കൊലപാതകവും പാതി കത്തിയ ലുങ്കിയും

HIGHLIGHTS
  • ഓൺ ചെയ്ത ടിവിക്കു മുന്നിൽ കസേരയിൽ അവർ വെട്ടേറ്റു മരിച്ച നിലയിൽ
  • ആദ്യ നോട്ടത്തിൽ തന്നെ അദ്ദേഹം പിന്നിലേക്കു മറിഞ്ഞു
murder-case-of-the-retired-officer
SHARE

സർക്കാർ സർവീസിൽ നിന്നു വിരമിച്ച ശേഷം തിരുവനന്തപുരത്തു തന്നെ സ്ഥിരതാമസമാക്കിയ 2 ഉദ്യോഗസ്ഥർ. ഗസറ്റഡ് പദവിയിൽ നിന്നുമാണ് ഇരുവരും വിരമിച്ചത്. ഒരാൾ കൊല്ലം സ്വദേശിയായ സ്ത്രീ, രണ്ടാമൻ പാലക്കാട് സ്വദേശിയായ പുരുഷൻ. ജീവിതാന്തസു പുലർത്താനുള്ള പെൻഷൻ അവർക്കു ലഭിച്ചിരുന്നു. നഗരത്തിലെ തിരക്കിൽ നിന്ന് അകത്തേക്കു മാറി ഗ്രാമീണ അന്തരീക്ഷമുള്ള പ്രദേശത്തു നേരത്തെ സ്വന്തമായി വീടും സ്ഥലവും വാങ്ങിയിരുന്നു.

1987, കാലഘട്ടം. മറ്റു ജില്ലക്കാർ ദീർഘകാലം തലസ്ഥാനത്തു സർക്കാർ ജോലി ചെയ്ത ശേഷം വിരമിക്കുമ്പോൾ വീടുവയ്ക്കാൻ സ്ഥലം വാങ്ങിയിരുന്ന വഴുതക്കാട് തന്നെയാണ് ഇവരും താമസിച്ചിരുന്നത്. പരസ്പരം വളരെ സഹകരണത്തോടെ കഴിഞ്ഞിരുന്ന കുടുംബങ്ങൾ.

വാർധക്യത്തിന്റെ തുടക്കത്തിൽ തന്നെ ജീവിത പങ്കാളികളെ അവർക്കു നഷ്ടപ്പെട്ടിരുന്നു. കൊല്ലം സ്വദേശിയായ സ്ത്രീക്കു മക്കളുണ്ടായിരുന്നില്ല. പാലക്കാടുകാരന്റെ മക്കൾ ദൂരെയാണു ജോലി ചെയ്തിരുന്നത്. ഫലത്തിൽ 2 പേരും അടുത്തടുത്തുള്ള വീടുകളിൽ ഒറ്റയ്ക്കായിരുന്നു താമസം.

വീടിന്റെ വരാന്തകളിൽ ഇരുന്നാൽ അവർക്കു പരസ്പരം കാണാം. എന്നും രാവിലെ വരാന്തയിൽ ഇരുന്നു ചായകുടിച്ചു പത്രം വായിക്കുന്നത് ഇവരുടെ പതിവായിരുന്നു. ജീവിതത്തിലെ ഒറ്റപ്പെടൽ ഇവരെ രോഗികളാക്കിയിരുന്നു. ഒരിക്കൽ അവർ ഒരുകാര്യം തമ്മിൽ പറഞ്ഞുറപ്പിച്ചു: ‘‘ എന്നെങ്കിലും ഒരു ദിവസം രാവിലെ വരാന്തയിൽ ഇരുന്നു ചായകുടിച്ചു പത്രം വായിക്കുന്നതു കണ്ടില്ലെങ്കിൽ ഒന്നു വന്നു നോക്കണം...’’ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അടുത്ത ബന്ധുക്കളെ വിവരം അറിയിക്കാനുള്ള ഫോൺ നമ്പറുകളും അവർ കൈമാറിയിരുന്നു.

എന്നും രാവിലെ ദിനചര്യ പോലെ അവർ വരാന്തകളിലേക്ക് എത്തിനോക്കി, ആശ്വാസത്തോടെ പരസ്പരം ചിരിച്ചു. വീട്ടുകളിലേക്കു കടന്നു വരുന്ന സന്ദർശകരെയും അനുഷ്ഠാനം പോലെ അവർ നിരീക്ഷിച്ചിരുന്നു. കരുതലിന്റെ സിസിടിവി ക്യാമറ കണക്കെ അവർ ഏറെക്കാലം ജീവിച്ചു.

അതിനിടെ തിരുവനന്തപുരത്തെ വീടു വിറ്റു കൊല്ലത്തു ബന്ധുക്കളുടെ അടുത്തേക്കു മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ആ വയോധിക. ഒരു ദിവസം രാവിലെ അവരുടെ വീട്ടു വരാന്ത പതിവില്ലാതെ ഒഴിഞ്ഞു കിടന്നു. തന്നോട് ഒരു വാക്കുപോലും പറയാതെ അവർ വീടൊഴിഞ്ഞു പോയോ? അദ്ദേഹം ആശങ്കപ്പെട്ടു. ഇല്ല, അങ്ങനെ സംഭവിക്കാൻ വഴിയില്ല. വീട്ടിൽ നിന്ന് ഇറങ്ങി അയൽപക്കത്തേക്കു നടന്നു.

ഗേറ്റ് കടന്നപ്പോൾ ടിവിയുടെ ശബ്ദം കേട്ടു. പകുതി ആശ്വാസമായി. അവർ വീടിനകത്തു തന്നെയുണ്ട്.

ജനലിലൂടെ എത്തിനോക്കിയപ്പോൾ ഞെട്ടിപ്പോയി. ഓൺ ചെയ്ത ടിവിക്കു മുന്നിൽ കസേരയിൽ അവർ വെട്ടേറ്റു മരിച്ച നിലയിൽ.

ആദ്യ നോട്ടത്തിൽ തന്നെ അദ്ദേഹം പിന്നിലേക്കു മറിഞ്ഞു. ഭാഗ്യത്തിനാണു തലയടിച്ചു വീഴാതിരുന്നത്.മുൻ ഡിജിപി ജേക്കബ് പുന്നൂസായിരുന്നു അന്നു തിരുവനന്തപുരം കമ്മിഷണർ. ക്രൈംബ്രാഞ്ച് സൂപ്രണ്ട് കുഞ്ഞുമൊയ്തീനായിരുന്നു അന്വേഷണച്ചുമതല. ഡോ ബി. ഉമാദത്തൻ ഫൊറൻസിക് പരിശോധനകൾക്കു നേതൃത്വം നൽകി. പൊലീസ് ഇൻക്വസ്റ്റ് (പ്രേതവിചാരണ) പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. കുറ്റകൃത്യം റിപ്പോർട്ട് ചെയ്തു 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നത് അന്നു കേരള പൊലീസിന്റെ നല്ല ശീലമായിരുന്നു.

അന്വേഷണ സംഘം മൂന്നായി പിരിഞ്ഞു.

 ഒന്നാം സംഘം കൊല നടന്ന വീടും പരിസരവും അരിച്ചു പെറുക്കണം.

 രണ്ടാം സംഘം അയൽവാസികളുടെയും കൊല്ലപ്പെട്ട സ്ത്രീയുടെ പരിചയക്കാരുടെയും മൊഴികൾ വിശദമായി രേഖപ്പെടുത്തണം.

 മൂന്നാം സംഘം കൊല്ലപ്പെട്ട സ്ത്രീയുടെ ജന്മദേശമായ കൊല്ലം പുനലൂരിലെത്തി അടുത്ത ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തണം.

ജോലി കൃത്യമായി ചെയ്ത കേരള പൊലീസിന്റെ 3 ടീമുകളും കാതലായ അന്വേഷണ വിവരങ്ങൾ അന്ന് ഉച്ചയോടെ വയർലെസ് വഴി പങ്കുവച്ചു.

ടീം ഒന്നിന്റെ കണ്ടെത്തൽ:

 കൊല നടന്ന വീട്ടിലെ കുളിമുറിയിൽ പാതി കത്തിയ നിലയിൽ ഒരു മുഷിഞ്ഞ ലുങ്കി കണ്ടെത്തി. കീറിയ അഞ്ചിടങ്ങളിൽ ലുങ്കി തയ്യൽ മെഷീൻ ഉപയോഗിച്ച് അതിവിദഗ്ധമായി തുന്നിയിട്ടുണ്ട്. രക്തം പുരണ്ടതിനാൽ കത്തിച്ചു കളയാൻ ശ്രമിച്ചതാകണം. സ്വർണമാലയും വളകളും മൃതദേഹത്തിൽ നിന്നു നഷ്ടപ്പെട്ടു. അലമാരയിലെ തുണികൾ വലിച്ചുവാരി താഴെയിട്ടിട്ടുണ്ട്.

ടീം രണ്ടിന്റെ കണ്ടെത്തൽ:

 കൊല്ലപ്പെട്ട സ്ത്രീയുമായി ഏറ്റവും അടുപ്പമുള്ള അയൽവാസിയായ റിട്ട. ഉദ്യോഗസ്ഥന്റെ മൊഴിയനുസരിച്ചു തലേന്നു വൈകിട്ട് 2 ചെറുപ്പക്കാർ അദ്ദേഹത്തോടു സ്ത്രീയുടെ വീടേതാണെന്നു തിരക്കിയിരുന്നു. യുവാക്കൾ കോളിങ് ബെൽ അടിച്ചപ്പോൾ സ്ത്രീ വാതിൽ തുറന്നു പുറത്തു വന്ന് അവരെ സന്തോഷത്തോടെ വീടിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി വാതിൽ അടച്ചു. സ്വന്തം വീടിന്റെ വരാന്തയിൽ ഇരുന്ന് അദ്ദേഹം അതു വ്യക്തമായി കണ്ടിരുന്നു.

ടീം മൂന്നിന്റെ കണ്ടെത്തൽ:

തിരുവനന്തപുരത്തെ വീടും സ്ഥലവും വിൽപന നടത്തിയ സ്ത്രീ 3 ലക്ഷം രൂപ അഡ്വാൻസ് കൈപ്പറ്റിയതായി പുനലൂരിലെ ബന്ധുക്കൾ മൊഴി നൽകി. (ഈ വിവരം ശരിയല്ലെന്നു വിശദമായ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. വീടിന്റെ വിൽപന നടന്നിട്ടില്ല). വീടു വിൽപനയുടെ വിവരം അറിയാവുന്ന അടുത്ത ബന്ധുക്കളുടെ പട്ടിക പൊലീസ് തയാറാക്കി.

പൊലീസിന്റെ അന്വേഷണ നിഗമനം:

വീടുവിൽപനയുടെ അഡ്വാൻസായി ലഭിച്ചിട്ടുണ്ടെന്ന് അടുത്ത ബന്ധുക്കൾ തെറ്റിദ്ധരിച്ച 3 ലക്ഷം രൂപ മോഷ്ടിക്കാൻ നടത്തിയ കൊലപാതകം. കൊലയാളി അടുത്തബന്ധുവാണ്. അയൽവാസിയോടു വീടു ചോദിച്ച 2 യുവാക്കൾ പ്രതികളാകാൻ സാധ്യത. ഇവർ ആ വീട്ടിലെത്തിയത് ആദ്യമായാണ്. അതുകൊണ്ടാണു വഴി ചോദിക്കേണ്ടി വന്നത്. ഇവരെ കണ്ട ഉടൻ വീട്ടിനുള്ളിലേക്കു ക്ഷണിച്ചതും വാതിൽ അടച്ചതും അവർ അടുത്ത ബന്ധുക്കളാകാനുള്ള സാധ്യതയിലേക്കു വിരൽചൂണ്ടുന്നു.

പാതി കത്തിയ ലുങ്കിയുടെ ഉടമയാകണം കൊലയാളി ലുങ്കിയുടെ അവസ്ഥ ഉടമയുടെ ദാരിദ്ര്യത്തിന്റെ സൂചനയാണ്. കടയിൽ കൊണ്ട പോയി കൂലി കൊടുത്ത് ഇത്രയും പഴകി മോശമായ ലുങ്കി തുന്നിക്കുട്ടാൻ സാധ്യത കുറവാണ്. പക്ഷേ, അതിലെ കീറലുകൾ മെഷീനിൽ വിദഗ്ധമായി തുന്നിക്കൂട്ടിയ രീതി അതിന്റെ ഉടമ വിദഗ്ധനായ തയ്യൽ തൊഴിലാളിയാണെന്നു സംശയിക്കാൻ ന്യായമായ കാരണമായി.

വീടിന്റെ വിൽപനയ്ക്ക് അഡ്വാൻസ് കൈപ്പറ്റിയ 3 ലക്ഷം രൂപയുടെ വിവരം അറിയാവുന്ന 20 ബന്ധുക്കളുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയിരുന്നു.

അതിൽ നിന്നു സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായ പുരുഷന്മാരുടെയും പേരുകൾ ഒഴിവാക്കി. അന്വേഷണം 8 പുരുഷന്മാരിലേക്കു കേന്ദ്രീകരിച്ചു. തലേന്നത്തെ സന്ദർശകരെ പറ്റി അയൽവാസി നൽകിയ രൂപവിവരണം അന്വേഷണം 3 പേരിലേക്കു ചുരുക്കി. അതിൽ ഒരാൾ കൊല്ലം– തിരുവനന്തപുരം റൂട്ടിലുള്ള ബാറിലെ ജോലിക്കാരനാണ്. മറ്റു 2 പേർ അടുത്ത ബന്ധുവിന്റെ ആൺമക്കളാണ്. ദരിദ്രകുടുംബത്തിലെ അംഗങ്ങളാണ്.

ബാർ ജീവനക്കാരനെ പൊലീസ് അയൽവാസിക്കു സൂത്രത്തിൽ കാണിച്ചു കൊടുത്തു, പ്രതി അയാളല്ല. ശേഷിക്കുന്ന 2 പേരെ തിരക്കി അഞ്ചലിനു സമീപം അവരുടെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ മരിച്ച സ്ത്രീയുടെ അന്ത്യകർമത്തിൽ പോലും പങ്കെടുക്കാതെ അവർ യാത്രപോയതായി മനസിലാക്കി. അന്വേഷണത്തിൽ കൊട്ടാരക്കരയിലെ ലോഡ്ജിൽ നിന്നു പൊലീസ് സഹോദരങ്ങളെ പൊക്കി. അയൽവാസി ഇരുവരെയും തിരിച്ചറിഞ്ഞു. അവരിൽ മൂത്ത സഹോദരൻ വീട്ടിൽ തയ്യൽ ജോലികൾ ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിച്ചു. കേസ് റജിസ്റ്റർ ചെയ്തു 24 മണിക്കൂർ തികയും മുൻപു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ