പ്രിയപ്പെട്ട ബിജു, കോവിഡിനു കീഴടങ്ങിയ നടുക്കത്തിൽ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും ഉടനെ ഒന്നും മോചിതരാകും എന്ന് തോന്നുന്നില്ല. കടുത്ത വേദനയും, ഒപ്പം ഭയവുമാണ് എല്ലാ മലയാളികളിലേക്കും ഇരച്ചുകയറിയത്. ന്യൂയോർക്ക് മലയാളികളിലെ കോവിഡിന്റെ ആദ്യ ഇര എന്ന നിലയിൽ നടുക്കത്തിന്റെ വ്യാപ്തി അമേരിക്കൻ മലയാളികളിൽ മാത്രം ഒതുങ്ങിനിന്നില്ല എന്നതാണ് മനസ്സിലാക്കിയത്. ഇത്രയും ആരോഗദൃഢഗാത്രനായ ഒരു യുവാവിന് ഇങ്ങനെ സംഭവിക്കുമോ എന്നാണ് അതിശയം ജനിപ്പിച്ചത്. ഇതിലും ദുർബലരായ എത്രയോ പേരാണ് ഇപ്പോൾ ന്യൂയോർക്കിൽ ഈ ദുർവിധിക്കു മുന്നിൽ പകച്ചുനിൽക്കുന്നത്.
നന്നേ ചെറുപ്പം മുതൽ അറിയാമായിരുന്ന, ഒപ്പം പള്ളി ആരാധനകളിൽ സംബന്ധിച്ചിരുന്ന വ്യക്തി എന്ന നിലയിലും പ്രതീക്ഷയുള്ള മാതൃകാ ചെറുപ്പക്കാരനെന്ന നിലയിലും ബിജു എല്ലാവരുടെയും പ്രിയപെട്ടവൻ തന്നെ ആയിരുന്നു. ബിജുവിന്റെ ഇടപെടലുകൾ കാണേണ്ടി വന്നപ്പോഴൊക്കെ, ഒരാൾ ഇത്രയും പാവം ആകരുത് എന്ന് തോന്നിയിട്ടുണ്ട്. പള്ളി സെക്രട്ടറി ആയി പ്രവർത്തിക്കുന്ന സമയം ഇടവക്കക്കാർക്ക് മറക്കാനാവില്ല. യാതൊരു ആരവങ്ങളോ താൽപര്യങ്ങളോ കൂടാതെ എല്ലാവരെയും തന്നെക്കാൾ മാന്യനായി കാണാൻ ബിജുവിനു കഴിഞ്ഞിരുന്നു.
പള്ളി സെക്രട്ടറി ആയി ആദ്യ അവസരത്തിൽ പൊതുവിൽ സംസാരിച്ചു കഴിഞ്ഞു ബേസ്‌മെന്റിൽ വന്നപ്പോൾ ഞാൻ പറഞ്ഞു, ബിജുവിന്റെ ശബ്ദത്തിനു ഇത്രയും ഗാംഭീര്യം ഉണ്ടെന്നു ആർക്കും അറിയുമായിരുന്നില്ലല്ലോ. സത്യത്തിൽ ഞാൻ വിറക്കുകയായിരുന്നു അച്ചായാ, അതുകൊണ്ടു മേശയിൽ പിടിച്ചാണ് നിന്നിരുന്നത് എന്നു പറഞ്ഞു ചിരിച്ചുകൊണ്ടു മാറി. ഒരു സ്ഥാനത്തും കയറിപ്പറ്റാൻ കൂട്ടാക്കാതെ, സ്വയം നിർകർഷിച്ച ഒരു മാന്യമായ പിൻവലി എപ്പോഴും സൂക്ഷിച്ചിരുന്നു. സദാ ചെറുപുഞ്ചിരിയിൽ മുഖംമറച്ചു ഓടിനടന്ന ബിജുവിനെ ഒരിക്കൽ പോലും ക്ഷോഭത്തോടെ കണ്ടതായി ഓർമ്മിച്ചെടുക്കാനാവുന്നില്ല.
ചെറുപ്പത്തിലേ അമേരിക്കയിൽ ചേക്കേറി എങ്കിലും കേരളത്തെ മനസ്സോടു ചേർത്ത് സ്നേഹിച്ച ഒരു കുടിയേറ്റക്കാരൻ കൂടിയായിരുന്നു ബിജു. കോട്ടയം കേന്ദ്രമാക്കി ഒരു താമസവും അവിടെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന കറക്കവും ഷോപ്പിങ്ങും പതിവായിരുന്നു. മിക്കപ്പോഴും കോട്ടയത്തെ ഷോപ്പിങ് കേന്ദ്രങ്ങളിലും റസ്റ്ററന്റുകളിലുംവച്ച് അവിചാരിതമായി കാണാൻ ഇടയായിട്ടുണ്ട്.
ഏറ്റവും ഒടുവിൽ പള്ളിയിൽ വച്ചായിരുന്നു കണ്ടുമുട്ടിയത്. പതിവായി ആരാധനാക്രമവും പിടിച്ചു ദേവാലയത്തിന്റെ നേരേ ഒത്തമദ്ധ്യത്തിൽ ജുബ്ബയും ഇട്ടു നിൽക്കുന്ന ബിജുവിന്റെ അടുത്തു പിറകിലാണ് മിക്കവാറും എന്റെയും സ്ഥാനം. നല്ല തണുപ്പുള്ള ഞായറാഴ്ച ആയതിനാൽ ജുബ്ബ ധരിക്കാൻ താൽപര്യമുള്ള ഞാൻ അന്ന് മറ്റുവേഷമാണ് ധരിച്ചത്. ബേസ്‌മെന്റിൽ വന്നപ്പോൾ ഞങ്ങൾ ജുബ്ബയെപ്പറ്റി സംസാരിച്ചു. ഈ തണുപ്പിലും എന്തായാലും ബിജു ജുബ്ബ ഇട്ടല്ലോ, നല്ല സ്റ്റഫ് ആണു കേട്ടോ. 'അച്ചായാ നല്ല കുറേ കളക്ഷൻ വാങ്ങിച്ചു വച്ചിട്ടുണ്ട്, ഇവിടെ അല്ലാതെ പിന്നെ എവിടെയാണ് ഇടുക' എന്ന് പറഞ്ഞു വീണ്ടും നടന്നുനീങ്ങി. ഭാര്യ സൈജു നേതൃത്വം നൽകുന്ന കൊയറിനൊപ്പം ആരാധനയിൽ നമ്രശിരസ്‌കനായി നിമഗ്‌ദനാകുന്ന ബിജുവിന്റെ രൂപം ഇനി ഓർമ്മകളിൽ മാത്രം. സകുടുംബം വർഷംതോറും വീട്ടിലെത്താറുള്ള ക്രിസ്മസ് കരോളിലും ബിജുവിന്റെ അസാന്നിധ്യം ഇനി വിതുമ്പുന്ന ഓർമ്മകളുടെ മായും നിലാവ്മാത്രം . മനോഹരമായ കുടുംബ വെക്കേഷൻ ചിത്രങ്ങൾ കൊണ്ട് നിറച്ചാപ്പു ചാർത്തിയ ഫെയ്സ്ബുക്ക്പേജ് പെരുമഴയുടെ പിന്നാലെയെത്തുന്ന മഴവിൽക്കാവടി ആയി അങ്ങനെ തങ്ങിതങ്ങി നിൽക്കും.
അപേക്ഷകളും പ്രാർത്ഥനകളും ശിശ്രൂഷകളും ഔഷധങ്ങളും നിഷ്‌ഫലമാകുന്ന ഇടങ്ങളിൽ, ശുദ്ധജീവിതങ്ങൾ പ്രകൃതിയുടെ നിഷ്ട്ഠൂരമായ വേട്ടയാടലുകളിൽ ചിഹ്നഭിന്നമാക്കപ്പെടുമ്പോൾ, എവിടെയാണ് ആശ്രയം? ആർക്കാണ് സുരക്ഷിതത്വം ഉറപ്പു നൽകാനാവുക എന്നത് വിധി ഉയർത്തുന്ന ഖിന്നമായ ചോദ്യമാണ്. മരണത്തിന്റെ മണിനാദം തലക്കുചുറ്റും അടിച്ചുകയറുമ്പോൾ, പുറത്തെ വായുവിൽ പോലും ഓരോരുത്തരുടെയും പിറകേ കാലന്റെ കണിക കാത്തുനിൽക്കുന്നു എന്ന തിരിച്ചറിവ് വല്ലാത്തൊരു നടുക്കമാണ് ഉണ്ടാക്കുന്നത്. കഴിയുമെങ്കിൽ ഈ പാനപാത്രം തിരിച്ചെടുക്കേണമേ എന്ന ദൈവപുത്രന്റെ നിലവിളി പോലും നിഷ്‌കരണം നിരസിക്കപ്പെടുമ്പോൾ, നിസ്സഹായതയുടെ വിയർപ്പിൽ നിരർഥതകളുടെ രക്തത്തുള്ളികൾ സമൂഹത്തിൽ കരിനിഴൽ പടർത്തുകയാണ്.
"പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍ പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,
എത്രയും പേടിച്ചരണ്ട ചില ശുഷ്ക-പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,
ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍, നാളെ നീ ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയിൽ"
ജീ ശങ്കരക്കുറുപ്പിന്റെ ഈ വരികൾക്ക് ഇത്രയും അർഥവും വ്യാപ്തിയും ഉണ്ടെന്നു ഇതുവരെ തോന്നിയിരുന്നില്ല.
എങ്ങനെ അതിജീവിക്കും ഈ ചരിത്രപ്രതിസന്ധിയെ? ആരൊക്കയോ എവിടൊക്കെയോ പറഞ്ഞുവച്ച ചില പാഴ്‌വാക്കുകൾ ചിലപ്പോൾ പിടിവള്ളികൾ ആയേക്കാം. മനസ്സിൽ സംഗതികൾ തിങ്ങിക്കൂടാൻ അനുവദിക്കരുത്, എല്ലാവരിൽ നിന്നും എല്ലാത്തിൽ നിന്നും അത്തരം ഒരു മാനസിക അകലം രൂപപ്പെടുത്താൻ ശ്രമിക്കണം. അയായാർഥമായ കാഴ്ചകളിൽ നിന്നും നമ്മുടെ ചിന്തകളെ വേർപെടുത്തണം. ജീവിതവും മരണവും സഹിക്കാനാവാത്ത വ്യഥകളും നൈമിഷീകമായ സന്തോഷങ്ങളും ഒക്കെ പ്രകൃതിയുടെ മാറുന്ന ഭാവങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവ് ഉണ്ടാക്കണം. സ്ഥിരതയല്ല സമാധാനം, സ്ഥിരമായ ഒരു നീക്കുപോക്കാണ് സമാധാനം. ഓരോ പ്രശ്നവും ഓരോരുത്തരുടേതു മാത്രമാണെന്ന തിരിച്ചറിവിൽ 'എന്റേതു മാത്രമായ പരിഹാരം' താനേ ഉളവാകും. ഓഷോ പറഞ്ഞതുപോലെ, 'ജീവിതമോ അതിലെ പ്രശ്നപരിഹാരങ്ങളോ ഒരാൾക്ക് കടം വാങ്ങുവാൻ ആവുകില്ല. ഒരു പ്രശ്നത്തിന്റെ പരിഹാരം പുറത്തുനിന്നു വരുന്നില്ല. പ്രശ്നത്തിൽ തന്നെ അന്തർലീനമാണത്. പരിഹാരം പ്രശ്‌നത്തിൽനിന്നുതന്നെ വികാസം കൊള്ളും."
ഒരു മതവിശ്വാസിയെ സംബന്ധിച്ച പ്രശ്നപരിഹാരം ആത്മീകമായ ഒരു അന്വേഷണമാണ്. മതം ആത്മാവിലേക്കുള്ള ഒരു വഴികാട്ടിക്കൊടുക്കലാണ്. വിശ്വാസിക്ക് ആന്തരീക കണ്ണുകൾ തുറക്കപ്പെടുകയാണ് അയാളുടെ മതം. കാലാകാലങ്ങളായുള്ള യുക്തിയുടെയും സംഘടനാപരമായ ആവരണവും അഴിച്ചുവയ്ക്കുമ്പോൾ തിരിച്ചറിയുന്ന നമ്മുടെ യഥാർത്ഥ മതത്തിനു നമ്മെ നയിക്കാനാവും.
എനിക്ക് വളരെ പ്രതീക്ഷയും പ്രത്യാശയും നൽകുന്ന ഒരു ക്രിസ്തീയ ഗാനമുണ്ട്.
' ദൈവത്തിൻ പൈതലേ നിന്റെ, ജീവിതകാലമതിൽ
ഓരോരോ ഭാരങ്ങളാലേ പാരം വലഞ്ഞിടുമ്പോൾ
ചിന്താകുലങ്ങൾ, ചിന്താകുലങ്ങൾഎല്ലാം,
ഇട്ടുകൊൾകേശുവിൻന്മേൽ, നിൻപേർക്കായ് കരുതുന്നുണ്ടവൻ'.
വിശ്വാസിക്ക് അവന്റെ ജീവിതയാത്ര ക്രമപ്പെടുത്താനുള്ള ഒരു ഇടത്താവളം ആണ് അവന്റെ വിശ്വാസം. ഓരോരുത്തരും അവരവരുടെ ഇടത്താവളങ്ങളിൽ അൽപ്പം വിശ്രമിക്കുക, വഴികൾ താനേ തെളിഞ്ഞുവരും.