ശാരദക്കുട്ടിയോ നാദാപുരം മഹേശ്വരിയോ...?

HIGHLIGHTS
  • ശാരദേ എന്ന വിളി അറിയാതെ അവരുടെ നാവിൽ നിന്നു പുറത്തു വന്നു
  • യുവതി മെല്ലെ അമ്മയുടെ കൈകൾ ഉയർത്തി അവളുടെ ചെവിൽ പിടിപ്പിച്ചു
impersonation-in-crime-cases
SHARE

നമ്മൾ സ്വയം ഇരകളാവുന്നതു വരെ പറയാനും കേൾക്കാനും രസം തോന്നുന്ന കുറ്റകൃത്യമാണ് ആൾമാറാട്ടം. കുറ്റവാളിക്കു നല്ല കയ്യടക്കം വേണ്ട ഒരു ‘മാജിക്’ ക്രൈം. നാടകീയ രംഗപ്രവേശം, സ്വാഭാവികമായ അവതരണം, വിശ്വസനീയ പെരുമാറ്റം... ആൾമാറാട്ടക്കാരന്റെ അത്യാവശ്യം ‘ഗുണ’ങ്ങൾ ഇവയാണ്. കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ പല മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഓർക്കുന്ന വലിയ ആൾമാറാട്ടം നടന്നതു സുകുമാരക്കുറുപ്പിനും വളരെ മുൻപ് 1965 ൽ. സംഭവം നടത്തത് അമ്പലപ്പുഴയിലാണ്.

നാട്ടിൽ അറിയപ്പെടുന്ന പ്രമാണിയുടെ വീട്ടിലേക്ക് ഒരു ദിവസം രാവിലെ സുന്ദരിയായ യുവതി വന്നു കയറി. ഭാര്യയും ഏക മകനും അദ്ദേഹത്തോടൊപ്പം അവിടെ താമസിക്കുന്നുണ്ട്. യുവതി വരുമ്പോൾ അദ്ദേഹം ഭാര്യയോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഇവർക്ക് ഒരു മകൾ കൂടിയുണ്ടായിരുന്നു ശാരദ. ചെറുപ്പത്തിൽ പാമ്പുകടിയേറ്റു മരിച്ചു.

യുവതി മുന്നറിയിപ്പില്ലാതെ വന്ന അതിഥിയായിരുന്നു. യുവതിയുടെ കുലീനമായ പെരുമാറ്റം കണ്ട് അവളെ അകത്തേക്കു ക്ഷണിച്ചു. രണ്ടു പേരുടെയും കാൽതൊട്ടു വന്ദിച്ച് അകത്തേക്കു കയറുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നതു വീട്ടുകാർ ശ്രദ്ധിച്ചു. അവരെ ഞെട്ടിച്ചു കൊണ്ടു യുവതി വാവിട്ടു കരഞ്ഞു, ‘അമ്മേ’യെന്ന് ഉറക്കെ വിളിച്ചു പ്രമാണിയുടെ ഭാര്യയെ വാരിപ്പുണർന്നു. അവർ തരിച്ചുപോയി.

പാമ്പുകടിയേറ്റ ഏക മകൾ മരിക്കും മുൻപു തന്നെ കെട്ടിപ്പിടിച്ച് ‘അമ്മേ’യെന്നു വിളിച്ചു കുഴഞ്ഞു വീണത് ഓർത്തപ്പോൾ അവരുടെ ശരീരം തളർന്നു. മുറിയിലെ കട്ടിലിലേക്ക് അവർ ചാഞ്ഞിരുന്നു. അവരുടെ വലതു കയ്യുടെ ചൂണ്ടുവിരലിൽ പിടിച്ച യുവതി അതു നോവിക്കാതെ തിരിക്കാനും വളയ്ക്കാനും തുടങ്ങി.

അതുകൂടിയായപ്പോൾ ആ അമ്മയുടെ മനസ്സു പിടഞ്ഞു... ശാരദേ എന്ന വിളി അറിയാതെ അവരുടെ നാവിൽ നിന്നു പുറത്തു വന്നു.

‘അപ്പോൾ അമ്മയ്ക്കെന്നെ മനസിലായല്ലേ? ഞാൻ കരുതി അമ്മയെന്നെ മറന്നു കാണുമെന്ന്. ഞാൻ വിരലിൽ പിടിച്ചു വളയ്ക്കുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല, എന്റെ ചെവിപിടിച്ചു തിരുമ്മുമായിരുന്നു...’

യുവതി മെല്ലെ അമ്മയുടെ കൈകൾ ഉയർത്തി അവളുടെ ചെവിൽ പിടിപ്പിച്ചു. ശേഷം ആ വീട്ടിലെ പഴയകാര്യങ്ങൾ ഒന്നൊന്നായി ചോദിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടും കേട്ടും സ്തബ്ധനായി നിന്ന പ്രമാണി നടുക്കത്തോടെ അന്നത്തെ രംഗം ഓർത്തു. വെള്ളത്തുണിയിൽ  പൊതിഞ്ഞ കൊച്ചു ശാരദയെ ഒറ്റയ്ക്കെടുത്തു ചിതയിലേക്കു കിടത്തിയത്... എല്ലാം.

‘അച്ഛാ.... ശാരദക്കുട്ടിയെ മനസിലായില്ലേ?’

ബംഗാളിലെ കർഷക ജന്മിയായ അജയ് മുഖർജിയുടെ മകളായാണ് ഞാൻ വീണ്ടും ജനിച്ചത്. കൊട്ടാര തുല്യമായ ആ വീടിനെയും അവരെയും എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. നിങ്ങളോടൊപ്പമുള്ള ജീവിതവും ഈ നാടും എല്ലാം എനിക്കു നന്നായി ഓർക്കാൻ കഴിയുമ്പോൾ എങ്ങനെ അവരെ മാതാപിതാക്കളായി അംഗീകരിക്കാൻ കഴിയും?

ഇടയ്ക്ക് ഉമ്മറത്തേക്കു നോക്കി അവൾ പറഞ്ഞു: ‘എനിക്ക് ഏട്ടനെ കാണാൻ കൊതിയായി ഇതുവരെ വന്നില്ലല്ലോ? നമ്മുടെ സരസ്വതി അമ്മായിയുടെ കാര്യം ഇടയ്ക്ക് ഞാൻ ഓർക്കുമായിരുന്നു. അമ്മായിക്കു വേണ്ടിയുള്ള പൂജകൾ അമ്മ ഇപ്പോഴും മുടക്കാറില്ലല്ലോ അല്ലേ?

അമ്മായി മരിച്ച ശേഷം കാവിൽ വിളക്കു വയ്ക്കാൻ മുടങ്ങിയതു കൊണ്ടാണ് എനിക്കു പാമ്പു കടിയേറ്റതെന്നല്ലേ ജ്യോത്സ്യൻ പറഞ്ഞത്...’

ഇത്ര കൂടി കേട്ടതോടെ ഇരുവരും അവരുടെ ‘ശാരദക്കുട്ടിയെ’ കെട്ടിപ്പിടിച്ചു കരഞ്ഞു.

‘‘ഇനി ഞാൻ ആ കൊട്ടാരത്തിലേക്കു പോകുന്നില്ല, നിങ്ങളുടെ കൂടെ ഇവിടെ കഴിഞ്ഞാൽ മതി. മുഖർജിയോടും ഭാര്യയോടും ഞാൻ പറഞ്ഞോളാം, എനിക്കെന്റെ അച്ഛനെയും അമ്മയെയും തിരികെ ലഭിച്ചെന്ന്. അവർ സമ്മതിക്കും, അവർക്കു വേറെയും പെൺമക്കളുണ്ട്. നിങ്ങൾക്കു ഞാൻ മാത്രമല്ലെയുള്ളു...’

പ്രമാണിയുടെ മകൻ അപ്പോഴേക്കും സ്ഥലത്തെത്തി. കേട്ടപ്പോൾ ആദ്യം സന്തോഷം തോന്നിയെങ്കിലും യുവതിയുടെ തന്നോടുള്ള പെരുമാറ്റത്തിൽ വലിയ സാഹോദര്യം അയാൾക്കു തോന്നിയില്ല. അച്ഛന്റെ സുഹൃത്തായ അഭിഭാഷകനെ കാര്യം അറിയിച്ചു. അഭിഭാഷകൻ സ്ഥലത്തെ ഡിവൈഎസ്പിയും സുഹൃത്തുമായ മാധവമോനോനെ വിവരം ധരിപ്പിച്ചു.

അഭിഭാഷകന്റെ വീട്ടിലേക്കു പ്രമാണിയെയും ഭാര്യയെയും വിളിച്ചു വരുത്തിയ മാധവമേനോൻ യുവതി അവരോടു പറഞ്ഞ കാര്യങ്ങൾ മുഴുവൻ അതേപടി രേഖപ്പെടുത്തിയ ശേഷം ഒരു കാര്യം മാത്രം ചോദിച്ചു:

‘മകൾ ശാരദ മരിക്കുമ്പോൾ നിങ്ങളുടെ വീട്ടുജോലികൾ ചെയ്തിരുന്നത് ആരാണ്?’

‘അംബുജാക്ഷി’ 

ആ പേരുപറയാൻ അവർ ഒട്ടും സമയമെടുത്തില്ല. മകൾ മരിച്ച ഘട്ടത്തിൽ അംബുജാക്ഷി ചെയ്ത സഹായങ്ങൾ അവർക്കു മറക്കാൻ കഴിയുമായിരുന്നില്ല. പ്രായമായി, കൊല്ലത്താണ് അവരിപ്പോൾ താമസം. 

മാധവമേനോൻ അവരെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തു. വൈകാതെ പൊലീസ് ‘ശാരദക്കുട്ടി’ ചമഞ്ഞെത്തിയ സുന്ദരിയായ യുവതിയെ അറസ്റ്റ് ചെയ്തു. നാദാപുരം മഹേശ്വരിയെന്നാണു യുവതിയുടെ പേര്, വർഷങ്ങൾക്കു മുൻപു പശ്ചിമ ബംഗാളിലെ അജയ് മുഖർജിയുടെ വീട്ടിൽ ജോലിക്കു നിന്നിരുന്നു. അവിടെ വച്ചാണ് അംബുജാക്ഷിയെ പരിചയപ്പെട്ടതും അമ്പലപ്പുഴയിലെ പ്രമാണിയുടെ കുടുംബത്തിന്റെ കഥകൾ അറിഞ്ഞതും.

എല്ലാം കഴിഞ്ഞപ്പോൾ വീട്ടുകാർ ഡിവൈഎസ്പി മാധവമേനോനോടു ചോദിച്ചു: ‘അംബുജാക്ഷിയെക്കുറിച്ചു ചോദിക്കാൻ മാത്രം എന്തു വിവരമാണ് അങ്ങേക്കു ഞങ്ങളുടെ മൊഴികളിൽ നിന്നുംലഭിച്ചത്?’

അദ്ദേഹം പറഞ്ഞു: ‘എനിക്കു പുനർജന്മത്തിൽ വിശ്വാസമില്ല. അഥവാ വിശ്വസിച്ചാലും, അമ്മായി മരിച്ച ശേഷം കാവിൽ വിളക്കു വയ്ക്കാൻ മുടങ്ങിയതു കൊണ്ടാണ് എനിക്കു പാമ്പുകടിയേറ്റതെന്നല്ലേ ജ്യോത്സ്യൻ പറഞ്ഞത്? ശാരദ മരിച്ച ശേഷം നിങ്ങളുടെ വീട്ടിൽ നടന്ന ഇക്കാര്യം എങ്ങനെ നാദാപുരം മഹേശ്വരി അറിഞ്ഞു. ആ വീട്ടിൽ നിങ്ങളോടൊപ്പം താമസിച്ചിരുന്ന വളരെ അടുപ്പമുള്ള ഒരാൾ പറഞ്ഞുകൊടുക്കാതെ ഇത് അറിയാൻ കഴിയില്ല. അതു വീട്ടുജോലിക്കാരിയാകുമെന്നു ഞാൻ ഊഹിച്ചു. പൊലീസ് വിവരം അറിഞ്ഞിരുന്നില്ലെങ്കിൽ നിങ്ങളുടെ മുഴുവൻ സമ്പാദ്യവുമായി മഹേശ്വരി മുങ്ങിയേനെ...’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ