കള്ളന്മാരുടെ കഥ കേൾക്കുമ്പോൾ മുതിർന്നവർ പോലും കുട്ടികളായി മാറും. കള്ളന്മാരുടെ തന്ത്രങ്ങളെക്കുറിച്ച് ഒരുപാട് അനുഭവജ്ഞാനമുണ്ടായിരുന്ന പൊലീസ് സർജനാണു കഴിഞ്ഞയാഴ്ച നമ്മളെ വിട്ടുമറഞ്ഞ ഡോ. ബി. ഉമാദത്തൻ.
കുറ്റാന്വേഷണ വിദഗ്ധരായിരുന്ന പൊലീസ് മേധാവി ജയറാം പടിക്കലിന്റെ കാലം മുതൽ ടി.പി. സെൻകുമാറിന്റെ കാലം വരെ കേരള പൊലീസ് പല കേസുകളിലും ഡോ. ഉമാദത്തന്റെ സഹായം തേടിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്താണു പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിനു വലിയ രാഷ്ട്രീയ മാനങ്ങൾ കൈവന്നിരുന്നു. പ്രതിയെക്കുറിച്ചുള്ള സൂചനകൾ ഒന്നും ലഭിക്കാതിരുന്ന കേസിൽ അങ്ങേയറ്റം ശാസ്ത്രീയമായാണു പൊലീസ് നീങ്ങിയിരുന്നത്.
കേസന്വേഷണത്തിൽ പൊലീസ് ഏറ്റവും ആശ്രയിച്ചതു 2 ഫൊറൻസിക് വിദഗ്ധരെയാണ്– ഡോ. ബി. ഉമാദത്തൻ, ഡോ. പി.ബി. ഗുജറാൾ.
ഈ കേസിൽ അന്വേഷണം തുടങ്ങിയ സെൻകുമാറിന്റെ പൊലീസ് സംഘം പല ഘട്ടങ്ങളിലും ഡോ. ഉമാദത്തന്റെ കൊച്ചിയിലെ വീട്ടിൽ രഹസ്യമായെത്തുന്ന വിവരം ഇവിടത്തെ ക്രൈം റിപ്പോർട്ടർമാർ അറിഞ്ഞു.
കേസുമായി ബന്ധപ്പെട്ട എന്തു വിവരങ്ങൾക്കും വലിയ വാർത്താ പ്രാധാന്യം ലഭിച്ച ഘട്ടത്തിൽ ഡോ. ഉമാദത്തനെ കാണാൻ റിപ്പോർട്ടർമാരും എത്തി. ശാരീരിക അവശതകളുണ്ടായിട്ടും എല്ലാവരോടും വളരെ സ്നേഹത്തോടെ മാത്രം സംസാരിച്ച അദ്ദേഹം. ഒരു കേസ് ഒഴികെ മറ്റെല്ലാ കേസുകളെയും കുറിച്ച് ഒരുപാടു സംസാരിച്ചു. ഒരു വരി പോലും ഡോ. ഉമാദത്തൻ സംസാരിക്കാതിരുന്ന ആ കേസ് പെരുമ്പാവൂർ കൊലപാതകമായിരുന്നു.
മലയാളിയല്ലാത്ത ഒരാളാണു കൊലയാളിയെന്ന വിവരങ്ങൾ പുറത്തുവന്നു തുടങ്ങിയ ഘട്ടത്തിലും അന്വേഷണ വിവരങ്ങൾ മലയാള പത്രങ്ങളിലും വാർത്താ ചാനലുകളിലും വരാതിരിക്കാൻ ഡോ. ഉമാദത്തൻ ഏറെ ജാഗ്രത പുലർത്തി. മലയാളം വായിക്കാനോ കേട്ടു മനസിലാക്കാനോ കഴിയുന്ന ഒരാളാണു പ്രതിയെങ്കിൽ അന്വേഷണ വിവരങ്ങൾ വാർത്തകളിലൂടെ അയാൾ അറിയാതിരിക്കാനുള്ള മുൻകരുതലാണ് അദ്ദേഹം സ്വീകരിച്ചത്.
വിവരങ്ങൾ തിരക്കിയെത്തിയവരെ മുഷിപ്പിക്കാതെ നോക്കാൻ അദ്ദേഹം കള്ളന്മാരുടെ കഥകൾ പറഞ്ഞു. പണ്ടു കാലം മുതൽ കള്ളന്മാർ പ്രയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച്.
കള്ളന്മാർക്ക് ഏറെ ഇഷ്ടപ്പെട്ട ചില സസ്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതു ‘ചേര്’ എന്നു വിളിക്കുന്ന മരമാണ്. മോഷണത്തിന് ഇറങ്ങും മുൻപു ചേരിന്റെ ചാറ് ദേഹത്തു തേച്ചാൽ രൂപം മാറാൻ കഴിയും. മുഖം നീരുവന്നു വീർത്തു പെറ്റമ്മയ്ക്കു പോലും ആളെ തിരച്ചറിയാൻ കഴിയാത്ത രൂപത്തിലാകും.
മോഷണ ശ്രമത്തിനിടെ വീട്ടുകാർ ഉണർന്ന് ഈ രൂപം കണ്ടാൽ പേടിച്ചു ബോധംകെടും. മോഷ്ടാവ് യഥാർഥ രൂപം കൈവരിച്ചു കഴിയുമ്പോൾ തിരിച്ചറിയാനും കഴിയില്ല. അപ്പോൾ മോഷണത്തിനു ശേഷം കള്ളൻ എങ്ങനെയാണു മുഖത്തെ നീരും വീർപ്പും കളഞ്ഞു യഥാർഥ രൂപം കൈവരിക്കുന്നത്?
അതിനു മറ്റൊരു മരമാണു ശരണം. ‘താന്നി’ ഇലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ അര മണിക്കൂറിനുള്ളിൽ നീരുമാറി കള്ളന്റെ തനി രൂപം തെളിയും. പണ്ട് എല്ലാ നാട്ടിൻപുറങ്ങളിലും കണ്ടിരുന്ന ചേരും താന്നിയും ഇപ്പോൾ തേടി നടന്നു കണ്ടുപിടിക്കേണ്ടിവരും.
ഇന്ത്യയിലെ കള്ളന്മാർ മാത്രമല്ല ഇത്തരം ‘സസ്യജാലം’ കാണിച്ചു മോഷ്ടിച്ചിരുന്നത്. തെക്കേ അമേരിക്കയിലെ ചെടിയായ ‘പാർത്തീനിയം’ ഇതേ ആവശ്യത്തിനു വിദേശ കള്ളന്മാർ ഉപയോഗിച്ചിരുന്നു. ഇറക്കുമതി ചെയ്ത ഗോതമ്പിലൂടെ ഇന്ത്യയിലെത്തിയ പാർത്തീനിയത്തിന്റെ വിത്ത് ഇന്ത്യയിൽ ആദ്യം മുളച്ചതു പുണെയിലാണ്. ‘കോൺഗ്രസ് പച്ച’യെന്നും ഈ ചെടി ഇന്ത്യയിൽ അറിയപ്പെടാറുണ്ട്.
ചേരുമരത്തിന്റെ ചാറു തേച്ചു തടിച്ചു വീർത്തു മോഷണം നടത്തിയ കള്ളനെ തിരിച്ചറിയാൻ സൂത്രപ്പണി നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയും ഡോ ഉമാദത്തൻ പറഞ്ഞു. മുഖം വീർത്ത കള്ളനെ മോഷണത്തിന് ഇരയായ വീട്ടമ്മ വ്യക്തമായി കണ്ടിരുന്നു. നാട്ടിലെ അറിയപ്പെടുന്ന 2 കള്ളന്മാരെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥൻ തെളിവെടുപ്പിനായി വീട്ടമ്മയെ വിളിച്ചു. യഥാർഥ കള്ളൻ അന്നു രാത്രി തന്നെ താന്നി വെള്ളത്തിൽ കുളിച്ചു വെടിപ്പായാണു പൊലീസിനു പിടികൊടുത്തത്.
രണ്ടു കള്ളന്മാരിൽ ആരാണു വീട്ടിൽ കയറി മോഷ്ടിച്ചതെന്നു തിരിച്ചറിയാൻ അയാളുടെ ശരിയായ രൂപത്തിൽ കണ്ടപ്പോൾ വീട്ടമ്മയ്ക്കു കഴിഞ്ഞില്ല.
അപ്പോഴാണു ബുദ്ധിമാനായ പൊലീസ് ഉദ്യോഗസ്ഥൻ തന്ത്രപരമായി നീങ്ങിയത്. ചേരു മരത്തിന്റ ചാറു ശേഖരിച്ച അദ്ദേഹം അതു രണ്ടു കള്ളന്മാരുടെയും മുഖത്തു തേച്ച് അവരെ ‘വീർപ്പി’ച്ചെടുത്തു. തലേന്നു രാത്രി വീട്ടിൽ കയറിയ കള്ളനെ തിരിച്ചറിയാൻ വീട്ടമ്മ ഒട്ടും സമയം നഷ്ടപ്പെടുത്തിയില്ല.