ന്യൂയോർക്കിലെയും അടുത്ത സംസ്ഥാനങ്ങളിലെയും കൂടെക്കൂടെ കേട്ടുകൊണ്ടിരിക്കുന്ന കോവിഡ് മരണവാർത്തകളിൽ നാമൊക്കെ വളരെ അസ്വസ്ഥരാണ്. പ്രീയപ്പെട്ടവരുടെ വേർപാടും ഒറ്റപ്പെടലും സഹിക്കാവുന്നതിലും അപ്പുറമാണ് കാര്യങ്ങൾ എന്നു തീർച്ചപ്പെട്ടസ്ഥിതിക്ക്, ചില തുറന്നു പറച്ചിലുകൾ അനിർവാര്യമാണ് എന്ന് തോന്നുന്നു. നമ്മുടെ കൂട്ടത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ? കോവിഡിനെപ്പറ്റിയുള്ള അനുഭവങ്ങളിൽകൂടെ കടന്നുപോയവർ, പോകുന്നവർ അവരുടെ അനുഭവം, എന്തൊക്കെ ചെയ്യാനാവും എന്ന് പങ്കുവെയ്ക്കുകയാണെങ്കിൽ ഇവിടെ ചില ജീവിതങ്ങൾ ഇനിയും ഒരു പക്ഷെ രക്ഷിക്കാനായേക്കും. അതാണ് ഈ കുറിപ്പ് എന്ന് പ്രിയ സുഹൃത്തുക്കൾ മനസിലാക്കുമല്ലോ.
അസുഖം ബാധിച്ചപ്പോൾ നമ്മൾ പലരും അത് അടക്കിവച്ചുകൊണ്ടിരുന്നു എന്ന് കേൾക്കുന്നു. ഏറ്റവും അടുത്ത ആളുകളോട് രോഗവിവരം പറയുകയും സഹായം ആവശ്യപ്പെടുകയും ചെയ്യാമായിരുന്നു. തനിയെ ഇത് കുറയും പോകട്ടെ ആരും അറിയണ്ട എന്ന ഒരു നീക്കത്തിന് വലിയ വില കൊടുക്കേണ്ടി വന്നവരുണ്ട്. മതിയായ മുൻകരുതലുകൾ അവഗണിക്കുകയും, രോഗം അസഹനീയം ആവുകയും ചെയ്തപ്പോൾ മാത്രം സ്വയം ആശുപത്രിയിൽ പോയി, അപ്പോഴും ആരും അറിയരുതെന്ന് ശഠിച്ചു എന്നും കേൾക്കുന്നു. ഇനിയെങ്കിലും അത്തരം ഒരു തീരുമാനത്തിൽ നമ്മൾ എത്താൻ നിന്നുകൊടുക്കരുത്.
ചിലരൊക്കെ അർജെന്റ് കെയറിൽ പോകയും വിശ്രമിക്കുകയും ആയിരുന്നു. തീരെ അസഹനീയം ആയപ്പോഴാണ് ആംബുലൻസ് വിളച്ചത്. എന്താണ് കൃത്യമായി ചെയ്യേണ്ടിയിരുന്നത് എന്നതിന് ഒരു ധാരണയും ഇല്ല. ആശുപത്രിയിൽ ചെന്നാൽ വീണ്ടും ഇല്ലാത്ത അസുഖം ഉണ്ടാകുമോ എന്ന പേടിയിൽ അങ്ങോട്ടും പോകാതെ സ്വയം അറിയാവുന്ന ചികിത്സയുമായി പലരും മുന്നോട്ടുപോകുന്നുണ്ട്.
നമ്മുടെ കൂടുതൽ ആളുകളും ആശുപത്രികളിൽ ജോലി ചെയ്യുന്നവരായതുകൊണ്ട്, വീട്ടിലേക്കു ഈ മാരണത്തിനെ കൊണ്ടുവരാൻ എളുപ്പമാണ്. അപ്പോൾ വീട് മുഴുവൻ അസുഖബാധിതരായി തുടരും. വിളിക്കാതെ കടന്നു വരുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ അവരെ വിവരം അറിയിക്കാം. വളരെ പ്രയാസമാണെകിലും കുട്ടികളെ നിർബന്ധിച്ചു പുതിയ ശീലങ്ങൾ നടപ്പിലാക്കണം.
വെളിയിൽ നിന്നും വന്നാൽ കൈകൾ 20 സെക്കൻഡുകൾ സോപ്പ് ഇട്ടു കഴുകണം എന്ന കാര്യംനടപ്പിലാക്കാൻ വളരെ പ്രയാസപ്പെട്ടിട്ടുണ്ട്. വീട്ടിൽ അടച്ചിരിക്കുമ്പോഴും മുടങ്ങാതെ മിതമായ വ്യായാമം ചെയ്യുന്നത് ഒരു ഔഷധം തന്നെയാണ്. കോവിഡ് കാലത്തു മദ്യപാനം ഉപദ്രവം ഉണ്ടാക്കും എന്ന് കേൾക്കുന്നു. വിശ്വാസത്തിലും പ്രാർത്ഥനകളിലും മനഃസാന്നിധ്യം ഉണ്ടാക്കണം.
ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കയും, വൈറ്റമിൻ ടാബ്ലറ്റ് കഴിക്കുകയും, രണ്ടു നേരമെങ്കിലും സ്റ്റീമ് എടുക്കയും ഒക്കെ ആവാം. ഉപ്പു വെള്ളംഗാർഗിൾ ചെയ്യുക, പ്രതിരോധം ഉണ്ടാവാനുള്ള ഒറ്റമൂലികൾ ഒക്കെ എടുക്കാൻ മടിക്കരുത്. ഇത് വീട്ടിലെ എല്ലാവരും ചെയ്യുവാൻ നിർബന്ധിക്കണം. മടികൂടാതെ ലൈസോൾ അടിച്ചു വൃത്തിയാക്കാൻ മടിക്കരുത്. അൽപ്പം നീരസം ഒക്കെ ഉണ്ടായാലും ചെയ്യാവുന്ന രീതിയിൽ പ്രതിരോധം കടുപ്പിച്ചുകൊണ്ടിരിക്കണം. കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാ പുതിയ ശീലങ്ങൾക്കും വേഗം നഷ്ടപ്പെടാം. വിട്ടുപോകാതെ ജാഗ്രതയോടെ നിൽക്കണം.
ഇനി രോഗം ഭേദപ്പെട്ടവരും അവരുടെ അവസ്ഥകൾ പങ്കുവെയ്ക്കുകയാണെങ്കിൽ ഒട്ടൊക്കെ സഹായകരമാകും. ഏതൊക്കെ രീതിയിലാണ് കാര്യങ്ങൾ ക്രമീകരിച്ചത് എന്നും , എങ്ങനെ തരണം ചെയ്തു എന്നതും പങ്കുവെയ്ക്കുന്നത് രോഗത്തോട് മല്ലിടുന്നവർക്കും ഇപ്പോഴും രോഗം വരാത്തവർക്കും വളരെ സഹായകരമാകും.
ഭയവും അഭിമാനവും അല്ല നമുക്ക് വേണ്ടത്; ധീരതയോടെ നേരിടുകയും, മറ്റുള്ളവരെ എങ്ങനെയെങ്കിലും കരുതുകയുമാണ് സമൂഹമായി നാം അനുഷ്ഠിക്കേണ്ടത്. ഓരോതവണ അനുശോചനങ്ങൾ കുറിച്ചു കഴിയുമ്പോഴും തളർന്നുപോകയാണ്. ടെലിഫോണിലുള്ള അനുശോചന സമ്മേളനങ്ങൾ അരോചകമായിത്തുടങ്ങി. നാം ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കണം. അതിനുള്ള തുറന്ന മനസ്സും സമീപനവും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ദയവായി നിങ്ങളുടെ അനുഭവങ്ങൾ മടികൂടാതെ പങ്കുവെക്കുക.