"ഇന്ത്യയുടെ വളർച്ച കുറയുന്നതിന്റെ കാരണം, തൊട്ടടുത്ത മറ്റു രാജ്യങ്ങൾ ഇന്ത്യയേക്കാൾ മെച്ചപ്പെട്ടു പോയതാണ്". ഇന്ത്യയുടെ വ്യവസായ വകുപ്പു മന്ത്രി പീയുഷ് ഗോയൽ പറഞ്ഞ ഈ കാര്യമാണ് ലോകത്തിലെ ഏറ്റവും ഒടുവിൽ കിട്ടിയ തമാശ. ലോകത്തിലെ ഉത്പാദന ക്ഷമത നിയന്ത്രിക്കുന്ന, സുസ്ഥിര സാമ്പത്തികവികസന മേഖലയിലുള്ള രാജ്യങ്ങളെ നിർണയം ചെയ്യുന്ന വേൾഡ് എക്കണോമിക് ഫോറത്തിലാണ് ഇത്തരമൊരു പുതിയ വെളിച്ചം ഉണ്ടായത്.
അന്തർദേശീയ ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷയിൽ രണ്ടാം റാങ്ക് വാങ്ങിയ, യേൽ, പ്രിൻസ്റ്റൻ , ഓക്സ്‌ഫോഡ് തുടങ്ങിയ ലോകോത്തര യൂണിവേഴ്സിറ്റികളിൽ പരിശീലിപ്പിക്കപ്പെട്ട പഴയ ഡോൺ ബോസ്‌കോ സ്കൂൾ വിദ്യാർഥി ഇത്തരം ഒരു തമാശ പറയുന്നതിലെ സാംഗത്യം തിരിച്ചറിയണം. 35 വർഷങ്ങൾ രാഷ്ട്രീയ രംഗത്ത് പരിചയമുള്ള ശ്രീ. പീയുഷ് ഗോയൽ ഇന്ത്യക്കാരുടെ സാധാരണ ചിന്തകളെ തീരെ വിലകുറച്ചു കാണുന്നതാണോ എന്നും തോന്നിപോകും. അൽപ്പം കടുത്ത തമാശയായിട്ടാണ് തോന്നുന്നത്.
ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രബലത, 141 രാജ്യങ്ങളിൽ വച്ച് 68. കഴിഞ്ഞ മൂന്നു വർഷങ്ങളായിട്ടു ഇതു താഴേക്കു തന്നെ പോകുകയാണ്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ ഇന്ത്യക്കു താഴെ നിലയുറപ്പിച്ചിരുന്ന പല രാജ്യങ്ങളും മുന്നോട്ടു കടന്നുപോയി. കസാഖ്സ്താൻ (1.1), കൊളംബിയ (1.1), ടർക്കി (.5), ബ്രൂണൈ (1.3), പെറു (.4), പനാമ(.6 ), ഇന്ത്യ(-.7).
2019 ലെ, രണ്ടാം ക്വാര്‍ട്ടറിൽ, ആഭ്യന്തര വളര്‍ച്ചാ നിരക്ക് 4.5%. കഴിഞ്ഞ വർഷം ഇതേ സമയത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 7.1% ആയിരുന്നു. കഴിഞ്ഞ ആറുവർഷങ്ങളായി വളർച്ചാ നിരക്കു കുത്തനേ താഴെക്കാണു പോകുന്നത്. 2003 മുതൽ 2007 വരെ 9 ശതമാനം വളർച്ച ഉണ്ടായിരുന്നു. ആഗോള സാമ്പത്തിക ക്രമത്തിലെ വ്യതിയാനങ്ങൾ ഇന്ത്യൻ സാമ്പത്തീകനിലയിൽ കാര്യമായ ക്ഷതം ഏൽപ്പിക്കുന്നു എന്നു വ്യക്തം.
രൂപയുടെ മൂല്യശോഷണം, സ്ഥിരമായി കൂടിയ കറണ്ട് അക്കൗണ്ട് ബാലൻസ്, മന്ദഗതിയിലുള്ള വ്യവസായ വളർച്ച, അമേരിക്ക ഉയർത്തിയ ക്വാണ്ടിറ്റേറ്റീവ് ഈസിങ് (ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതിൽ കടപ്പത്രങ്ങൾ വാങ്ങുക) തുടങ്ങിയ ആഗോള നിയന്ത്രണങ്ങൾ, മുതൽ നിക്ഷേപകർ പെട്ടെന്ന് അവരുടെ മുതൽ മുടക്ക് തിരികെ പിടിക്കുന്നത് ഒക്കെ പുതിയ വെല്ലുവിളികൾ. കറൻസി നിയന്ത്രണം അടിസ്ഥാനപരമായ ആഭ്യന്തര വാണിജ്യ മേഖലയിലെ സമാന്തരരേഖ പൊളിച്ചു എന്നു പറയാം.
വിദേശ മുതൽ മുടക്കുകാർ, ലോക്കൽ കറൻസി വാങ്ങിയതിനേക്കാൾ കൂടുതൽ വിറ്റത് - 74 ബില്യൻ രൂപ (ഒരു ബില്യനിലധികം ഡോളർ) ഇന്ത്യൻ സാമ്പത്തീക രംഗത്ത് പരിഭ്രാന്തി ഉണ്ടാക്കി. ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയാണ് ഇന്ത്യൻ റുപ്പീ ഇപ്പോൾ. മൂഡീസ്, എസ്. ആൻഡ്. പി തുടങ്ങിയ ക്രെഡിറ്റ് ഏജൻസികൾ അസ്വസ്ഥമായ അപകട ഘടകം എന്നാണ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ വിലയിരുത്തുന്നത് , അതുകൊണ്ടു തന്നെ കടംവാങ്ങൽ അത്യധികം വിഷമകരമാകും.
ധനമന്ത്രി നിർമ്മല സീതാരാമനു സാമ്പത്തീക ശാസ്ത്രം അറിയില്ല എന്നു ബിജെപി എംപി സുബ്രമണ്യൻ സ്വാമി. കോർപ്പറേറ്റുകൾക്കു വമ്പിച്ച നികുതി ഇളവുകൾ നൽകുന്നു, കടങ്ങൾ എഴുതി തള്ളുന്നു, പ്രധാനമന്ത്രിയോട് കാര്യങ്ങൾ പറയാൻ ഉപദേഷ്ടാക്കൾക്കു പേടി, അദ്ദേഹത്തിനും ഒന്നും അറിയില്ല, അത്ഭുതകരമായ വളർച്ചാ നിരക്കാണ് എന്നാണ് അദ്ദേഹം പറയുന്നത്.
സമൂഹത്തിൽ ഉയരുന്ന അവിശ്വാസവും ആത്മവിശ്വാസ കുറവുമാണ് വളർച്ചാ നിരക്കിൽ പ്രതിഫലിക്കുന്നത്, ആറര വർഷത്തിലെ വളർച്ചാ നിരക്കിലെ ഇടിവ് അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്ന് മുൻ പ്രധാനമന്ത്രി ഡോ . മൻമോഹൻ സിംഗ്.
എന്താണ് ജിഡിപിയിലെ ഈ കുഴമറിച്ചിലിന്റെ കാരണം എന്താണെന്നു കഴിഞ്ഞ സെപ്റ്റംബറിൽ പീയുഷ് ഗോയലിനോട് റിപ്പോർട്ടർമാർ ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ പ്രതികരണം "ഇത്തരം കണക്കുകളെ വിശ്വസിക്കരുത്, ഘടനാപരമായ സാങ്കേതിക തത്വം ഐൻസ്റ്റീനു ഗ്രാവിറ്റി കണ്ടുപിടിക്കാൻ സഹായിച്ചിട്ടില്ല; ഇത്തരം പഴയ സാങ്കേതികത്വം കൊണ്ട് ഒന്നും പുതുതായി കണ്ടുപിടിക്കാൻ സാധിക്കില്ല" എന്നായിരുന്നു. ഐൻസ്റ്റീൻ അല്ല ന്യൂട്ടൻ അല്ലേ ഗ്രാവിറ്റി കണ്ടുപിടിച്ചത് എന്ന മറു ചോദ്യത്തിനും ഉത്തരം റെഡി. "തെറ്റുചെയ്യാത്ത ഒരാൾ ഒരിക്കലും ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്നും മിസ്റ്റർ ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട്. തെറ്റുചെയ്യാൻ മടിക്കാത്ത ആളാണ് ഞാൻ".
അങ്ങനെ രണ്ടാം മോഡി സർക്കാരിന്റെ മുദ്രാവാക്യമായ "സബ്ബ്കാ സാത്ത്, സബ്ബ്കാ വികാസ് , സബ്ബ്കാ വിശ്വാസ് " നടപ്പിക്കണമെങ്കിൽ അൽപ്പം മടിയില്ലാത്ത ചില തിരുത്തലുകൾ അനിവാര്യമാണ് . അങ്ങനെ സമ്പന്നവും പുരോഗമനവുമായ പുതിയ ഇന്ത്യയെ സൃഷ്ടിക്കുവാൻ പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുവാനാണ് സർക്കാർ ശ്രമിക്കുന്നത്.കാത്തിരുന്നു കാണാം.
https://scroll.in/article/945356/falling-gdp-growth-inspires-one-twitter-user-to-imagine-hilarious-possibilities-for-plunging-graph