സ്ത്രീധനപീഡനത്തിന് വധശിക്ഷ നടപ്പാക്കണം

dowry-killing
SHARE

"പ്രാർഥിക്കണം, അയാൾ ഏതുനിമിഷവും ചാടിവീണു കൊല്ലുമോ എന്ന് ഭയമാണ്, കാൽപ്പെരുമാറ്റം ശ്രദ്ധിച്ചു ഹൃദയമിടിപ്പോടെയാണ് ബാത്ത്റൂമിൽ കൂടി പോകുന്നത്. ദിവസങ്ങളായി മകളെയും കൂട്ടി മുറിയിൽ ഒളിച്ചിരിക്കയാണ്. ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഉറങ്ങിയിട്ട് ദിവസങ്ങളായി ആരും സഹായത്തിനില്ല". മുപ്പതോളം വർഷം ദാമ്പത്യം അനുഭവിച്ച ഒരു സ്ത്രീ പേർഷ്യൻ ഗൾഫിൽ നിന്നും നാട്ടിലെ ഒരു സഹോദരിക്ക് ടെക്സ്റ്റ് സന്ദേശം അയച്ചു. അയാൾ എപ്പോഴൊക്കൊയോ പുറത്തുപോകും,വരും. വന്നാൽ എല്ലാം എറിഞ്ഞു പൊട്ടിക്കും തല്ലിത്തകർക്കും, കണ്ടുകഴിഞ്ഞാൽ ക്രൂരമായി ഉപദ്രവിക്കും. എന്തുചെയ്യണം എന്നറിയില്ല. എല്ലാം അവസാനിപ്പിക്കാമോ എന്ന ചിന്തയിലാണ്.  എപ്പോഴും ഫോൺ കിട്ടില്ല, മെസ്സേജുകൾ ഒക്കെ ടാപ്പ് ചെയ്യാനുള്ള സംവിധാനം ഉണ്ട്. ആരെയും വിളിക്കാൻ സമ്മതിക്കില്ല. സമൂഹത്തിൽ വളരെ മാന്യനായി ആദരിക്കപ്പെടുന്ന ഒരു വ്യക്തിയാണ് ഇയാൾ. അത്തരം ഒരു പ്രതിച്ഛായ അയാൾ വളരെ പണം ചിലവാക്കിയാണ് ഉണ്ടാക്കിയത്. അയാളുടെ മാനം പോകുന്ന എന്തെങ്കിലും നീക്കം ഉണ്ടായാൽ അയാൾ ആത്മഹത്യ ചെയ്യും എന്ന് പേടിപ്പിക്കയുമാണ്. മകളുടെ വിവാഹം കൂടി കഴിയട്ടെ അതുവരെ ആരും അറിയാതെ അഭിനയിച്ചു തീർക്കുകയാണ് അവരുടെ ജീവിതം. അതു കഴിഞ്ഞാൽ അവരെ അയാൾ ജീവിക്കാൻ അനുവദിക്കുമോ എന്നും നിശ്ചയിക്കാനാവില്ല. എന്നാലും അയാൾക്കെതിരായി ഒരു വിരൽ അനക്കാനോ ഒരു വാക്കു ഉരിയാടാനോ അവർ തയ്യാറാവില്ല. അത്രയും ഭീതിയുടെ മുൾമുനയിലാണ് ഓരോ ദിവസവും അയാൾ അവരെ നിറുത്തുന്നത്.യാതൊരു കുറ്റബോധവും അയാളെ അലട്ടാറില്ല, താൻ ചെയ്യുന്ന പ്രവർത്തിയിൽ ഒരു ഗൂഢനിർവൃതിയും അയാൾ അനുഭവിക്കുന്നുണ്ട്.

ഐശ്യര്യറായ് അഭിനയിച്ച (Provoked 2006) പ്രൊവോകട് എന്ന സിനിമ കാണാൻ ഇടയായപ്പോഴാണ് മറ്റുള്ളവരുടെ വികാരം മനസ്സിലാകാത്ത മാനസികരോഗം ബാധിച്ച സോസിയയോപ്പതിക് ആയ നിരവധിപ്പേർ നമ്മുടെ ഇടയിൽ ജീവിക്കുന്നു എന്ന തിരിച്ചറിവുണ്ടായത്. ഇതിൽ ചിലരെല്ലാം നമുക്ക് ചുറ്റും ഉണ്ടാവാം.1989 -ഇൽ ലണ്ടനിൽ നടന്ന ഒരു അനുഭവകഥയുടെ സാക്ഷിപത്രമാണ് കുലീനത ഒട്ടും ചോരാതെ അണിയിച്ചൊരുക്കിയ ഈ ചലച്ചിത്രം. കിരൺജിത്ത് എന്ന പഞ്ചാബി പെൺകുട്ടി ലണ്ടനിൽ അമ്മയോടൊപ്പം താമസിക്കുന്ന ദീപക് എന്ന മലയാളിയെ വിവാഹം കഴിക്കുന്നു. ആദ്യമൊക്കെ സന്തോഷപൂർവ്വം തുടങ്ങിയ അവരുടെ ജീവിതം ദീപകിന്റെ നിരന്തരമായ പീഢനവെറിക്കൂത്തുകളിൽ തകരുകയാണ്. ഓരോ നിമിഷവും ഭയന്നു ജീവിക്കേണ്ടി വരുന്ന നിസ്സഹായയായ കിരൺജിത്ത്, ഉറങ്ങിക്കിടന്ന ദീപക്കിനെ തീവച്ചു കൊല്ലുന്നു. "I sinned, I must pay" എന്ന് പറഞ്ഞു കുറ്റം ഏറ്റെടുത്ത കിരൺജിത്ത് ആജീവനാന്ത തടവറയിൽ കഴിയുമ്പോൾ, സഹതടവുകാരിയും സൗത്താൾ ബ്ലാക്ക് സിസ്റ്റേഴ്സ് എന്ന സംഘടനയും കേസ് പുറത്തെടുത്തു അവൾക്കു നീതി നേടാൻ സഹായിക്കുന്നു. 

ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ (APD) എന്ന മനോരോഗം ബാധിച്ച ആളുകളുടെ രീതികൾ അത്ര പെട്ടന്നു കണ്ടുപിടിച്ചു എന്ന് വരില്ല. കൂട്ടുകാർക്കിടയിലും നാട്ടുകാർക്കിടയിലും ഇവർ കപട തന്ത്രങ്ങളിലൂടെ തന്മയത്തമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഈ വില്ലന്മാർ ഓരോ സാഹചര്യവും എത്ര ക്രൂരമായും തങ്ങളുടെ സന്തോഷത്തിനുവേണ്ടി ഒരുക്കിയെടുക്കാൻ മിടുക്കരാണ്. മറ്റുള്ളവരുടെ വികാരങ്ങൾ  മനസ്സിലാക്കാതെ, നിരന്തരം അവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ക്രൂരമായ ഒറ്റപ്പെടുത്തലുകളും, ഒഴിവാക്കലുകളും, ശാരീരിക പീഢനങ്ങളുംവഴി ഇരകളെ ഭയത്തിന്റെ മുൾമുനയിൽ കൊണ്ടുപോകുകയാണ് ഇവരുടെ സായൂജ്യം. ഇവരുടെ ജീവിതത്തിൽ പെട്ടുപോയ നിസ്സഹായരായ ഭാര്യയും കുട്ടികളും എന്തെങ്കിലും വെളിയിൽ പറയാൻ പേടിക്കും, അഥവാ അടുത്താരോടെങ്കിലും പറയാൻ ശ്രമിച്ചാൽ തന്നെ ആരും അത്ര ഗൗരവമായി എടുക്കയുമില്ല. കാരണം പുറത്തു പൊതുവേ അത്തരം ആളുകളോട് അയാൾ വളരെ സന്തോഷമായി ഇടപെടുകയും ചെയ്യാറുണ്ട്. ഞാൻ പാപി, മഹാപാപി എന്ന് ഏറ്റു പറയുന്ന ഭാര്യയും കുട്ടികളും, അവരുടെ ഭീതിപ്പെടുത്തുന്ന നിസ്സഹായമുഖം അയാൾക്ക്‌ ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. നിരന്തരം ഇത്തരം ഇടപെടൽമൂലം അവരും ഏതോ യന്ത്രം പോലെ അയാൾക്ക്‌ ചുറ്റും അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കികൊണ്ടിരിക്കും. അതിൽ നിന്നും പുറത്തു കടക്കാൻ ആരെയും അയാൾ സമ്മതിക്കില്ല.ആരെയെങ്കിലും ക്രൂരമായി ഉപദ്രവിച്ചു കഴിഞ്ഞാൽ അയാൾ അൽപ്പം ശാന്തനാകും, അതിനുള്ള കാരണങ്ങൾ അയാൾ ഒരുക്കുകയും ഇരയെ ബോധ്യപ്പെടുത്തുകയും ചെയ്യും.   

ജീവിതത്തിനും മരണത്തിനുമിടയിൽ അധികം ദൂരം ഇല്ല എന്ന് അറിയുന്ന എത്രയോ വനിതകൾ നരകിക്കുന്ന നാടാണ് കേരളം. കേരളത്തിന് പുറത്തു താമസിക്കുന്ന മലയാളികളും ഇതേ അവസ്ഥയിൽ ഉണ്ട് എന്ന് അറിയുമ്പോഴാണ് നമ്മുടെ സാംസ്‌കാരികത്തനിമ എന്ത് കുന്തമാണ്‌ എന്ന് തോന്നുന്നത്. വളരെ ഗൗരവമായ ഈ സാമൂഹ്യവിപത്ത് നമ്മുടെ സമൂഹം അർഹിക്കുന്ന പ്രാധാന്യത്തോടെ ചർച്ച ചെയ്തിട്ടില്ല. സാമൂഹിക ഒറ്റപ്പെടലും വിരൽചൂണ്ടലുകളും ഭയന്ന്, കുറ്റങ്ങൾ ഒളിച്ചുവെക്കാനും, നരകിച്ചു മുന്നോട്ടുപോകാനുമാണ് ശ്രമിക്കുന്നത്. ഓടിപ്പോയി തനിയെ ജീവിക്കാനുള്ള യാതൊരു സാഹചര്യവും നമ്മുടെ സമൂഹം മുന്നോട്ടു വച്ചിട്ടില്ല. സമീപിക്കാവുന്ന മതിയായ ഒരു സപ്പോർട്ട് സംവിധാനം ഇല്ലാത്ത സ്ഥിതിക്ക് കുറ്റവാളികൾ ഒരിക്കലും പിടിക്കപ്പെടാതെ മാന്യനായി വിലസുകയും ചെയ്യും. പല മരണങ്ങളിലും  അസാധാരണത്വം തോന്നുന്ന ഘടകങ്ങൾ ഉണ്ടാകാം എന്ന് അടുത്തവർക്കു മനസ്സിലാകുമെങ്കിലും, ഒക്കെ തീർന്നില്ലേ ഇനി പറഞ്ഞിട്ടെന്താ, ഇനി കേസിനും വഴക്കിനും ഒക്കെ പോകാൻ ആർക്കാണ് പണവും സമയവും എന്ന നിലപാടിൽ ആളുകൾ വിട്ടുകളയുകയാണ് പതിവ്. അപ്പോഴേക്കും അയാൾ പുതിയ ഇരയെ അന്വേഷിച്ചു ഇറങ്ങിയിരിക്കും.

പുരുഷനിയന്ത്രിതമായ ഒരു ഇന്ത്യൻ സാമൂഹികരീതി, മറ്റുള്ളവരുടെ വികാരം മനസ്സിലാകാത്ത, ഒരു തരം മാനസികരോഗം ബാധിച്ച ഒട്ടേറെ നരാധനന്മാരുടെ ഇടയിലൂടെയാണ് നമ്മുടെ സമൂഹം കടന്നുപോകുന്നത്. നിത്യനരകത്തിൽ നിന്നു രക്ഷപ്പെടാനാവാതെ ഒടുങ്ങുന്ന പെൺകുട്ടികളുടെ ഒട്ടേറെ കഥകൾ അടുത്തിടെയായി പ്രത്യക്ഷപ്പെടുന്നു. ഇതൊന്നും എന്നെ നേരിട്ടു ബാധിക്കുന്ന വിഷയമല്ലാത്തതിനാൽ വെറുതേ എന്തിനു തലകൊണ്ടിടണം എന്ന ചിന്തയിൽ നിസ്സംഗനായി കേട്ടു-കേട്ടില്ല എന്ന രീതിയിൽ പോകാനാണ് നമ്മുടെ സമൂഹം താല്പര്യം കാണിക്കുന്നത്. ഇത്തരം ജീവിതകഥകൾ അന്വേഷിച്ചാൽ അതിന്റെ ബാഹുല്യം കൊണ്ട് അതിശയിച്ചുപോകാം. ഒറ്റപ്പെടലിനെ  ഭയന്ന്, സാമൂഹിക ഭ്രഷ്ട് ഭയന്ന്, ജീവിക്കാൻ മറ്റു മാർഗ്ഗങ്ങൾ കാണാനാവാതെ ഒരു ചാൺ കയറും കരുതി, സീലിങ് ഫാനും നോക്കി ഒട്ടേറെ മലയാളി പെൺകുട്ടികൾ ദിവസങ്ങൾ തള്ളിനീക്കുന്നു എന്ന സത്യം നാം തിരിച്ചറിയണം. ഇവിടെ മതസംവിധാനങ്ങൾ ഒരു നോക്കുകുത്തിയായി മാറുന്നു, സാമൂഹ്യ ക്രമീകരണങ്ങൾ പ്രാപ്യമാവാതെ ഉപയോഗ്യശൂന്യമായ സംവിധാനങ്ങൾ ആയി അധപ്പതിക്കുന്നു. 

സ്ത്രീധനം എന്ന  വിഷയത്തിൽ മാത്രം ഒതുക്കാവുന്ന ഒരു സംഗതിയല്ല വിസ്മയ എന്ന പെൺകുട്ടിയുടെ ഭർത്താവിന്റെ വീട്ടിലെ ദുർമരണം. മലയാളമനഃസാക്ഷിയെ ഇത്രയധികം വേദനിപ്പിച്ച സംഭവം ഇപ്പോൾത്തന്നെ വാർത്തകളിൽനിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. സമൂഹം യാതൊരു മാറ്റവുമില്ലാതെ ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നു. തിരുത്തൽ വരുത്താൻ ശ്രമിക്കാത്ത സമൂഹത്തിനു എങ്ങനെ നിലനിൽക്കാനാവും? ആരാണ് അതിനു മുന്നിട്ടിറങ്ങേണ്ടത്? വിഷയം ഉയർത്തിക്കാട്ടി മാധ്യമങ്ങൾ ആഘോഷിച്ചു പിരിഞ്ഞു. ഇനി അടുത്ത ഇരക്കായി അവർ കാത്തിരിക്കയാവാം. 

ഇത്രയധികം പീഡനങ്ങൾ കുറച്ചു സമയത്തിനുള്ളിൽ അനുഭവിക്കേണ്ടിവന്ന പെൺകുട്ടി, സമൂഹം എന്തുവിചാരിക്കും എന്നുകരുതി നരകത്തിൽ സ്വയം ക്രമപ്പെടുത്തുമ്പോൾ, നിന്നെ ഞങ്ങൾ ലാളിച്ചു വളർത്തിയിട്ടല്ലേ, ഒക്കെ അവനെ സ്നേഹം കൊണ്ട് കീഴടക്കാനാവും ഒന്ന് കൂടി ശ്രമിച്ചു നോക്കൂ, ഒക്കെ നേരെയാകും എന്ന പ്രതീക്ഷയിൽ അൽപ്പംകൂടി ക്ഷമിക്കൂ എന്നു ഉപദേശിക്കുന്ന മാതാപിതാക്കളും, മകൻറ്റെ ക്രൂരത കണ്ടിട്ട് സ്വയ പ്രാണരക്ഷാർത്ഥം ഇടപെടാതിരിക്കുന്ന അവന്റെ മാതാപിതാക്കളും ഭയക്കുന്നത് എന്താണ്?. കരുണവറ്റി ക്രൂരമായ വിണ്ടുകീറലലുകളുള്ള  സമൂഹവും നമ്മോടു എന്താണ് ഉറക്കെപ്പറയുന്നത്?. സാമൂഹികമായി നാം അപ്പാടെ പരാജയപ്പെട്ടു. എവിടെയാണ് ആശ്രയം? എവിടെയാണ് തുറവുകൾ? പോലീസ് സ്റ്റേഷനോ? വനിതാ കമ്മീഷനോ? ഒരു പ്രശ്നം വന്നാൽ ആരോടാണ് ആദ്യം പങ്കുവെയ്ക്കാനാവുക എന്ന ഇടം നമ്മുടെ സമൂഹത്തിൽനിന്നും അപ്രത്യക്ഷം ആയി എന്ന് സമ്മതിച്ചുകൊടുത്തേ മതിയാവുകയുള്ളൂ.

കേരളത്തിൻറ ഇന്നത്തെ മുഖമായി എം.സി ജോസഫൈൻ എന്ന വനിതാകമ്മീഷന്റെ വികൃതമുഖം മാറ്റപ്പെടുന്നതിൽ അതിശയപ്പെടാനില്ല. പൊതുസേവന രംഗത്ത് മലയാളികൾക്ക് ലഭിക്കുന്ന സാധാരണരീതി അതാണ്. ഒരു വീട്ടിൽ വന്നുപോയവർ പറയുന്നതനുസരിച്ചാണ് വീടിന്റെ മഹത്വം എന്ന് പറയാറുണ്ട്, അത് വീട്ടിലുള്ളവർ സ്വയം പുകഴ്ത്തുന്ന മഹിമയുടെ പേരിലാവില്ല. ഇടയ്ക്കിടെ നാട്ടിൽ വന്നുപോകുന്ന മലയാളികൾക്ക് ഈ മുഖം സുപരിചിതമാണ്. ഓരോതവണ തിരിച്ചുപോകുമ്പോഴും ഇനി അടുത്തകാലത്തൊന്നും തിരിച്ചുവരാനാകരുതേ എന്ന പ്രാർത്ഥനയാണ് കുറച്ചുകാലമായി പ്രവാസികളുടെ മനസ്സിലുണ്ടാവുക. നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴിമണ്ണ്  ഇപ്പോൾ ഒരു ബാദ്ധ്യതയായിത്തീരുന്നു എന്ന ഒരു വേദന ഒട്ടേറെ മലയാളികളുടെ മനസ്സിലുണ്ട്. "കടക്കു പുറത്ത്' എന്നതു മാറ്റി 'എന്നാൽ അനുഭവിച്ചോളൂ", കേരളാ ടൂറിസത്തിനു ഇതിലും വലിയ ഒരു ടാഗ്ലൈൻ കിട്ടാനില്ല.    

കള്ളക്കടത്തും, അഴിമതിയും, സ്വജനപക്ഷപാതങ്ങളും, ധൂർത്തും, കെടുകാര്യസ്ഥതയും ഒക്കെ ഇന്നു ചെറിയ ചീളു കേസുകളായി അവഗണിക്കപ്പെടുന്നു, ക്രൂരഭാവമുള്ള, വിട്ടുവീഴ്ചയോ അനുകമ്പയോ ഇല്ലാത്ത, കൊലവെറി, ാഷ്രീയ മുഖമായി കേരളത്തിൽ അംഗീകരിക്കപ്പെടുന്നു. നമ്മുടെ കേരളത്തിന്റെ മുഖം വല്ലാതെ മാറുന്നു എന്ന് ആരാണ് തിരിച്ചറിയുന്നത്? കണ്ണുകൾ ഉരുട്ടി, കൈമുദ്രകൾ വിറപ്പിച്ചു നിറങ്ങൾ എഴുതിയ മുഖംമൂടിയണിഞ്ഞ വീർപ്പിച്ചുകെട്ടി നിറഞ്ഞാടുന്ന കഥകളിവേഷം കേരളത്തിനു നന്നേചേരും. മതം ഈ ആട്ടത്തിനു വിളക്കു പിടിക്കുമ്പോൾ മാധ്യമങ്ങൾ ഇലത്താളവുമായി അകമ്പടിച്ചേരുന്ന രുദ്രഭാവമാണ് ഇന്ന് നമ്മുടെ കേരളത്തിന്‌.   

അടിയന്തരമായി ചെയ്യേണ്ടത്

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും പുനഃപരിശോദിക്കണം. ഇത്തരം കേസുകളിൽ പ്രതികൾക്കും കൂട്ടുപ്രതികൾക്കും കനത്തതുക പിഴചുമത്തുകയും, ഏകാന്തതടവു ഉറപ്പാക്കുകയും ക്രൂരമായ പീഡനത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ വധശിക്ഷ നടപ്പാക്കുകയും വേണം. സ്ത്രീശാക്തീകരണവും ജീവനനത്തിനായി സ്വയംതെഴിൽചെയ്തു ജീവിക്കാനും സ്വന്തം അവകാശങ്ങൾക്കായി പൊരുതാനുമുള്ള ബോധവൽക്കരണം സ്‌കൂൾതലത്തിൽ തുടങ്ങണം. സ്‌കൂളിൽ കുട്ടികൾ തരുന്ന മുന്നറിയിപ്പുകൾ യഥാസമയം സോഷ്യൽ വർക്കേഴ്‌സ് വഴി പോലീസിൽ അറിയിക്കാനുള്ള ലൈസെൻസെഡ്‌ സോഷ്യൽ വർക്കേഴ്സ് ഓരോ സ്കൂളിലും ഉണ്ടാവണം. ഗാർഹിക പീഡനം,  ലൈംഗിക അതിക്രമം, മയക്കുമരുന്നു ഉപയോഗം, ആത്മഹത്യാപ്രേരണ തുടങ്ങിയ വിഷയങ്ങളിൽ  അത്യാവശ്യം സഹായത്തിനു ബന്ധപ്പെടുവാനുള്ള ഹോട്ട്ലൈൻ നമ്പറുകൾ ഓരോ വീട്ടിലും ഉണ്ട് എന്ന് ഉറപ്പുവരുത്തണം. ഈ സംവിധാനങ്ങൾ പര്യാപ്തമാണോ എന്ന് ഒരു സ്വതന്ത്ര ഏജൻസി നിരീക്ഷിക്കുകയും അടിയന്തരമായ സാഹചര്യങ്ങളിൽ മുന്നറിയിപ്പു നല്‍കുന്ന സംവിധാനം ഉറപ്പാക്കുയും വേണം.   

വിദേശ മലയാളികൾ അവർ താമസിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങൾ അനുസരിച്ചാണ് മുന്നറിയിപ്പു നൽകേണ്ടതെങ്കിലും, അതിനു അവർക്കു അവിടെ കഴിയുന്നില്ലെങ്കിൽ, അല്ലെങ്കിൽ പെട്ടുപോയ തടങ്കൽ ചുറ്റുപാടുകളിൽ, നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടാൽ അവർ താമസിക്കുന്ന രാജ്യങ്ങളിലെ നയതന്ത്ര ഓഫീസുമായി ബന്ധപ്പെടുത്തി അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള ഹോട്ട് ലൈൻ സംവിധാനവും ഉണ്ടാവണം. ഓരോ രാജ്യത്തെയും കേരളസർക്കാർ പ്രവാസി ഓഫീസുമായി രജിസ്റ്റർ ചെയ്ത മലയാളി സംഘടനകൾ ഇത്തരം അവശ്യ കോൺടാക്റ്റ് നമ്പറുകൾ ഓരോ ഭവനത്തിലും ലഭ്യമാക്കണം. 

ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ഒന്നും ചെയ്യാതെ കാഴ്‌ചക്കാരനായി നില്‍ക്കുന്നവനും കുറ്റക്കാരനാണ്. കല്പകവൃക്ഷംപോലെ തൻകാര്യം മാത്രംനോക്കി മുന്നേറാൻ ശ്രമിക്കുന്ന മലയാളിക്ക് വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നത്. ഓരോ ജീവിതവും വിലയുള്ളതാണ് അത് ഉറപ്പായും നിലനിറുത്താനുള്ള ഉത്തരവാദിത്തവും നമ്മുടെ സമൂഹത്തിനുണ്ട്. - vkorason@yahoo.com, 516-3985989.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS