ മനഃസാക്ഷിക്കു കളങ്കമായി. 

ഈ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഉമ്മൻചാണ്ടി ഏറ്റെടുത്തത് അദ്ദേഹത്തിന്റെ മഹത്വമല്ലാതെ മറ്റൊന്നല്ല. Education of an Ambassador എന്ന എന്റെ പുസ്തകം പ്രകാശനം ചെയ്തപ്പോൾ ഇക്കാര്യം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വിട്ടുനിന്നുകൊണ്ടാണെങ്കിലും ആഗോളവിദ്യാഭ്യാസ സംഗമം നടക്കുന്നെങ്കിൽ അതാകട്ടെ എന്നാണു കരുതിയതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ആ സംഭവത്തോടെ സംസ്ഥാനത്തെ വിദ്യാഭ്യാസപരിഷ്ക്കരണ പ്രക്രിയ ഒരു പതിറ്റാണ്ടിലേറെ മൃതാവസ്ഥയിൽ കിടന്നു. വിദ്യാഭ്യാസരംഗത്തെ ആഗോളവൽക്കരണത്തിലൂടെ ലഭിക്കാമായിരുന്ന അവസരങ്ങൾ ഒരു തലമുറയ്ക്കു നിഷേധിക്കപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാർ വിഭാവനം ചെയ്ത പരിഷ്ക്കാരങ്ങൾ യഥാസമയം നടപ്പാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഗുണമേന്മയാർന്നതും കാലാനുസൃതവുമായ വിദ്യാഭ്യാസം തേടി ആയിരക്കണക്കിനു ചെറുപ്പക്കാർ ഓരോവർഷവും വിദേശരാജ്യങ്ങളിലേക്കു പോകേണ്ടിവരില്ലായിരുന്നു. 

oommen-chandy

ഉമ്മൻ ചാണ്ടിയെപ്പോലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾക്കൊപ്പം ജോലി ചെയ്യുന്നതുതന്നെ സന്തോഷപ്രദമാണ്. പൊതുനിർദേശങ്ങൾ നൽകുന്നതല്ലാതെ ദൈനംദിന പ്രവർത്തനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇടപെട്ടിരുന്നില്ല. എന്നോടൊപ്പമുണ്ടായിരുന്ന സമർഥരായ അക്കാദമിക് വിദഗ്ധരാണ് പദ്ധതികൾ ആവിഷ്കരിച്ചത്. നമ്മുടെ സമൂഹത്തിന്റെ അഭിലാഷങ്ങൾ എല്ലാം അതിൽ പ്രതിഫലിച്ചിരുന്നു. പിന്നീട് 2020 ൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച വിദ്യാഭ്യാസ പരിഷ്കാര പദ്ധതിയിൽ (The National Education Policy 2020) അവയിൽ പലതും ഉൾപ്പെടുത്തിയിട്ടുണ്ട്. അതു ഫലപ്രദമായി നടപ്പാക്കാൻ പോലും കഴിയാതെ വിലയേറിയ സമയം നാം വീണ്ടും നഷ്ടപ്പെടുത്തുകയാണ്. 

oommen-chandy-puthuppally-church-1
പുതുപ്പള്ളി പള്ളിയിൽ എത്തിയവരിൽനിന്ന് നിവേദനം സ്വീകരിക്കുന്ന ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം: മനോരമ)

പ്രഗത്ഭരും പ്രശസ്തരുമായ ഒട്ടേറെ നയതന്ത്ര ഉദ്യോഗസ്ഥരോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, അവരിൽ പലരുടെയും മാന്യതയും മര്യാദകളും വിദേശികളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. ഒപ്പം ജോലി ചെയ്യുന്നവർക്കു മുന്നിൽ അവർക്കു മറ്റൊരു മുഖമായിരുന്നു. ഇക്കാര്യത്തിലും ഒ.സി. വിഭിന്നനായിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിൽ എല്ലാവരും തുല്യരായിരുന്നു. ഒരാൾക്കും സവിശേഷ അധികാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. സദാ തിരക്കേറിയ ഓഫിസിൽ അദ്ദേഹത്തെ ഒരിക്കലും ഒറ്റയ്ക്കു കാണാൻ കഴിയുമായിരുന്നില്ല. ഒരേസമയം ഒട്ടേറെപ്പേരുമായി അദ്ദേഹം സംസാരിച്ചു. ഓരോരുത്തരോടുമുള്ള സംസാരത്തിനു തുടർച്ചയുണ്ടായിരുന്നു എന്നതാണ് അതിലേറെ അദ്ഭുതകരമായി തോന്നിയിട്ടുള്ളത്. അദ്ദേഹത്തേപ്പോലെ സമയം വിനിയോഗിക്കാൻ മറ്റാർക്കും കഴിയുമെന്നു തോന്നുന്നില്ല. 

oommen-chandy-puthuppally-campaign-2
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പുതുപ്പള്ളിയിലെ ഒരു വീട്ടിൽനിന്ന് ഭക്ഷണം കഴിക്കുന്ന ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം: മനോരമ)

ഏറ്റെടുത്ത ഉദ്യമവുമായി ബന്ധപ്പെട്ട് പലതരം തടസ്സങ്ങളും മോഹഭംഗങ്ങളും തുറന്നുപറയണമെന്നു കരുതി ഞാൻ പലതവണ ഉമ്മൻ ചാണ്ടിയെ കാണാൻ പോയിട്ടുണ്ട്. അവസാനമില്ലാത്ത പ്രശ്നങ്ങൾക്കു നടുവിൽ നിൽക്കുന്ന നേതാവിനെയാണ് കാണാറുള്ളത്. ആ താരതമ്യത്തിൽ എന്റെ പ്രശ്നങ്ങൾ എത്രയോ നിസ്സാരമെന്നു തോന്നിയിരുന്നു. അദ്ദേഹത്തെ ഒറ്റയ്ക്കു കണ്ടത് മുൻപ് സൂചിപ്പിച്ച വിയന്ന സന്ദർശന വേളയിലും പിന്നീട് ഒരിക്കൽ രാജ്ഭവനിൽ ഒരു വിദേശ അതിഥിയെ സന്ദർശിക്കാൻ പോയപ്പോഴും മാത്രമാണ്. 

oommen-chandy-puthuppally-victory-3
പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പു വിജയം ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം: മനോരമ)

മുന്നണി സംവിധാനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. മറ്റു കക്ഷികളുടെ വകുപ്പുകളിൽ ഒരിക്കലും അദ്ദേഹം കൈകടത്താൻ ശ്രമിച്ചിരുന്നില്ല. വിയോജിപ്പുകൾ തുറന്നുപറയുകയും മാറാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി. ഈ ശൈലി പലപ്പോഴും കാലവിളംബത്തിന് ഇടയാക്കിയിരുന്നെങ്കിലും ജനാധിപത്യപരവും സുതാര്യവുമായ ഇടപെടലുകൾ അവസാനം വിജയിക്കുന്നതായാണ് കണ്ടിട്ടുള്ളത്. 

oommen-chandy-puthuppally-car-3
ഉമ്മൻ ചാണ്ടിയുടെ കാർ യാത്ര (ചിത്രം: മനോരമ)

ഉമ്മൻ ചാണ്ടി കഥാവശേഷനാകുന്നതിന് ഏതാനും ദിവസം മുൻപ് ജൂലൈ 15 ന് കോട്ടയത്തുവച്ച് അദ്ദേഹത്തിന് ആർച്ച് ബിഷപ്പ് കുന്നശേരി അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. ബംഗാൾ ഗവർണർ സി.വി.ആനന്ദബോസാണ് പുരസ്കാരം സമ്മാനിച്ചത്. സ്വർണക്കുടം അലങ്കരിക്കുന്നതുപോലെ‌യോ കുയിലിന്റെ പാട്ടിന് പശ്ചാത്തലസംഗീതം ഒരുക്കുന്നതുപോലെയോ ആണ് ഉമ്മൻ ചാണ്ടിക്ക് പുരസ്കാരം നൽകുന്നതെന്നാണ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഞാൻ പറഞ്ഞത്. 

ചരിതത്തിൽ അനന്യമായ സ്ഥാനം കൈവരിച്ച അദ്ദേഹം എത്രയോ ഉയരങ്ങളി‍ൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.! 

English Summary: He was a  legend, While still alive - T.P Sreenivasan remebers Oommen Chandy

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA