വിവേക് രാമസ്വാമി: ഇന്ന് കൗതുകം മാത്രം ; നാളെ പ്രവചനാതീതം

HIGHLIGHTS
  • മത്സരരംഗത്തേക്കിറങ്ങുമ്പോൾ ഒറ്റയാനും ബഹളക്കാരനുമായി മുദ്രകുത്തപ്പെട്ടിരുന്ന വിവേക് രാമസ്വാമി, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിനെ പിന്തള്ളി ട്രംപിന്റെ തൊട്ടടുത്ത എതിരാളിയായതോടെയാണ് ശ്രദ്ധേയനായത്.
  • യുക്രെയ്ൻ പ്രശ്നത്തിലെ അമേരിക്കയുടെ നിലപാടും അദ്ദേഹത്തിനു സ്വീകാര്യമല്ല.
vivek-ramaswamy-article-size
വിവേക് രാമസ്വാമി സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച ചിത്രം
SHARE

അടുത്ത വർഷം (2024) ന‌ടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ മുന്നിട്ടുനിൽക്കുന്നത് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ്. പാർട്ടിക്കാർക്കിടയിൽ നിലവിൽ 53% പിന്തുണയുള്ള ട്രംപിന്റെ മുഖ്യഎതിരാളിയായി ഒടുവിൽ രംഗത്തുവന്നിട്ടുള്ളത് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയാണ്. 

vivek-ramaswamy
Photo Credit: Tom Williams / CQ-Roll Call via AP file

വിവേകിനെക്കുറിച്ച് ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ബാഡ് പറയുന്നത് ഇങ്ങനെ: 

‘‘ 38 വയസ്സുകാരനായ സംരംഭകൻ. എഴുത്തുകാരനും ഉണർവ് വിരുദ്ധ (anti woke) ആക്ടിവിസ്റ്റുമാണ്. ഓഹിയോയിലെ സിൻസിനാറ്റിയിൽ ഇന്ത്യയിൽ നിന്നുള്ള (പാലക്കാട്) കുടിയേറ്റക്കാരുടെ മകനായി ജനിച്ച വിവേക്, ഹാർവഡ് കോളജിൽ നിന്ന് ബയോളജിയിൽ ബിരുദവും യേൽ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റും നേടി. ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിന്റെ സഹ ഉടമസ്ഥനായി. പിന്നീട് റോയവെന്റ് സയൻസസ് എന്ന ബയോടെക് കമ്പനി സ്ഥാപിച്ചു. 2014 ൽ അതിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞ വിവേക് 2021 വരെ ചെയർമാൻ സ്ഥാനത്തു തുടർന്നു. 2022 ൽ സ്ട്രൈവ് അസെറ്റ് മാനേജ്മെന്റെ എന്ന നിക്ഷേപ സ്ഥാപനത്തിനു തുടക്കമിട്ടു. സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളിലും കമ്പനികളുടെ ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സാമ്പ്രദായികമല്ലാത്ത നിലപാടിലൂടെ ശ്രദ്ധേയനായി.

 Woke, Inc.: Inside Corporate America's Social Justice Scam" and "Nation of Victims: Identity Politics, the Death of Merit, and the Path Back to Excellence എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. വിവാദങ്ങളുടെ തോഴനായ വിവേക് വലതുപക്ഷ സൈദ്ധാന്തികനും മൈതാനപ്രസംഗകനുമായി വിമർശിക്കപ്പെടാറുണ്ട്. നിർഭയനും സത്യസന്ധനുമായ പോരാളിയായാണ് ആരാധകർ അദ്ദേഹത്തെ കാണുന്നത്. പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ അദ്ദേഹം വിജയിക്കുമോയെന്നു വ്യക്തമല്ല. എങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം പൊതുവേ ശ്രദ്ധനേടിയിട്ടുണ്ട്. 2024 റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിവേക് നിർണായക പങ്ക് വഹിച്ചേക്കാം’’. 

US-POLITICS-VOTE-REPUBLICANS-DESANTIS
പ്രചരണ പരിപാടിയിൽ പങ്കെടുക്കുന്ന റൊണാൾഡ് ‍‍‍‍ഡിയോൺ ഡിസാന്റിസ് ഭാര്യയെ ചുംബിക്കുന്നു (Photo by Logan Cyrus / AFP)

മത്സരരംഗത്തേക്കിറങ്ങുമ്പോൾ ഒറ്റയാനും ബഹളക്കാരനുമായി മുദ്രകുത്തപ്പെട്ടിരുന്ന വിവേക് രാമസ്വാമി, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിനെ പിന്തള്ളി ട്രംപിന്റെ തൊട്ടടുത്ത എതിരാളിയായതോടെയാണ് ശ്രദ്ധേയനായത്. അദ്ദേഹത്തിന്റെ വസ്ത്രധാരണവും പെരുമാറ്റ രീതികളും വ്യത്യസ്തമാണ്. സംവാദങ്ങളിൽ അമേരിക്കയിലെ പരമ്പരാഗത രീതികൾ അദ്ദേഹം അനുവർത്തിക്കാറില്ല. കൂടുതൽ സംസാരിക്കുകയും ഒന്നും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ നടപ്പുരീതി വിവേകിന് പരിചിതമല്ല. അദ്ദേഹത്തിന്റെ പ്രചാരണ യോഗങ്ങളിൽ ചിരന്തന മൂല്യമായ സത്യം (Truth) കേന്ദ്രസ്ഥാനത്തുണ്ടായിരുന്നു. പക്ഷേ, ക്രിസ്തുവിന്റെയോ മഹാത്മാഗാന്ധിയുടെയോ പാത പിന്തുടരുന്നതായി അദ്ദേഹം അവകാശപ്പെടുന്നില്ല. 

joe-biden-family-hunter-1
യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ ഹണ്ടർ ബൈഡനും ആഷ്ലി ബൈഡനുമൊപ്പം (Photo by Brendan Smialowski / AFP)

ഇരുപാർട്ടികളെയും ഒരുപോലെ എതിർത്ത് വിവേക് പലപ്പോഴും ഏവരെയും അദ്ഭുതപ്പെടുത്താറുണ്ട്. ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ 50 ലക്ഷം ഡോളർ കൈക്കൂലി വാങ്ങിയാണ് റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നിനെ പിന്തുണയ്ക്കാൻ തീരുമാനമെടുപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. യുഎസ് കോൺഗ്രസ് ഒരു തമാശയാണെന്നായിരുന്നു മറ്റൊരു പ്രയോഗം. അവിടെ നടക്കുന്ന ചർച്ചകൾ അർഥശൂന്യവും അധാർമികവുമാണെന്ന് തുറന്നടിച്ചു. സാവധാനത്തിലുള്ള പരിഷ്കരണം വേണോ വിപ്ലവം വേണോ എന്ന ചോദ്യത്തിന് താൻ വിപ്ലവത്തിന്റെ പക്ഷത്താണെന്നായിരുന്നു പ്രഖ്യാപനം. ആദ്യഘട്ടത്തിൽ വിവേകിന് തീരെ പിന്തുണ ലഭിച്ചിരുന്നില്ല. ഒടുവിലത്തെ കണക്കനുസരിച്ച് പാർട്ടിക്കാരിൽ 11% പിന്തുണയ്ക്കുന്നു. ട്രംപിനെ അനുകൂലിക്കുന്നവർ 53 % ആണ്. 10% മാത്രമേ റോണിനെ അംഗീകരിക്കുന്നുള്ളൂ. 

ബയോടെക് സംരംഭകൻ എന്ന നിലയിൽ വിവേക് വിജയിച്ചെന്നു പറയാനാവില്ല. എന്നാൽ, പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിന്റെ അദ്ദേഹം വളരെ വേഗം മുൻനിരയിലെത്തി. 10 പ്രമാണങ്ങളിൽ അധിഷ്ഠിതമായ പ്രകടനപത്രിക ശ്രദ്ധേയമായി. അവ ഇങ്ങനെ പോകുന്നു 

∙ ദൈവം സത്യമാണ് 

∙ രണ്ട് ജെൻഡറുകളേയുള്ളൂ 

∙ മനുഷ്യരാശിക്കു പുരോഗതി

കൈവരിക്കാൻ ഫോസിൽ ഇന്ധനങ്ങൾ കൂടിയേ തീരൂ 

∙ റിവേഴ്സ് റേസിസവും റേസിസമാണ്. (മുൻപ് വർണവിവേചനം നേരിട്ടിരുന്നവർ ഇപ്പോൾ പഴയ മേൽവിഭാഗക്കാരോട് വിവേചനപരമായും പ്രതികാരബുദ്ധിയോടെയും പെരുമാറുന്നതാണ് റിവേഴ്സ് റേസിസം) 

ഈ പ്രമാണങ്ങളിൽ പലതും റിപ്പബ്ലിക്കൻ പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്കു വിരുദ്ധമാണ്. വർണവിവേചനത്തിനും മറ്റും എതിരായ ലിബറൽ നിലപാടുകളെ ചോദ്യം ചെയ്യുന്നതുമാണ്. ക്ലൈമറ്റിസം, കോവിഡിസം, ഗ്ലോബലിസം, യുക്രെയ്ൻ തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം വിവേക് അമേരിക്കയുടെ ലിബറലുകളെ വെല്ലുവിളിക്കുന്നു. അമേരിക്ക ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരാണെന്നു ഭാവിക്കാൻ താനില്ലെന്ന് അദ്ദേഹം പറയുന്നു. 

യുക്രെയ്ൻ പ്രശ്നത്തിലെ അമേരിക്കയുടെ നിലപാടും അദ്ദേഹത്തിനു സ്വീകാര്യമല്ല. കാർഗോ പാന്റ്സ് ധരിച്ചുവന്നയാൾ ജർമൻ പുരാവൃത്തത്തിലെ പീഡ് പൈപ്പറെപ്പോല (Pied Piper of Hameliല) ഡെമോക്രാറ്റിക് പാർട്ടിയിലെ പകുതിപ്പേരെയും റിപ്പബ്ലിക്കൻ പാർട്ടിയിലെ നാലിൽ മൂന്നിനെയും കൊണ്ടുപോയെന്ന് അദ്ദേഹം പരിഹസിച്ചു. 

ഫെഡറൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു കാലാവധി നിശ്ചയിക്കാനും ഫെഡറൽ ഉദ്യോഗസ്ഥ സംവിധാനം നാലിലൊന്നായി കുറയ്ക്കാനും വിവേകിന് പദ്ധതിയുണ്ട്. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടും. തെക്കും വടക്കും അതിർത്തി സംരക്ഷിക്കാൻ വേണ്ടിവന്നാൽ സൈന്യത്തെ വിടുമെന്നാണ് മറ്റൊരു വിവാദ പ്രഖ്യാപനം. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ ശ്രദ്ധേയവും ചുരുങ്ങിയ കാലത്തേക്കെങ്കിലും ജനപ്രിയവുമാണ്. 

white-house
(Photo: Twitter/ WhiteHouse)

പ്രായത്തിന്റെ ആനുകൂല്യം മുതലെടുത്ത് ചെറുപ്പക്കാരെ ആകർഷിക്കാനാണ് വിവേകിന്റെ ശ്രമം. മറ്റ് രണ്ട് എതിരാളികളുടെയും പകുതി പ്രായമേ അദ്ദേഹത്തിനുള്ളൂ. പ്രസിഡന്റായി രണ്ട് ടേം പൂർത്തിയാക്കുമ്പോഴും തന്റെ മക്കൾ ഹൈസ്കൂൾ കഴിഞ്ഞിട്ടുണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. മറ്റു പലരും വിലയിരുത്തുന്നതുപോലെ അമേരിക്കയുടെ നല്ലകാലം കഴിഞ്ഞുവെന്ന വാദം അംഗീകരിക്കാൻ അദ്ദേഹം തയാറല്ല. അമേരിക്ക ഇപ്പോഴും ചെറുപ്പമാണെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടതെന്നുമാണ് വിവേകിന്റെ പക്ഷം. ഏറെക്കാലത്തിനു ശേഷമാണ് സ്വന്തം പണംകൊണ്ട് ഒരാൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. അദ്ദേഹം വിജയിച്ചാൽ അത് മറ്റൊരു ചരിത്രമായിരിക്കും. 

തിരഞ്ഞെടുപ്പു രംഗത്ത് വിവേക് രാമസ്വാമി ഇപ്പോൾ ഒരു കൗതുകം മാത്രമാണ്. പക്ഷേ, അദ്ദേഹത്തെ എഴുതിത്തള്ളാൻ കഴിയില്ല. കൺസർവേറ്റീവ് പോപ്പുലിസം മുൻ തിരഞ്ഞെടുപ്പുകളിൽ ഫലപ്രദമായിരുന്നു. ജനസമ്മിതിയിൽ ട്രംപിനു താഴെയെത്തി എന്നത് വൻ നേട്ടമാണ്. അത് വിവേകിനെ നായകനിരയിലേക്ക് ഉയർത്തിക്കഴിഞ്ഞു. 

vivek-ramaswami

സദസ്സിന്റെ ചോദ്യത്തിനു മറുപടി പറയാനുള്ള വിവേകിന്റെ വൈഭവം അതിലേറെ പ്രശംസാർഹമാണ്. യുക്രെയ്നിൽ ക്രിസ്ത്യൻ വിഭാഗം പീഡിപ്പിക്കപ്പെടുകയാണെന്ന് ഒരാൾ ആവേശപൂർവം പറഞ്ഞപ്പോൾ, സെലെൻസ്കിക്കെതിരായ കുറ്റങ്ങളുടെ പട്ടികയിൽ അതുകൂടി ഉൾപ്പെടുത്തുന്നു എന്നായിരുന്നു മറുപടി. കോവിഡ് വ്യാപനത്തിനു ചൈനയാണ് ഉത്തരവാദിയെന്ന് ഒരാൾ ചൂണ്ടിക്കാട്ടിയപ്പോൾ, വുഹാനിലെ ബയോ ടെററിസം ലാബിൽ നിന്ന് മനുഷ്യസൃഷ്ടിയായ വൈറസുകളെ പുറത്തുവിട്ടതിനെ താൻ അനുകൂലിക്കുന്നില്ലെന്ന് മറുപടി നൽകി. ആരാധകരെ തൃപ്തിപ്പെടുത്താൻ ഈ ഉത്തരങ്ങൾ മതിയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. 

വിവേകിന്റെ സ്ഥാനാർഥിത്വ മോഹത്തോട് പാർട്ടിയിലെ ഇന്ത്യൻ വേരുകളുള്ള വോട്ടർമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അവരിൽ അധികംപേരും ട്രംപിനെ അനുകൂലിക്കുന്നവരാണ്. എന്നാൽ, വിവേകിന് കൂടുതൽ പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞാൽ ഇന്ത്യൻ സമൂഹം ഒന്നാകെ അദ്ദേഹത്തിനു പിന്നിൽ അണിനിരക്കുമെന്നതിൽ സംശയമില്ല. 

English Summary: Vivek Ramaswamy: Just curiosity today; Tomorrow is unpredictable

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS