ഇത്രയ്ക്കു ചീപ്പ് ആണോ ഇറാനിലെ മോഷ്ടാക്കൾ...?

HIGHLIGHTS
  • ഇങ്ങനെയൊന്നുമല്ലല്ലോ അവരെക്കുറിച്ചു കേട്ടിരുന്നത്.
  • മോഷ്ടിക്കേണ്ട എന്തു ഗതികേടാണ് അവർക്കു സംഭവിച്ചത്?
theives-from-iran-colum-by-jijo-john-puthezhath
SHARE

ഈ ഇറാൻകാർക്ക് ഇതെന്തുപറ്റി? ഇങ്ങനെയൊന്നുമല്ലല്ലോ അവരെക്കുറിച്ചു കേട്ടിരുന്നത്. സംഘം ചേർന്നു കൊല്ലത്തും ആലുവയിലുമെത്തി പച്ചക്കറിക്കടയിൽ നിന്നുവരെ മോഷ്ടിക്കേണ്ട എന്തു ഗതികേടാണ് അവർക്കു സംഭവിച്ചത്? ഈ മോഷണങ്ങൾക്കു കാരണം ‘അമേരിക്ക’യാണെന്നാണു സാമ്പത്തിക വിദഗ്ധർ അടക്കം പറയുന്നത്. ഇറാനോട് അമേരിക്ക ചെയ്യുന്ന സാമ്പത്തിക ഉപരോധം അവരെ ബുദ്ധിമുട്ടിലാക്കിയെന്നാണു പരക്കെയുള്ള അഭിപ്രായം.

യൂറോപ്പിൽ ചില സീസണുകളിൽ മാത്രം ജോലിയുള്ള ചിലരുണ്ട്. ജോലിയും വരുമാനവുമില്ലാത്ത അവധിക്കാലത്തു യൂറോപ്പിന്റെ നാലിൽ ഒന്നു മാത്രം ചെലവിൽ ദിവസങ്ങൾ തള്ളിനീക്കാൻ വിനോദസഞ്ചാരികളായി ഇന്ത്യയിലെത്തുന്നവരുടെ കൂട്ടത്തിൽ കയ്യിൽ നയാപൈസയില്ലാതെ എത്തിയവരാണോ കേരളത്തിൽ മോഷണം നടത്തുന്ന ‘ഇറാനിയൻ ദമ്പതികൾ’?

വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഇവർ പണം കവർന്ന രീതി കേൾക്കുമ്പോഴാണു മലയാളികൾ ഇത്ര പാവങ്ങളാണോ എന്നു സംശയിച്ചുപോകുന്നത്. ഏതെങ്കിലും കടയിൽ കയറി കുറച്ചു സാധനങ്ങൾ വാങ്ങുക, അതിന്റെ വില നൽകാൻ നൂറിന്റെ അല്ലെങ്കിൽ 200ന്റെ നോട്ടെടുത്തു കൊടുക്കുക... ഇതിനിടെ വളരെ നിഷ്കളങ്കമായി സംശയം ചോദിക്കും: ‘‘ഇതാണോ നിങ്ങളുടെ രാജ്യത്തെ ഏറ്റവും വില കൂടിയ നോട്ട്?’’

ഇതു കേൾക്കേണ്ട താമസം അലമാരയിൽ ഇരിക്കുന്ന ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ട് എടുത്ത് അവരുടെ കയ്യിൽ കൊടുത്തിട്ടു പറയുക: ‘‘ കണ്ടോളൂ ഇതാണ് 2000ത്തിന്റെ നോട്ട് കെട്ട്, ഇതാണ് ഇവിടത്തെ ഏറ്റവും വിലകൂടിയ കറൻസി’’ .

ഞൊടിയിടയിൽ കടക്കാരന്റെ കണ്ണുവെട്ടിച്ചു നോട്ടുകെട്ടുമായി വിദേശികൾ കടന്നു കളയുക. ഇതെന്താ, വെള്ളരിക്കാപ്പട്ടണമോ?

പൊതുവേ നല്ലവരാണ് ഇറാൻകാർ

ഇറാൻകാരെ കുറ്റപ്പെടുത്തും മുൻപു ചില കണക്കുകൾ പരിശോധിക്കാം. ഇത്രയും വലിയ സാമ്പത്തിക ഉപരോധം നേരിട്ടിട്ടും ഇക്കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ കുറവു രേഖപ്പെടുത്തിയ രാജ്യമാണ് ഇറാൻ. ആഗോള കമ്പോള പഠന ഏജൻസിയായ ‘മൈക്രോ ട്രന്റ്സ്’ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഒരു ലക്ഷം ആളുകളിൽ 2.47 പേർ മാത്രമാണ് അവിടെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത്. ഇവരുടെ കണക്കിൽ ചൈനയാണു കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ ഏറ്റവും മുന്നിൽ. ഒരു ലക്ഷത്തിൽ 0.75 പേർ മാത്രമാണ് അവിടെ കുറ്റവാളികൾ. രണ്ടിടത്തും കുറ്റവാളികൾക്കു ലഭിക്കുന്ന കടുത്ത ശിക്ഷ ഒരു കാരണമാണ്.

ഇതേ സമയം ഇറാന്റെ ‘പൊലീസ് ഡപ്യൂട്ടി ഓഫ് ക്രൈംസ് അരിയ ഹജിസാദാ’ ഔദ്യോഗിക വെബ്സൈറ്റിൽ വെളിപ്പെടുത്തിയ കണക്കുകളിലൂടെ കണ്ണോടിക്കാം.

കഴിഞ്ഞ വർഷം മാത്രം കുറ്റകൃത്യങ്ങളുടെ കണക്കിൽ 5 ശതമാനത്തിന്റെ ഇടിവുണ്ടായി. എന്നാൽ തെളിയിക്കാൻ കഴിയാത്ത കുറ്റകൃത്യങ്ങളിൽ 7% വർധനവുണ്ട്. ലഹരി കടത്തു കേസുകളും 7.50% വർധിച്ചു. രാജ്യാതിർത്തി വഴിയുള്ള ലഹരി കടത്തിലും അനുബന്ധ കുറ്റകൃത്യങ്ങളിലുമാണു വർധന. ഇത്തരം കേസുകളിൽ അകപ്പെട്ടു മറ്റു രാജ്യങ്ങളിലും ഇറാൻ പൗരന്മാർ അറസ്റ്റിലാകുന്നുണ്ട്.

ഇറാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള 975 കിലോമീറ്റർ രാജ്യാതിർത്തിയാണു ലഹരി കടത്തിന്റെ ഹോട്ട് സ്പോട്ട്. ഇതുവഴി കടന്നു വരുന്ന ലഹരി കേരളം വരെ എത്തുന്നുമുണ്ട്.

ഏതെങ്കിലും ഡ്രഗ് കാർട്ടലിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെത്തുന്ന ഇറാൻ പൗരന്മാർ ലഹരി കടത്തിൽ കള്ളത്തരം കാണിക്കുകയോ കാർട്ടലിനു കൃത്യസമയം പണം അയയ്ക്കാൻ കഴിയാത്ത വിധം ഇവിടെ കുടുങ്ങുകയോ ചെയ്താൽ ഇറാനിലുള്ള അവരുടെ ബന്ധുക്കളെ ഉപദ്രവിക്കുന്നതും പതിവാണ്.

ഇവർ ഇറാൻകാർ തന്നെയാണോ?

സൈബർ കുറ്റകൃത്യങ്ങൾ വഴി വൻതോതിൽ ധനാപഹരണം നടക്കുന്ന കേരളത്തിൽ കടയിൽ കയറി പണം തട്ടിപ്പറിച്ച് ഓടുന്ന പ്രാകൃത രീതി പഠിച്ച കള്ളന്മാർ പ്രയോഗിക്കുമെന്നു കരുതാൻ വയ്യ. മോഷണത്തിൽ പരിശീലനം ലഭിച്ചവരുമല്ല അറസ്റ്റിലായ ഇറാൻകാർ. 

പിന്നെ എന്താണ് അവരുടെ ശരിയായ പ്രശ്നം? കേരള പൊലീസ് അന്വേഷിച്ചു തെളിയിക്കേണ്ടതും ഇതാണ്. തട്ടിപ്പറിക്കുന്ന ഇന്ത്യൻ കറൻസികൾ ഉടൻ അമേരിക്കൻ ഡോളറായി അവർ മാറ്റിയെടുത്തിട്ടുണ്ട്. അപ്പോൾ, ഈ മോഷണം ഇന്ത്യയിൽ ആഡംബര വിനോദസഞ്ചാരം നടത്താനല്ലെന്ന് അനുമാനിക്കാം. ഡോളറായി മറ്റാർക്കോ കൈമാറാനാണെന്നും ഉറപ്പ്.

കേരളത്തിലെ ആശുപത്രികളിൽ കുറഞ്ഞ ചെലവിൽ ചികിത്സ തേടിയെത്തുന്ന വിദേശികളുണ്ട്. അവരുടെ ബന്ധുക്കൾ ചികിത്സാ ചെലവിനായി മോഷണം നടത്തിയാലും അതിന് ഇന്ത്യൻ രൂപ തന്നെ മതി, ഡോളറിന്റെ ആവശ്യമില്ല (ഡോളറായി ബില്ല് അടയ്ക്കണമെന്ന് ആശുപത്രി നിർബന്ധം പിടിച്ചില്ലെങ്കിൽ).

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ മോഷണം നടത്തിയത് ഇറാൻ ദമ്പതികളെന്നു സ്വയം പരിചയപ്പെടുത്തുന്ന 3 സംഘങ്ങളാണെന്നാണു കേരള പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനു ലഹരിമരുന്നു കാർട്ടലുമായി ബന്ധമുണ്ടെങ്കിൽ ഈ വിദേശികളുടെ  യാത്രാരേഖകളെപ്പോലും പൂർണമായി വിശ്വസിക്കാൻ കഴിയില്ല. രേഖകൾ പ്രകാരം ഇവർ ഇറാൻകാരാണെങ്കിലും യാഥാർഥ്യം അതാകണമെന്നില്ല.

ആരെയും സംശയിക്കാം,  കുറ്റംപറയരുത്

ഒരു കുറ്റകൃത്യം അന്വേഷിക്കുമ്പോൾ ഒരു മികച്ച കുറ്റാന്വേഷകൻ ആദ്യം സംശയത്തോടെ നോക്കുന്നതു പരാതിക്കാരനെത്തന്നെയാകും. മുൻപരിചയമില്ലാത്ത ഏതെങ്കിലും വിദേശി ഒരു ദിവസം കടയിൽവന്നു ‘നിങ്ങളുടെ രാജ്യത്തെ ഏറ്റവും വിലകൂടിയ കറൻസി നോട്ട് കാണിക്കാമോ’ എന്നു ചോദിച്ചാൽ നമ്മൾ എന്തു ചെയ്യും? പഴ്സിൽ നിന്നു 2000 രൂപയുടെ ഒരു കറൻസി നോട്ട് എടുത്തു കാണിച്ചു കൊടുക്കും. അല്ലാതെ 2000ത്തിന്റെ ഒരു കെട്ടു നോട്ട് എടുത്തു കയ്യിൽ കൊടുക്കുമോ? 

എന്തായിരിക്കണം ഇങ്ങനെ ചെയ്യാനുള്ള പ്രേരണ? ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ഈ കേസന്വേഷണത്തിൽ ഇതൊന്നുമല്ലാത്ത ‘ട്വിസ്റ്റ്’ കേരള പൊലീസിനു കണ്ടെത്താൻ കഴിയുമോ? കാത്തിരിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ