വിവാഹരാത്രിയിലെ കൂട്ടക്കൊല

HIGHLIGHTS
  • ക്ഷീണിതനായ കൊലയാളിയുടെ കൈകൾ കുഴഞ്ഞു
  • അമ്മയെ അക്രമിക്കുന്നതിനിടയിൽ സ്വയം പരുക്കേറ്റു
murder-in-wedding-day
SHARE

പൊന്നണിഞ്ഞ മണവാട്ടി. കല്യാണപ്പന്തലിൽ അവരിൽ നിന്നു  കണ്ണെടുക്കാൻ ആർക്കും കഴിഞ്ഞില്ല. അത്രയ്ക്കു സുന്ദരിയായിരുന്നു ആ യുവതി. വരന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പോലും മണവാളനോടു ചെറുതായി അസൂയ തോന്നി. ചിലരെ ആകർഷിച്ചതു  മണവാട്ടിയുടെ സൗന്ദര്യം, മറ്റു ചിലരെ പെരുമാറ്റം. വേറെ ചിലരുടെ നോട്ടം അവൾ ധരിച്ചിരുന്ന 100 പവന്റെ സ്വർണാഭരണങ്ങളിലായിരുന്നു. 25 വർഷങ്ങൾക്കു മുൻപു 100 പവൻ സ്വർണാഭരണങ്ങൾ വലിയ ആഡംബരം തന്നെയായിരുന്നു.

കല്യാണപ്പിറ്റേന്നു നേരം പുലർന്നപ്പോൾ മണവാട്ടിയും മണവാളനും മണവാളന്റെ അമ്മയും കൊല്ലപ്പെട്ടിരിക്കുന്നു. മൃതദേഹങ്ങളിൽ അതിക്രൂരമായ വെട്ടും കുത്തും. വീട്ടിലെ 2 അലമാരകളും തുറന്നു വസ്ത്രങ്ങൾ വലിച്ചുവാരി ഇട്ടിട്ടുണ്ട്. സ്വീകരണമുറിയിൽ ഓറഞ്ച് സ്ക്വാഷ് നിറച്ച 2 ഗ്ലാസുകൾ. ഒന്നു പാതി കുടിച്ച നിലയിൽ. അടുക്കളയിലെ തീയടുപ്പ് അണഞ്ഞു കിടക്കുന്നു. കലങ്ങളിലെ കഞ്ഞിയും കറിയും പകർത്തിക്കഴിച്ചിട്ടുണ്ട്. അരികിൽ നിന്നു നീളത്തിൽ മുറിച്ച നിലയിൽ കിടക്കവിരി. മണവാളന്റെയും മണവാട്ടിയുടെയും വിവാഹ മോതിരങ്ങൾ, കൊല്ലപ്പെട്ട 2 സ്ത്രീകളും ധരിച്ചിരുന്ന മാലകൾ, കമ്മലുകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ അമ്മയുടെ കയ്യിലെ ഒരു വളയും മോതിരവും എടുത്തിട്ടില്ല.

പ്രധാനപ്പെട്ട കാര്യം, ചെറിയ അലമാരയുടെ രഹസ്യ അറയിൽ സ്വർണാഭരണങ്ങൾ മുഴുവൻ ഇരിപ്പുണ്ട്. കൊലയാളിയായ മോഷ്ടാവിന് അതു കണ്ടെത്താൻ കഴി‍ഞ്ഞില്ല. മോഷണ ശ്രമത്തിനിടെ കൂട്ടക്കൊല. തൊടുപുഴ ഡിവൈഎസ്പി ഷെരീഫിനായിരുന്നു അന്വേഷണച്ചുമതല.

വിവാഹ ആൽബത്തിനു പുറമേ, വിഡിയോ കസെറ്റ് കൂടി ഒരുക്കിത്തുടങ്ങിയ കാലം. അന്വേഷണ സംഘം ആദ്യം സമീപിച്ചതു സ്റ്റുഡിയോക്കാരനെയാണ്.

വിവാഹച്ചടങ്ങ്, സദ്യ... എല്ലാം വിശദമായി റിക്കോർഡ് ചെയ്തിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുത്ത ഓരോരുത്തരുടെയും ഭാവം, ചലനം എല്ലാം പൊലീസ് പലതവണ പരിശോധിച്ചു. 

അടുത്ത ബന്ധുക്കളുടെ സഹായത്തോടെ, സംശയിക്കുന്നവരെ തിരിച്ചറിഞ്ഞു. അവരെക്കുറിച്ച് അന്വേഷിച്ചു. ചിലരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

    ഒരുകാര്യം പൊലീസ് ഉറപ്പിച്ചു, കൊലയാളി ആ വിവാഹച്ചടങ്ങിനു ക്ഷണിക്കപ്പെട്ടയാളാണ്.

ആദ്യ 2 നിഗമനങ്ങൾ ഇവ

 വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ശ്രമിക്കാതെ രാത്രി കല്യാണവീടു സന്ദർശിക്കാൻ സ്വയം അവസരമുണ്ടാക്കിയ അടുത്ത ബന്ധു അല്ലെങ്കിൽ സുഹൃത്ത്.

 വിവാഹച്ചടങ്ങിൽ പങ്കെടുത്തു മണവാട്ടിയുടെ സ്വർണാഭരണങ്ങൾ ശ്രദ്ധയിൽപെട്ടു പ്രലോഭിതനായ കൊലയാളി.

ബന്ധുക്കളും നാട്ടുകാരും വിവാഹവീട്ടിൽനിന്നു മടങ്ങിയ ശേഷം രാത്രി വൈകിയാണു പരിചയക്കാരനായ കൊലയാളി എത്തിയത്. വീട്ടുകാർ അത്താഴം കഴിച്ചിട്ടുണ്ടായിരുന്നു. കൊല നടത്താൻ ആലോചിച്ചുറപ്പിച്ച ശേഷമാണ് അയാൾ എത്തിയത്. 

വിരലടയാളം പതിയാതിരിക്കാൻ  സ്ക്വാഷ് ഗ്ലാസിൽ അയാൾ ബോധപൂർവം തൊട്ടിട്ടില്ല. പകുതി കുടിച്ച ഗ്ലാസിൽ പതിഞ്ഞതു മണവാളന്റെ വിരലടയാളങ്ങളാണ്.

പിറ്റേന്നു രാവിലെ പുതുമണവാട്ടിയെ കാണാനെത്തിയ അയൽക്കാരിയുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ ആ വീട്ടിലേക്ക് ഓടിയെത്തിയത്. വിവരം അറിഞ്ഞ പൊലീസ് തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ ക്രൈം സീൻ അടച്ചു. ഫൊറൻസിക് സംഘമെത്തി സൂക്ഷ്മ തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. വാതിൽപ്പിടിയിലെ രക്തം, തറയിലെ കാൽപാട് എന്നിവ പ്രത്യേകം രേഖപ്പെടുത്തി.

കൊല്ലപ്പെട്ട 3 പേരുടേതിനു പുറമേ, നാലാമതൊരാളുടെ രക്ത സാംപിൾ കണ്ടെത്തിയതു വലിയ സൂചനയായി. മുറിയുടെ തറയിൽ പടർന്ന മണവാളന്റെ അമ്മയുടെ രക്തവുമായി കൊലയാളിയുടെ രക്തം കലർന്ന നിലയിലാണു സാംപിൾ ലഭിച്ചത്. മറ്റു 2 പേരുടെ രക്തത്തിൽ ഇതുപോലെ നാലാമന്റെ രക്തം കലർന്നിട്ടില്ല.

അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ:

 നാലാമത്തെ രക്ത സാംപിൾ കൊലയാളിയുടേതു തന്നെ.

 സോഫയിൽ അടുത്തിരുന്നു സ്ക്വാഷ് കുടിച്ച മണവാളനാണ് ആദ്യം ആക്രമിക്കപ്പെട്ടത്. കൊലയാളിയെ തടയാൻ ശ്രമിച്ചപ്പോൾ കൈകളിൽ വെട്ടേറ്റിട്ടുണ്ട്. രണ്ടാമതു മണവാട്ടി ആക്രമിക്കപ്പെട്ടു.

ക്ഷീണിതനായ കൊലയാളിയുടെ കൈകൾ കുഴഞ്ഞു. കത്തിപ്പിടിയിൽ രക്തം പുരണ്ടു കൈതെന്നി. അമ്മയെ അക്രമിക്കുന്നതിനിടയിൽ സ്വയം പരുക്കേറ്റു (ഇവർ 2 പേരുടെ രക്തം തറയിൽ വീണു കലർന്ന നിലയിൽ കണ്ടെത്തിയത് ഇങ്ങനെ.)

 അലമാരയിൽ നിന്നു വലിച്ചുവാരിയിട്ട തുണികളിലും കൊലയാളിയുടെ രക്തം പുരണ്ടിട്ടുണ്ട്.

 പരുക്കേറ്റതു കയ്യിൽ തന്നെയാണ്, അതുകൊണ്ടാണ് അമ്മയുടെ ശരീരത്തിൽനിന്ന് ഇറുകിയ  മോതിരവും വളയും ഊരിയെടുക്കാൻ അയാൾക്കു കഴിയാതിരുന്നത്. വീടിന്റെ പിൻവശത്തുകൂടി കൊലയാളി പുറത്തിറങ്ങിയപ്പോൾ വാതിൽ പിടിയിൽ രക്തം പുരണ്ടതും അതുകൊണ്ട്.

 കരുതിയ പോലെ സ്വർണാഭരണങ്ങൾ കണ്ടെത്താൻ കഴിയാതെ നിരാശനായി വീടുവിട്ട് ഇറങ്ങും മുൻപ് അയാളുടെ ഒരുപാടു രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. പുതപ്പു കീറിയതു കയ്യിലെ മുറിവു കെട്ടാനാണ്.

 മുറിവു ഗുരുതരമായതിനാൽ അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിൽ അയാൾ ചികിത്സ തേടിയിട്ടുണ്ടാകും.

സ്വാഭാവികമായി അന്വേഷണം സമീപത്തെ ആശുപത്രികളിലേക്കും നീണ്ടു. കൊലനടന്ന ദിവസം രാത്രി സമീപത്തെ 3 ആശുപത്രികളിൽ മുറിവേറ്റു ചികിത്സ തേടിയെത്തിയ 2 യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരിൽ ഒരാൾ വിവാഹച്ചടങ്ങിൽ പങ്കെടുത്തയാളാണെന്നു വിഡിയോയിൽ കണ്ടെത്തിയതോടെ അന്വേഷണം ഇയാളിലേക്കു കേന്ദ്രീകരിച്ചു. ചോദ്യം ചെയ്യലിൽ ഇവർ 2 പേരുമല്ല കൊലയാളിയെന്നു തെളിഞ്ഞു. ഇവരുടെ രക്ത ഗ്രൂപ്പുകൾ വേറെയായിരുന്നു. തറയിൽ കണ്ടെത്തിയ കാൽപാടും ഇവരുടേതല്ല.

സംഭവദിവസം പിറ്റേന്നു നേരം പുലരും മുൻപേ കൈവിരലുകൾ പൊള്ളിയ നിലയിൽ ചികിത്സ തേടി എത്തിയ യുവാവിന്റെ വിവരങ്ങൾ പറഞ്ഞതു നഴ്സാണ്. അതേ ആശുപത്രിയിലെ ജൂനിയർ ഡോക്ടർ അത്യാഹിതവിഭാഗത്തിലേക്കു ഫോൺ ചെയ്ത് ഇയാൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കിയിരുന്നു. ഡോക്ടറുടെ ശുപാർശയിൽ എത്തിയതിനാൽ യുവാവിന്റെ കൃത്യമായ വിലാസം റജിസ്റ്ററിൽ അന്നു രാത്രി രേഖപ്പെടുത്തിയിരുന്നില്ല. 4 ദിവസം പിന്നിട്ടെങ്കിലും തുടർചികിത്സ തേടി യുവാവ് ആശുപത്രിയിൽ എത്തിയിട്ടില്ല.

ഇതോടെ പൊലീസ് ജൂനിയർ ഡോക്ടറെ ചോദ്യം ചെയ്തു. യുവാവും ഡോക്ടറും സുഹൃത്തുക്കളാണെന്നും ഒരുമിച്ചു മദ്യപിക്കുന്നവരാണെന്നും മനസ്സിലാക്കി. വൈകാതെ യുവാവിനെ കസ്റ്റഡിയിലെടുത്തു. അയാളുടെ വീട്ടിൽ നിന്നു വിവാഹക്ഷണക്കത്തും കണ്ടെത്തി. ഓട്ടത്തിനിടയിൽ ബൈക്ക് നിന്നുപോയെന്നും അതു നേരെയാക്കാൻ ശ്രമിക്കുന്നതിനിടെ സൈലൻസറിൽ അറിയാതെ പിടിച്ചപ്പോൾ കൈവിരലുകൾ പൊള്ളിയെന്നുമായിരുന്നു അയാളുടെ മൊഴി. പൊള്ളിയ വിരലുകൾക്കിടയിൽ ആഴത്തിലുള്ള മുറിവു പരിശോധനയിൽ കണ്ടെത്തിയതോടെ ജൂനിയർ ഡോക്ടറുടെ സാന്നിധ്യത്തിൽ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. അധികനേരം പിടിച്ചു നിൽക്കാൻ ഡോക്ടർക്കു കഴി‍ഞ്ഞില്ല. വിരലടയാളങ്ങൾ മായ്ക്കാൻ മുറിഞ്ഞ കയ്യിൽ യുവാവു മദ്യം ഒഴിച്ചു തീകൊളുത്തി പൊള്ളിച്ചശേഷം ചികിത്സതേടി എത്തിയ വിവരം ഡോക്ടർ പറഞ്ഞു.

വൈകാതെ മോഷണത്തിനു വേണ്ടി 3 പേരെ കൊലപ്പെടുത്തിയ കുറ്റത്തിനു യുവാവും പ്രതിയെ സംരക്ഷിച്ച കുറ്റത്തിനു ഡോക്ടറും അറസ്റ്റിലായി. ക്രൈം സീനിൽ പതിഞ്ഞ കാൽപാദത്തിന്റെ മൂന്നാമത്തെ വിരൽ തീരെ ചെറുതായിരുന്നു. അറസ്റ്റിലായ യുവാവിന്റെ പാദങ്ങൾ കണ്ട അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഷെരീഫ് പുഞ്ചിരിച്ചു. സാമ്പത്തിക നേട്ടത്തിനു വേണ്ടി കൊല ചെയ്യുന്നവർക്ക് ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) അനുശാസിക്കുന്ന വധശിക്ഷതന്നെ വിചാരണക്കോടതി പ്രതിക്കു വിധിച്ചു. പിന്നീടു ഹൈക്കോടതി ഇതു ജീവപര്യന്തമാക്കി. കൂട്ടുപ്രതിയായ ഡോക്ടറെ സംശയത്തിന്റെ ആനുകൂല്യം നൽകി മേൽക്കോടതി കുറ്റവിമുക്തനാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ