പുലി തിന്ന ബാക്കി തന്ന തെളിവ്

HIGHLIGHTS
  • യഥാർഥ തൂങ്ങിമരണങ്ങളിൽ കുരുക്കിന്റെ പാട് കഴുത്തിൽ ചരിഞ്ഞാണു കാണുക.
  • മഞ്ഞനിറമുള്ള ഏറ്റവും ഇഷ്ടപ്പെട്ട സാരിയാണ് ധരിച്ചത്.
importance-of-evidence-in-murder-case
SHARE

കാട്ടുമൃഗങ്ങളുടെ സഹകരണത്തോടെ തെളിയിച്ച ചില കേസുകളുണ്ടു കേരളാ പൊലീസിന്റെ കുറ്റാന്വേഷണ ഡയറിയിൽ. വർഷങ്ങൾക്കു മുൻപു വയനാട് കാട്ടിലുണ്ടായിരുന്നു നല്ല ഫൊറൻസിക് ബോധമുള്ള പുലി. അന്വേഷണ ഉദ്യോഗസ്ഥരോടും പൊലീസ് സർജന്മാരോടും ഈ പുലി വലിയ ‘സഹകരണ’ത്തിലായിരുന്നു. കാട്ടിൽ ആത്മഹത്യ ചെയ്യാനെത്തിയവരെ തിന്നുമ്പോൾ മരണ കാരണം ആത്മഹത്യയാണെന്ന നിഗമനത്തിലെത്താൻ സഹായിക്കുന്ന ശരീരഭാഗങ്ങൾ ബാക്കിവച്ചാണു പുലി വിശപ്പടക്കുക. കൊലപാതകമാണെങ്കിലും അങ്ങനെതന്നെ. കൊലപാതകി മുറിവേൽപ്പിച്ച പാടുകളും രക്തക്കറയും മൃതദേഹത്തിൽ അവശേഷിപ്പിച്ചുകൊണ്ടാണു പുലിയുടെ ഡിന്നർ.

വയനാട്ടിൽ ഏറെക്കാലം ജോലി ചെയ്ത പൊലീസ് സർജൻ ഡോ:എം.ആർ. ചന്ദ്രൻ ഈ പുലിയെ ‘ഫൊറൻസിക് ജ്ഞാനമു’ള്ള ജന്തുവെന്നാണു വിളിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഇപ്പോഴും ഓർമിക്കുന്നു.

കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കാൻ മൃതദേഹം നരഭോജി മൃഗങ്ങളുള്ള കാടുകളിൽ ഉപേക്ഷിച്ച സംഭവങ്ങളും പൊലീസിന്റെ കേസ് ഡയറികളിൽ കാണാം. അങ്ങനെയൊരു ദിവസമാണു നാട്ടിലെ അറിയപ്പെടുന്ന ആനക്കാരന്റെ ഭാര്യയുടെ മൃതദേഹം വയനാട്ടിലെ കാട്ടിനുള്ളിൽ കണ്ടെത്തിയത്.

പുലിതിന്ന ബാക്കിയാണു പോസ്റ്റ്മോർട്ടം നടത്തിയത്. നെഞ്ചു പിളർന്ന് ആന്തരികാവയവങ്ങൾ പുലി ശാപ്പിട്ടു. പക്ഷേ, യുവതിയുടെ മരണത്തിന്റെ ഉള്ളറകൾ കോടതിയെ ബോധിപ്പിക്കാവുന്ന മുഴുവൻ തെളിവുകളും ഫൊറൻസിക് സർജൻ പരിശോധനയിൽ കണ്ടെത്തി.

ഡോക്ടറെ കാണാൻ പെരിന്തൽമണ്ണയിലേക്കെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കാണാതായി. പിറ്റേന്നു കാട്ടുചോലയിൽ മൃതദേഹം കണ്ടെത്തി. ഡോക്ടറെ കാണാൻ പോകുന്നതു പോലെയല്ല യുവതി അണിഞ്ഞൊരുങ്ങിയിരുന്നത്.

മഞ്ഞനിറമുള്ള ഏറ്റവും ഇഷ്ടപ്പെട്ട സാരിയാണ് ധരിച്ചത്. വിവാഹച്ചടങ്ങുകൾക്കു പോകുമ്പോൾ മാത്രം ധരിക്കാറുണ്ടായിരുന്ന ആഭരണങ്ങൾ, ആവശ്യത്തിൽ അധികം പെർഫ്യൂം... അതും അടിവസ്ത്രങ്ങളിൽ.

മഞ്ഞസാരിയുടെ ചെറിയഭാഗം യുവതിയുടെ കഴുത്തിൽ മുറുകിയിട്ടുണ്ട്. ശേഷിക്കുന്ന ഭാഗം ചോലയിലേക്കു ചാഞ്ഞു കിടക്കുന്ന മരത്തിന്റെ കവരയിൽ കുരുങ്ങിക്കിടക്കുന്നു. ഇഷ്ടസാരി കുരുക്കാക്കി മരത്തിൽ തൂങ്ങി മരിച്ച യുവതി അതു പൊട്ടി താഴെ വീണു കിടക്കുന്നു– ഒറ്റ നോട്ടത്തിൽ ഈ നിഗമനത്തിൽ എത്താം. തിരഞ്ഞെടുപ്പു കാലത്താണു സംഭവം. സ്റ്റേഷനിൽ ആവശ്യത്തിനു പൊലീസുകാരുണ്ടായിരുന്നില്ല.

കൂട്ടത്തിൽ ജൂനിയറായ 2 പൊലീസുകാരാണു സ്ഥലത്തെത്തി പരിശോധന നടത്തിയത്. അവർ ഒരു നിഗമനത്തിലെത്തി, യുവതിയുടെ മരണം കൊലപാതകമാണ്.

ജൂനിയർ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത ഇൻസ്പെക്ടർ അവരോട് അന്വേഷണം തുടരാനും പ്രതിയെ പിടിക്കാനും നിർദേശിച്ചു.

ഒരാഴ്ച കഴിയും മുൻപു യുവതിയുടെ ഭർത്താവായ ആനക്കാരന്റെ സഹായിയെ പിടിച്ചു കോടതിയിൽ ഹാജരാക്കി. കൊലപാതകം ചെയ്യാൻ ത്രാണിയില്ലാത്ത പയ്യൻ. റിമാൻഡ് ചെയ്യും മുൻപു മജിസ്ട്രേട്ട് സംശയം തീർക്കാൻ ചോദിച്ചു:

‘നിങ്ങൾക്ക് ഉറപ്പുണ്ടോ, ഇവൻ തന്നെയാണോ അതു ചെയ്തത്?’ അന്വേഷണ ബുദ്ധിയുള്ള പൊലീസുകാർ അവരുടെ നിഗമനം വിവരിച്ചു.

  പുതിയ സാരി പൊട്ടി മൃതദേഹം താഴെ വീഴാനുള്ള ഭാരം യുവതിക്ക് ഉണ്ടായിരുന്നില്ല. സാരിയുടെ തലപ്പ് മരത്തിൽ ചുറ്റിക്കിടക്കുകയായിരുന്നു. നന്നായി കെട്ടിയിരുന്നില്ല.

 സ്റ്റേഷനിലെ പൊലീസുകാർക്കോ സമീപത്തെ ചെറുപ്പക്കാരായ തൊഴിലാളികൾക്കോ ചോലയിലെ ചാഞ്ഞമരത്തിൽ കയറി സാരിയുടെ കീറിയ തലപ്പ് എടുക്കാൻ കഴിഞ്ഞില്ല. അപ്പോൾ എങ്ങനെ യുവതി ആ മരത്തിൽ കയറി സ്വയം കുരുക്കിട്ടു ചോലയിലേക്കു ചാടി ആത്മഹത്യ ചെയ്യും?

 ഭർത്താവിനെ സംശയിച്ച് അയാളെ നിരീക്ഷിച്ചു. അപ്പോഴാണു ആനയ്ക്കു ഭക്ഷണം ശേഖരിക്കാൻ പനകളിലും മരങ്ങളിലും ഉടുമ്പിനെ പോലെ അള്ളിക്കയറുന്ന സഹായി കണ്ണിൽപെട്ടത്.

അവനെ ചോദ്യം ചെയ്തു, കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട യുവതിയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന സംഭവങ്ങളാണ് കൊലപാതകത്തിനു കാരണമായി അവൻ വിവരിച്ചത്. പുലി തൊടാതെ ബാക്കിവച്ചിരുന്ന യുവതിയുടെ കഴുത്തിൽ സാരി കുടുങ്ങിയ പാട് തോളിനു തിരശ്ചീനമായി കാണപ്പെട്ടു. ഇരയുടെ കഴുത്തിൽ മറ്റാരെങ്കിലും കുരുക്കു മുറുക്കി കൊലനടത്തുമ്പോളാണു പാട് തിരശ്ചീനമായി കാണുന്നത്. യഥാർഥ തൂങ്ങിമരണങ്ങളിൽ കുരുക്കിന്റെ പാട് കഴുത്തിൽ ചരിഞ്ഞാണു കാണുക.

യുവതിയെ കൊലപ്പെടുത്തിയ ആനക്കാരൻ പയ്യൻ സാരി രണ്ടായി കീറി ഒരു പാതി യുവതിയുടെ കഴുത്തിലും മറുപാതി സമീപത്തെ മരത്തിന്റെ ഉയരത്തിലുള്ള കൊമ്പിലും കുരുക്കി ഇട്ട ശേഷം കടന്നുകളയുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ