പ്രളയനാന്തര കേരളം-ചില വഴിയോരക്കാഴ്ചകൾ

Idukki-another-shot
SHARE

2019 നവവത്സരദിനം മുതൽ കുറെ ദിനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിയ ചില യാത്രകളിൽ കണ്ടകാഴ്ചകളും അനുഭവങ്ങളും ചിന്തകളുമാണ് ഈ വഴിയോരക്കാഴ്ചകളിൽ കുറിച്ചിരിക്കുന്നത്. ദേശാടന പക്ഷികളെപ്പോലെ ഇടക്കു കടന്നുവരാറുള്ള പ്രവാസികൾക്ക് കേരളത്തിന്റെ ഓരോ മാറ്റവും ഹൃദയമിടിപ്പും പെട്ടന്ന് തിരിച്ചറിയാനാവും ; അത്തരം ചില അനുഭവങ്ങൾ പങ്കുവെക്കുന്നു.

എവിടെയും കാണുന്ന മുന്തിയറപ്പുകൾ- ഇയാളെപ്പോ ഇതിന്റെ മണ്ടക്ക് കയറി? അവധിക്കു നാട്ടിൽ ചെന്നപ്പോൾ വഴിയിലേക്ക് ചാഞ്ഞു കിടന്ന മരച്ചില്ലകൾ ഒന്ന് വെട്ടി ഒതുക്കാൻ ഒരാളെ നോക്കണമെന്ന് കാര്യസ്ഥൻ നാണുവിനോട് പറഞ്ഞിരുന്നു. എന്നാൽ തുക ഒക്കെ പറഞ്ഞിട്ട് മതി പണി തുടങ്ങാൻ എന്നും പറഞ്ഞിരുന്നു. നനുത്ത പ്രഭാതത്തിൽ കട്ടൻ കാപ്പിയും കുടിച്ചു പത്രവും എടുത്തു വായിക്കാൻ കസേര പിടിച്ചു ഇരിക്കുകയാണ്. എന്തോ ഒക്കെയോ വെട്ടിയിറക്കുന്ന വലിയ ശബ്ദം കേട്ടു വീടിന്റെ പിറകിലേക്ക് ചെന്നു. അയാൾ മരംമുഴുവൻ വെട്ടി ഇറക്കുകയാണെന്നു തോന്നി. നാണു  വാപൊളിച്ചു മരത്തിനു മുകളിൽ നടക്കുന്ന സംഭവം നോക്കുകയാണ്. നാണു, എന്താ ഇത് അയാളോട് നിർത്താൻ പറ. അവനു ചെവി കേൾക്കില്ല, ഞാൻ പറഞ്ഞിട്ടും അവൻ നോക്കുന്നു പോലുമില്ല എന്ന് നാണു. ആ മരം ഒരുമാതിരി വെളുപ്പിച്ചു കഴിഞ്ഞു മരംവെട്ടി മനുഷ്യൻ ഒരു വളിച്ച ചിരി പാസാക്കി. 

kananam-resort

അടുത്ത ഒരു മരത്തിന്റെ മുകളിലേക്കും കയറി, ഉച്ചത്തിൽ എന്തൊക്കയോ വിളിച്ചു പറയുന്നുണ്ട്. ഭാവിയിൽ ആ ചില്ലകൾ ഒക്കെ കിണറിനും വീടിനും ഭീഷണി ആകും അതുകൊണ്ടു ഒക്കെ വെട്ടി നിരത്തുകയാണ് അയാൾ. നാണുവും സഹായിയും ഓടി നടന്നു മുറിച്ചിട്ട ചില്ലകൾ ഒക്കെ അടുക്കയാണ്. അര മണിക്കൂർ നേരത്തെ അഭ്യാസ പ്രകടനം കഴിഞ്ഞു മരംവെട്ടി മനുഷ്യൻ താഴെ ലാൻഡ് ചെയ്തു. എന്താ ഇയാളുടെ കൂലി എന്ന് നാണുവിനോട് ചോദിക്കാൻ പറഞ്ഞു. സാർ ഇങ്ങു തന്നാൽ മതി എന്നായി മരംവെട്ടുക്കാരൻ. ഒരു മൂവായിരം രൂപ ഇങ്ങു തന്നെരു സാറേ!!!  

എന്താ അമേരിക്കക്കാരൻ എന്ന് വിചാരിച്ചു നമ്മളെ അങ്ങ് വെട്ടി നിരത്തുകയാണല്ലോ എന്ന് പരിഭവപ്പെട്ടപ്പോൾ, ബധിരൻ എന്ന് കരുതിയ മരംവെട്ടി, ചില പൊട്ടീര് അങ്ങ് പൊട്ടിച്ചു. സാറെ, ഇവിടെ നിക്കുന്നവർക്കു എല്ലാം ഇതിന്റെ വിഹിതം കൊടുക്കണം, പിന്നെ എനിക്ക് അത്രക്കൊന്നും കിട്ടില്ല. ഓഹോ, അവർക്കു ഞാൻ കൊടുത്തോളാം, എന്നാ ശരി എന്ന് പറഞ്ഞു മരം വെട്ടി സ്ഥലം വിട്ടു.  നാണുവിന്റേയും തങ്കയുടെയും സഹായിയുടെയും എല്ലാം മുഖത്തു ഒരു വല്ലാത്ത ഇളിപ്പു മറച്ചു വെക്കാനായില്ല. എന്ത് ഇടപെട്ടാലും കമ്മീഷൻ ഇല്ലാത്ത ഒരു ഇടപാടും നാട്ടിൽ നടക്കില്ല. ചുമ്മാ ഒന്ന് തൊട്ടു നിന്നാൽ മതി, ഒക്കെ ഒരു സെറ്റപ്പ്. മറുനാടൻ മലയാളിയെ കണ്ടാൽ തന്നെ ഊറ്റേണ്ട ഒരു തുക മനസ്സിൽ കുറിച്ചിട്ടുണ്ടാവും.  

ഒരു പുസ്തക വ്യാപാരിക്കു ഞങ്ങൾ പുറത്തിറക്കിയ 500 പുസ്തകങ്ങൾ വേണമെന്നു ആവശ്യപ്പെട്ടു. ചുരുങ്ങിയ അവധിക്കുള്ളിൽ പുസ്തകങ്ങൾ അവിടെ എത്തിച്ചപ്പോൾ അയാൾക്ക്‌ 50 ശതമാനം കമ്മീഷൻ വേണം, അങ്ങനെയെങ്കിൽ രൊക്കം കാശു താരമെന്നായി. ഒരു പൊതു ഉപയോഗത്തിനുള്ള പുസ്തകമായിരുന്നതിനാൽ ലാഭം നോക്കാതെ അടിച്ചിറക്കുകയായിരുന്നു. ഇത്തരം കമ്മീഷൻ കൊടുത്താൽ ഒരു പുസ്തകത്തിന് 17 രൂപയോളം അധികം ഞാൻ കൈയ്യിൽ നിന്നു ഇറക്കേണ്ടി വരുമെന്നു പറഞ്ഞപ്പോൾ അയാൾ സമ്മതിക്കുന്നില്ല. വഴക്കടിക്കാൻ സമയവും സാഹചര്യവും ഇല്ലാത്തതിനാൽ ഒക്കെ അങ്ങനെ ആകട്ടെ എന്ന് സമ്മതിച്ചു. നാലു വർഷത്തോളം എന്റെ പിതാവ് ഊണും ഉറക്കവും ഉപേക്ഷിച്ചു അധ്വാനിച്ചു തയ്യാറാക്കിയ പുസ്തകം വിറ്റു ലാഭം ഉണ്ടാക്കുന്ന പെരുച്ചാഴി വിൽപ്പനക്കാർ  മേലനങ്ങാതെ കീശ വീർപ്പിക്കുന്നു. ചെറിയ ഒരു പ്രസ്ഥാനമാണെങ്കിലും ബിഎംഡബ്ല്യൂ കാറും, മാസങ്ങൾ നീണ്ടുനിൽക്കുന്ന വിദേശ പര്യടനവുമായി അവരൊക്കെ അടിച്ചുപൊളിക്കുകുയാണെന്നു കേട്ടു. 

വിലകുറഞ്ഞ  തൊഴിൽ മര്യാദകൾ  - ഒരു പ്രമുഖ ട്രാവൽ ഏജൻസിയിൽ ഒരു വെക്കേഷൻ പ്ലാൻ തിരക്കാൻ ചെന്നു . കുറെയേറെ സ്റ്റാഫ് എല്ലാവർക്കും പ്രതേകം ക്യൂബിക്കിളുകൾ, നല്ല ഇന്റീരിയർ ഡെക്കറേഷൻ, അടിപൊളി സെറ്റപ്പുകൾ. നമ്മുടെ നാട് ഇത്രയും പുരോഗമിച്ചു എന്നോർത്ത് അൽപ്പം അഹങ്കാരം ഉള്ളിൽ തോന്നാതിരുന്നില്ല. പൂമുഖ ഡെസ്കിൽ ഉണ്ടായിരുന്ന ട്രാവൽ സ്പെഷ്യലിസ്റ്റ് കുറെ യാത്രാ പദ്ധതികളും റേറ്റുകളും വിശദീകരിച്ചു. പിന്നെ അടുത്തിരുന്ന സ്റ്റാഫുകൾ ഒക്കെ ഓരോ ചോദ്യങ്ങളുമായി ടോണിയെ മൂടി. ഒരു മിനിറ്റു എന്ന് കണ്ണുകൊണ്ടു കാണിച്ു ടോണി അവരുടെ ചോദ്യങ്ങൾക്കു മറുപടി കൊടുത്തുകൊണ്ടേയിരുന്നു. തുരുതുരാ ഫോണുകളും ഒക്കെയായി ടോണി ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു ചാടിക്കൊണ്ടിരുന്നു. അടുത്തിരുന്ന മറ്റൊരു സ്റ്റാഫിനെ കണ്ണുകൊണ്ടു എന്നെ സഹായിക്കാൻ നിർദേശിക്കുകയും അനുസരിച്ചു ഞാൻ കസേര മാറി. 

Kananam-nite

രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും കാണാതായ എന്നെ തിരക്കി എൻ്റെ ഡ്രൈവർ എത്തി. അപ്പോഴേക്കും ഞാൻ നിരവധി കസേരകൾ മാറി, ഓരോരുത്തരോടും ഒന്നുമുതൽ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. ഒരു എത്തും പിടിയും കിട്ടാതായപ്പോൾ ജോസ് എന്ന അവസാന കണ്ണിയോട്, ഒക്കെ ശരിയാകുമ്പോൾ വിളിച്ചു പറഞ്ഞാൽ മതി എന്ന് പറഞ്ഞു പിരിഞ്ഞു. പിറ്റേദിവസം വീണ്ടും അവിടെ ചെന്നപ്പോൾ ജോസ് ഫീൽഡിലാണ് എന്ന് മറുപടി. അവിടെയിരിക്കൂ എന്ന് പറഞ്ഞു അവിടെയുള്ള കുറെയേറെ സ്റ്റാഫ് തിരക്കിലായി. എന്താ ഞാൻ ചെയ്യേണ്ടത് എന്ന് തിരക്കാൻ  പോലും അവർക്കു താല്പര്യമില്ല, പഴയ ഒരു സർക്കാർ ഓഫീസിന്റെ മനോഭാവം. കുറെ നേരം ഇരുന്ന ശേഷം ഇറങ്ങിപ്പോയി, അത് അവിടെയുള്ളവർ ശ്രദ്ധിക്കുന്നതുപോലും ഉണ്ടായിരുന്നില്ല. വെറുതേ ഇല്ലാത്ത സമയം പാഴാക്കി അവിടെ, ഇത്തരം ഒരു സമീപനത്തിൽ ടൂറിസം വികസിക്കുക തന്നെ ചെയ്യും എന്ന് പരിതപിച്ചു അവരുടെ മേഖല ഓഫീസിൽ പരാതി പറഞ്ഞു. ഇത്തരം തൊഴിൽ ഇടപാടുകളെപ്പറ്റി എഴുതും എന്ന് പറഞ്ഞപ്പോൾ ചില നീക്കു പോക്കുകൾ ഒക്കെ ഉണ്ടായി എന്ന് മാത്രം. 

തിളങ്ങുന്ന സർക്കാർ സ്ഥാപങ്ങൾ  - സ്ഥലത്തിന്റെ കരം അടക്കാൻ പന്തളത്തെ വില്ലജ് ഓഫീസിൽ ചെന്നപ്പോൾ അക്ഷരാർത്ഥത്തിൽ കണ്ണ്തള്ളി എന്ന് പറയാം.  കുറെ വർഷങ്ങൾക്കു മുന്നേ അവിടെ കണ്ട ഒരു അനുഭവം മുൻപ് എങ്ങോ കുറിച്ചിരുന്നു. ഒരു കാറ്റിനു താഴെ വീഴാൻ പാകമായ ബ്രിട്ടീഷ് കാലത്തെ അതിജീവിച്ച ഒരു പഴഞ്ചൻ കൂട്ആയിരുന്നു ആ കെട്ടിടം. ഓരോ പ്രാവശ്യവും അവിടെ ചെല്ലുമ്പോഴും വില്ലജ് ഓഫിസറുടെ ഇരിപ്പിടം മാറിക്കൊണ്ടിരുന്നു എന്തായിരുന്നു എന്ന് തിരക്കിയപ്പോൾ അദ്ദേഹത്തിന്റെ മറുപടി വിചിത്രമായിരുന്നു. കെട്ടിടത്തിന്റെ മേൽത്തട്ടിൽ നിറയെ മരപ്പട്ടികൾ ഉണ്ട് ഉണ്ടെന്നു അവ മൂത്രം ഒഴിക്കുന്ന ദിശ കണ്ടുപിടിച്ചു തന്റെ ഇരിപ്പിടം മാറികൊണ്ടിരിക്കയാണെന്നും ആണ് അന്ന് പറഞ്ഞത്. എന്നാൽ ഇപ്പോൾ അവിടെ മനോഹരമായ ഓഫീസിൽ സെറ്റ്പ്പ് !!. കുറെ നേരം ഒന്ന് നോക്കി നിന്നു. കണ്ണുകൾക്ക് വിശ്വസിക്കാനായില്ല. 

എന്തായാലും വില്ലേജ് ഓഫിസർ അനിൽകുമാറിനെ നേരിട്ടുകണ്ടു അഭിനന്ദിക്കാം എന്ന് കരുതി. അവിടുത്തെ പഴയ ചിത്രം ഞാൻ ചികഞ്ഞെടുത്തു വിവരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം പറയുന്നു അന്ന് ഇരുന്ന ഓഫിസർ തന്നെയാണ് താൻ. പക്ഷെ ഈ ഓഫിസ് ശരിയാക്കാൻ ദൃഢനിശ്ചയം ചെയ്തു. തന്റെ പരിശ്രമവും ഡിപ്പാർട്മെന്റ് സഹകരണവും കൊണ്ട് ഇത് സാധിച്ചു. ഡിപ്പാർട്മെന്റിൽ നിന്നും മറ്റു സമിതികളിൽ നിന്നും കിട്ടിയ അംഗീകാരങ്ങൾ അദ്ദേഹം ഓഫിസിൽ പ്രദർശിപ്പിച്ചിരുന്നു. നിശ്ചയദാര്‍ഢ്യമുള്ള ഒരു ഉദ്യോഗസ്ഥന് ഇപ്പോഴും സമൂഹത്തെ നന്നായി സേവിക്കാം എന്ന് വിളിച്ചുപറയുന്നതായിരുന്നു ആ കെട്ടിടവും അവിടുത്തെ സംവിധാനങ്ങളും. ഏറ്റവും ആകർഷിച്ചത് അവിടെ ജോലി ചെയ്യുന്ന ആളുകളുടെ പേരും ഉദ്യോഗപ്പേരും പുറത്തു തന്നെ എഴുതി വച്ചിരിക്കുന്നു. 

Anilkumar

ഏതെങ്കിലും ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചാൽ ഉടൻ തന്നെ വിളിച്ചു പറയേണ്ട  നമ്പറും പുറത്തു വലുതായി തന്നെ എഴുതി വച്ചിരിക്കുന്നു.ഓഫിസ് ആകെ ക്ലീൻ, സന്ദർശകർക്ക് ഇരിക്കാൻ ഒന്നാന്തരം ഇരിപ്പിടം, കുടിക്കാൻ വെള്ളം, ചുറ്റും കല്ലുകൾ പാകി വെടിപ്പാക്കിയ മുറ്റം, ഉറപ്പുള്ള പന്തൽ,  ചുറ്റുമതിലിനോട് ചേർന്ന് നാട്ടുകാരെ കൂട്ടി ഒരു പ്രകൃതി ദൃശ്യം ഒരുക്കാനും പ്ലാൻ ഉണ്ടത്രേ. ഒക്കെ ഇന്റര്‍നെറ്റ്‌ സംവിധാനത്തോടെ ക്രമീകരിച്ചിരിക്കുന്നു . ഇനിയും ഫോൺ വഴി കരം അടക്കാനുള്ള ക്രമീകരണങ്ങളും ഉണ്ട്. സർക്കാരിനും ഉദ്യോഗസ്ഥനും അറിയാതെ ഒരു നമസ്കാരം പറഞ്ഞു. 

സൂക്ഷിക്കേണ്ട ഭക്ഷണശാലകൾ - നല്ല ഒന്നാംതരം ഭക്ഷണശാലകൾ വഴിയോരങ്ങളിൽ കാണാനുണ്ട്. ചിലവ സാധാരണ അമേരിക്കൻ  ഭക്ഷണശാലകളേക്കാൾ  വൃത്തിയും വെടിപ്പും ഉണ്ട്. ബാത്തറൂമുകളും ഫർണിച്ചറും മനോഹരമായി സൂക്ഷിച്ചിരിക്കുന്നു. ഒക്കെ നല്ല കസ്റ്റമർ ഫ്രണ്ട്‌ലി ഇടപാടുകൾ തന്നെ.  ഒരു നീണ്ട യാത്രക്കുശഷം രാത്രി ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിലേക്ക് ഡ്രൈവർ കൊണ്ടുപോയി, ഞങ്ങളെ ഒരു ഫാമിലി റൂമിലേക്ക് അവർ നയിച്ചു. അവിടുത്തെ സജീകരണങ്ങൾ കണ്ടു ഞെട്ടിപ്പോയി.  ഒരു വനം തന്നെ അവിടെ ഉണ്ടാക്കിയിരിക്കുന്നു, മരങ്ങളും മൃഗങ്ങൾക്കും മദ്ധ്യേ തയ്യാറാക്കിയിരിക്കുന്ന അത്താഴമേശ മനോഹരമായിരുന്നു. ഷെഫ് നേരിട്ട് വന്നു ഞങ്ങളുടെ താൽപര്യങ്ങൾ അന്വേഷിക്കുന്നു. ഞങ്ങൾ വളരെ ഇമ്പ്രെസ്സ്ഡ് ആയി എന്ന് പറയേണ്ടതില്ല. ഭക്ഷണം കഴിച്ച ശേഷം കൈകഴുകി വന്നിട്ട് കയ്യിൽ മൂന്നു വിരലിൽ ഉള്ള ചുമന്ന കളർ എത്ര കഴുകിയിട്ടും തുടച്ചിട്ടും പോകുന്നില്ല. ഭക്ഷണം കൊഴുപ്പിക്കാൻ എന്താണ് അതിൽ ചേർത്തതു എന്നറിയില്ല. പിറ്റേദിവസം രാവിലെ വായിൽ ആകെ പൊള്ളിയപോലെ ഒരു ഫീലിങ്. കുറെ ദിവസത്തേക്ക് ആ ഇമ്പ്രെഷൻ തുടർന്നുകൊണ്ടിരുന്നു. 

ഇടുക്കിയുടെ സൗന്ദര്യം - മലകളും കാടുകളും ജലവിഭവും കാലാവസ്ഥയും ഒക്കെ കനിഞ്ഞു അനുഗ്രഹിച്ച ഇടുക്കി കേരളത്തിന്റെ തിലകക്കുറിയാണെന്നു അതിശയോക്തി ഇല്ലാതെ തന്നെ പറയാം. ഇത്രയും മനോഹരമായ പ്രദേശത്തെ ലോകത്തിലെതന്നെ ശ്രദ്ധേയമായ വിനോദകേന്ദ്രമായി വികസിച്ചെടുക്കാനായിട്ടില്ല. നാടുകാണി പവലിയനു അടുത്തുള്ള കാനനം റിട്രീറ് ശരിക്കും ഒരു അനുഭവമായിരുന്നു. രാത്രിയിൽ ആണ് അവിടെ എത്തപ്പെട്ടത്. ഏതാണ്ട് മൂവായിരം അടിയോളം പൊക്കത്തിൽ നേർത്ത ഹെയർപിൻ ബെന്റുകൾ കയറിച്ചെല്ലാൻ കുറെയേറെ സമയമെടുത്തു. പലയിടത്തും വണ്ടി പിറകോട്ടു എടുത്താണ് പിന്നെ മുകളിലേക്ക് കയറിക്കൊണ്ടിരുന്നത്. നിറഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളും താഴെ മലമുകളിലുള്ള ചെറുവിളക്കുകളും ചേർന്ന് നിന്നതു കൊണ്ട് ഇരുഭാഗത്തും മാറി മാറി വന്നുകൊണ്ടിരുന്ന കാഴ്ച്ചകൾ അഭൗമികമായ ഒരു ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. എത്ര സാഹസികമായിരുന്നു ആ കയറ്റങ്ങൾ എന്ന് തിരിച്ചിറങ്ങിയപ്പോഴാണ് മനസ്സിലായത്.  

കാറ്റ് നിർത്താതെ അടിച്ചുകൊണ്ടിരുന്നു, ചെറിയ മഴയും തണുപ്പും നിറഞ്ഞ ആ ഭംഗിയുള്ളിടത്തു നിന്ന് ചുറ്റുപാടും ഒന്ന് വീക്ഷിക്കുകതന്നെ വർണനാതീതം. തങ്ങൾ ജനിച്ചു വളർന്ന ഇടുക്കിയുടെ മനോഹാരിത പറഞ്ഞു സുഹൃത്തുക്കളായ ബെന്നിയും ഷൈനിയും കുറെയേറെ കൊതിപ്പിച്ചിരുന്നു. അവരാണ് അത്തരം ഒരു സ്ഥലം കാട്ടിത്തന്നത്. സൂര്യോദയത്തിനു മുന്നുള്ള നിമിഷങ്ങൾ ക്യാമറയിൽ പതിപ്പിക്കാൻ നന്നേ വെളുപ്പിനെ ഞാനും ബെന്നിയും സ്ഥലം പിടിച്ചു. 

ഒരു ചൂട് ചായയും കുടിച്ചിട്ട് മലമുകളിലെ പുൽമേടുകളിലൂടെ നടത്തിയ കാല്‍നടയായുള്ള ദീര്‍ഘ വിനോദസഞ്ചാരം ഒരു അനുഭവമായിരുന്നു. കുളമാവ് ഡാം, വാഗമൺ, ഇലപ്പള്ളി വെള്ളച്ചാട്ടം, ഇലവീഴാപൂഞ്ചിറ, കാഞ്ഞാർ, ശരംകുത്തി, മൂലമറ്റം തുടങ്ങിയ പ്രദേശങ്ങൾ ബെന്നി ചൂണ്ടി കാണിച്ചുതന്നിരുന്നു. യാത്രയിലുടനീളം ഒരു മുൻകൃഷി ഉദ്യോഗസ്ഥനായിരുന്ന ബെന്നി അവിടെ കാണാനുണ്ടായിരുന്ന പുല്ലുകളെപ്പറ്റിയും മരങ്ങളെപ്പറ്റിയും അവയുടെ മൂല്യങ്ങളെപ്പറ്റിയും തോരാതെ വിവരിച്ചുകൊണ്ടിരുന്നു. മലയുടെ നെറുകയിൽ ഞങ്ങളുടെ ചെറുകൂട്ടം ഏതോ അന്യഗൃഹത്തിൽ എത്തിച്ചേർന്ന കൗതുകത്തോടെ ഓടിനടന്നു.  ഇടുക്കി ഡാമിലേക്കുള്ള കാനന വഴിയും ഡാമിന്‌ മുകളിലൂടെയുള്ള യാത്രയും മനസസ്സിൽ നിറഞ്ഞു നിൽക്കുന്ന പ്രകൃതി സൗന്ദര്യമാണ് സമ്മാനിച്ചത്. ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് ആരോ പറഞ്ഞത് ഇടുക്കിയെക്കുറിച്ചായിരിക്കാം.

കറപുരളുന്ന വാട്ടസ്ആപ് ചങ്ങാതിക്കൂട്ടം - ഏറെ നാളത്തെ പരിശ്രമത്തിനു ശേഷമാണു കോളേജ് സതീർഥ്യരെ കുറേപ്പേരെ സംഘടിപ്പിച്ചു ഒരു വാട്ടസ്ആപ് ചങ്ങാതിക്കൂട്ടം ആരംഭിച്ചത്. വളരെ ഊഷ്മളമായി തുടങ്ങിയ ചങ്ങാതിക്കൂട്ടത്തിൽ നർമ്മവും കൗതുകവും പരിചയപ്പെടുത്താലും ഒക്കെയായി പഴയ ക്യാമ്പസ് കഥാപാത്രങ്ങളായി അരങ്ങു നിറഞ്ഞു നിന്നു. പ്രളയകാലത്തു പലസ്ഥലങ്ങളിലായി ജീവിതം കരുപ്പിടിപ്പിച്ച എല്ലാവരും കുറെക്കൂടി അടുത്തു. അതിന്റെ പിന്നാലെ ഒരു അപശകുനം പോലെ വന്നുകേറിയ ശബരിമല തർക്കത്തിൽ കുലസ്ത്രീകളും തീവ്രവിശ്വാസികളും പോസ്റ്റ് ഇട്ടു അടിച്ചു പൊടിച്ചു, ഒരു വിശാലഹിന്ദു  പ്രചാരകൻ ഓരോ നിമിഷവും മോദി തരംഗം സൃഷ്ട്ടിച്ചുകൊണ്ടിരുന്നു. പാവം അഡ്മിൻ പഠിച്ച പണി ഒക്കെ നോക്കി നോട്ടീസും വാണിങ്ങും ഒക്കെ നിരന്തം നൽകി സുഹൃദം തുടരാൻ ശ്രമിച്ചപ്പോൾ അച്ചായൻസും ഇടതുപക്ഷക്കാരും നടുവിരൽ ഉയർത്തി, ചിലരൊക്കെ പുറത്തു പോയി. കാലം എത്ര കഴിഞ്ഞാലും ചില സൗഹൃദങ്ങൾ അനശ്വരമായി നില നിൽക്കും എന്ന് കേട്ടിരുന്നു. എന്നാൽ വിശ്വാസത്തിന്റെ പേരിൽ  എന്തും നഷ്ടപ്പെടുത്താൻ നാം മലയാളികൾ തയാറാണ്. 

നിർദോഷമായ ചാരിറ്റി വിതരണം - മലയാളി എവിടെയൊക്കെ പോയാലും കേരളത്തിൽ ആർക്കെങ്കിലും ചില്ലറ സഹായം കൊടുത്താൽ അതിൽപരം സന്തോഷം വേറെ ഇല്ല. ന്യൂയോർക്കിലെ വൈസ്മെൻ ക്ലബ്ബ്, പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് സഹായം എത്തിക്കാൻ അവരുടെ മനസുതുറന്നു സംഭാവന നൽകി. അർഹരായവർക്ക്‌ നേരിട്ട് സഹായം എത്തിക്കണം എന്ന് മാത്രമായിരുന്നു നിബന്ധന. അങ്ങനെ ആ ദൗത്യം ഏറ്റെടുത്തു. അതി ദാരുണമായിരുന്നു ഓരോ ഭവനത്തിലെയും അവസ്ഥകൾ. സർക്കാർ കൊടുത്ത പതിനായിരവും മറ്റാരോ കൊടുത്ത ചില്ലറ സഹായങ്ങളുമാണ് ആകെ ലഭിച്ചതെന്ന് അവർ പറഞ്ഞു. വീടുകൾ കണ്ടെത്താൻ നന്നേ പാടുപെട്ടു. അത്രയ്ക്ക് ദുഷ്കരമായ ഇടങ്ങളിൽ പാവപ്പെട്ടവർ ഒളിച്ചു താമസിക്കുകയാണോ എന്ന് തോന്നിപ്പോയി. കേരളത്തിൽ നേരെ സഞ്ചരിച്ചാൽ ഒരു വലിയ പ്രളയത്തിന്റെ യാതൊരു  ലക്ഷണവും അവശേഷിച്ചിട്ടില്ല. 

നല്ല റോഡുകളുടെ ഇരു ഭാഗവും അടിപൊളി വീടുകൾ !! ചില വീടുകൾ അമേരിക്കയിലുള്ള വമ്പൻ വീടുകളേക്കാൾ മനോഹരവും വലുതും തന്നെയായിരുന്നു. ഈ വീടുകളിൽ ഒക്കെ ചിലപ്പോൾ വൃദ്ധരായ മാതാപിതാക്കളും അവരുടെ സഹായികളും മാത്രമാണ് ഉണ്ടാവുക. ഒരു പാവപ്പെട്ടയാളുടെ മതിയായ വഴി പോലും ഇല്ലാത്ത വീട്ടിൽ എത്തിയപ്പോൾ, ചുറ്റും വമ്പൻ വീടുകൾ!!, അവരുടെ ഒക്കെ ബാങ്കിൽ വലിയ തുകകൾ തൊടാതെ കിടപ്പുണ്ടാകാം. ചിലബാങ്കുകളിൽ വർഷങ്ങളായി പിൻവലിക്കാത്ത കോടിക്കണക്കിനു പണം കെട്ടിക്കിടപ്പുണ്ട് എന്ന് കേൾക്കുന്നു. ഇവരൊക്കെ വിചാരിച്ചാൽ മാറ്റാവുന്ന സാമ്പത്തീക ബുദ്ധിമുട്ടുകളേ കേരളത്തിൽ ഇന്നുള്ളൂ എന്ന് വെറുതെ തോന്നി. പക്ഷെ കൊടുക്കില്ല. അങ്ങനെ കൂട്ടിവച്ചു കൂട്ടിവച്ചു അതിൽ സായൂജ്യം അടയുക. പിന്നെ വിദേശത്തുള്ള ചില സംഘടനകളെ കണ്ടുപിടിച്ചു അവരെക്കൊണ്ടു കൊടുപ്പിച്ചു തൃപ്തിയാകുക. അതാണ് ഇന്നത്തെ മലയാളിയുടെ സഹാനുഭൂതി. 

Birds-sanctuary

അപ്രത്യക്ഷമാകുന്ന അയൽക്കാർ, ചെറുകിട വ്യപാരികൾ ബിസിനസ് മതിയാക്കുന്നു, ഒക്കെ മാളുകളും സൂപ്പർമാർക്കറ്റുകളും കയ്യടക്കുന്നു. ഭവനരഹിതർ ഉൾവലിഞ്ഞു എവിടെയോ പോകുന്നു, ഇത്തരം മാറ്റങ്ങൾ പ്രവാസികൾ ഇടയ്ക്കു നാട്ടിൽ വരുമ്പോൾ മനസ്സിലാകും, എന്നാൽ അവിടെയുള്ളവർക്കു പിടികിട്ടില്ല. കുട്ടികൾ ഒക്കെ എത്രയും പെട്ടന്ന് ജോലി തേടി വിദേശങ്ങളിൽ പോകുന്നു. അവരാരും തിരികെ എത്തി സ്വന്തം നാട്ടിൽ താമസിക്കാൻ പോകുന്നില്ല അങ്ങനെ അടഞ്ഞുകിടക്കുന്ന ഒട്ടേറെ വീടുകൾ, തമ്മിൽ പരിചയമില്ലാത്ത അയൽക്കാർ.  

പുതിയ താമസക്കാർ നാട്ടുകാരുമായി അത്ര മമത സ്ഥാപിക്കാനും തയാറാകുന്നില്ല. ബാങ്കുകൾ കൊടുക്കുന്ന വായ്‌പകൾ കൊണ്ട് മുതലിറക്കുന്ന മുതലാളിമാർ, അവർ കെട്ടിപ്പടുക്കുന്ന ഫ്ളാറ്റുകൾക്കു അധിക വാടക ചുമത്തുന്നത് വഴി സാധാരണക്കാർ സ്ഥലം കാലിയാക്കുകയും പുത്തൻ പണക്കാരും ജോലിക്കാരും നല്ല പ്രദേശങ്ങളിലേക്കു കടന്നു വരികയും ചെയ്യും. ഇത്തരം ഇടപാടുകൾ ലോകത്തു പലഭാഗങ്ങളിലും നടക്കുന്നു. ഇതാണ് ജൻട്രിഫിക്കേഷൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്. 

ഇത്തരം ഒരു സാമൂഹിക പ്രതിഭാസത്തെപ്പറ്റി മതിയായ കാഴ്ചപ്പാടുകളോ, പൊതു സമീപനങ്ങളോ പ്രാദേശിക സര്‍ക്കാര്‍ ഉൾകൊള്ളുന്നുണ്ടോ എന്നറിയില്ല. വലിപ്പം കൂടിയതും ആഡംബരവും ആയ കെട്ടിടങ്ങൾക്കു കൂടുതൽ  നികുതി ഈടാക്കണം. ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് അധിക നികുതി ചുമത്തണം. ഇത്തരം നികുതികൾ ഉപയോഗിച്ച് നിർധനർക്ക് ഭവനം ഉണ്ടാക്കാനുള്ള പദ്ധതികൾ കൊണ്ടുവരാം. ഓരോ പ്രാദേശിക ഭരണത്തിനും സ്വയം ആദായം കണ്ടുപിടിക്കാനും അവിടുത്തെ സ്കൂളുകളും റോഡുകളും നിർമ്മിക്കാനും മാലിന്യ സംസ്കരണവും തുടങ്ങി ഒട്ടേറെ പദ്ധതികൾ ഒക്കെ നേരിട്ട് നടപ്പിലാക്കാനുള്ള കെൽപ്പുള്ള സമൂഹമായി നമ്മുടെ കേരളം മാറിക്കഴിഞ്ഞു . ഈ ഒരു തിരിച്ചറിവില്ലാതെ എന്തിനും സംസ്ഥാന-കേന്ദ്ര പദ്ധതികളെ ആശ്രയിക്കേണ്ടി വരരുത്. 

ഹർത്താലുകള്‍  മൂന്നാഴ്ചത്തെ അവധിക്കു നാട്ടിൽ ചെന്നപ്പോൾ അതിൽ 6 ദിവസവും ഹർത്താലായി ജനം ആഘോഷിക്കുന്നു. വണ്ടികൾ ഓടാത്തതുകൊണ്ടു പരിതസ്ഥിതിക്കു കൊള്ളാം ആളുകൾക്ക് മാനസിക പിരിമുറുക്കം ഇല്ലാതെ ടി. വി സീരിയലുകളും കണ്ടു വിശ്രമിക്കാം.  ഇത്രയും മതപരമായ പൊതു ഒഴിവുകൾ ഉള്ള സമൂഹം ലോകത്തു വേറെ എങ്ങും കാണുകയില്ല. പരിമിതമായ പ്രവർത്തിദിനങ്ങളിൽ ഒതുങ്ങി ജീവിച്ചു പോകുന്ന ഈ സമൂഹം എന്നും ലോകത്തിനു ഒരു അത്ഭുത കൂട്ടം തന്നെയാണ്. വനിതാ ചങ്ങലയും പിടിച്ചു സ്ത്രീ ശാസ്ത്രീകരണം നടത്തുന്നവരും, ശരണം വിളിച്ചു പ്രതിഷേധ പ്രകടനം നടത്തുന്നവരും പള്ളിക്കു മുകളിൽ കയറി ആത്മഹത്യ നടത്താൻ ശ്രമിക്കുന്നവരും, വേറെ മനുഷ്യ സമൂഹത്തിൽ കാണുകയില്ല. ഹർത്താലുകളിൽ സഹകരിക്കില്ല എന്ന വ്യാപാരി സംഘടനകൾ പറഞ്ഞപ്പോഴും ധൈര്യമായി കടതുറക്കാൻ ഭൂരിഭാഗം കടയുടമകളും തയ്യാറായില്ല. പണിമുടക്കുകൾ കൊണ്ട്  ഒരു സംസ്ഥാനത്തെ പൊതു നഷ്ട്ടം എത്രയാണെന്ന് സർക്കാരും പറയാൻ തയ്യാറാവുന്നില്ല . അവരും ഭരണവും സമരവുമായി പോകയാണല്ലോ. 

നാട്ടുകാരെ കുഴക്കുന്ന ജനമതിലുകൾ - എല്ലാമതിലുകൾക്കും മീതേ മഹാപ്രളയം വന്നപ്പോൾ മലയാളിക്ക് ഒരു വിശ്വാസമേ ഉണ്ടായിരുന്നുള്ളൂ. വെള്ളമിറങ്ങിയപ്പോൾ മതിലുകൾ കൂടുതൽ കരുത്തോടെ തെളിഞ്ഞു വന്നു. നാഷണൽ ഹൈവേയിൽ ഇടതുപക്ഷ വനിതാമതിൽ കാണുവാൻ പോയിരുന്നു. കുലസ്ത്രീകളെ ആരും അത്ര അവിടെ കണ്ടില്ല, അവരൊക്കെ നാമജപ ചങ്ങലയുമായി മറ്റേതോ ഹൈവേയിൽ ഉണ്ടായിരുന്നത്രെ. ഇതിൽ രണ്ടിലും പങ്കെടുക്കാനാവാത്ത സ്ത്രീകൾക്കുവേണ്ടി പുതിയ ഒരു ഹൈവേ നിർമ്മിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കാൻ നീക്കമുണ്ടത്രെ!.ഒരു വനിതയെയും ശാക്തീകരിക്കാനോ ഒരു വിശ്വാസത്തെയും സംരക്ഷിക്കാനോ ഇത്തരം കോപ്രായങ്ങൾ കൊണ്ട് സാധിക്കില്ല. വെറും രാഷ്ട്രീയ നേട്ടങ്ങൾക്കു ഉപകരിക്കും എന്നല്ലാതെ. എത്ര നിഷ്‌ഫലമായ, ഉത്‌പാദനമില്ലാത്ത ദുർവ്യയയം ആണ് ഇത് എന്ന സാമാന്യബോധ്യം മലയാളിക്ക് നഷ്ട്ടപ്പെട്ടു.  

സങ്കേതങ്ങൾ ഉപേക്ഷിച്ച കിളികൾ - ജനുവരിയിലെ തണുത്ത പ്രഭാതത്തിനു അഴകുവിടർത്തി കിളികളുടെ ആരവം വീടിനു ചുറ്റും കേൾക്കാമായിരുന്നു. പരിചതമല്ലാത്ത ഈ ശബ്ദം ആസ്വദിക്കാൻ കുട്ടികളും ഒത്തു മുറ്റത്തു ഇറങ്ങും , എത്ര നിറങ്ങളിലും തരത്തിലുമുള്ള കിളികളാണു അവിടെ ക്യാംപ് ചെയ്യുന്നതെന്നറിയില്ല . ചില ശബ്ദങ്ങൾ അനുകരിച്ചാൽ അവ തുടർന്നും ശബ്ദം ഉണ്ടാക്കികൊണ്ടേയിരിക്കും. ഓ അത്ര കിളിപ്രേമമുള്ളവരാണോ എന്നാൽ കുമരകത്തുള്ള പക്ഷി സാകേതത്തിലേക്കു പോകാമെന്നു ഒരാൾ. അങ്ങനെ ഒരു ദിവസം അങ്ങോട്ടേക്കായി യാത്ര. അത്ര പ്രകൃതി സ്നേഹികളല്ല അവിടെ സന്ദർശകരെ സ്വീകരിക്കാൻ ഇരിക്കുന്നവർ എന്ന് തോന്നി . ഏതായാലും വന്നതല്ലേ, കുറച്ചു നടന്നു കിളികളുമായി സല്ലപിക്കാം  എന്ന് കരുതി കുറേയെറേ  ദൂരം പക്ഷി സങ്കേതത്തിൽ കൂടി നടന്നു. നല്ല പ്രകൃതി ദൃശ്യങ്ങൾ, പക്ഷെ ഒരൊറ്റ കിളിയെപ്പോലും കാണാൻ ആയില്ല. പകരം ചില 'ലവ് ബേർഡ്‌സ്' അവിടെ ചുറ്റിക്കറങ്ങുന്നതു ഗാർഡ്സ് ഓടിച്ചുവിടുന്നത് കണ്ടു.     

കൊതുകുകടി - അൽപ്പം കൊതുകുകടി പ്രതീക്ഷിച്ചുകൊണ്ട് ഒരു ടെന്നീസ് ബാറ്റുപോലെ ഒരു സാധനം ഇടയ്ക്കു വീശിക്കൊണ്ടിരുന്നാൽ പടക്കം പൊട്ടുന്നപോലെ ഒരു ശബ്ദം കേൾക്കാം, സീരിയലിൽ താല്പര്യമില്ലാത്തവർക്കു വൈകിട്ട് ഒരു വിനോദവും ആവും. അൽപ്പം വായന ഒക്കെ തിരിച്ചു വരുന്നു എന്ന തോന്നൽ, കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആഘോഷങ്ങളിൽ കാണാനായി. അടിപൊളി ചർച്ചകളും എണ്ണപ്പെട്ട സാഹിത്യ പ്രതിഭകളുടെ ചൂടുപിടിച്ച ചർച്ചകളും ടി. വി യിൽ നിറഞ്ഞു നിന്നു . എന്നാൽ പൊതുവായ ഒരു പ്രശ്നം കേരളം അഭിമുഖീകരിക്കുമ്പോൾ ഈ സാംസ്‌കാരിക നായകന്മാർ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു കൊതുകുകൾ നിദ്രയിൽ ആകുന്നപോലെ, എവിടേയോ ശാന്തമായ ചിന്തയിൽ തുടരും. 

തിളങ്ങുന്ന ശവക്കോട്ടകൾ - ക്രിസ്ത്യൻ ശവക്കോട്ടകൾക്കു ഒരു പുതിയ മാനം കൈവരുന്നു. പിതാവിന്റെ കല്ലറക്കൽ ഒരു തിരി കത്തിക്കാം എന്ന് കരുതി പോയതാണ്. അടിപൊളി ഗേറ്റ് ,സ്വർഗ്ഗവാതിൽ ഒന്ന് മാറ്റുരച്ചു നോക്കാം എന്ന് തോന്നുന്നു അവിടേക്കുള്ള ഗേറ്റ് കണ്ടാൽ. വിവിധ വർണ്ണത്തിലുള്ള കല്ലുകൾ പാകിയ നടപ്പാത, ഭംഗിയായും നിരപ്പായതുമായ വെള്ളനിറമുള്ള പ്രദലത്തിൽ കറുത്ത മാർബിൾ കല്ലുകൾ വെട്ടിത്തിളങ്ങുന്നു. ഇനിയും അവിടൊക്കെ പൂച്ചെടികളും ചെറിയ പൂന്തോട്ടങ്ങളും ഒക്കെയാക്കി കുറേക്കൂടി ഭംഗിയാക്കാൻ ശ്രമിക്കുന്നു എന്ന് കേട്ടു. ഏതായാലും അവിടെ ഒന്ന് സ്ഥിരമായി കിടക്കുക ഒരു മോഹമായിത്തുടങ്ങി എന്ന് ചിലർ!!

വാൽക്കഷണം - കുറ്റം പറയരുതല്ലോ പള്ളിപ്പെരുനാളുകൾ ഒക്കെ പാതിരാത്രി പരിപാടികൾ കുറച്ചുകൊണ്ടുവരുന്നു, മൈക്ക് സെറ്റ് വച്ച് നാടടക്കം ചൊല്ലിക്കേൽപ്പിക്കാത്ത ആരാധനയല്ലേ നല്ലത്. ആരാധനക്കെങ്കിലും സ്വൽപ്പം സ്വകാര്യത ആകാം എന്ന് ചിന്തിക്കണം. നിരത്തിലൂടെ നടത്തുന്ന ഘോഷയാത്രകൾ കൂടി ഒന്നു കുറച്ചുകൊണ്ടുവരികയാണെകിൽ നല്ലത്‌ . ആരും ഇല്ലാത്ത രാത്രികളിൽ മൈലുകൾ നീണ്ട ദീപാലങ്കാരം അൽപ്പം അതിവ്യയം അല്ലേ എന്ന് തോന്നിപ്പോയി.  വൈകുന്നേരങ്ങളിൽ പൊതുസ്ഥലങ്ങളിൽ നടത്തുന്ന പെന്തെക്കോസ്ത് യോഗങ്ങൾ പഴയ ലാളിത്യം ഒക്കെ ഉപേക്ഷിച്ചു വമ്പൻ മെഗാഷോ പോലെ തോന്നി. ബാറുകൾ ഒക്കെ തുറന്നു പ്രവർത്തിക്കുന്നതിൽ സന്തോഷം, പക്ഷെ അതിനു ഒരു സമയ നിയന്ത്രണം വേണം എന്ന് തോന്നുന്നു. രാവിലെയും ഉച്ചക്കും ഒക്കെ ബാറുകൾ സജ്ജീവമാകുന്നത് ഒരു നല്ല പ്രവണതയാണോ എന്ന് ചിന്തിക്കണം.  

ആനിയമ്മാമ ആണ് വിളിച്ചത്, നാട്ടിൽ ഒക്കെ പോയി അടിച്ചുപൊളിച്ചു അല്ലേ , തിരക്കും അലച്ചിലുകളും ഉണ്ട് പതിവായി ജിമ്മിൽ പോകുന്നുണ്ടോ?  സ്നേഹത്തോടെയുള്ള ആ അന്വേഷണത്തിൽ കുറ്റബോധം തോന്നാതിരുന്നില്ല . ഓരോ ഒഴിവുകഴിവു കണ്ടുപിടിച്ചു പോകാതിരിക്കയാണ് പതിവ്. അനിയമ്മാമ്മയുടെ  ഒരു പരിചയക്കാരൻ ഡോക്ടർ ഒരു മാസ്സിവ് ഹാർട്ട് അറ്റാക്ക് കൊണ്ട് അടുത്ത ദിവസം മരിച്ചു, സ്വന്തം ശരീരം സൂക്ഷിക്കണം, അത് മരുന്നുകൾ പോലെ തന്നെ പ്രധാനമാണ് എന്നും ഓർമ്മിപ്പിച്ചു. ശരിയാണ് ഒരു നൂറു തവണ , പുറത്തേക്കു നോക്കി , ഏതു നിമിഷവും മഞ്ഞു വീഴാൻ സാധ്യത ഉണ്ട് , കഠിനമായ തണുപ്പും .. അപ്പൊ നാളെയാകാം  എന്നങ്ങു ഉറപ്പിച്ചു.  മാറേണ്ടത് മലയാളിയുടെ മനോഭാവമാണ്, എവിടെയാണെങ്കിലും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ