വില്ലനായതു പരീക്ഷാ ഫലം അല്ല, കൊക്കോ ഫലം

HIGHLIGHTS
  • നല്ല മനസ്സുറപ്പുള്ള കുട്ടികൾ, അവരങ്ങിനെ ചെയ്യില്ല.
  • ആ കുട്ടികൾ മുങ്ങി മരിച്ചതല്ല... ഉറപ്പ്. അപകടമരണം അല്ലെങ്കിൽ കൊലപാതകം
murder-case-of-school-students
SHARE

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു ഫലം പ്രതീക്ഷിച്ചിരുന്ന ദിവസങ്ങളിലാണു കോട്ടയം മലയോര മേഖലയിൽ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ ആറ്റിൽ പൊങ്ങിയത്. നാട്ടുകാർക്കിടയിൽ സംശയങ്ങൾ പ്രചരിച്ചു. പരീക്ഷയിൽ തോൽക്കുമെന്ന ഭീതി കാരണം കുട്ടികൾ ഇങ്ങനെ ചെയ്തതാണോ? കുട്ടികളെ അടുത്തറിയാവുന്ന നാട്ടുകാരും അധ്യാപകരും ഈ ആശങ്കയെ തുടക്കത്തിലെ തള്ളി.

പരീക്ഷ തോൽക്കുന്നതു ജീവിതത്തിന്റെ അവസാനമാണെന്നു വിശ്വസിക്കുന്നവരല്ല ഈ കുട്ടികൾ. നല്ല മനസ്സുറപ്പുള്ള കുട്ടികൾ, അവരങ്ങിനെ ചെയ്യില്ല. പോസ്റ്റ്മോർട്ടം കഴിഞ്ഞു– മുങ്ങിമരണമെന്നു വിധിയെഴുതി.

സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. ആദ്യ നടുക്കത്തിനുശേഷം  മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സംഭവത്തെക്കുറിച്ചു സംശയം തോന്നിത്തുടങ്ങി.

കുട്ടികളുടെ മുത്തച്ഛന്മാരാണ് ആദ്യം സംശയം ഉന്നയിച്ചത്. സമീപത്തെ ആഴവും ഒഴുക്കുമുള്ള ആറ്റിൽ 5 വയസ്സു തികയും മുൻപു പേരക്കുട്ടികളെ നീന്തൽ പഠിപ്പിച്ചത് അവരായിരുന്നു.

‘‘കഴിഞ്ഞ കാലവർഷത്തിനു നിറഞ്ഞൊഴുകിയ ആറ്റിനു കുറുകെ രണ്ടുപേരും മത്സരിച്ചു നീന്തിക്കയറിയത് എന്റെ കണ്ണുകൊണ്ടു കണ്ടതാണ്. നമുക്കു പൊലീസിൽ പോകാം...’’

അതുതന്നെയായിരുന്നു എല്ലാവരുടെയും തീരുമാനം. ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ അബ്ദു‍ൽ ഹമീദിനായിരുന്നു അന്വേഷണ ചുമതല. മരിച്ച കുട്ടികളുടെ സ്വഭാവരീതികൾ, അവർ താമസിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ, അടുത്ത ബന്ധുക്കൾ, അയൽക്കാർ, കൂട്ടുകാർ, അവരുടെ മാതാപിതാക്കൾ, മരിച്ചു കിടന്ന ആറിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ സ്ഥലം... എല്ലായിടത്തും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി തെളിവെടുത്തു. 

മൃതദേഹങ്ങൾ രണ്ടാമതും പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരും. ആദ്യ പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജനെ നേരിൽ കണ്ടു സംസാരിക്കാൻ ഇൻസ്പെക്ടർ ഹമീദ് എത്തി. ഇൻസ്പെക്ടറെ കണ്ടപ്പോൾ തന്നെ പന്തികേടു മനസ്സിലാക്കിയ പൊലീസ് സർജൻ സത്യം തുറന്നു പറഞ്ഞു.

‘‘മുങ്ങിമരണമെന്നു ബന്ധുക്കൾ തന്നെ പറഞ്ഞു, കുഞ്ഞുങ്ങളുടെ ശരീരം കീറിമുറിക്കാനും അവർക്കു സങ്കടമായിരുന്നു. അതുകൊണ്ടു കാര്യമായി ഒന്നും ചെയ്തിരുന്നില്ല. സംശയകരമായി ഞാനൊന്നും കണ്ടുമില്ല.’’

‘‘ഡോക്ടർ, ആ കുട്ടികൾ മുങ്ങി മരിച്ചതല്ല... ഉറപ്പ്. അപകടമരണം അല്ലെങ്കിൽ കൊലപാതകം.’’

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് മെഡിസിൻ പ്രഫസർ ഡോ. ജയപാലും അസോഷ്യേറ്റ് പ്രഫസർ ഡോ. ബി.ഉമാദത്തനും ചേർന്ന് അടുത്ത ദിവസം കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.

വീട്ടിലെ ഭക്ഷണത്തിനു പുറമേ, കുട്ടികൾ പുറത്തുനിന്നു കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണസാധനങ്ങൾ എന്താണ്? ഹമീദ് ബന്ധുക്കളോടു തിരക്കി.

മാങ്ങ, ചാമ്പക്ക, പേരക്ക, അത്തി... സമീപപ്രദേശത്തെ സുലഭമായ ഇവയെല്ലാം അവധിക്കാലത്തു കുട്ടികൾ കഴിച്ചിരുന്നു.

ഒരു കുട്ടിയുടെ അമ്മൂമ്മയാണ് ഹമീദിന്റെ ചോദ്യത്തിനു മറുപടി പറഞ്ഞത്:

‘‘സർ പഴുത്ത കൊക്കോപ്പഴത്തിന്റെ കുരു തിന്നാൻ കുട്ടികൾക്കു വലിയ ഇഷ്ടമായിരുന്നു. ആറ്റിനക്കരെ കൊക്കോ തോട്ടത്തിൽ അവർ പോകുമായിരുന്നു.’

പോസ്റ്റ്മോർട്ടം കഴിഞ്ഞു  ഡോക്ടർമാരും ഇൻസ്പെക്ടർ അബ്ദുൽ ഹമീദും വിശദമായ ചർച്ചകൾ നടത്തി.

മരണ ശേഷമാണു മൃതദേഹങ്ങൾ ആറ്റിൽ ഉപേക്ഷിച്ചത് (മൂക്ക്, വായ, ശ്വാസനാളം ശ്വാസകോശം എന്നിവയിൽ ചളിയും വെള്ളവും കടന്നിട്ടില്ല. വെള്ളത്തിൽ വീണ ശേഷം കുട്ടികൾ ശ്വസിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ മൂക്കിനുള്ളിൽ വെള്ളവും ചളിയും കയറിയേനെ).

ശരീരത്തിൽ ഒരിടത്തും മർദനമേറ്റിട്ടില്ല, ശാരീരിക പീഡനവുമില്ല, അവർ മരിക്കുകയാണെന്ന് അവർ മനസ്സിലാക്കും മുൻപേ എല്ലാം സംഭവിച്ചിട്ടുണ്ട്. വയറ്റിൽ വിഷപദാർഥങ്ങൾ ഒന്നും ഇല്ല. ശ്വസം മുട്ടിയുമല്ല കൊലപാതകം.

രണ്ടുപേരുടെയും  ഉള്ളംകാലിലെ മാംസം ഉള്ളിലേക്കു കുഴിഞ്ഞിരിക്കുന്നു. ത്വക്ക് ചെറുതായി കരിഞ്ഞിട്ടുമുണ്ട്.

ആറ്റിനക്കരെ കൊക്കോ തോട്ടം വിശദമായി പരിശോധിക്കാൻ ഇൻസ്പെക്ടർ ഹമീദ് അന്വേഷണസംഘത്തിനു നിർദേശം നൽകി.

തോട്ടത്തിൽ ലോഹക്കമ്പിയുടെ കഷണങ്ങൾ കിടക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ഡോ. ജയപാലും നിർദേശിച്ചു.  3–ാം ദിവസം തോട്ടം ഉടമയെയും 2 ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുഴ നീന്തിക്കടന്നു തോട്ടത്തിലേക്കു കയറിവരുന്ന ഭാഗത്തെ അതിർത്തിയിലെ കൊക്കോ ചെടികളുടെ എല്ലാം കടയ്ക്കൽ നിന്നും 4 ഇഞ്ച് മുകളിലേക്കു മാറി സമാനമായ രീതിയിൽ ഉരഞ്ഞു പൊട്ടിയ പാടുകൾ കണ്ടു. ചില മരങ്ങളുടെ കടയ്ക്കൽ ഉണക്കച്ചുള്ളിയുടെ ചില കമ്പുകൾ കരിഞ്ഞ നിലയിലും കണ്ടെത്തി. ചോദ്യം ചെയ്യലിൽ തോട്ടം ഉടമയും ജീവനക്കാരനും കുറ്റം സമ്മതിച്ചത്.

തോട്ടത്തിലെ കൊക്കോ മോഷണം തടയാൻ അതിർത്തിയിലെ മരങ്ങളിൽ ചെമ്പുകമ്പി ചുറ്റി അതിലൂടെ വൈദ്യുതി കടത്തിവിട്ടിരുന്നു. മരങ്ങൾക്കു പരുക്കേൽക്കാതിരിക്കാൻ ചുള്ളിക്കമ്പു ചേർത്തു വച്ചാണു കമ്പി ചുറ്റി വൈദ്യുതി കടത്തി വിട്ടത്. പുഴ നീന്തി നനഞ്ഞ നിലയിൽ തോട്ടത്തിൽ കടന്ന കുട്ടികൾ കമ്പിയിൽ നിന്നു ഷോക്കേറ്റാണു മരിച്ചത്. ഷോക്കേറ്റു മരണങ്ങളിൽ, വൈദ്യുതി പാദങ്ങളിലൂടെ ഭൂമിയിലേക്കു പ്രവഹിക്കുമ്പോൾ ഉള്ളംകാലിലെ പേശികൾ ഉള്ളിലേക്കു കുഴിഞ്ഞു കാണപ്പെടാറുണ്ട്.

ഇൻസ്പെക്ടർ അബ്ദുൽ ഹമീദ്, ഡോ. ജയപാൽ, ഡോ. ഉമാദത്തൻ... നാട്ടുകാർ അവരെ സല്യൂട്ട് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ