തിരിച്ചുവരുന്നതു മരിച്ചവരായാൽ തരിച്ചുപോകും

HIGHLIGHTS
  • തിരിച്ചു വരുന്നതു മരിച്ചുപോയവരാകുമ്പോളാണു പ്രശ്നം
  • അവളുടെ മണവാളനെയാണ് ആദ്യം കൊലപ്പെടുത്തിയത്.
crime-done-by-dead-ones
SHARE

തിരിച്ചു വരവുകൾ പലപ്പോഴും സന്തോഷകരവും ആവേശവുമാണ്. തിരിച്ചു വരുന്നതു മരിച്ചുപോയവരാകുമ്പോളാണു പ്രശ്നം. ആ വരവു പകൽ വെളിച്ചത്തിലല്ലെങ്കിൽ സ്വന്തം വീട്ടുകാർ പോലും ഭയന്നു കരയും. മതപരമായ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ ശേഷം ജീവനോടെ വയനാട്ടിലെ യുവാവു തിരിച്ചുവന്നതു കഴിഞ്ഞ നവംബറിൽ. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ഇത്തരം സംഭവങ്ങളിൽ ഭൂരിഭാഗം കേസുകളിലും ബന്ധുക്കൾ സംസ്കരിച്ചത് ആരെയാണെന്നു പിന്നീടു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡിഎൻഎ പരിശോധനാ സൗകര്യം സാധാരണക്കാർക്കു പോലും ലഭ്യമാകുന്ന ഇക്കാലത്ത് ആളുമാറി സംസ്കരിക്കാൻ പാടില്ലാത്തതാണ്.

2008 ജനുവരിയിൽ ആലപ്പുഴ തകഴിക്കു സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ 100 കിലോഗ്രാം തൂക്കം വരുന്ന മൃതദേഹം കാലടി സ്വദേശിയായ യുവാവിന്റെതാണെന്നു പറഞ്ഞു ബന്ധുക്കൾ സംസ്കരിച്ചു. രണ്ടാഴ്ച കഴിഞ്ഞു യുവാവു തിരിച്ചുവന്നപ്പോളാണു സംസ്കരിച്ച മൃതദേഹം തിരുവനന്തപുരം സ്വദേശിയുടേതെന്നു തിരിച്ചറിഞ്ഞത്. കാലടിയിലെ യുവാവിന്റെ 116 കിലോഗ്രാം തൂക്കവും ശരീരത്തിലെ ഉണങ്ങിയ മുറിപ്പാടുമാണു മൃതദേഹം തെറ്റിദ്ധരിക്കപ്പെടാൻ കാരണം.

ഇത്തരം തിരിച്ചു വരവുകളിൽ നിന്നു വ്യത്യസ്തമാണു കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ മറ്റു ചില കേസുകൾ. ഫോർട്ട്കൊച്ചി ഡച്ച് സെമിത്തേരിയിലെ കുഴിമാടത്തിനു മുകളിലെ സായിപ്പിന്റെ സാന്നിധ്യം, കൊല്ലത്തെ വെള്ളത്തിലാശാൻ... ഇങ്ങനെ എത്രയെത്ര കഥകൾ. അടുത്തകാലത്ത് ഇംഗ്ലണ്ടിൽ വലിയ ചർച്ചയായ ടെലിവിഷൻ സീരിയലിൽ, മരിച്ചിട്ടും തിരിച്ചു വന്നതു മണവാട്ടിയാണ്. സംഗതി ഷെർലക് ഹോംസിന്റെ സമകാലിക കഥയായതിനാൽ പതിവിലധികം ഇതു ചർച്ചയായി. വിവാഹ ദിവസം മട്ടുപ്പാവിൽ കയറിയ മണവാട്ടി സ്വയം വെടിവച്ചു മരിക്കുന്നതാണു കഥ. തലയിലെ വലിയ മുറിവുമായി ഇവർ പിന്നീടുള്ള ദിവസങ്ങളിൽ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടർച്ചയായി കൊലപാതകങ്ങൾ നടത്തി. അവളുടെ മണവാളനെയാണ് ആദ്യം കൊലപ്പെടുത്തിയത്.

‘എമീലിയ റിക്കൊലേറ്റി’യെന്നാണു കൊലയാളി മണവാട്ടിയുടെ പേര്. തീർത്തും സാങ്കൽപ്പികമല്ല ഈ കഥ. മരിച്ചവർ തിരിച്ചുവന്നു കൊലപാതകം ചെയ്ത് അപ്രത്യക്ഷമാകുന്ന ചില റിപ്പോർട്ടുകൾ 19–ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടിനുള്ളിൽ കയറിയ മോഷ്ടാവിനു കുടുംബത്തിലെ മരിച്ചു പോയ കാരണവന്മാരുടെ രൂപം കണ്ടു വീട്ടുകാർ ബോധംകെട്ടു വീണ സംഭവങ്ങളും അക്കാലത്തുണ്ടായിട്ടുണ്ട്. കൊല്ലത്തെ വെള്ളത്തിലാശാന്റെ കഥകൾക്കും ഇത്തരം ചില വ്യാഖ്യാനങ്ങൾ കേട്ടിട്ടുണ്ട്. തെളിഞ്ഞ വെള്ളമുള്ള ജലാശയങ്ങളിൽ വെള്ളത്തിനടിയിൽ കാണുന്ന മനുഷ്യരൂപത്തിനാണു പിന്നീടു വെള്ളത്തിലാശാനെന്ന പേരു ലഭിച്ചത്. ഈ മനുഷ്യരൂപം കണ്ടതായി പറയുന്നവർ എല്ലാവരും പലയാളുകളുടെ ഛായയാണ് അതിനു കൽപ്പിച്ചു കൊടുത്തത്.

മരിച്ചവരുടെ ‘പ്രേത’ങ്ങളെ ഏറ്റവും കലാപരമായി ഉപയോഗിച്ചു കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ പട്ടിക രാജഭരണകാലത്തെ പൊലീസിന്റെ റെക്കോർഡുകളിലുണ്ട്. മോഷ്ടാക്കളായിരുന്നു ഇതിൽ കേമത്തരം കാണിച്ചിരുന്നത്. ഇത്തരം മോഷ്ടാക്കളെ പിടിക്കാൻ മരിച്ചവരുടെ വേഷത്തിൽ തന്നെ രാത്രിയിൽ അന്വേഷണത്തിനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ കഥയുമുണ്ടു കൂട്ടത്തിൽ.

തിരുവിതാംകൂറിൽ പണ്ട് ഒരേ പേരുള്ള കള്ളനും പൊലീസുമുണ്ടായിരുന്നു– പേരു കണാരൻ. കള്ളൻ കണാരൻ സുന്ദരിയായ സ്ത്രീവേഷത്തിൽ ഒരു വീട്ടിൽ മോഷണത്തിനു കയറിയപ്പോൾ അവിടെ കണ്ടതു മരിച്ചുപോയ തന്റെ അച്ഛനെ. ജീവിച്ചിരുന്നകാലത്തു നാട്ടിലെ സർവ പ്രതാപിയായിരുന്നു കണാരന്റെ അച്ഛൻ.

ഒറ്റനോട്ടത്തിൽ കള്ളൻ കണാരൻ നടുങ്ങി. ‘നീ മോഷ്ടിക്കുമല്ലേടാ...’ ഉഗ്രശാസനയോടെ മുഖത്ത് അടി വീണതു കണാരന് ഇരട്ട ആഘാതമായി. ആശുപത്രിക്കിടക്കയിൽ ബോധം തെളിയുമ്പോൾ സമീപം പൊലീസുണ്ടായിരുന്നു. അടിച്ചു താഴെയിട്ടത് അച്ഛന്റെ വേഷത്തിൽ വന്ന കണാരൻ പൊലീസാണെന്ന് അറിഞ്ഞിട്ടും ആ സംഭവത്തിനു ശേഷം കള്ളൻ കണാരൻ മോഷണം നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ