കണ്ണും മൂക്കും തുറന്ന്

HIGHLIGHTS
  • എട്ടടി ഉയരത്തിലായിരുന്നു മൃതദേഹങ്ങൾ.
  • 9 വയസ്സുകാരി എട്ടടി ഉയരത്തിൽ കയറുകെട്ടി കുരുക്കിട്ട് എങ്ങനെ തൂങ്ങിമരിച്ചു?
importance-of-smell-and-evidence-in-case
SHARE

മനുഷ്യന്റെ മണം, അടുത്തു നിന്നാൽ പോലും അതു തിരിച്ചറിയാനുള്ള ശേഷി നമ്മളിൽ ഭൂരിപക്ഷം പേർക്കും ഇല്ല. നായകൾ അടക്കം പല മൃഗങ്ങൾക്കും മണമറിയാനുള്ള കഴിവു മനുഷ്യരേക്കാൾ അനേക ഇരട്ടിയാണ്. മണം തിരിച്ചറിയാനുള്ള 30 കോടി ഘ്രാണതന്തുക്കൾ (ഓൾഫാക്ടറി സെൻസർ) നായ്ക്കളുടെ മൂക്കിനുള്ളിലുണ്ട്. മനുഷ്യരിൽ അത് 60 ലക്ഷം മാത്രം. മണങ്ങളെ വിശകലനം ചെയ്യാനുള്ള തലച്ചോറിന്റെ ശേഷിയും മനുഷ്യരേക്കാൾ 40 ഇരട്ടിയാണു നായ്ക്കൾക്കുള്ളത്.

നിർജീവമായ മനുഷ്യശരീരം 480 തരം വ്യത്യസ്ത ഗന്ധങ്ങൾ പുറപ്പെടുവിക്കുമെന്നാണു ബ്രിട്ടനിലെ ഹഡേഴ്സ്ഫീൽഡ് സർവകലാശാല നടത്തിയ പഠനങ്ങളിൽ തെളിഞ്ഞത്. മരണം സംഭവിക്കുന്നതോടെ വിഘടിച്ചു വായുവിൽ ലയിക്കുന്ന ജൈവകണങ്ങളാണ് ഇത്തരം ഗന്ധങ്ങൾക്കു കാരണം. മനുഷ്യരിലുള്ള ജൈവകണങ്ങളെല്ലാം അതേപടി പന്നികളിലുണ്ട്. അതിനും പുറമേ 320 തരം ഓർഗാനിക് ഘടകങ്ങൾ കൂടി അവയിലുണ്ട്.

ബാക്ടീരിയയുടെ പ്രവർത്തനത്തിലൂടെ ഈ ജൈവകണങ്ങൾ വിഘടിക്കുമ്പോളുണ്ടാകുന്ന രൂക്ഷഗന്ധം മനുഷ്യർക്കും തിരിച്ചറിയാൻ കഴിയും. എന്നാൽ മണ്ണിനടിയിലും മഞ്ഞുപാളിക്കടിയിലും അകപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങളിൽ നിന്നു നേരിയതോതിൽ പുറത്തുവരുന്ന ഗന്ധങ്ങൾ അറിയാൻ പരിശീലനം ലഭിച്ച നായ്ക്കൾ തന്നെ വേണം. പന്നിയുടെ ജഡം മണ്ണിനടിയിൽ കുഴിച്ചിട്ടാണ് ഇത്തരം നായ്ക്കളെ പരിശീലിപ്പിക്കുന്നത്.

കണ്ടറിഞ്ഞതും  മണത്തറിഞ്ഞതും

ഒരാളുടെ യഥാർഥ മരണ കാരണം കണ്ടുപിടിക്കാനുള്ള ശേഷി ഫൊറൻസിക് വിദഗ്ധരുടെ കണ്ണിനും മൂക്കിനുമുണ്ട്.

ശാസ്ത്രീയ പഠനത്തിനപ്പുറം പ്രവൃത്തി പരിചയം കൊണ്ടു സിദ്ധിക്കുന്ന ശേഷിയാണത്. പോസ്റ്റ്മോർട്ടം ടേബിളിൽ മൃതദേഹം തുറന്നു പരിശോധിക്കുമ്പോൾ ആദ്യം ലഭിക്കുന്ന ഗന്ധം ഒരാളുടെ മരണത്തിന്റെ കഥയും കാരണവും പറയും.

വെളുത്തുള്ളിയുടെ മണം എലിവിഷത്തിന്റെയും കപ്പപുഴുങ്ങിയ മണം സയനൈഡിന്റെയും സാന്നിധ്യം വിളിച്ചു പറയും. മണ്ണെണ്ണ മണക്കുന്ന മദ്യം മീതൈൽ ആൽക്കഹോളി(വിഷമദ്യം)ന്റേതാണ്.

മരണത്തിനു മാത്രമല്ല ഇത്തരം ഗന്ധമുള്ളത്, മരണത്തിലേക്കുള്ള വഴികൾക്കുമുണ്ട് ഇത്തരം മണങ്ങൾ.

മകന്റെ വസ്ത്രങ്ങൾ അലക്കാനെടുത്ത അമ്മയ്ക്ക് അനുഭവപ്പെട്ട പ്രത്യേകതരം സുഗന്ധം മകനെ മരണത്തിൽ നിന്നു രക്ഷപ്പെടുത്താൻ വഴിയൊരുക്കി.

ഇരുമ്പും ഉരുക്കും കൈകാര്യം ചെയ്യുന്ന വർക്ക് ഷോപ്പുകളിൽ ചെല്ലുമ്പോൾ അനുഭവിക്കുന്ന പ്രത്യേകതരം (മെറ്റാലിക്ക്) ഗന്ധത്തിൽ ഏതെങ്കിലും പൂവിന്റെ സുഗന്ധം കലർന്നാൽ എന്തു തോന്നും, അതാണു മകന്റെ വസ്ത്രത്തിൽ പ്രത്യേകിച്ചും ഷർട്ടിന്റെ കോളറിലും കക്ഷത്തിലും അനുഭവപ്പെട്ടത്.

ഇതേക്കുറിച്ചു ചോദിച്ചപ്പോൾ ഹോസ്റ്റലിലെ സുഹൃത്തിന്റെ പെർഫ്യൂം ഉപയോഗിച്ചതാണെന്നു മറുപടി പറഞ്ഞു. പക്ഷെ മകൻ എന്തോ മറയ്ക്കുന്നതു പോലെ അമ്മയ്ക്കു തോന്നി. 

രണ്ടാഴ്ചയിൽ ഒരിക്കലാണു മകൻ ഹോസ്റ്റലിൽ നിന്നു വീട്ടിലെത്തുന്നത്. പിന്നീടു വന്നപ്പോൾ അവൻ വസ്ത്രങ്ങൾ അലക്കാൻ കൊണ്ടു വന്നില്ല. ചോദിച്ചപ്പോൾ എല്ലാ കുട്ടികളും ഹോസ്റ്റലിൽ വസ്ത്രങ്ങൾ സ്വയം അലക്കുന്നതു പോലെ താനും അലക്കാൻ തുടങ്ങിയെന്നായിരുന്നു മറുപടി. വീട്ടിലേക്കുള്ള വരവു മാസത്തിൽ ഒരിക്കലായി. 

മകന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റം തിരിച്ചറിഞ്ഞ മാതാപിതാക്കൾ അടുത്ത സുഹൃത്തായ മനഃശാസ്ത്രജ്ഞനോട് ഇക്കാര്യം പറഞ്ഞു. ഒരു രാത്രി   മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തിയപ്പോൾ മുറിയിൽ തളർന്നു കിടക്കുന്ന മകനെയാണു കണ്ടത്, കുലുക്കി വിളിച്ചിട്ടും എഴുന്നേൽക്കുന്ന ഭാവമില്ല, അവരെ തിരിച്ചറിഞ്ഞ മട്ടും കണ്ടില്ല. 

മുറി പരിശോധിച്ചപ്പോൾ കൊക്കെയ്ൻ കണ്ടെത്തിയതോടെ ലഹരിവിമുക്ത കേന്ദ്രത്തിലാണ് ഈ കഥ അവസാനിച്ചത്.

ഓരോ ലഹരി പദാർഥങ്ങൾക്കുമുണ്ട് അമ്മമാർക്കു തിരിച്ചറിയാൻ പറ്റിയ ഇത്തരം ചില മണം. വൈൻ, ശർക്കരലായിനി എന്നിവ പുളിക്കുമ്പോഴുള്ള മണം നേർപ്പിച്ചതു പോലെയാണു ബ്രൗൺഷുഗറിന്റെ ഗന്ധമെന്നാണു രാസപരിശോധകരുടെ അനുഭവം. ഇല ഉണങ്ങിയ മണമാണു കഞ്ചാവിന്റേത്. പൈൻ ഇലയുടെ മണത്തോടാണ് ഇതിനു സാമ്യം.

വാളയാറിലെ സംശയങ്ങൾ

മൂക്കിനേക്കാൾ അധികം കണ്ണുകളാണു കുറ്റാന്വേഷകന്റെ ആയുധം. കണ്ണിൽ കാണുന്ന വസ്തുതകളും കുറ്റസ്ഥലത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സത്യത്തോടു വളരെ അടുത്തു നിൽക്കുന്ന ദൃശ്യങ്ങൾ കുറ്റാന്വേഷകന്റെ മനസ്സിൽ തെളിയും.

വാളയാർ കേസ്  തന്നെയാണു വളരെ നല്ല ഉദാഹരണം.പൊലീസും പ്രോസിക്യൂഷനും കോടതിയും കുറ്റക്കാരല്ലെന്നു കണ്ടു പ്രതികളെ വിട്ടയച്ച കേസാണു വാളയാറിലെ 2 പെൺകുട്ടികളുടെ അസ്വാഭാവിക മരണം.

എന്നിട്ടും പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വീടിന്റെ ഭാഗമായ ഷെഡിലെത്തിയ ഫൊറൻസിക് വിദഗ്ധൻ റിപ്പോർട്ടിൽ എഴുതിയതു മരണകാരണം കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നാണ്.

∙ 2017 ജനുവരി 13നാണു പാലക്കാട് വാളയാർ അട്ടപ്പള്ളം ശെൽവപുരത്തെ വീട്ടിൽ വൈകിട്ടു നാലരയ്ക്കും അഞ്ചിനുമിടയിൽ 11 വയസ്സുള്ള മൂത്ത പെൺകുട്ടിയുടെ മരണം.

∙ 2017 മാർച്ച് 4 നു വൈകിട്ടാണു 9 വയസ്സുള്ള ഇളയ പെൺകുട്ടിയെ അതേ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

∙ രണ്ടു കുട്ടികളും പല തവണ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയായിട്ടുള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്.

∙ ശെൽവപുരത്ത് ഓടും ഷീറ്റും മേഞ്ഞ വീടിന്റെ കഴുക്കോലിൽ ഒരേ സ്ഥാനാണു രണ്ടു കുട്ടികളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

∙ എട്ടടി ഉയരത്തിലായിരുന്നു മൃതദേഹങ്ങൾ. നാലടി മാത്രം ഉയരമുള്ള 9 വയസ്സുകാരി എട്ടടി ഉയരത്തിൽ കയറുകെട്ടി കുരുക്കിട്ട് എങ്ങനെ തൂങ്ങിമരിച്ചു?

∙ പെൺകുട്ടി മുറിയിലെ കട്ടിലിൽ കയറി നിന്നാൽ എട്ടടി ഉയരത്തിൽ കയറുകെട്ടാമെന്നാണു പൊലീസ് പറഞ്ഞത്.

∙ ചേച്ചി മരിച്ച ദിവസം വീട്ടിലെത്തിയ അനുജത്തിയാണു മൃതദേഹം ആദ്യം കണ്ടത്. അപ്പോൾ രണ്ടു പേർ മുഖം മറച്ചു വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നതു നേരിൽ കണ്ടതായി 9 വയസ്സുകാരി നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നു.

∙ ചേച്ചിയുടെ അസ്വാഭാവിക മരണത്തിലെ മുഖ്യസാക്ഷിയാകുന്ന ഇളയപെൺകുട്ടി വിസ്താരത്തിനിടയിൽ സ്വന്തം പീഡനവിവരങ്ങൾ കൂടി വിവരിച്ചാൽ കേസിൽ പ്രതികൾക്കു കടുത്ത ശിക്ഷ ഉറപ്പാണ്.

ഈ സാഹചര്യങ്ങളാണു വാളയാർ പെൺകുട്ടികളു‍ടെ അസ്വാഭാവിക മരണം കൊലപാതകമാണോയെന്ന് അന്വേഷിക്കണമെന്നു ഫൊറൻസിക് വിദഗ്ധൻ ആവശ്യപ്പെട്ടത്.

ഉയരമുള്ള ആരോ ഒരാൾ, 4 അടി മാത്രം വലുപ്പമുള്ള ആ കൊച്ചു പെൺകുട്ടിയെ ബലമായി പിടിച്ചുയർത്തി കഴുത്തിൽ കുരുക്കിട്ടതാണോയെന്നു സംശയിക്കാവുന്ന സാഹചര്യം ആ മുറിയിലുണ്ടായിരുന്നു.

Summary : Importance of smell and vidence in murder cases

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ