എന്നെപ്പോലെ ചിന്തിക്കാത്തവൻ ഗ്രൂപ്പിന്റെ ശത്രു

groupthink1
SHARE

"അവനെ പുറത്താക്കൂ, അതോടെ പ്രശ്‌നം തീരും" ഈയ്യിടെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ കേട്ട കൊലവിളിയാണ്. ചില പ്രഫസർമാരും  സാഹിത്യകാരന്മാരും ചിന്തകരും കൂട്ടത്തിൽ സിവിൽസർവിസ് ലഭിച്ചവരും ഉള്ള വിശാലമായി ചിന്തിക്കുന്ന, സമസ്തലോകത്തെയും സ്നേഹത്തിന്റെ ചരടിൽ കോർത്തിണക്കാൻ ലക്ഷ്യം ചെയ്യുന്നു എന്ന് കൊട്ടിഘോഷിച്ച ഒരു കൂട്ടായ്മയാണ്. വളരെ മാന്യമായി പക്ഷേ  വ്യത്യസ്‌തമായി ചിന്തിക്കുന്ന ഒരാളുടെ അഭിപ്രായത്തിനു നേരെ ഗ്രൂപ്പിന്റെഅഡ്മിൻ വാളെടുത്തുവെട്ടി. എങ്ങനേയോ ഞാൻ ആഗ്രൂപ്പിൽ ചെന്നുപെട്ടതാണ്. ഉയർന്ന ചിന്തകൾക്ക് പകരം അടിസ്ഥാനമില്ലാത്ത, തമ്മിൽ പൊങ്ങച്ചം പങ്കുവയ്ക്കുന്ന മങ്ങിയചിന്തകളാണ് അവിടെ വിൽക്കപ്പെടുന്നതെന്നു കണ്ടു നിശബ്ദമായി നിരീക്ഷിക്കുകയായിരുന്നു. ക്ലബ്ബ്ഹൗസിൽ നടക്കുന്ന ചർച്ചകളിലും സമാന ഇടപെടലുകളാണ് കാണപ്പെടുന്നത്.

ഇത്തരം കുറെയേറെ ഗ്രൂപ്പുകളിൽ അംഗമാണ് ഞാൻ. ആളുകൾ എങ്ങനെ അഭിപ്രായം പങ്കുവയ്ക്കുന്നു, എന്തൊക്കെ പ്രതികരിക്കുന്നു എങ്ങനെയൊക്കെ ചിന്തകൾ പങ്കുവെയ്ക്കുന്നു തുടങ്ങിയ രീതികൾ നിരീക്ഷിക്കുവാനുള്ള കൗതുകമാണ് ഇത്തരം കൂട്ടായ്മകളെ ശ്രദ്ധിക്കുവാൻ പ്രേരിപ്പിച്ചത്. ഗ്രൂപ്പ്തിങ്ക് സ്വതന്ത്രചിന്തകൾക്കു അന്തകനാകുന്നു എന്നുപറയാൻ പല കാരണങ്ങളുണ്ട്. ജോലിയിൽ ചില പ്രശ്നപരിഹാരത്തിനു ടീമിലുള്ളവരുടെ അഭിപ്രായം തിരയാറുണ്ട്. ഭൂരിപക്ഷാഭിപ്രായപ്രകാരം പലപ്പോഴും ശരിയായ തീരുമാനത്തിൽ എത്തി എന്നുവരികില്ല. അതുകൊണ്ടു ടീം കൂടുന്നതിനുമുൻപുള്ള വ്യക്തിഗതമായ അഭിപ്രായം ഒറ്റക്കു ഇമെയിൽ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ഗ്രൂപ്പിൽ ആളുകൾ വളരെ മറച്ചുവച്ചസമീപനത്തിലാണ്‌ അഭിപ്രായം പറയാൻ ശ്രമിക്കുക. കമ്മറ്റികളിലും ജനറൽ ബോഡിമീറ്റിംഗുകളിലും ഇതാണ് അവസ്ഥ. സ്വതന്ത്രചിന്ത കേവലം വ്യക്തിപരമായ അഭിപ്രായം മാത്രമല്ല, നേടിയെടുക്കേണ്ട മിടുക്കും അതിനുള്ള മനസ്സൊരുക്കവും അതിനു ഉണ്ടാകേണ്ടതുണ്ട്. കൂടാതെ   വ്യക്തിത്വവികസനവും തുടർച്ചയായ പരിശീലനവും ആവശ്യമാണ്. 

അഭിപ്രായം ഏകീകരിക്കാൻ ബോധപൂർവ്വം മുന്നേകൂട്ടി ഒരേഅഭിപ്രായം പലരായി പല കോണുകളിൽനിന്നും ഉയർത്തുന്ന സമീപനം ചിലകമ്മറ്റികളിൽ പതിവാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങൾ കളിയാക്കി ഇല്ലാതാക്കാനും നേരത്തേ തയാറാക്കിയ മറുപടികളും ഉണ്ടാവും. അങ്ങനെ ഗ്രൂപ്പ്തിങ്ക് വെട്ടിയും തട്ടിയും നടപ്പിലാക്കും. അതിനു കിച്ചൺ കാബിനറ്റ് എന്നു പറയാറുണ്ട്, അവിടെ ഗ്രൂപ്പ് നേതാക്കൾ അവരുടെ ആവശ്യം അടിച്ചേൽപ്പിക്കും, അതിനെതിരായി അഭിപ്രായങ്ങൾ വരാതിരിക്കാനുള്ള എല്ലാ പണിയും പണിഞ്ഞിരിക്കും. ഏതെങ്കിലും എതിരഭിപ്രായം ആരെങ്കിലും ഉയർത്തിയാൽ നേതാവ് "ഐ ബെഗ്ഗ് ടു ഡിസെഗ്രി" എന്നൊരു കീച്ചു കീച്ചുകയും കണ്ണുരുട്ടി കൂടെകൂട്ടിയവർക്കു താക്കീത് നൽകുകയും ചെയ്യും. എതിരഭിപ്രായം ഉണ്ടെങ്കിലും ദുര്‍ബലമനസ്സുള്ള ഭൂരിപക്ഷം വഴക്കുണ്ടാക്കാൻ പോകേണ്ട എന്ന് കരുതി നേതാവിൻ്റെ ആഗ്രഹത്തിനു വിട്ടുകൊടുക്കും. ഇങ്ങനെയെടുക്കുന്ന അപകടരമായ പ്രയോഗകൗശലത്തിനാണ് ഗ്രൂപ്പ്തിങ്ക് മാനസികാവസ്ഥ എന്നുപറയുക. 

groupthink

ഗ്രൂപ്പ്തിങ്ക്, ഒരു ഗ്രൂപ്പിന്റെ അഭിപ്രായൈക്യം കാത്തുസൂക്ഷിക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന മനഃശാസ്‌ത്രപരമായ പ്രതിഭാസമാണ്. സാമൂഹിക മനഃശാസ്ത്രജ്ഞനായ ഇർവിങ് ജാനിസ് ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഒരു ഗ്രൂപ്പിലെ ആളുകൾ അവരുടെ വ്യക്തിഗതഅഭിപ്രായങ്ങൾ മൂടിവച്ചുകൊണ്ടു ഗ്രൂപ്പിന്റെ സമാധാനത്തിനായി ഒതുങ്ങിക്കൊടുക്കുന്നു. സദുദ്ദേശ്യമായചിന്തകൾ ഉള്ളവർ പോലും ചിലപ്പോൾ യുക്തിഹീനമായ തീരുമാനങ്ങൾക്ക് വശംവദനാകുന്ന അപകടകരമായ പ്രതിഭാസമാണ് ഇത്. വർഗ്ഗിയത, പ്രാദേശികത, തുടങ്ങി പലവിധ കാർഡുകളിറക്കി ഒരു വലിയഗ്രൂപ്പിനെ, ഇല്ലാത്ത സൂപ്പർഗ്രൂപ്പാണെന്നു പൊങ്ങച്ചം പറഞ്ഞു ഊതിവീർപ്പിക്കാൻ നടത്തുന്നശ്രമങ്ങൾ, തമ്മിൽ പുകഴ്ത്തുന്നവരെ മാത്രം ചേർത്തുനിറുത്തി, വിമര്‍ശിക്കുന്ന എല്ലാവരെയും ഓടിച്ചു, പണം കൊടുത്തു സ്തുതിപാഠകരെക്കൊണ്ട് നിരന്തരം പബ്ലിക് റിലേഷൻസ് നടത്തി, ചെറിയകാര്യങ്ങൾ വമ്പൻ പ്രസ്ഥാനമാണെന്നു പറഞ്ഞു ഉയർത്തുമ്പോൾ ഓർക്കുക അതു മുങ്ങാൻ പോകുന്ന കപ്പൽതന്നെയാണ്, അതിൽനിന്നും രക്ഷപ്പെടുക.   

ചില തീരുമാനങ്ങൾ ഗ്രൂപ്പ്തിങ്ക് ആണോ എന്ന് വേര്‍തിരിച്ചറിയുക പ്രയാസമാണ്, എന്നാലും ചില സൂചനകൾ അത് അവശേഷിപ്പിക്കാതെയിരിക്കില്ല. ഏകകണ്‌ഠമായ എന്ന അബദ്ധധാരണ; കൈപൊക്കിയും വേഗത്തിലും ശബ്ദവോട്ടോടെയും തീരുമാനം പ്രസ്താവിക്കുക, ധാർമ്മികതയോ നീതിയോ അനന്തരഫലങ്ങളോ പരിശോധിക്കപ്പെടാത്ത തീരുമാനങ്ങൾ; ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസങ്ങൾ, യുക്തിയെഅവലംബിച്ചു ചിന്തിക്കുമ്പോൾ ഒഴിവാക്കപ്പെടുന്ന അപകടസൂചനകള്‍, ചിലരുടെ അഭിപ്രായങ്ങൾ മുൻവിധിയോടെ കണക്കുകൂട്ടുന്നതുമൂലം കാതലായ സംഗതികൾ ഒഴിവാക്കപ്പെടുന്നു. ഒറ്റപ്പെടുത്തും എന്ന ധാരണയിൽ ഒതുക്കിവയ്ക്കുന്ന ആശങ്കകൾ, ഗ്രൂപ്പിനായിരിക്കും തന്നേക്കാൾ അറിവുണ്ടാവുക എന്ന അബദ്ധധാരണകൾ, പ്രശ്നങ്ങളായുള്ള വസ്തുതകൾ ഒളിച്ചുവെയ്ക്കുന്ന ഗ്രൂപ്പിന്റെ മനസാക്ഷി സൂക്ഷിപ്പുകാർ, അവർ അത് ഒതുക്കിവ്വെയ്ക്കുകയും, തഴഞ്ഞുവിടുകയും ചെയ്യുക, എതിരഭിപ്രായം ഒന്നും രൂപപ്പെടാൻ സമയം കൊടുക്കാതെ, ചെറിയ ഒരു നിശബ്ദദത അനുകൂലഘടകമായി പ്രെസ്സ് ചെയ്യുക. ഒറ്റപ്പെട്ട അഭിപ്രായങ്ങളെ നേരിട്ടു ചെറുക്കുക, ഗ്രൂപ്പിന്റെ കൂറില്ലാത്ത വിശ്വാസവഞ്ചകന്‍ എന്ന് ആരോപിക്കുക, ഇതിലേതെങ്കിലുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിൽ ഗ്രൂപ്പ്തിങ്ക് ഉറപ്പാണ്. 

ഈ അടുത്തകാലത്ത് നിങ്ങൾ സംബന്ധിച്ച ഏതെങ്കിലും യോഗങ്ങളിൽ സംഭവിച്ച കാര്യങ്ങൾ ഒന്ന് ഓർത്തുനോക്കൂ. ആരോ പറഞ്ഞ കഴമ്പില്ലാത്ത അഭിപ്രായം എതിരില്ലാതെ മുന്നോട്ടുപോകയും, മനസ്സിൽ എതിരഭിപ്രായം ഉണ്ടായിട്ടും എന്തിനാ വെറുതേ വെറുപ്പുണ്ടാക്കുന്നത് എന്നുകരുതി പോട്ടെ, എന്ന് വിട്ടു കൊടുത്തിട്ടില്ലേ? പലപ്പോഴും ഒരേതരത്തിലുള്ളു ആളുകളുടെ ഗ്രൂപ്പുകളിലാണ് ഇത്തരം കാര്യങ്ങൾ രൂപപ്പെടുന്നത്. തങ്ങളുടെ ഗ്രൂപ്പ് മറ്റുള്ള ഗ്രൂപ്പുകളിൽനിന്നും ശ്രേഷ്ട്ടമാണെന്ന ചിന്ത, ചില  സ്വാധീനശക്തിയുള്ളവരായ ആളുകളുടെ സാന്നിധ്യം, ഗ്രൂപ്പിലെ ചിലർ തങ്ങളേക്കാൾ വിവരം ഉള്ളവരാണെന്ന ചിന്ത ഒക്കെ ഗ്രൂപ്പ്തിങ്കിൽ തളച്ചിടും. ഗ്രൂപ്പിലെ ഘടനാപരമായ തേതൃത്വവും അവരുടെ ഏകീകരിച്ചു നിർത്താനുള്ള കഴിവും നിഷ്പക്ഷമായ തീരുമാനങ്ങളിൽ എത്തിച്ചേരാൻ ഗ്രൂപ്പിന് സാധിക്കില്ല.  

വളരെവർഷം പഴക്കമുള്ള സന്നദ്ധസേവനസംഘത്തിൽ നിന്നും ആളുകൾ കൊഴിഞ്ഞുപോകുന്നു, ആരും പുതുതായി ചേരുന്നില്ല. എന്താണ് കാരണം എങ്ങനെയാണു പുനർജീവിപ്പിക്കേണ്ടത് എന്ന് ചിന്തിക്കാൻ അവർ ഒരു നിയുക്ത സംഘം രൂപീകരിച്ചപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും താൽപര്യമുള്ളവരെ മാത്രം ഉൾപ്പെടുത്തി, വിമര്‍ശിക്കുന്ന ഒരാളെയും ഉൾപ്പെടുത്താതെ ടാസ്ക് ഫോഴ്സ് റിപ്പോർട്ട് തയാറാക്കി. പരമ്പരാഗതമായ ഒരു കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാൻ തയാറല്ല; കാലത്തിന്റെ മാറ്റങ്ങൾ ഉൾകൊള്ളാനും ആശയങ്ങൾ കേൾക്കാനും മനസ്സില്ല. 'ആരും ലീഡർഷിപ്പ്‌ തിരയേണ്ട, ലീഡേഴ്സിനെ സംഘം തനിയെകണ്ടെത്തിക്കൊള്ളും' എന്ന ഉട്ടോപ്യൻ ആശയത്തിൽ എല്ലാ സ്വതന്ത്ര നിർദേശങ്ങളുടെയും വാതിലുകൾ ഭദ്രമായിഅടച്ചു. പുത്തൻ മാർക്കറ്റിൽ കാലഹരണപ്പെട്ട മോഡൽ കാറുമായി വിൽക്കാൻ നിൽക്കുന്ന വില്പനക്കാരനെപ്പോലെ ഗ്രൂപ്പ്തിങ്കിൽ യാഥാർഥ്യബോധമില്ലാതെ അലയാനല്ലാതെ അവക്ക് പിടിച്ചുനിൽക്കാനാവില്ല.   

ഗ്രൂപ്പ്തിങ്ക് മൂലം പ്രധാനപ്പെട്ട പലവിവരങ്ങളും ഒഴിവാക്കപ്പെടുകയും പരിതാപകരമായ തീരുമാനങ്ങളിൽ എത്തിക്കുകയും ചെയ്യും.  പ്രതിസന്ധിയിൽ ആയിരിക്കുന്ന കോവിഡ് -19 സംബന്ധിച്ച മെഡിക്കൽ തീരുമാനങ്ങളിൽ, മാസ്ക് ധരിക്കുക, കടകൾ തുറക്കുക ഒക്കെ മാറിമറിച്ചു തീരുമാനങ്ങൾ വന്നതിന്റെ പിറകിൽ ഗ്രൂപ്പ്തിങ്ക് എന്ന പ്രതിഭാസം നിലയുറപ്പിച്ചിട്ടുണ്ട്. നോർത്ത് കൊറിയ ഗ്രൂപ്പ്തിങ്കിന്റെ തികഞ്ഞ ഉദാഹരണമാണ്. അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ പെട്ടുപോയ വാട്ടർഗേറ്റ്അപവാദം, അമേരിക്കയുടെ 'വെപ്പൺസ് ഓഫ് മാസ്സ് ഡിസ്ട്രക്ഷൻ' എന്ന പേരിൽ ഇറാക്ക് ആക്രമണം, 1961 ഇൽ ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്‌ട്രോയുടെ ഭരണത്തെ മറിച്ചിടാൻ സി. ഐഎ യുടെ നേതൃത്വത്തിൽ 'ബേ ഓഫ് പിഗ്‌സ്  ഇൻവേഷൻ' എന്ന പേരിൽ ക്യൂബൻ അഭയാർഥികളെ മുന്നിൽ നിറുത്തി നടത്തിയ ആക്രമണം ദയനീയമായി പരാജയപ്പെട്ടത്, 1986 ലെ സ്പേസ് ഷട്ടിൽ ദുരന്തം , സോളിഡ് റോക്കെറ്റിലെ ഓ-റിങ് അപ്പോഴത്തെ കാലാവസ്ഥയിൽ പിടിച്ചുനിൽക്കാൻവില്ല എന്ന അപായസൂചന അവഗണിച്ചു വിക്ഷേപണവുമായി മുന്നോട്ടുപോയത് തുടങ്ങി ചരിത്രത്തിലെ എണ്ണമില്ലാത്ത മണ്ടൻതീരുമാങ്ങളുടെ പിറകിലും വില്ലൻ ഗ്രൂപ്പ്തിങ്ക്‌തന്നെ.    

ഗ്രൂപ്പിലെ നേതാക്കൾ അംഗങ്ങളുമായി തുറന്നമനസ്സോടെ സംവാദത്തിനു തയാറാകണം. ആദ്യമേ എത്തേണ്ട തീരുമാനങ്ങൾ പറയരുത്, അംഗങ്ങളുടെ അഭിപ്രായത്തിനു പറക്കാനുള്ള സ്ഥലം കൊടുക്കുക. ഏതെങ്കിലും  കാതലായ ചിന്തകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കുകയും അതിനെ തർക്കത്തിൽ എത്തിക്കുകയും ആകാം. ചിലസന്ദർഭങ്ങളിൽ ചെറിയ ഘടകങ്ങളായി ഗ്രൂപ്പിനെ വിഭജിച്ചു ചർച്ചകൾക്ക് കൂടുതൽ ഉത്തേജനം കൊടുക്കാനാവും. ഒരു വാഗ്വാദത്തില്‍ സത്യത്തെ അപഗ്രഥിക്കാന്‍ അനിവാര്യമല്ലാത്ത അല്ലെങ്കില്‍ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കാൻ ഒരാളെ ചുമതലപ്പെടുത്താം.ഗ്രൂപ്പിലില്ലാത്ത ആളുകളോടും അഭിപ്രായം ചോദിക്കാം. അംഗങ്ങളോടു വിമര്‍ശനാത്മകമായ സമീപനം എടുക്കാൻ നിർദേശിക്കാം, ഭിന്നാഭിപ്രായം നിരുത്സാഹപ്പെടുത്തരുത്‌. പരമപ്രധാന തീരുമാങ്ങൾ എടുക്കുമ്പോൾ ഒരു രണ്ടാംവട്ട ചർച്ചക്കും തയാറാവുക. സൃഷ്‌ടിപരതയുള്ള നിർദേശങ്ങളെ പരസ്യമായി അംഗീകരിക്കുകയും, എപ്പോൾ വേണമെങ്കിലും വ്യക്തിപരമായ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള തുറന്ന സമീപനം ഉണ്ടെന്നും അറിയിക്കുക. ഗ്രൂപ്പിലെ വൈവിധ്യം നിരീക്ഷിച്ചു വ്യത്യസ്ഥകാഴ്ചപ്പാടുകളും അറിവുകളും ചിന്തകളും ചർച്ചയിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ഗ്രൂപ്പ്തിങ്ക് ഒഴിവാക്കി തീരുമാനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കും.  

“We are not supposed to all be the same, feel the same, think the same, and believe the same. The key to continued expansion of our Universe lies in diversity, not in conformity and coercion. Conventionality is the death of creation.”

― Anthon St. Maarten,

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS