സുറിയാനി: അറബി മലയാളത്തിലെ സംഗീതത്തിന്റെ നിറസാന്നിധ്യം

mn-karassery
SHARE

സംസ്കാരങ്ങൾ കൊടുക്കൽവാങ്ങലുകളിലൂടെയാണ് വളരുന്നത്, ഭാഷകളുടെ സങ്കലനങ്ങൾ നാം അറിയാതെതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. രണ്ടു അതുല്യ പ്രതിഭകൾ, അവർ സമർപ്പിച്ച ഭാഷകൾക്ക് ഒരു ഏകതാരൂപമുണ്ട്. ഫാദർ ജോസഫ് പാലക്കൽ, വെസ്റ്റേൺ സിറിയൻ ഭാഷയുടെ ആധികാരികമായ സ്രോതസ് എന്ന് വിശേഷിപ്പിക്കാം, ഇന്ത്യൻ മുസിയോളോജിക്കൽ സൊസൈറ്റിയുടെ ഫൗണ്ടർ  പ്രസിഡന്റ് കൂടിയാണ്, ന്യൂയോർക്കിൽ സേവനം അനുഷ്ഠിക്കുന്നു. മലയാളികളുടെ ഇടയിൽ പരിചയപ്പെടുത്തലിന് ആവശ്യമായില്ലത്ത എം. എൻ. കാരശ്ശേരി, മലയാള ഭാഷയിൽമാത്രമല്ല, അറബിക് ഭാഷയിലും സാംസ്കാരിക ഇടപെടലുകളിലും തനതായഇടം കണ്ടെത്തിയ പ്രതിഭ. ഇവരുടെ സംസാരം ശ്രദ്ധിക്കുക. മതത്തിനും ഭാഷയ്ക്കും, സംസ്കാരത്തിനും, ഇടയിൽ നേർത്ത സുഷുമ്നാ നാഡിപോലെ തുടിച്ചുനിൽക്കുന്ന സംഗീതത്തിന്റെ ഇരമ്പൽ, അതാണ് കണ്ടെത്തപ്പെടുന്നത്.  

സുറിയാനി ഭാഷ-അറബിക് ഭാഷാ ഉപയോഗത്തിൽ എന്തോ ഒരു ഏകതാസ്വരൂപം കാണാറുണ്ട്. സുറിയാനിയിൽ കുർബാന തുടങ്ങുന്നതിനുമുൻപ് വൈദികൻ ജനത്തോടു അനുവാദം ചോദിക്കുന്ന തുബ്‌ദനാഹോൻ എന്ന ഗാനവും അറബിയിൽ പ്രാർഥനയ്ക്കു ക്ഷണിക്കുന്ന വിളിയുടെ  ഈണത്തിലും ഒരു ഏകത കാണാറുണ്ട്. അറബിക്കവിതകളിൽ വാൽക്കമ്പി എന്നു വിളിക്കപ്പെടുന്ന അന്ത്യാക്ഷരപ്രാസം നിലവിലുണ്ട്. ദ്രാവിഡ പ്രാദേശിക ഈണവും അറബിക് കവിതകളുടെ താളവുമുള്ള മിശൃതമാണ്‌ മാപ്പിളപ്പാട്ടുകളെ മനോഹരമാക്കുന്നത്. 

മലബാർ തീരത്ത്, പ്രധാനമായും ആയിരക്കണക്കിന് ആളുകൾ അറബി മലയാളം സംസാരിക്കുന്നു. ഈ രൂപത്തെ വടക്കൻ കേരളത്തിലെ ഒരു പ്രാദേശിക ഭാഷാഭേദം അല്ലെങ്കിൽ മാപ്പിള സമുദായത്തിന്റെ ഒരു വർഗ്ഗം അല്ലെങ്കിൽ തൊഴിൽ ഭാഷ എന്നിങ്ങനെ തരംതിരിക്കാം.  മാപ്പിള ഉൾപ്പെടെ മലയാള ഭാഷയുടെ എല്ലാ രൂപങ്ങളും പരസ്പരം മനസ്സിലാക്കാവുന്നവയാണ്. അറബി ലിപി ഉപയോഗിച്ച് മലയാളം എഴുതിയാണ് അറബി മലയാളം ഉണ്ടാക്കിയത്. കേരളത്തിൽ ഇസ്‌ലാമിന്റെ ആശയങ്ങളും അനുഷ്ഠാനങ്ങളും പ്രചരിപ്പിക്കുന്നതിനാണ് മലയാളം പ്രധാനമായും ഉപയോഗിച്ചിരുന്നത്. അറബി മലയാളം സൃഷ്ടിച്ചത് കേരളത്തിലേക്ക് കുടിയേറിയ അറബികൾക്ക് ഭാഷാ തടസ്സമില്ലാതെ മതം പ്രചരിപ്പിക്കാൻ എളുപ്പമാക്കി.

ഭാഷകൾ തമ്മിലുള്ള ലയനത്തിനും, മനസ്സിലാക്കുവാനും ഉതകുന്ന ഭാഷാവ്യാകരണങ്ങൾ മലയാളത്തിൽ കൊണ്ടുവന്നത് മിഷനറിമാരാണ്. സുറിയാനിഭാഷ മലയാളത്തിൽ മനസ്സിലാക്കാൻ കർഷോണി എന്ന സുറിയാനിമലയാളം നിലവിലുണ്ടായിരുന്നു. അതുപോലെതന്നെ അറബിമലയാളത്തിലും അറബിലിപികളിൽ പെടാത്ത ചിലകൂടിച്ചേർക്കലുകൾ ഉണ്ടയിട്ടുണ്ട്. അറബിമലയാളത്തിൽ ആദ്യത്തെ കൃതി 'മുഹിയുദ്ദീൻമല' രചിച്ചത് 1607 ഇൽ കോഴിക്കോട്ടുകാരൻ ഖാദി മുഹമ്മദാണ്. മുഹിയുദ്ദീൻമല, മാപ്പിള മുസ്‌ലിംകളുടെ ഭക്തിപരമായ സ്വഭാവത്തെ മാറ്റിമറിച്ച കൃതി മാത്രമല്ല, പ്രാദേശിക-ജനപ്രിയ കാവ്യ വ്യവഹാരത്തിലേക്കുള്ള പരിവർത്തനത്തെ സഹായിക്കുകയും ചെയ്തു. അറബിമലയാളത്തിൽ ഈസാമസി എന്ന ക്രിസ്തുചരിത്രം ഉണ്ടായിട്ടുണ്ട്. 

കർഷോണി, സിറോ-മലബാറിക്ക എന്നും അറിയപ്പെടുന്ന സുറിയാനി മലയാളം, സുറിയാനി അക്ഷരമാലയുടെ ഒരു വ്യത്യസ്‌ത രൂപത്തിൽ എഴുതിയ മലയാളത്തിന്റെ ഭാഷാഭേദമാണ്. സെമിറ്റിക് ഭാഷയ്ക്ക് വേണ്ടി രൂപകൽപന ചെയ്ത സുറിയാനി അക്ഷരമാല ഉപയോഗിച്ച് മലയാളം എഴുതുന്നതിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മലയാളത്തിന്റെ 53 ലധികം സ്വരസൂചകങ്ങൾ വിവർത്തനം ചെയ്യുന്നതിനായി കിഴക്കൻ സുറിയാനി അക്ഷരവിന്യാസത്തിൽ നിന്ന് 22 അക്ഷരങ്ങൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. രണ്ട് ഭാഷകളും മതപരമായ കാരണങ്ങളല്ലാതെ ഒരു തരത്തിലും പരസ്പരം ബന്ധപ്പെട്ടിട്ടില്ല. അധിക അക്ഷരങ്ങൾ സൃഷ്ടിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. (വിക്കിപീഡിയ). 

മാർ തോമസ് പാറേമ്മാക്കലിന്റെ പ്രസിദ്ധമായ യാത്രാവിവരണം "വർത്തമാനപുസ്തകം" എഴുതിയത് കർഷോണിയിലാണ്. "റ", "ത", "ഴ", "ന" തുടങ്ങിയ ശബ്ദങ്ങൾക്കായാണ് അക്ഷരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കിഴക്കൻ സുറിയാനിയിൽ വ്യഞ്ജനാക്ഷരങ്ങൾ (ഇരട്ട) ഇല്ലാത്തതിനാൽ, ഇരട്ടയെ സൂചിപ്പിക്കാൻ അക്ഷരത്തിന് കീഴിൽ ഒരു ചെറിയ വരി സ്ഥാപിച്ചിരിക്കുന്നു. സുറിയാനിയും കർഷോണിയുടെ ചേർത്ത അക്ഷരങ്ങള്‍ അറിയാവുന്ന ഒരാൾക്ക് കർഷോണി എളുപ്പത്തിൽ വായിക്കാൻ കഴിയണം. ചേർത്ത അക്ഷരങ്ങൾ ഒഴികെ, കർഷോണി ലിപിയും കിഴക്കൻ സുറിയാനി ലിപിയും സമാനമാണ്. 

ഈശോ (യേശു), പെസഹാ (പെസഹാ), നസ്രാനി (ക്രിസ്ത്യൻ), ഖുദാശ (കൂദാശ), മാമോദിസ (സ്നാനം), സ്ലീവ (കുരിശ്), കുർബാന (ബലിയർപ്പണം), മഷിഹ (അഭിഷേകം) തുടങ്ങി നിരവധി വാക്കുകൾ കിഴക്കൻ സുറിയാനിയിൽ നിന്ന് മലയാളം കടമെടുത്തിട്ടുണ്ട്.  റൂഹ (ആത്മാവ്), അബ/അപ്പൻ (പിതാവ്), മാർ (കർത്താവ്), ദുഖ്‌റാന (സ്മരണ), മാലാഖ (മാലാഖ) തുടങ്ങിയവ. (Quroa- മെൽവിൻ ജോർജ്ജ്).

വാക്കുകളേക്കാൾ ആളുകളിൽ ഭക്തിഉണർത്തുന്നത് ഈണമാണ്. വാക്കുകളുടെ അർഥമല്ല, ഭാവമാണ് പ്രധാനം. ഭാവം കൊണ്ടുവരാൻ ഈണത്തിനു സാധിക്കും. മലയാള പദ്യങ്ങളിൽ തമിഴ് ഭാഷാസ്വാധീനം ഉണ്ടായിട്ടുണ്ട്, അത് ചില ക്രിസ്തീയ ഗാനങ്ങളിലും മാപ്പിളപ്പാട്ടുകളും കാണുവാനാകും. പാരമ്പര്യം ഓരോ ഭാഷയ്ക്കും മതിപ്പുകൂട്ടും. ധാരാളം അറബിവാക്കുകൾ മലയാളത്തിൽ ചേക്കേറിയിട്ടുണ്ട്. ലത്തീൻ സ്വാധീനത്തിൽ വിവിധ സുറിയാനി പാട്ടുകൾ ദേശീയതാളങ്ങൾ ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെട്ടിട്ടുണ്ട്.  

വൈക്കം മുഹമ്മദ് ബഷീർ എഴുത്തുകാരനിലേറെ സംഗീതസ്നേഹിയായിരുന്നു. സംഗീതം മാത്രമാണ് കല എന്നദ്ദേഹം പറയുമായിരുന്നു. മനുഷ്യന്റെ ശോകം ആവിഷ്കരിക്കാൻ സംഗീതത്തിനു മാത്രമേ സാധിക്കുകയുള്ളൂ. വളരെ ആരോഗ്യകരമായ സംസ്കാര സങ്കലനം നമ്മുടെ ഇടയിൽ നിലനിന്നിരുന്നു. ഞാൻ നിന്നിൽനിന്നും വ്യത്യസ്ഥനാണ് എന്നു സ്ഥാപിക്കുവാൻവേണ്ടി ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ പത്തുശതമാനം എങ്കിലും ഞാനും നീയും ഒരേ സംസ്ക്കാരവും ഒരേ പാരമ്പര്യങ്ങളും ഉൾകൊള്ളുന്ന ആളാണ് എന്ന് വിചാരിച്ചൂന്നെങ്കിൽ എത്ര നന്നായിരുന്നു. ആളുകളെ തമ്മിൽ അടുപ്പിക്കുന്നത് തത്വചിന്തയേക്കാൾ ഏറെ സംഗീതമാണ്. അതുകൊണ്ടായിരിക്കാം എല്ലാ ദേവാലയങ്ങളിലും സംഗീതം ഉപയോഗിക്കുന്നത്.  

ടെഹറാൻ റേഡിയോയിലെ ഖുർആൻ പറയണം കേട്ടിട്ടാണ് ദൈവവിശ്വാസത്തിലേക്ക് തിരികെ എത്തിയെന്നു കവി അക്കിത്തം അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നുണ്ട്. അറബിഭാഷ അദ്ദേഹത്തിനറിയില്ല, എന്നാൽ പാരായണത്തിലുള്ള ഭക്തിയാണ് അദ്ദേഹത്തിന്റെ മനസ്സിനെ സ്വാധീനിച്ചത്. വാക്കിന്റെ അർത്ഥമല്ല പാടുന്നത്, അതിന്റെ ഭാവമാണ് പാടുന്നത്. മനുഷ്യൻ സൃഷ്ട്ടിച്ച ഏറ്റവും വലിയ കലാരൂപമാണ് സംഗീതം.

ഫാദർ ജോസഫ് പാലക്കലും എം. എൻ. കാരശ്ശേരിയുമായുള്ള സംഭാഷണം ശ്രദ്ധിക്കുക:

കലാവേദി വാൽക്കണ്ണാടി Ep-35 Prof. MN Karassery & Fr. Joseph Palackal Part-2

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS