മലയാളികളോട് കൂറുള്ളവരെ കണ്ടെത്താൻ നമ്മൾ ഭൂതക്കണ്ണാടിയുമായി പോകണം

Paul-Zacharia
SHARE

അമേരിക്കയിലെ മലയാളി കുടിയേറ്റകഥകളുടെ പൊരുളുകൾ തേടി, മലയാളിയുടെ പ്രിയ കഥാകാരൻ  സക്കറിയ വാൽക്കണ്ണാടിയിൽ കോരസൺ വർഗീസുമായി വാചാലമാകുയാണ്. നിരീക്ഷണങ്ങളുടെയും നിരന്തരമായ അന്വേഷണങ്ങളുടെയും ഭാഗമായി അമേരിക്കൻ മലയാള സാഹിത്യമേഖല, ജീവിത സാഹചര്യങ്ങൾ ഒക്കെ വിലയിരുത്തുകയാണ്. അമേരിക്കൻ മലയാളികൾ അവിടെ ഒരു ചെറിയ കേരളം പറിച്ചുനട്ടു എന്നുമാത്രമല്ല, അവിടെയിരുന്നു മലയാളിസത്വം അന്വേഷിക്കുന്ന ഒരു അന്വേഷക സംഘമായിമാറി. കാലം കുടിയേറ്റ മലയാള ഭാഷക്കായി മാറ്റിവെച്ച ഒരുപിടി ഓർമ്മകൾ, നന്മയുടെ കൈവഴികൾ, അസ്തമിച്ചുപോകുന്ന സൂര്യപ്രഭ, ഒക്കെ സംഭാഷണത്തിലൂടെ കടന്നുവരുന്നു. 

∙ എഴുത്തിൽ ആറു പതിറ്റാണ്ടുകൾതാണ്ടി, സംതൃപ്തനായോ? സാഹിത്യലോകം കീഴടക്കി എന്നുതോന്നുന്നുണ്ടോ?

അങ്ങനെ പറയാനാവില്ല, എഴുത്തിൽ ഇനിയും പലതും മെച്ചമായി എഴുതാൻകഴിയുമോ എന്നതാണ് ബാക്കി. മെച്ചമെന്നുപറഞ്ഞാൽ മുൻപ് എഴുതിയതിനേക്കാൾ മെച്ചത്തിൽ, ഭാഷയിലും ഭാവനയിലും വിഷയത്തിലും രൂപീകരണത്തിലും മെച്ചപ്പെടൽ എന്നാണ് ഉദ്ദേശിക്കുന്നത്. 

∙ ഒരു കൃതിയുടെ മഹത്വം എങ്ങനെയാണു നിശ്ചയിക്കപ്പെടുന്നത്?

കൃതിക്ക് മഹത്വമുണ്ടാകുന്നത് വായനക്കാരാണ്. അത് ആസ്വദിക്കാൻ കഴിഞ്ഞോ അവനു അതിൽനിന്നും എന്തെങ്കിലും ഉൾകൊള്ളാൻ കഴിഞ്ഞോ എന്ന നിലയിലാണ്. വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന കൃതികളാണ് ക്ലാസിക്കുകൾ എന്നറിയപ്പെടുന്നത്.

∙ പറക്കുംസ്ത്രീ എന്ന കഥയെഴുമ്പോൾ എന്താണ് മനസ്സിലൂടെ കടന്നുപോയത്? മലയാള പുരുഷന്മാരുടെ കപട സദാചാരബോധം ഉയർത്തിക്കാട്ടാൻ ഉദ്ദേശിച്ചിരുന്നോ? 

ഒരു സാധാരണ കഥ എന്നതിലപ്പുറം മറ്റൊന്നും അപ്പോൾ ഉദ്ദേശിച്ചില്ല. പക്ഷെ ആ കഥയുയർത്തുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ട്. മറ്റേതു സ്ത്രീകളെയുംപോലെ സ്വന്തം വീട്ടിൽ ഒപ്പമുറങ്ങുന്ന ഭാര്യയാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന കഥാപാത്രം എന്ന തിരിച്ചറിവിൽ ഭയപ്പെട്ട ഭർത്താവ്. പല ഭർത്താക്കന്മാരും അവരുടെ  ഭാര്യമാരെ യഥാർത്ഥത്തിൽ കണ്ടെത്താറില്ല. പുരുഷനെപ്പോഴും സ്ത്രീകളെ ഭയമാണല്ലോ. സ്ത്രീയുടെ ശക്തികണ്ടെത്തുമ്പോൾ പുരുഷന്റെ ഭയം. ഇത്രയുംകാലം മലയാളികളുടെ ജീവിതം നിരീക്ഷിച്ചപ്പോൾ ഇപ്പോൾ പെൺകുട്ടികൾ അവരുടെ ജീവിതത്തിൽ സ്വാതന്ത്ര്യത്തിന്റെ ഒരു പുതിയ ലോകം ഉണ്ടാക്കിയെടുത്തു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Paul-Zacharia-01

അത്തരം ഒരു സ്വാതന്ത്ര്യം, അവൾ ഉണ്ടാക്കിയെടുത്ത പരിധികൾ ഒക്കെ അവൾക്കുമാത്രം അവകാശപ്പെട്ടതാണ്. അത് വളരെ നല്ല ഒരു മുന്നേറ്റമായിട്ടാണ് ഞാൻ കാണുന്നത്. പണ്ട് ഒട്ടും ചിന്തിക്കാനാവില്ലായിരുന്നു, അവൾ ഇഷ്ട്ടപ്പെടുന്ന യുവാവിന്റെ തോളിൽ കൈയിട്ടു നടക്കുക, മടിയിൽ ഇരിക്കുക, കെട്ടിപ്പിടിക്കുക, അരയിൽ കയ്യിട്ടു നടക്കുക എന്നത്;  ഇപ്പോൾ കേരളത്തിൽ അത് സർവ്വസാധാരണമാണ്. 

∙ അമേരിക്കയിൽ മലയാളത്തെ താലോലിക്കുന്ന നല്ലകുറെ എഴുത്തുകാരുണ്ട്. അവർ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന ഒരു പരിഭവംപറയൽ എപ്പോഴും ഞങ്ങൾ ചെയ്യാറുണ്ട്. എങ്ങനെയാണു അവിടെയെത്താനാവുക? പരിഗണിക്കപ്പെടാനാവുക?

ഞാൻ അമേരിക്കയിൽ വരുമ്പോഴൊക്കെ ഇവിടെയുള്ള എഴുത്തുകാരോട് പറയാറുണ്ട്, നാട്ടിലെ ഗൃഹാതുരത്വം ഉള്ള രചനകളേ ആവശ്യമില്ല. അമേരിക്കയിലെ കഥകളാണ് മലയാളമുഖ്യധാര നിങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നത്. അമേരിക്കയും നിങ്ങളുമായുള്ള ഇന്റെർഫേസ്ഡ് കഥകൾ ഉണ്ടായാൽ അവ ശ്രദ്ധിക്കപ്പെടും. കേരളത്തിൽതന്നെ വളരെ കോംപീറ്ററ്റീവ് മേഖലയാണ് ലിറ്ററേച്ചർ ഇപ്പോൾ. സോഷ്യൽ മീഡിയ വന്നപ്പോൾ പുതിയ എഴുത്തുകാർക്ക് എന്തോ ഒരു സ്റ്റാർ പരിവേഷം ലഭിക്കുന്നു എന്ന തെറ്റിദ്ധാരണ കടന്നുകൂടിയിട്ടുണ്ട്. പുസ്തകങ്ങൾ അവിടെ വായനക്ക് എത്തിക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്. പ്രവാസം എന്ന വാക്കുതന്നെ ഒരു കള്ളനാണയമാണ്. അതൊരു ആദ്ധ്യാത്മികതലമാണ്. ഇവിടെ അമേരിക്കയിൽ വളരെ കോംപ്ലക്സ് ആയ റിലേഷൻഷിപ്പാണ്. മലയാളികൾ കേരളത്തിൽ അങ്ങോട്ടുമിങ്ങോട്ടും അവർതമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ സ്വഭാവം തന്നെ ഇവിടെവരുമ്പോൾ മാറുന്നു. സ്ത്രീപുരുഷ ബന്ധങ്ങൾ മാറുന്നു. ഇവിടെ വരുമ്പോഴാണ് അത് മനസ്സിലാവുന്നത്. വിചിത്രമായ ഈ ലോകത്തെ ആശങ്കകൾ കഥകളായി വളരണം. നാട്ടിൽ വളരെ സാമർഥ്യമുള്ള ചെറുപ്പക്കാരായ പ്രസാധകർ കടന്നുവരുന്നുണ്ട്. നിങ്ങളുടെ രചനകൾ നാട്ടിലെ വായനക്കെത്താൻ അവരെ ഉപയോഗപ്പെടുത്തണം. 

∙ഒരേസമയം വിശ്വാസിയും അവിശ്വാസിയുമാണോ?

വിശ്വാസിയല്ല, ദൈവം, പ്രവാചകർ, വിശുദ്ധ ഗ്രന്ഥം എന്നി ഇടപാടുകളിൽ ഒരു താല്പര്യവുമില്ല. യുണിവേഴ്‌സ് ഒരു ശക്തമായ സാന്നിധ്യമാണ്. ഈ ലോകത്തുള്ള അദൃശ്യമായ ശക്തികളൊക്കെ നമ്മെ സ്വാധീനിക്കുന്നുണ്ട്. സൂര്യനല്ലേ നമുക്ക് അറിയാവുന്ന ആരാധിക്കാവുന്ന ഒരു ദൈവം? ഈ ഫോഴ്‌സിന്റെ പോക്ക് എങ്ങനെയെന്ന്  എനിക്കറിയില്ല.   

∙ അപകടമായ വർഗ്ഗിയ ധ്രുവീകരണം, ഭരണകൂട ഭീകരത, ഫാസിസം ഇന്ത്യയിലും കടന്നുവരുന്നുണ്ടോ?

അങ്ങനെയുണ്ടാവില്ല എന്നാണ് ഞാൻ ആശിക്കുന്നത്. അങ്ങനെപോയാൽ ഇന്ത്യ നിലനിൽക്കില്ല. അത് ഒരു തിങ്കഞ്ഞ ആപത്താണ്. ഇന്ത്യയിലെ ഡിവേഴ്സിറ്റിയെ ഒരു കുപ്പിയിലടക്കാമെന്നു എനിക്കു തോന്നുന്നില്ല. ഇന്ത്യയെക്കുറിച്ചു ആശങ്കപ്പെടുന്നെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിക്കെതിരായ ഒരു ഉറച്ച മുന്നണി ഉണ്ടാവേണ്ടതല്ലേ. രാഷ്ട്രീയക്കാർ സെൽഫിഷ് അനിമൽ ആണ് എല്ലായിടത്തും. രാഷ്ട്രത്തിന്റെ ഗതിനിയന്ത്രണം നമ്മൾ രാഷ്ട്രീയക്കാരെ ഏല്പിച്ചിരിക്കുകയാണ്. അവിടെ നമ്മൾ ഓരോരുത്തരായി എതിരിടാൻ പോയാൽ അവർ നമ്മളെ ഒരു ഉറുമ്പിനെ ഞെക്കികൊല്ലുന്നതുപോലെ ഞെക്കിക്കൊല്ലും. ജനങ്ങളാണ് എന്നും ലൂസേഴ്‌സ്. ബ്രിട്ടീഷുകാരിൽ നിന്നും കിട്ടിയ സ്വാതന്ത്ര്യം ഇന്ത്യൻ ജനതക്കുകിട്ടിയ സ്വാതന്ത്ര്യമല്ല. ഇന്ത്യയിലെ ഒരു പ്രത്യേക റൂളിംഗ് ക്ലാസിനു കിട്ടിയ സ്വാതന്ത്ര്യമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയം വളരെ മലീമസമായിരുന്നു. അഴിമതിയെ ചോദ്യം ചെയ്താൽ ആ ഭരണകൂടത്തെത്തന്നെ വലിച്ചു താഴെയിടും.   

∙ മാധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടോ?

അതിനു അവർക്കും പങ്കുണ്ട്. സത്യം പറയുന്നതിൽനിന്നു അവർ പിൻവാങ്ങി. ആവശ്യമില്ലാത്ത പലതിനെയും വളർത്തുകയും പലതും പറയാതിരിക്കയും ഒക്കെ ചെയ്തു മാധ്യമ പ്രവർത്തനത്തിൽ മൂല്യശോഷണം വന്നിട്ടുണ്ട്. മാധ്യമം ഇല്ലാത്ത ഒരു ലോകം ചിന്തിക്കാൻ പോലും പറ്റില്ല. മുഖ്യധാരാ മാധ്യമങ്ങൾക്കു സോഷ്യൽ മീഡിയ ഒരു വലിയ വെല്ലുവിളിയാണ്. ജനങ്ങൾ അനാഥരാണ്‌. മലയാളികളോട് കൂറുള്ളവരെ കണ്ടെത്താൻ നമ്മൾ ഭൂതക്കണ്ണാടിയുമായി പോകണം. സ്വന്തം പാർട്ടിയോട് കൂറുള്ളവർ ഉണ്ട്. ചുരുക്കത്തിൽ പ്രതീക്ഷ നഷ്ട്ടപ്പെട്ട ഒരു സമൂഹമാണ് നമ്മൾ. ജനങ്ങൾക്ക്‌ സന്ദേശം നല്കാൻ സാഹിത്യത്തിനാവില്ല, ആണെങ്കിൽ അതു സാഹിത്യമാവില്ല.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS