'ഇരുപതാം നൂറ്റാണ്ടിനു' 33 വയസ്സ്

varghese-madhu
SHARE

എൺപതുകളിലെ കേരളസമൂഹത്തിലൂടെ കടന്നുപോയ ഒരു ധൂമകേതു ആയിരുന്നു 'ഇരുപതാം നൂറ്റാണ്ട് " എന്ന ചലച്ചിത്രം. 1987 മേയ് 14നു റിലീസ് നടത്തിയ ചിത്രത്തിന്റെ സംവിധായകൻ കെ.മധു. വളരെ അവിചാരിതമായിട്ടാണ് അദ്ദേഹത്തെ നേരിൽ കാണുന്നത്. 

തണുപ്പ് അത്ര മാറിയിട്ടില്ലാത്ത ഒരു ഉച്ചക്ക് ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്റർ പാർക്കിൽവച്ചാണ് ഒരു പിൻവിളി കേട്ടത്. 'ക്യാൻ യു പ്ളീസ് ടേക്ക് എ പിക്ച്ചർ  ഓഫ് അസ്?' രണ്ടുപേർ വേൾഡ് ട്രേഡ് സെന്റർ ബാക്ക്ഗ്രൗണ്ടിൽ ഒരു പടം പിടിക്കാനുള്ള ശ്രമത്തിലാണ്. അപ്പോഴത്തെ തണുപ്പിന് പറ്റിയ ജാക്കറ്റ് ഇടാത്തതിനാൽ വിറയ്ക്കുകയും ചെയ്യുന്നു. അടുത്തുള്ള ഓഫിസിൽ നിന്നും ഉച്ചനേരത്തു ട്രേഡ് സെന്റർ വലംവയ്പ്പാണ് സാധാരണ എന്റെ നടപ്പുപാത. അങ്ങനെ വരുന്നവഴി ചിലപ്പോഴൊക്കെ ഇങ്ങനെ ചിലവിളികൾ ഉണ്ടാവാറുണ്ട്, പടം എടുത്തുകൊടുത്തു യാത്ര തുടരാറുമുണ്ട്. മിക്കവാറും മറ്റുഭാഷക്കാരാണ് ഏറെയും. ഇത്തവണ രണ്ടു സുഹൃത്തുക്കൾ ചേർന്ന് നിൽക്കുന്നതിനിടയിൽ ' അൽപ്പം കൂടി അടുത്ത് നിന്നോളൂ' എന്നു സുഹൃത്തിനോട് പറയുന്ന ഒരു മലയാളി ആണെന്ന് അറിഞ്ഞപ്പോഴാണ് അത്ഭുതം.  

മലയാളം കേട്ടപ്പോൾ സന്തോഷമായി എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ പൊട്ടിച്ചിരിച്ചു. അപ്പോഴാണ് അവർ പരിചയപ്പെടുത്തിയത് ഇത് എന്റെ സുഹൃത്ത് കെ.മധു, അറിയില്ലേ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന ചിത്രം ഒക്കെ പുറത്തിറക്കിയ പ്രസിദ്ധനായ ചലച്ചിത്ര സംവിധായകനാണ്. ഒട്ടും പ്രതീക്ഷിക്കാതെ ഈ സ്ഥലത്തും ഈ നേരത്തും, പരിഭ്രമിച്ചുപോയി. അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ചു ഏതു മലയാളിക്കാണ് അറിയില്ലാത്തത്? ഒരു സിബിഐ ഡയറിക്കുറിപ്പിലെ മമ്മൂട്ടി അനശ്വരമാക്കിയ സേതുരാമ അയ്യർ, ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ മോഹൻലാൽ അനശ്വരമാക്കിയ സാഗർ എലിയാസ് ജാക്കി, തുടങ്ങി എത്ര കഥാപാത്രങ്ങൾ! മലയാളത്തിൽ ഒരു കാലഘട്ടത്തെ അമ്പരപ്പിച്ച ഈ കഥാപാത്രങ്ങളുടെ ഗാംഭീര്യവും ശബ്ദവും ഡയലോഗുകളൂം ആ കാലഘട്ടത്തിൽ ജീവിച്ച എല്ലാ മലയാള മനസ്സുകളിലും ത്രസിച്ചു നിൽപ്പുണ്ട്.   

irupathaam-noottandu

സിനിമ, ഒരു പ്രദേശത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തെ അറിയാതെ അടയാളപ്പെടുത്തുന്ന ധർമ്മവും നിർവഹിക്കുന്നുണ്ട്. എത്ര കണ്ടാലും മടുക്കാത്ത ചില ചിത്രങ്ങൾ ഉണ്ട്. ജാക്ക് നിക്കോൾസൺ അനശ്വരമാക്കിയ 'വൺ ഫ്ലു ഓവർ ദി കുക്കൂസ് നെസ്റ്റ്' എന്ന ചിത്രം ഇന്നും ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ ഷെൽഫിലെ ഏറ്റവും ഉയരത്തിലാണ് വച്ചിരിക്കുന്നത്. അമേരിക്കയുടെ സിവിൽ റൈറ്റ്സ് മൂവ്മെന്റ് എന്ന പരീക്ഷണഘട്ടത്തിലൂടെ ഒരു സമൂഹം കടന്നു പോകുമ്പോളുള്ള മാറ്റിവയ്ക്കാനാവാത്ത വെല്ലുവിളികൾ, അവയുടെ പ്രതീകാത്മകമായ അടയാളപ്പെടുത്തലുകൾ, പ്രതിബിംബം, അന്തരാർത്ഥം ഒക്കെ ചേർന്ന ഒരു ക്ലാസിക് പ്രമേയം. അന്ന് അമേരിക്കയിൽ മനഃശാസ്ത്രവും മനോരോഗവും തമ്മിൽ വ്യവഹരിക്കപ്പെടുന്ന നിർവചനങ്ങൾ ഒക്കെ ഭംഗിയായി ആ ചിത്രത്തിൽ കോലം കെട്ടുന്നുണ്ട്. 

അടുത്തിടെ കണ്ട, അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് - ദി ഫയർ ഫ്‌ളൈ എന്ന മലയാളം ചിത്രവും ആധുനിക മലയാള സമൂഹ ചരിത്രത്തെ വേറൊരുവിധത്തിൽ അടയാളപ്പെടുത്തുകയായിരുന്നു. പേരു പോലും വിളിക്കാൻ ഇല്ലാത്ത ഒരു വിധവയുടെ ജീവിതത്തോടുള്ള വെല്ലുവിളി, ഒരു സ്ത്രീയും അമ്മയും മകളും എന്ന നിലയിൽ, മനഃശാസ്ത്രം, സാമ്പത്തികശാസ്ത്രം, സര്‍ഗ്ഗവൈഭവം, ആത്മനിഷ്‌ഠ, വേഗത, തനിമ, ത്യാഗം തുടങ്ങിയ ഘടകങ്ങൾ സന്നിവേശിപ്പിക്കുന്ന ഒരു അസാധ്യ കഥാപാത്രം. വിധിയോട് കലഹിക്കുമ്പോൾ ഒരിക്കൽപോലും പതറാതെ ഓരോ ശ്വാസത്തിലും പ്രതീക്ഷകളുടെ കാവടിഎടുത്താടുന്ന സ്ത്രീ. തനിക്കുചുറ്റും ഒലിച്ചിറങ്ങുന്ന കപടവേഷത്തിന്റെ തീപാറുന്ന ലാവയെ നിര്‍ഭയം കൈയ്യിലെടുത്തു താലോലിക്കുന്ന സ്ത്രീ. വിസ്മയജനകമായ ഒരു ഫയർ ഫ്ലൈ ആയി നിറഞ്ഞാടുകയായിരുന്നു സുരഭി ലക്ഷ്‌മി എന്ന അഭിനിയേത്രി. 

പട്ടയഭൂമിയാണെകിൽ പോലും സ്വന്തം ദേശത്തു പ്രീയപ്പെട്ടവരുടെ നിശ്വാസങ്ങോളോടൊപ്പം സ്വപ്നങ്ങളുടെ കൂര സൃഷ്ടിക്കുമ്പോൾ,  ഈ നാട്ടിൽ നിന്നും ഓടിയൊളിക്കാൻ വെമ്പുന്ന പുതിയ തലമുറ, ഒരിക്കലും ഒരു തിരിച്ചുവരവ് പോലും നടക്കില്ല എന്ന തിരിച്ചറിവോടെ എന്നെന്നേക്കുമായി ഉള്ള പലായനം. കരുത്തുള്ള യുവത്വത്തിനു യാതൊരു വിലയുമില്ലാത്ത മണ്ണായി നമ്മുടെ നാട് മാറുന്നു എന്നും ചൂണ്ടിക്കാണിക്കുകയാണ് ഈ ചലച്ചിത്രം. ആരാണ് എന്താണ് ഇതിനു കാരണം എന്ന മൂർച്ചയുള്ള ചോദ്യങ്ങളും സമൂഹത്തിനു നേരെ ചൂണ്ടുന്നുണ്ട്. ആധുനിക മലയാളസമൂഹത്തിന്റെ ഒരു നേർകാഴ്ച കൂടിയായിട്ടാണ് ഈ കഥ പരിണമിക്കുന്നത്. 

valkkannadi

എന്നാൽ 1987 ലെ കെ. മധു സംവിധാനം നിർവഹിച്ച ഇരുപതാം നൂറ്റാണ്ട്, കേരള സമൂഹം അഭിമുഖീകരിച്ച ഒരു മാറ്റത്തിന്റെ അടയാളപ്പെടുത്തൽ ആയിരുന്നു. സാധാരണ വിനോദ ചലച്ചിത്രം ഒരു ബോക്സ്‌ഓഫിസ് ഹിറ്റ് ആയത് സംവിധായകന്റെ മികവ് തന്നെയാണ്. രാഷ്ട്രീയത്തിന്റെ കൗശലതന്ത്രം, അഴിമതി നിറഞ്ഞ സാമൂഹിക പശ്ചാത്തലം, ലോകം തകർന്നാലും താൻ മാത്രം രക്ഷപെടണമെന്ന ഇഞ്ചിക്കാടന്റെ ധനതത്വശാത്രം,  അശ്വതീ വർമ്മയുടെ അതിലോലമായ മാധ്യമപ്രവർത്തനം, ഒരു ക്രിമിനൽ മനസുള്ള സാഗർ എലിയാസ് ജാക്കിയുടെ നന്മയുള്ള മനസ്സ്, ഒക്കെ എൺപതുകളിലെ മലയാളമനസ്സിന്റെ രേഘാചിത്രമായി പരിണമിക്കുകയായിരുന്നു. ഓൾമൈറ്റി എന്ന നോവലിലെ 'ബിഹൈൻഡ് എവെരി  ഗുഡ്ഫോർച്ചുൺ, ദെയ്ർ ഈസ് എ ക്രൈം' എന്ന ഇർവിങ് വാലസിന്റെ വാക്കുകൾ ഒക്കെ തങ്ങി നിറഞ്ഞ സമ്പുഷ്ടമായ ഒരു തിരക്കഥയാണ് ഈ സിനിമക്കുള്ളത്.  

ഇന്ന് കെ. മധു കഥ പറയുകയാണെങ്കിലോ എന്നു ശങ്കിക്കാതിരുന്നില്ല. വെറുപ്പ് പ്രചരിപ്പിക്കുന്ന നാമജപ രാഷ്രീയം, മതത്തിന്റെ കളറുള്ള വേഷവും ആചാരങ്ങളുടെ ചൂഷണവും, വെട്ടികൊല്ലുമ്പോൾ പോലും എണ്ണം നോക്കി വെട്ടുന്ന പ്രാകൃത രാഷ്‌ട്രീയം, അധ്യാപകരുടെ കൈവെട്ടുന്ന സമാധാനമതം, അതിനൊപ്പം വീണമീട്ടുന്ന സഹനമതം, സ്വതന്ത്ര പത്രപ്രവർത്തനത്തോട് കടക്കുപുറത്തു എന്ന് പറയുന്ന രാഷ്ട്രീയ ധാർഷ്ട്യം, ഇടതായാലും വലതായാലും സാധാരണ പൗരനെ കഴുതയാക്കുന്ന സമ്മർദ്ദ രാഷ്ട്രീയം, ഒക്കെ പ്രമേയമായി വരാതെയിരിക്കില്ല. പ്രളയവും, മഹാമാരിയും, പ്രവാസികളുടെ തിരികെവരവും, അതിഥി തൊഴിലാളികളും, ഒഴിഞ്ഞ മണിമാളികകളും, വാർദ്ധക്യത്തിലെ ഏകാന്തതകളും, ആൾദൈവങ്ങളും ഇങ്ങനെ എത്ര എത്ര ഘടകങ്ങളാവും കൂട്ടിച്ചേർക്കാനാവുക.

മൂന്നു പതിറ്റാണ്ടു മുന്നിലെ ഒരു മലയാള നൂറ്റാണ്ട്, ഒരു ക്ലിക്കിൽ അടയാളപ്പെടുത്തുമ്പോൾ സംവിധായകൻ കെ. മധു അവലംബിച്ച മാനസിക ഘടന എന്തായിരുന്നു എന്ന് ഊഹിക്കാം. ഒരു വലിയ തകർച്ചയിൽ നിന്നും ഫീനിക്സ് പക്ഷിയിപ്പോലെ ഉയർന്നുവന്ന ന്യൂയോർക്കിലെ പുതിയ ട്രേഡ് സെന്റർ പശ്ചാത്തലമാക്കി ഒരു ക്ലിക്ക് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ എന്റെ കൈ വിറച്ചില്ല. അത് പുറത്തെ തണുപ്പിന്റെ കാഠിന്യം കൊണ്ടായിരിക്കയില്ല. 'ഇരുപതാം നൂറ്റാണ്ടിന്റെ' സൃഷ്ടിയിൽ നായകരും പ്രതിനായകരുമായി അവതരിക്കപ്പെട്ട വ്യക്തികളല്ല, അവരുടെ ജീവിതത്തിൽ ചരിത്രവും സംഭവങ്ങളും എങ്ങനെയെല്ലാം ഇടപെടുന്നു എന്ന് ഓർത്തു പോയതാവാം. എന്നാലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥപറയലിൽ, വിറയൽ കൂടാതെ ക്ലിക്ക്ചെയ്യാൻ എത്രപേർ അവശേഷിക്കും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.