നഴ്‌സിങ് ആദരം അർഹിക്കുന്ന മേഖല

nurse
SHARE

"ഒരു ജീവിതം രക്ഷപെടുത്തിയാൽ നിങ്ങൾ ഒരു വീരനായി പ്രകീർത്തിക്കപ്പെടും, നൂറുകണക്കിന് ജീവിതങ്ങൾ രക്ഷപെടുത്തിയാൽ നിങ്ങൾ ഒരു നഴ്‌സ് എന്ന പേരിൽ അറിയപ്പെടും." 

പരശുരാമൻ മഴുവെറിഞ്ഞു നേടിയ ഭൂമികയാണ് കേരളക്കരയെങ്കിൽ, ആധുനിക കേരളം വെട്ടിപ്പിടിച്ചതു നന്മയുള്ള ചെറുപ്പക്കാരികൾ സധൈര്യം ആതുരസേവനത്തിനു സമർപ്പിച്ചത് കൊണ്ടാണെന്നു ഏതു ചരിത്രകാരന്മാരും കുറിക്കാതെയിരിക്കില്ല. കേരളക്കരയുടെ സമൂലവികസനത്തിനു നിദാനമായതു സാംസ്‌കാരിക നേതാക്കളുടെ ഇടപെടലുകൾ മാത്രമല്ല; അറപ്പും വെറുപ്പും നിസ്സാരമാക്കി ഏതുനാട്ടിലും ഏതുനേരത്തും കടന്നുചെല്ലാൻ മടികാണിക്കാഞ്ഞ ചില മലയാളിത്തരുണികളുടെ ചങ്കുറ്റവും സഹജീവികളോടുള്ള കരുണയുമാണ്. 

ഇന്ന് ലോകത്തെവിടെയും വളരെ ഡിമാൻഡ് ഉള്ളഒരു തൊഴിലാണ് നഴ്സിങ്. മച്ചിലേക്കു മാത്രം നോക്കിക്കിടക്കുന്ന ആശുപത്രിയുടെ  മടുപ്പിക്കുന്ന ഏകാന്തതയിൽ, വേദനയിൽ നമ്മെതൊട്ടു പരിചരിക്കുന്ന, സുഖവിവരങ്ങൾ അന്വേഷിക്കുന്ന, പരാതികളും പരിഭവങ്ങളും ക്ഷമയോടെ കേൾക്കുന്ന ഒരുകൂട്ടം. നമ്മുടെ നിസ്സഹായ അവസ്ഥയിൽ ഒപ്പം നിൽക്കുന്ന സഹജീവി, അതാണ് നേഴ്‌സ്. കോവിഡ് കാലത്തു മരണത്തെ മുഖാമുഖം കണ്ടുനിൽക്കുമ്പോഴും തളരാതെ തകരാതെ നമ്മോടൊപ്പം നിന്ന അവരെ മറക്കാനാവുമോ?. മാന്യമല്ലാത്ത ഒരു തൊഴിൽ എന്ന പേരിൽനിന്നും ബഹുമാന്യമായ ഒരു തൊഴിലായി ഈ മേഖല വികസിച്ചെങ്കിൽ അതിൽ ചരിത്രത്തിന്റെ നിമിത്തമായ ചില വ്യക്തികളും സാഹചര്യങ്ങളും ഉണ്ട്.

200 ബിസി മുതൽ ഈ തൊഴിൽ അടയാളപ്പെടുത്തിത്തുടങ്ങിയിരുന്നങ്കിലും ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടു വരെ ആദരവ്‌അർഹിക്കുന്ന തരത്തിലായിരുന്നില്ല ഈ തൊഴിൽ മേഖല അറിയപ്പെട്ടിരുന്നത്. പ്രത്യേകിച്ചും യുദ്ധമുഖങ്ങളിൽ ഇവരുടെ സാന്നിധ്യം പടയാളികളും ഡോക്ടറന്മാരും ഗൗരവമായ പരിഗണന കൊടുത്തിരുന്നില്ല. സമർപ്പണം ചെയ്ത ജീവിതം ഉള്ള കന്യാസ്‌ത്രീകളോ, മറ്റൊരു തൊഴിലും ചെയ്യാൻസാധിക്കാത്ത സ്ത്രീകളോ, 'ജയിൽ അല്ലെങ്കിൽ ഇത്' എന്നു തീരുമാനിക്കപ്പെട്ട ജീവിതങ്ങൾ ഒക്കെയാണ് നഴ്‌സ് എന്നപേരിൽ അടയാളപ്പെടുത്തിയിരുന്നത്. പലപ്പോഴും പടയാളികളുടെ ഒപ്പം കിടക്ക പങ്കിടാൻ പാകത്തിൽ നിസ്സാരവത്കരിക്കപ്പെട്ട ജീവിതങ്ങൾ ആയിരുന്നു ഈ തൊഴിൽ ഏറ്റെടുത്തിരുന്നത്. ചാറൽസ് ഡിക്കൻസിന്റെ പിക്‌വിക്ക് പേപ്പേഴ്സ് കോറിയിട്ട തടിച്ച മദ്യപാനിയുടെ ഒരു രൂപസാദൃശ്യമായിരുന്നു നേഴ്‌സ് എന്ന കഥാപാത്രമായി നിറഞ്ഞുനിന്നുരുന്നത്.  

1853 ഒക്ടോബറിൽ തുടങ്ങിയ ക്രിമിയൻ യുദ്ധമാണ് നഴ്‌സിങ് എന്ന തൊഴിലിനെ മാറ്റിമറിച്ചത്. പലസ്ത്യനിലുള്ള ക്രിസ്ത്യാനികളുടെ ഉത്തരവാദിത്തം ഫ്രഞ്ച് കത്തോലിക്ക സമൂഹത്തിനു നൽകാൻ നെപ്പോളിയൻ ബോണപ്പാർട്ടു തുർക്കി സുൽത്താൻ ഒമാർ പാഷയെ സ്വാധീനിച്ചു എന്ന, റഷ്യൻ ഓർത്തഡോൿസ് സഭയുടെ ഭയമാണ് ക്രിമിയൻയുദ്ധത്തിനു ഒരു കാരണം. ബ്ലാക്‌സീയുടെ കരയിൽ ക്ഷയിച്ചുതുടങ്ങിയിരുന്ന ഓട്ടോമൻ സാമ്പ്രാജ്യത്തിൽനിന്നും ക്രിമിയ വികസന തൽപരരായ റഷ്യ പിടിച്ചെടുത്തതിൽ അമർഷംകൊണ്ടു  ബ്രിട്ടനും ഫ്രാൻസും തുർക്കിയോട് ചേർന്ന് റഷ്യൻ അധിനിവേശത്തിനെതിരെ നേരിട്ടു പോരാടി. 

  പക്ഷേ അത് ഒരു എടുത്തുചാട്ടം ആയിരുന്നുവെന്നു മാധ്യമങ്ങൾ എഴുതിപ്പെരുപ്പിച്ചു. ബ്രിട്ടീഷുകാരുടെ എന്നത്തേയും പ്രിയങ്കര കവി ആൽഫ്രഡ്‌ ടെന്നിസൺ "ദി ചാർജ് ഓഫ് ലൈറ്റ് ബ്രിഗേഡ്" എന്ന കവിതയിലൂടെ ബ്രിട്ടീഷ് പടയാളികൾ ക്രിമിയയിൽ നേരിട്ട യാതനകൾ പങ്കുവെച്ചപ്പോൾ ബ്രിട്ടീഷുകാർ മുഴുവൻ ആ വേദന ഏറ്റെടുത്തു. മതിയായ ആശുപത്രി സൗകര്യങ്ങളോ മരുന്നുകളോ ഇല്ലാതിരുന്ന യുദ്ധകാല ആശുപതികൾ മരണത്തിന്റെ വാതിലായിമാറി. ഒപ്പം കോളറയും ടൈഫോയിഡും പടർന്നു യുദ്ധക്കെടുത്തിയേക്കാൾ വലിയ മനുഷ്യക്കുരുതി നിറഞ്ഞ യുദ്ധമുഖം ബ്രിട്ടനിലും ഫ്രാൻസിലും ആഭ്യന്തരഭീതി പടർത്തി. 

ബ്രിട്ടീഷ് യുദ്ധകാല സെക്രെട്ടറി ആയിരുന്ന സിഡ്നി ഹെർബർട്ട് തൻ്റെ സുഹൃത്തായിരുന്ന ഫ്ലോറെൻസ് നൈറ്റിംഗേലിനെ തുർക്കിയിലെ സ്‌ക്യൂട്ടറി ബാരക്‌സിൽ പെട്ടുപോയ പടയാളികളുടെ ശിശ്രൂഷാചുമതല ഏറ്റെടുക്കാൻ നിയോഗിച്ചു. അവിടെനിന്നുമാണ് നേഴ്‌സിങ് എന്ന തൊഴിലിനു മറ്റൊരു മുഖം ഉണ്ടാവുന്നത്. സമ്പന്നമായ ഒരു കുടുംബത്തിൽ നിന്നും ജനിച്ചുവളർന്ന ഫ്ലോറെൻസ് നൈറ്റിംഗേൽ, തനിക്കു നഴ്‌സിംഗ് എന്ന ജോലിമതി എന്ന് വാശിപിടിച്ചപ്പോൾ കുടുംബത്തിൽനിന്നും ശക്തമായ എതിർപ്പുകൾ ഉണ്ടായിരുന്നു. മനുഷ്യ ജീവിതങ്ങളെ കരുതുവാൻ ഒരു ദൈവവിളിഉണ്ടായെന്ന വെളിപ്പെടുത്തലിൽ ആണ് കുടുംബം മുട്ടുമടക്കിയത്. പിന്നീട് ജർമനിയിൽ പോയി ആതുരസേവനരംഗത്തെക്കുറിച്ചു പഠിച്ചു. കണക്കിലും വിവിധ ഭാഷകളിലും, സാഹിത്യത്തിലും അവർ നിപുണയായിരുന്നു. 

സ്‌ക്യൂട്ടറിബാരക്കിലെ കാര്യങ്ങൾ കൈവിട്ടനിലയിൽ ആയിരുന്നു. മുറിവേറ്റുവന്ന പടയാളികൾ തൊഴുത്തിലെ  കന്നുകാലികളുടെ അവസ്ഥയിൽ ആയിരുന്നു. ഏതുസമയത്തും മരണം പ്രതീക്ഷിച്ചു ഭയപ്പെടുന്നവരും നരകത്തിൽനിന്നും രക്ഷപെടാൻ മരണത്തെകൊതിച്ചു കഴിയുന്നവരും. വൃത്തിഹീനമായ ബാരക്കുകളിലൂടെ എലികൾ നൃത്തംചെയ്തു; അവയുടെ വിസർജ്യങ്ങളും അതിന്റെ രൂക്ഷഗന്ധവും തളംകെട്ടിനിന്ന ആശുപത്രി ചുറ്റുപാടുകൾ, ഒപ്പം കോളറയും ടൈഫോയിഡും. ഡോക്ടർമാർ നേർസന്മാർക്ക് ഒട്ടും വിലകല്പിച്ചില്ല, അവർക്കുമതിയായ പരിശീലങ്ങളോ മാനദണ്ഡങ്ങളോ അതുവരെ കൊടുത്തിരുന്നില്ല. 

സ്‌കൂട്ടറിയിലെ ആദ്യത്തെ ശൈത്യകാലത്തു 4,077 സൈനികർ മരിച്ചു. അതിലേറെ പേർ ടൈഫോയ്‌ഡും കോളറയും പിടിച്ചു മരിച്ചു. നൈറ്റിംഗേലിന്റെ ശക്തമായ പ്രവർത്തനം കൊണ്ട്, മരണനിരക്ക് 42 ശതമാനത്തിൽനിന്നും  2 ശതമാനായി കുറയ്ക്കാനായി. അതുവരെയുണ്ടായിരുന്ന ഉദ്യോഗസ്ഥ ചുവപ്പുനാടകൾ അവർ തല്ലിത്തകർത്തു. ആരോഗ്യമേഖലയിൽ സ്ഥിതിവിവരക്കണക്കുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം, ആരോഗ്യപ്രവർത്തകർ നിരന്തരം കൈകഴുകുക, ഏറ്റവും ശുചിയും വൃത്തിയുമുള്ള മുറികൾ, രോഗികളുടെ മാനസീക പ്രശനങ്ങൾ കൂടി പരിചരണത്തിന്റെ ഭാഗം ആക്കുക തുടങ്ങി നഴ്‌സിങ് മേഖലയെ അപ്പാടെ അവർ പുതുക്കിപ്പണിതു. ഇതൊക്കെ ക്ര്യത്യമായി അധികാരികൾക്കും മാധ്യമങ്ങൾക്കും അവർ നിരന്തം അറിയിച്ചുകൊണ്ടിരുന്നു. ആരോഗ്യസേവന രംഗത്തു യോഗ്യതയില്ലാത്ത ഒരാളെപ്പോലും അവർ വച്ചുപൊറുപ്പിച്ചില്ല. എല്ലാത്തിനും ഒരു ക്ര്യത്യതയും സൂക്ഷ്മതയും യോഗ്യതയും നിർബന്ധമാക്കി. ഡോക്ടറന്മാർക്ക് നേഴ്സിനോടുള്ള മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നുതുടങ്ങി. നേഴ്സിങ് മേഖലയെ സമ്പൂർണ്ണമായി പരിഷ്കരിക്കുവാനും അവരെ ആരോഗ്യപരിപാലനത്തിന്റെ മുഘ്യധാരയിൽ ഉയർത്തിക്കാണിക്കാനും നൈറ്റിംഗ്ഗേലിനു കഴിഞ്ഞു. അങ്ങനെ ആധുനിക നഴ്‌സിംഗ് സംവിധാനത്തിന്റെ ശില്പിയായി അവരെ ചരിത്രം ഉയർത്തി.  

രാത്രിയിൽ ഒരു വിളക്കുമായി ഓരോ രോഗിയുടെയും അടുത്തുചെന്നു വിശേഷങ്ങൾ ചോദിക്കാനും അവരോടു  വീടുകളിലേക്ക് കത്തുകൾ അയക്കാനും നൈറ്റിങ്ങ്ഗേൽ ോഗികളായുള്ള പടയാളികളോടു ആവശ്യപ്പെട്ടു. അവരൊക്കെ വിളക്കേന്തിയ ആ മാന്യയെക്കുറിച്ചു വീടുകളിൽ അറിയിച്ചു. നിരാശ തളംകെട്ടിനിൽക്കുന്ന രാത്രിയുടെ യാമങ്ങളിൽ വിളക്കിൽനിന്നും ഉതിരുന്ന ചെറുപ്രകാശത്തിൽ, കുലീനത തുടിക്കുന്ന കരുണയുടെ ആ മുഖം പിന്നെ ആ തൊഴിലിന്റെ മുഖമായിമാറി.അങ്ങനെ വിളക്കേന്തിയ വനിത ബ്രിട്ടന്റെ ഹീറോ ആയി. അവർ വഹിച്ചിരുന്ന വിളക്കാണ് ആധുനിക നേഴ്‌സിംഗ് മേഖലയെ സമൂലം പരിഷ്കരിച്ചതും നേഴ്സിങ് എന്ന തൊഴിൽ മാന്യമായ ഒരു തൊഴിൽ എന്ന രീതിയിൽ അംഗീകരിക്കപ്പെട്ടതും.  

മഹാമാരി മൂലം വിപ്ലവകരമായ ഒരു മാറ്റത്തിന്റെ മധ്യത്തിലാണ് ഇന്ന് ഈ തൊഴിൽമേഖല. നേഴ്‌സിംഗ് മേഖലയിലെ വിദ്യാഭ്യാസയോഗ്യതയും തൊഴില്‍പരമായ നിലവാരവും പടിപടിയായി ഉയർന്നു. കേവലം പരിചരണനം എന്ന പരിമിതമായ മേഘലയിൽനിന്നും സമഗ്രമായ ചികിത്സാസംബന്ധിയായ ഔപചാരിക യോഗ്യത നേടേണ്ട ഇടമായിമാറി.അമേരിക്കയിൽത്തന്നെ ഇപ്പോൾ 2,600 ലധികം കോളേജുകളും യൂണിവേർസിറ്റികളും നേഴ്‌സിംഗ് പഠിപ്പിക്കുന്നു. ASN, BSN, RN, NP, DNP, PhD ഒക്കെയായി നിരവധി പഠന മേഖലകൾ. കഴിഞ്ഞ 18 വർഷമായി ഗാലോപ്പ്പോൾ  നടത്തിയ വിവരശേഖരണത്തിൽ, സത്യസന്ധതയുടെയും ധാര്‍മ്മികമായ നിലവാരത്തിൻറെയും കാര്യത്തിൽ നേഴ്‌സിംഗ്ജോലി വളരെ ഉയരത്തിലാണ്. ജോലിയുടെ ഭാരക്കൂടുതലും പിരിമുറുക്കങ്ങളും കൊണ്ട് അനുഭവപരിചയമുള്ള 500,000 നേഴ്‌സസ് വിരമിക്കും അതുകൊണ്ടു 1.1 മില്യൺ പുതിയ RN തൊഴിൽ മേഖലയിൽ എത്തിയില്ലെങ്കിൽ നഴ്‌സസ് അപര്യാപ്തത ഉണ്ടാവും എന്നാണ് യുഎസ് ബ്യുറോ ഓഫ് ലേബർ സ്റ്റാറ്റിറ്റിക്‌സ് കണക്കുകൂട്ടുന്നത്. 

വേൾഡ് ഹെൽത്ത് ഓർഗനൈസിഷൻ റിപ്പോർട്ട് ചെയ്യുന്നത്, 2030 ആകുമ്പോഴേക്കും ലോകത്തിൽ അനുഭവസമ്പത്തുള്ള 5.7 മില്യൺ നേർസുകളുടെ നിര്‍ണ്ണായകമായ അഭാവം ഉണ്ടാവുമെന്നാണ്പറയപ്പെടുന്നത് . നേഴ്‌സിംഗ് തൊഴിൽ മേഖലയയിലെ ഏതാണ്ട് 25 ശതമാനം പേരും വിദേശത്തുനിന്നും പഠിച്ചവരാകും എന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയുടെയും യുറോപ്പിലെയും തൊഴിൽ മേഖലയിൽ ഇവർ കടന്നുവരും. കുറവ് നികത്തുവാനായി നേഴ്‌സ് അനുപാതം മാറ്റുന്നതനുസരിച്ചു ഈ തൊഴിൽമേഖലയിൽ വിശ്വസ്തത കുറയുകയും ആരോഗ്യരംഗത്തു വൻതകർച്ചയും ഉണ്ടാവാം. അതുകൊണ്ടു നഴ്സിങ് എന്ന തൊഴിൽ ശക്തമായ സാന്നിധ്യമായി തുടരും.      

ചരിത്രത്തിൽ നിന്നും നാം എന്തുപഠിച്ചു?, നാം എവിടെവരെ കടന്നുചെന്നു? നമ്മുടെ ഭാവിയെ നമുക്ക് എങ്ങനെ കരുപ്പിടിപ്പിക്കാൻ ആകും? ഇതൊക്കെ ഈ തൊഴിൽരംഗം നിരന്തരം ഉയർത്തുന്ന വെല്ലുവിളികളാണ്. 

"Nurse: just another word to describe a person strong enough to tolerate anything and soft enough to understand anyone."

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS