ഡൊണാൾഡ് ട്രംപും അലക്സാണ്ടർ ഹാമിൽട്ടണും

USA-TRUMP/NEW YORK
SHARE

ഉച്ചസവാരിക്കു ഒരു ന്യൂയോർക്ക് പോസ്റ്റ് പത്രവും പത്തുഡോളർ നോട്ടും എടുത്തു നടന്നു. വോൾസ്ട്രീറ്റിലെ ട്രിനിറ്റി പള്ളി ലക്ഷ്യമാക്കിയാണ് നടത്തം. അൽപ്പം നന്നായി തണുക്കുന്നുണ്ടായിരുന്നു, എന്നാലും മനസ്സിൽ ഈർപ്പമുള്ള ആശങ്കയും. അലക്സാണ്ടർ ഹാമിൽട്ടൻ അന്ത്യനിദ്ര കൊള്ളുന്ന ശ്മശാനത്തിൽ പഴകിയതും പൊളിഞ്ഞു തുടങ്ങിയതുമായ കല്ലറ നോക്കി അങ്ങനെ കുറച്ചുസമയം നിന്നു. 

പ്രസിഡന്റ് ട്രംപ് ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടാവുന്ന സാഹചര്യം ന്യൂയോർക്കിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ അസ്വസ്ഥമായിരുന്നു മനസ്. 2016 ലെ പ്രസിഡൻഷ്യൽ ക്യാംപെയിനിടെ വിവാഹേതര ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ നിശബ്ദമാക്കുന്നതിനു ലൈംഗിക തൊഴിലാളിയായ സ്റ്റോർമി ഡാനിയൽസിനു നൽകിയ പണമിടപാടുകളെ കേന്ദ്രീകരിച്ചാണു ചാർജുകൾ. തെറ്റു നിഷേധിക്കുകയും അന്വേഷണത്തെ ആവർത്തിച്ച് ആക്രമിക്കുകയും ചെയ്ത ട്രംപ്, കുറ്റാരോപണത്തെ 'രാഷ്ട്രീയ പീഡനം' എന്ന് വിളിക്കുകയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. 

അപ്പോൾ അമേരിക്കയുടെ രാഷ്ട്രശില്പികളിൽ ഒരാളുടെ അദൃശ്യ സാന്നിധ്യം അൽപ്പം ശാന്തി തരാതെയിരിക്കില്ല എന്നു കരുതി. പക്ഷേ ഹാമിൽട്ടന്റെ ജീവിതത്തിലൂടെ ഒന്നു കണ്ണോടിച്ചപ്പോൾ, ട്രംപിനെക്കാൾ തീപിടിച്ച ജീവിതങ്ങളായിരുന്നു അമേരിക്കയുടെ ആദ്യകാല നേതാക്കൾക്കുണ്ടായിരുന്നതെന്ന അറിവ് ഞെട്ടിച്ചു.

അലക്സാണ്ടർ ഹാമിൽട്ടൺ

അലക്സാണ്ടർ ഹാമിൽട്ടൺ അമേരിക്കയുടെ സ്ഥാപക പിതാക്കളിൽ ഒരാളാണ്. അമേരിക്കൻ വിപ്ലവ യുദ്ധത്തിൽ പോരാടി, ഭരണഘടനയുടെ കരട് തയ്യാറാക്കാൻ സഹായിച്ചു, ട്രഷറിയുടെ ആദ്യ സെക്രട്ടറിയായി, അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥാപകനും മുഖ്യ ശിൽപ്പിയും ആയി, യുഎസ് രാഷ്ട്രീയ പാർട്ടിക്ക് പ്രചോദനമായി തുടങ്ങി നിരവധി വിശേഷണങ്ങൾ അദ്ദേഹത്തിന് മുന്നിൽ ചാർത്താനുണ്ട്. 

hamilton
അലക്‌സാണ്ടർ ഹാമിൽട്ടൺ

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ വലിയ വിപ്ലവം അദ്ദേഹം സൃഷ്ടിച്ചിരുന്നു. ഡോളർ 10 നോട്ടിൽ യുവി ലൈറ്റ് പ്രകാശിക്കുമ്പോൾ ഓറഞ്ച് നിറത്തിൽ തിളങ്ങുന്ന സുരക്ഷാ ത്രെഡ് ഉൾപ്പെടുന്നു. വെളിച്ചം പിടിക്കുമ്പോൾ, ട്രഷറി സെക്രട്ടറി അലക്സാണ്ടർ ഹാമിൽട്ടന്റെ ഒരു പോർട്രെയ്റ്റ് വാട്ടർമാർക്ക് നോട്ടിന്റെ ഇരുവശത്തുനിന്നും ദൃശ്യമാണ്. അമേരിക്കയുടെ സാമ്പത്തിക ഭാവിയിലേക്ക് ഉജ്ജ്വലമായി ട്യൂൺ ചെയ്യപ്പെട്ട തന്റെ തനിസ്വരൂപം, മനസ്സിന്റെ ഐക്യം, അപൂർവമായ ഒരു ജന്മമായിരുന്നു അലക്സാണ്ടർ ഹാമിൽട്ടൺ. 

1755 ൽ ബ്രിട്ടീഷ് വെസ്റ്റ് ഇൻഡീസിലാണു ജനനം. ഒരു വലിയ ജീവിതം കേവലം 47 വർഷങ്ങൾകൊണ്ട് പൂർത്തിയാക്കി 1804 ഇൽ വൈസ് പ്രസിഡന്റ് ആരോൺ ബറുമായുള്ള ദ്വന്ദ്വയുദ്ധയുത്തിൽ കൊല്ലപ്പെട്ടു. അനാഥമായ ബാല്യവും കൗമാരവും വകവെച്ചില്ല അദ്ദേഹം. ആത്മവിശ്വാസവും സമർഥ്യവും ഉറച്ചനിലപാടുകളും കൊണ്ട് അമേരിക്കയുടെ പ്രഥമ പ്രസിഡന്റ് ജോർജ് വാഷിങ്ടന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി. കടുത്ത വായനയുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ഇന്നത്തെ രാഷ്ട്രീയ സാമ്പത്തിക ഉന്നതിയുടെ അടിത്തറപാകാൻ അദ്ദേഹത്തിന്റെ കൈകൾക്കായി. 

അമേരിക്കയുടെ അടിസ്ഥാനശില നിർമിക്കുന്നതിൽ അദ്ദേഹത്തിന്റെ ഭരണപ്രതിഭ തിളങ്ങി. വിദേശനയത്തിൽ അദ്ദേഹം ഒരു യാഥാർത്ഥ്യവാദിയായിരുന്നു, സ്വാർത്ഥതാൽപ്പര്യമാണ് രാജ്യത്തിന്റെ ധ്രുവനക്ഷത്രം എന്നു വിശ്വസിച്ചു. കൃതജ്ഞത, ദയ, ധാർമിക തത്വങ്ങൾ എന്നിവയുടെ ചോദ്യങ്ങൾ അപ്രസക്തമായിരുന്നു. അതൊക്കെയാണ് ഇന്നും അമേരിക്കയുടെ മേധാവിത്വത്തിന്റെ സിമന്റും ഇരുമ്പും. 

വിനാശകരമായ വ്യക്തിപരമായ ഏറ്റുമുട്ടലുകളിലേക്ക് അദ്ദേഹത്തെ നയിച്ച അതിമോഹത്തിന്റെയും അസൂയയുടെയും ആവേശത്തിന്റെയും പരമ്പരകളാണ് ജീവചരിത്രകാരന്മാർക്ക് അദ്ദേഹത്തെ കൗതുകകരമായി മാറ്റുന്നത്. 1781 ൽ ജോർജ് വാഷിങ്ടനുമായി അസ്വാരസ്യങ്ങളുണ്ടായെങ്കിലും ഭാഗ്യവശാൽ അദ്ദേഹത്തിനു ഒരു ദോഷവും വരുത്തിയില്ല. 1791 ലാണു പരസ്ത്രീബന്ധം അദ്ദേഹത്തെ ബ്ലാക്ക് മെയിലിംഗിന് തുറന്നുകൊടുത്തത്. 1800 ൽ ഫെഡറലിസ്റ്റ് സാധ്യതകളെ നശിപ്പിക്കുന്ന ആഡംസിനെതിരായ ആക്രമണം, ഒരുപക്ഷേ അദ്ദേഹം മരിച്ച ദ്വന്ദ്വയുദ്ധം പോലും. 

ദേശീയവാദി

അമേരിക്കയിലെ ആദ്യത്തെ മികച്ച ദേശീയവാദികളിൽ ഒരാളായിരുന്നു ഹാമിൽട്ടൺ. അവിഭാജ്യ രാഷ്ട്രത്തിൽ അദ്ദേഹം വിശ്വസിച്ചു. അവിടെ ജനങ്ങൾ തങ്ങളുടെ വിശ്വസ്തത ഒരു സംസ്ഥാനത്തിനല്ല, രാഷ്ട്രത്തിനാണ് നൽകുന്നത്. യാഥാസ്ഥിതികനാണെങ്കിലും മാറ്റങ്ങളെയോ പരീക്ഷണങ്ങളെയോ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല. അത്ര ജനാധിപത്യവാദിയായിരുന്നില്ല അദ്ദേഹമെന്ന് പറയാറുണ്ട്. സ്വത്തിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠ വലുതായിരുന്നു. സ്വകാര്യ സ്വത്ത് പവിത്രമാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക, നയതന്ത്ര പദ്ധതികളെല്ലാം യൂണിയനെ ശക്തമാക്കുന്നതിനു വേണ്ടിയായിരുന്നു. ഹാമിൽട്ടണിന്റെ ഏറ്റവും ശാശ്വതമായ സ്മാരകം യൂണിയനായിരുന്നു. കാരണം അതിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ആശയങ്ങളിൽ അധിഷ്ഠിതമായിരുന്നു.

വാഷിങ്ടനെപ്പോലെ ഹാമിൽട്ടണും ആദ്യകാല ദേശീയ പാർട്ടികളുടെ ആഭിർഭാവത്തെ കറുത്ത കണ്ണുകളിലൂടെയാണ് കണ്ടത്. അതു വെറും ക്രമക്കേടും അസ്ഥിരതയും മാത്രമാണെന്നപ കുറ്റപ്പെടുത്തി. പാർട്ടിക്ക് അതീതരായ ഉന്നതവ്യക്തികളുടെ സർക്കാർ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ഫെഡറലിസ്‌റ്റ് പാർട്ടിയുടെ നേതാവായി. ഹാമിൽട്ടൺ ആ പാർട്ടിയുടെ തലപ്പത്ത് സ്വയം പ്രതിഷ്ഠിച്ചു. കാരണം അദ്ദേഹത്തിനു സംഘടിത രാഷ്ട്രീയ പിന്തുണയും എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ ശക്തമായ നേതൃത്വവും ആവശ്യമായിരുന്നു. ജനപ്രതിനിധി സഭയിലെ അംഗമായ ജെയിംസ് മാഡിസണും സ്റ്റേറ്റ് സെക്രട്ടറി തോമസ് ജെഫേഴ്സണും ചേർന്ന് സൃഷ്ടിച്ച റിപ്പബ്ലിക്കൻ പാർട്ടി (പിന്നീട് ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടി) ആയിരുന്നു ഹാമിൽട്ടോണിയക്കാരെ വെല്ലുവിളിച്ച രാഷ്ട്രീയ സംഘടന. വിദേശകാര്യങ്ങളിൽ ഫെഡറലിസ്റ്റുകൾ ഇംഗ്ലണ്ടുമായി അടുത്ത ബന്ധത്തെ അനുകൂലിച്ചു. അതേസമയം റിപ്പബ്ലിക്കൻമാർ ഫ്രാൻസുമായുള്ള പഴയ ബന്ധം ശക്തിപ്പെടുത്താൻ ഇഷ്ടപ്പെട്ടു. 

പൊള്ളുന്ന ഊമക്കത്തുകൾ രാഷ്ട്രീയ നിലം ഉഴുതുമറിച്ചു. പലതും ഹാമിൽട്ടൺ ആണ് എഴുതിവിട്ടതെന്നു പിന്നീട് മനസിലായി. തോമസ് ജെഫേഴ്സണും ആരോൺ ബറും ഒക്കെ ശത്രുപാളയത്തിൽ നിലയുറപ്പിച്ചു. അവർ തിരഞ്ഞെടുപ്പിൽ വിജയിച്ചു. അവിടെ ചില തറക്കളികൾ നടത്തിയെന്ന ആരോപണത്തിന്റെ മധ്യത്തിൽ ഹാമിൽട്ടൺ സ്വന്തം പാർട്ടിക്കുള്ളിൽ അന്തസ്സ് നഷ്ടപ്പെടുകയും ഫലത്തിൽ തന്റെ പൊതുജീവിതം അവസാനിപ്പിക്കുകയും ചെയ്തു. ‌

ന്യൂയോർക്ക് പോസ്റ്റ്

അമേരിക്കയിലെ ഏറ്റവും പഴയ ദിനപത്രം സ്ഥാപിച്ചത് അലക്സാണ്ടർ ഹാമിൽട്ടനാണ്. 218 വർഷങ്ങൾക്ക് ശേഷവും ഹാമിൽട്ടന്റെ ന്യൂയോർക്ക് പോസ്റ്റ് അതിന്റെ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ട്രഷറിയുടെ ആദ്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു ഹാമിൽട്ടൺ. നികുതി സമ്പ്രദായം നടപ്പിലാക്കുകയും രാജ്യത്തിന്റെ കടം കൈകാര്യം ചെയ്യുകയും യുഎസ് മിന്റ്, ബാങ്ക് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്, യുഎസ് കോസ്റ്റ് ഗാർഡ് എന്നിവ സ്ഥാപിക്കുകയും ചെയ്തു അദ്ദേഹം. 

യഥാർത്ഥ ബാങ്ക് ഓഫ് ന്യൂയോർക്ക് 1784 ൽ അലക്സാണ്ടർ ഹാമിൽട്ടൺ സ്ഥാപിച്ചു. 1791 ൽ ചാർട്ടേഡ് ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സിനു ലഭിച്ച ആദ്യത്തെ വായ്പ സുരക്ഷിതമാക്കുന്നതിൽ ഇതു പ്രധാന പങ്കുവഹിച്ചു. ബാങ്കിന്റെ മറ്റു വായ്പകൾ എറി കനാലിന്റെയും ന്യൂയോർക്ക് സിറ്റി സബ്‌വേ സംവിധാനത്തിന്റെയും നിർമാണത്തിനു സംഭാവന നൽകി. 47 വർഷങ്ങൾ മാത്രമുള്ള ജീവിതം തകർന്നുവീണപ്പോൾ പൊടിഞ്ഞുവീണ അദ്ദേഹത്തിന്റെ രക്തത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാഷ്ട്രത്തിന്റെ പടവുകൾ ദൃഢമായി ഒട്ടിചേർന്നു.  

'ദ്രോഹിക്കാത്ത സമഗ്രതയുടെ ദേശാഭിമാനി, അംഗീകൃത വീര്യത്തിന്റെ സൈനികൻ. സമ്പൂർണ്ണ ജ്ഞാനത്തിന്റെ സ്റ്റേറ്റ്മാൻ, ഭാവിതലമുറകള്‍ അദ്ദേഹത്തിന്റെ കഴിവുകളും ഗുണങ്ങളും പ്രശംസിക്കും അവ  ഈ മാർബിൾ പൊടിയിൽ പതിച്ചിരിക്കും'. അദ്ദേഹത്തിന്റെ സ്മാരകത്തിൽ ഇപ്രകാരം എഴുതിവച്ചിരിക്കുന്നു.  

'അമേരിക്കയെ വീണ്ടും മഹത്തരമാക്കുക' എന്ന ട്രമ്പിയൻ സ്വപനം തകരുകയാണോ? 

ന്യൂയോർക്ക് പോസ്റ്റ് പിടിച്ചുകൊണ്ടു ഒരു ചിത്രം എടുത്തു. നിരവധി വിനോദ സഞ്ചാരികൾ അതുവഴി വന്നു ചിത്രങ്ങൾ എടുക്കുന്നുണ്ടായിരുന്നു. അതിൽ ചില കുട്ടികൾ സൂക്ഷിച്ചു നോക്കി. 200 വർഷങ്ങൾക്കു മുൻപ് അദ്ദേഹം സ്ഥാപിച്ച പത്രമാണ് ഇത് എന്ന് അവരോടു വിളിച്ചുപറഞ്ഞു. ചിലർ പുഞ്ചിരിയും നന്ദിയും പറഞ്ഞു. പിന്നെ 10 ഡോളർ നോട്ട് പിടിച്ചുകൊണ്ടു ഒരു ചിത്രം. ഈ ഡോളറിൽ അദ്ദേഹത്തിന്റെ ചിത്രമാണെന്നു അപ്പോഴും ഒഴുകുന്ന സന്ദർശകരോട് ഒരു ഗൈഡ് പോലെ പറഞ്ഞുകൊണ്ടിരുന്നു. 'ദാറ്റ് ഈസ് വെരി സ്മാർട്ട്' തമ്പ് ഉയർത്തിക്കൊണ്ടു ആരോ ഒരാൾ ദൂരെ നിന്നു വിളിച്ചുപറഞ്ഞു. 

news

തിരികെ വരുന്നവഴി ന്യൂയോർക്ക് പോസ്റ്റിന്റെ എഡിറ്റോറിയലിൽ കണ്ണോടിച്ചു. 'അമേരിക്കൻ ചരിത്രത്തിലെ നിന്ദ്യമായ നിരവധി ആദ്യ സംഭവങ്ങൾ ട്രംപ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം മറ്റൊന്നു ചേർക്കും. ഇതു ട്രംപിന് ഒട്ടും ഗുണകരമല്ല. ഇതൊരു രാഷ്ട്രീയ പ്രേരിത പ്രോസിക്യൂഷനാണെന്ന് സ്വതന്ത്ര വോട്ടർമാർ വിശ്വസിച്ചേക്കാം. ജനുവരി ആറിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ജോർജിയയ്ക്കു വോട്ട് കണ്ടെത്താൻ ശ്രമിക്കുന്നതും തുടങ്ങിയ അതീവ ഗൗരവമായ അന്വേഷണങ്ങളെ ട്രംപ് അഭിമുഖീകരിക്കുന്നുണ്ട്'. 

200 വർഷങ്ങൾക്കു മുൻപ് അമേരിക്ക സമ്പന്നമായ ഒരു വൻ ശക്തിയാകാൻ സ്വപ്നം കണ്ട അലക്സാണ്ടർ ഹാമിൽട്ടൺ ഒരു ആരോൺ ബറിന്റെ തോക്കിൻ മുനയിൽ വീണെങ്കിൽ മറ്റൊരു ആൽവിൻ ബ്രാഗ് (ന്യൂയോർക്ക് സ്റ്റേറ്റ് അറ്റോണി ജനറൽ) ഉയർത്തിയ പഴിചുമത്തപ്പെട്ട ആരോപണക്കെട്ടുകൾക്കു മുന്നിൽ 'അമേരിക്കയെ വീണ്ടും മഹത്തരമാക്കുക' എന്ന ട്രമ്പിയൻ സ്വപനം തകരുകയാണോ? അറിയില്ല, ചരിത്രം മിക്കപ്പോഴും അവർത്തനങ്ങൾ ആവാറുണ്ടല്ലോ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS