എന്താണ് നമ്മൾ ആഘോഷിക്കേണ്ടത്? ചില ഓണക്കാല ചിന്തകൾ

onam
SHARE

ജീവിതത്തിലെ ഓരോ ഓണവും ഓരോ ഉണർത്തുപാട്ടാണ്‌. മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ ഓർമ്മകൾ ഓടിച്ചെല്ലുമ്പോൾ, ഇല്ലായ്മകളുടെ ആ പിന്നാമ്പുറങ്ങളിൽ അന്ന് പെറുക്കിവച്ച പൂക്കളങ്ങൾ, സ്നേഹപ്പൂക്കൾ കൊണ്ടായിരുന്നു. ആ പൂക്കൾക്ക് വർഗ്ഗിയതയുടെ നിറമില്ലായിരുന്നു, വിദ്വേഷങ്ങളുടെ ഗന്ധവുമില്ലായിരുന്നു. ഇലയിൽ വിളമ്പിയ ചൂട് ചോറിനു മുന്നിലിരിക്കുമ്പോൾ അത് ഏതോ തൊടാനാകാത്ത മനുഷ്യരുടെ വിയർപ്പിന്റെ മണികളായിരുന്നെന്ന് അറിയില്ലായിരുന്നു . അന്ന് ആടിയ ഊഞ്ഞാലിൽ മുഖാമുഖം കുനിഞ്ഞു നിന്ന് ചവിട്ടി ഉയർത്തുമ്പോൾ കാലത്തിന്റെ ഇറക്കവും ഭാവിയുടെ ഉയർച്ചയും സമാസമം ആണെന്ന തിരിച്ചറിവില്ലായിരുന്നു. പക്ഷേ, അതുവരെ കാണാത്ത ചക്രവാളസീമക്ക്‌ ഒട്ടേറെ പ്രതീക്ഷകളുടെ നിറപ്പകിട്ടുണ്ടായിരുന്നു. 

ദേഹമാസകലം വർണ്ണങ്ങളിൽ പുരട്ടിയ പുലികൾ താളത്തിൽ ചാടുമ്പോൾ അറിഞ്ഞില്ല; സ്വാതന്ത്ര്യത്തിന്റെ നിറഭേദങ്ങൾക്കു പുലികളുടെ അരയിൽ ചുറ്റിയ കാട്ടു ചെടികളുടെ അൽപ്പായുസ്സായിരിക്കുമെന്ന്. കറുത്ത കണ്ണടവച്ചു പുലിക്ക് ചുറ്റും തോക്കുമായി നൃത്തം വച്ചു നടന്ന വേട്ടക്കാരൻ നന്മകളുടെ അന്തകനായിരിക്കുമെന്ന്. അവസാന വെടിയോടെ പുലി ചത്തുവീഴുമ്പോൾ ഒരു വലിയ കുതിപ്പിന്റെ ഒടുക്കമാണിതെന്നു തിരിച്ചറിവുണ്ടായിരുന്നില്ല. അന്ന് കൂകിവിളിച്ചു കൈയ്യടിച്ചപ്പോൾ ഇനിയും വേട്ടക്കാരന്റെ ഇര നമ്മളൊക്കെയായിരിക്കുമെന്ന് ധരിച്ചില്ല. ചെണ്ടയുടെ താളത്തിനു കുത്തിമറിയുമ്പോൾ അവന്റെ തോക്കിൻ മുനയിൽ എപ്പോഴെങ്കിലും ഒടുങ്ങും നന്മകളുടെ പൂക്കാലമെന്ന് ഓർത്തില്ല.

ഓണത്തിന്റെ പിറകിലുള്ള ഐതിഹ്യം എന്താണെങ്കിലും നന്മ നിറഞ്ഞ സഹവര്‍ത്തിത്വം, കറയറ്റ രാജ്യഭരണം, വഞ്ചനയും ചതിയും പൊള്ളവാക്കുകളും ഇല്ലാത്ത ഒരു സാമൂഹിക പശ്ചാത്തലം ഒക്കെ നിലനിന്നിരുന്നു എങ്കിൽ, അവയെ വെറും മൂന്നടിയിൽ എന്നന്നേക്കുമായി ചവിട്ടി താഴ്ത്തി. അതിനു ദിവ്യപരിവേഷം നൽകി എന്നതാണ് അതിവിചിത്രം. എന്താണ് നമ്മൾ ആഘോഷിക്കേണ്ടത്? നന്മയുടെ പുനർവായനയോ അതോ ദിവ്യമായ ചതിയുടെ പിന്നാമ്പുറ നിമിത്തങ്ങളോ? ചെറിയവന്റെ നിസ്സാരമായ ഒരു ആഗ്രഹത്തിന്റെ മുന്നിൽ സങ്കീര്‍ണ്ണമായ ഒരു വൻചതി ഉണ്ടെന്ന ബോധ്യമില്ലാതെ, എല്ലാ നന്മകളും തന്നോടൊപ്പം ചവിട്ടി താഴ്ത്താൻ, സ്വന്തം വാക്കുകൾക്കു വലിയവില കൽപ്പിച്ച ഒരു മഹാബലിയുടെ അർത്ഥരഹിതമായ  പുനഃ സന്ദർശനങ്ങളോ?     

നാം അറിയാതെ നമ്മുടെ തലയിൽ വന്നു പതിച്ച കപടതയുടെ ഭീമാകാരമായ ഇരുൾ മനുഷ്യ സമൂഹത്തെ ആകെ വിപത്തിൽ ആക്കിയിരിക്കുന്നു എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. മാവേലിയുടെ കേരളത്തിൽ ഇപ്പോൾ പബ്ലിക് സർവീസ്, പോലീസ് സംവിധാനങ്ങൾ, കോടതി, മതം, പൊതു ഭരണം  ഒക്കെ സംശയത്തിന്റെ കരിനിഴലിൽ ആണ്. രാഷ്രീയം എന്നാൽ, പൊള്ള വാക്കുകളുടെ സർവ്വകലാശാലകളായി. ശരണം വിളിച്ചും വിമോചന മതിലുകൾ കെട്ടിയും സമൂഹം ബോധപൂർവം വെട്ടി മുറിക്കപ്പെടുകയാണ്. ക്രൂശിലെ ത്യാഗത്തിന്റെ അവകാശികൾ ശവം വച്ചും തെരുവിൽ വിലപേശുന്നു. സ്വയപൂർണ്ണതയുടെ പ്രകാശത്തിൻലേക്കു നടക്കേണ്ടവർ ഇരുട്ടിൻറെ പർദകൾക്കുള്ളിൽ ഒളിക്കുന്നു. കന്യാവ്രതക്കാർ തങ്ങളുടെ കാവൽക്കാരിൽ നിന്നും സ്വയരക്ഷക്കായി തെരുവിൽ സമരം ചെയ്യുന്നു. മതത്തിന്റെ പേരിൽ പൊതുമുതൽ ഒരു ചെറുകൂട്ടം നാണമില്ലാതെ അടിച്ചു മാറ്റുന്നു. 

  

തീരാത്ത തീർഥാടനങ്ങളും ഒടുങ്ങാത്ത പദയാത്രകളും, വഴിയോരത്തു പാചകം ചെയ്തും കലം ഉടച്ചും പൊതു ജീവിതം അമ്മാനമാടുന്ന ഭ്രാന്തമായ മതഭ്രമങ്ങൾ! പാലങ്ങൾക്കും ബലമില്ല പാളയങ്ങൾക്കും വിലയില്ല. വിദ്യ എന്ന അഭ്യാസം വെറും ആഭാസമായ ചന്തയായി. ചെറുകിട വ്യവസായികൾ നാടുവിട്ടു ഓടുമ്പോൾ, ഓടാനറിയാത്ത പാവം കർഷകർ ചെറിയ കയറിൽ എല്ലാം അവസാനിപ്പിക്കുന്നു. കോടതിവിധികൾ നടപ്പാക്കാൻ വിശ്വാസികൾസമ്മതിക്കില്ല എന്നു വാശി പിടിക്കുന്നു, നടപ്പാക്കാൻ പറ്റില്ല എന്നു  ഭരണകർത്താക്കൾ, ഇവിടെ എങ്ങനെയാണു നീതിയും ന്യായവും നടപ്പാക്കാനാവുക? ആധുനിക സാമൂഹിക സംവിധാനങ്ങൾ ഒക്കെ അപ്പാടെ മരവിച്ചു.

പൊള്ളക്കഥകൾ പെരുപ്പിച്ചു മാധ്യമങ്ങൾ അന്തിചർച്ച പൊടിപൊടിക്കുന്നു. ശരി പോലെ തോന്നുന്ന നുണകൾ നിറഞ്ഞു നിക്കുന്നിടത്തു ശരിയേതെന്നു ചൂണ്ടിക്കാണിക്കാൻ, ജീവനിൽ കൊതികൊണ്ടു മടിച്ചു നിൽക്കുന്ന സാംസ്‌കാരിക നായകർ. ആൾ ദൈവങ്ങളുടെ മുന്നിലൊരു നാണവുമില്ലാതെ ഇഴഞ്ഞു നടക്കുന്നു നേതാക്കന്മാർ. കൂട്ടത്തോടെ കാലുമാറുന്ന സാക്ഷികൾ, മദ്യപിച്ചു വണ്ടിയിടിച്ചു കൊലനടത്തിയാലും രക്ഷപെടുത്താൻ ശ്രമിക്കുന്ന നിയമപാലകർ, ദശവത്സരങ്ങൾ വേണ്ടിവരുന്ന വ്യവഹാരങ്ങൾ. ക്രൂരമാണ് നമ്മുടെ അവസ്ഥ! 

ദേശീയ പൗരരജിസ്റ്ററും, ഞെക്കിപ്പഴുപ്പി്ച ദേശീയതയും കൊണ്ട് ലക്ഷക്കണക്കിനു ജനങ്ങളെ, രാജ്യമില്ലാത്തവരാക്കി നാടുകടത്താൻ ശ്രമിക്കുന്നു. നാടുനീളെ തടങ്കൽ പാളയങ്ങൾ നിർമ്മിച്ചു "ചിതൽ" എന്നപേരിൽ മനുഷ്യക്കൂട്ടങ്ങളെ കൊല്ലാക്കൊല ചെയ്യാൻ ശ്രമിക്കുന്നു. പൂജിച്ചെടുത്ത ചന്ദ്രദൗത്യവും വെറുപ്പിൻറെ കൂറ്റൻ സ്മാരകങ്ങളും കൊണ്ട് തൊഴിൽ ഇല്ലായ്മയും, സാമ്പത്തീക പ്രതിസന്ധികളും മൂടി വയ്ക്കുന്നു. തോക്കിനു മുന്നിൽ കുത്തിനിർത്തി സമാധാനം പുനഃസ്ഥാപിക്കുന്നു. അഷ്ടിക്കു വകയില്ലാത്ത ദരിദ്ര നാരായണൻമാരുടെ മുന്നിൽ കോടികൾ മുടക്കി ഏതോ യുഗത്തിലെ ക്ഷേത്രം പുനഃസൃഷ്ടിക്കുന്നു.    

നാളിതുവരെ തുടർന്ന രാജ്യ-രാഷ്‌ട്ര ബന്ധങ്ങൾ ഒരു പുനർവായനക്ക് വിധേയമാക്കുന്നതോടെ നിലനിർത്തിയ എല്ലാ സങ്കേതങ്ങളും അപ്രത്യക്ഷമാകുന്നു. വ്യവസ്ഥാപിതമായ മാധ്യമ പ്രസ്ഥാങ്ങളെ എല്ലാം വ്യാജമായവാർത്തകളായി മുദ്രകുത്തുന്നു. ഇന്ന് പറയുന്നതൊക്കെ നാളെ അങ്ങനേ അല്ല പറഞ്ഞെതെന്നു കൂളായി പറഞ്ഞൊഴിയുന്നു. തനിക്കു എതിരു  നിൽക്കുന്നവരെ ഒക്കെ ദേശദ്രോഹികളായി മാറ്റുന്നു. എന്റെ സാമർഥ്യം കൊണ്ട് ഞാൻ നികുതി അടച്ചില്ലെങ്കിലും നിങ്ങൾ അടച്ചില്ലെങ്കിൽ പിടിച്ചകത്തിടും എന്ന് ഒരു ഉളുപ്പുമില്ലാതെ പറയുന്ന ദേശീയ നേതാക്കൾ. ആഗോള താപനം വെറും ഇല്ലാക്കഥയാണെന്നു പരിഹസിക്കുന്നവർ.  

ഇവിടെ, പരസ്പരം നിലനിൽക്കേണ്ട നന്മയെക്കുറിച്ചു പറയാൻ ആർക്കാണ് അവകാശം? മേഘങ്ങളിൽ ഒളിച്ചിരിക്കുന്ന ദേവനോ അതോ പാതാളത്തിൽ നിലയുറപ്പിച്ച അസുരനോ? 

എല്ലാ മാനുഷീക ഇടപാടുകളിലും വിശ്വാസത്തിന്റെ ഒരു തിരി കണ്ടേ മതിയാവുകയുള്ളൂ. വാങ്ങുമ്പോൾ, കൊടുക്കുമ്പോൾ, പഠിക്കുമ്പോൾ, അംഗത്വം എടുക്കുമ്പോൾ, ബന്ധം സ്ഥാപിക്കുമ്പോൾ, പിറന്നു വീഴുന്നതു മുതൽ ഇത്തരം പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പരസ്‌പര ബന്ധിത ശൃംഖല തീർക്കുകയാണ് നാം. ഇവിടെ ഒരു വിള്ളൽ വന്നാൽ തകരുകയാണ് സമൂഹം. നമുക്ക് മുന്നിൽ അസുരനായ ഒരു മഹാബലിതമ്പുരാനേ പരിപൂര്‍ണമായ വൈജയന്തികനായുള്ളൂ.

ഇന്നു മലയാളി, എല്ലാ മനുഷ്യഗുണങ്ങളുടെ സൂചികകളിലും വളരെയേറെ മുന്നിലാണെങ്കിലും, പരസ്പര സംശയത്തിന്റെ സൂചികയിൽ എല്ലാ കാലത്തേക്കാളും മുകളിലാണ് എന്നുസമ്മതിച്ചുതന്നേ പറ്റുള്ളൂ. മുത്തും പവിഴവും കൊണ്ട് നിറഞ്ഞാലും 

ഒരിക്കലും നിറയാത്ത മനസ്സുമായി ഒരു ഓണക്കകാലം കൂടി.

"മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു 

പവിഴം കൊണ്ടെന്റെ പറ നിറഞ്ഞു 

നിറ നിറ നിറഞ്ഞിട്ടും നിറയാത്തതൊരു പാത്രം

മനസ്സു മാത്രം എന്റെ മനസ്സു മാത്രം"- കാവാലം 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ