അലക്ക്, അലക്കു യന്ത്രം, ‘ആലബൈ’

HIGHLIGHTS
  • പൊലീസ് നേരെ നീങ്ങിയതു അലക്കുയന്ത്രത്തിന്റെ അടുത്തേക്കാണ്.
  • സാറ മൊറീസ് പ്രതി ഭാഗത്തിന്റെ ‘ആലബൈ’ പൊളിച്ചു.
landmark-judgment-on-plea-of-alibi
SHARE

കൊലക്കേസ് പ്രതി പറഞ്ഞ മുഴുവൻ കാര്യങ്ങളും വള്ളിപുള്ളി വിടാതെ രേഖപ്പെടുത്തിയ ശേഷം പൊലീസ് നേരെ നീങ്ങിയതു അലക്കുയന്ത്രത്തിന്റെ അടുത്തേക്കാണ്. കുറ്റാന്വേഷണ രീതികൾ മാറി മറിയുന്ന കാഴ്ചയാണ് പിന്നീടവിടെ കണ്ടത്.

ഡിജിറ്റൽ ഫൊറൻസിക് കുറ്റാന്വേഷണം വേറൊരു ലെവലിലേക്കു കൊണ്ടുപോകുന്നതിൽ മുഖ്യപങ്കു വഹിച്ച ഡോ. സാറ മൊറിസും സംഘവും ആ വാഷിങ് മെഷീന്റെ മദർബോർഡ് അഴിച്ചെടുത്തിരുന്നു. കുറ്റവിചാരണയിൽ പ്രതിയെ സംരക്ഷിക്കാനുള്ള ഏറ്റവും തന്ത്രപരമായ കരുനീക്കത്തെ നിർവീര്യമാക്കാനുള്ള മറുതന്ത്രമായിരുന്നു അന്വേഷണ സംഘത്തിന് ആ വാഷിങ് മെഷീൻ. ഡിജിറ്റൽ വാഷിങ് മെഷീന്റെ ഡേറ്റ ബേസിലേക്കു നുഴഞ്ഞു കയറിയ സാറ മൊറീസ് പ്രതി ഭാഗത്തിന്റെ ‘ആലബൈ’ പൊളിച്ചു.

എന്താണ് ‘ആലബൈ’?

ഈ സംഭവം നടന്നതു ബ്രിട്ടനിലാണെങ്കിലും ഇന്ത്യൻ തെളിവു നിയമത്തെ അടിസ്ഥാനമാക്കി പറയാം, ലാറ്റിൻ വാക്കായ ആലബൈ 18–ാം നൂറ്റാണ്ടു മുതലാണു ബ്രിട്ടിഷുകാർ ക്രിമിനൽ നടപടിക്രമത്തിൽ ഉപയോഗിച്ചുതുടങ്ങിയത്. ഇന്ത്യൻ എവിഡൻസ് ആക്ടിനു രൂപം നൽകിയപ്പോൾ ഇതിലെ 11–ാം വകുപ്പായി അതു ചേർത്തു. പ്രതിക്കു നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ആലബൈ. കുറ്റകൃത്യം നടക്കുന്ന സമയത്ത്, പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നു തെളിയിക്കുന്ന രീതിയാണിത്.

വ്യാജമായി ആലബൈ സൃഷ്ടിച്ചു പ്രതിയെ സംരക്ഷിക്കുന്ന കഥ ഇതിവൃത്തമാക്കിയ ‘ദൃശ്യം’ എന്ന സിനിമ ഓർക്കുക.

സംഭവത്തിലേക്കു വരാം. കുറ്റകൃത്യം നടന്ന സമയം. അവിടെ നിന്നു 12 കിലോമീറ്റർ ദൂരെ സ്വന്തം വീട്ടിൽ പ്രതി തുണിയലക്കുകയായിരുന്നുവെന്നാണു മൊഴി. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തപ്പി എത്തിയപ്പോൾ അലക്കിയെന്നു പറയുന്ന തുണികളെല്ലാം ഉണക്കി തേച്ചുവച്ചിരുന്നു.

പ്രതി തുണിയലക്കിയെന്നു പറഞ്ഞതു സത്യമാണ്. അലക്കിയതായി കണ്ടെത്തിയ തുണികളുടെ ചില നൂലിഴകൾ അന്വേഷണ സംഘം അലക്കു യന്ത്രത്തിനുള്ളിൽ കണ്ടെത്തി. ഒറ്റയ്ക്കു താമസിക്കുന്ന പ്രതിക്കു വേണ്ടി അലക്കു യന്ത്രം ഓൺ ചെയ്യാൻ മറ്റാരും ആ വീട്ടിലേക്കു കടന്നു വന്നിട്ടില്ല. അലക്കു യന്ത്രത്തിനു 2 വർഷത്തെ പഴക്കമുണ്ട്. അലക്കു യന്ത്രം അടിമുടി പരിശോധിച്ച ശേഷം അതിന്റെ വാറന്റി കാർഡ് ചോദിച്ചു. കമ്പനിയുടെ സർവീസ് ഏജന്റിന്റെ ഫോൺ നമ്പർ വാറന്റി കാർഡിൽ നിന്നു കുറിച്ചെടുത്ത അന്വേഷണ സംഘം അതടക്കമാണു ഡിജിറ്റൽ ഫൊറൻസിക് വിദഗ്ധ സാറ മോറിസിനു കേസ് ഫയൽ കൈമാറിയത്.

അലക്കു യന്ത്രത്തിന്റെ മദർ ബോർഡിന്റെ പരിശോധനയുടെ ആദ്യ ഫലം പ്രതിക്ക് അനുകൂലമായി. കുറ്റകൃത്യം നടന്നതായി പറയുന്ന സമയം തുണിയലക്കിയിട്ടുണ്ട്. പ്രതിഭാഗത്തിന്റെ ആലബൈ ഏതാണ്ടു ശരിയാണെന്നു വരുന്നു. പ്രതിയുടെ വീട്ടിലെ അലക്കു യന്ത്രം പരിശോധിച്ച അന്വേഷണ സംഘത്തിലെ ജൂനിയർ അംഗത്തെ സാറ മൊറിസ് അടുത്തേക്കു വിളിച്ചു ചോദിച്ചു:

‘‘പരിശോധന കഴിഞ്ഞപ്പോൾ അലക്കു യന്ത്രത്തിന്റെ വാറണ്ടി കാർഡ് വാങ്ങി കമ്പനിയുടെ സർവീസ് ഏജന്റിന്റെ നമ്പർ കുറിച്ചെടുക്കാൻ അങ്ങയെ പ്രേരിപ്പിച്ച ഘടകം എന്താണ്?’’

‘‘മാഡം, ആ അലക്കുയന്ത്രത്തിനു 2 വർഷത്തെ പഴക്കമുണ്ടെങ്കിലും അതു പ്രവർത്തിപ്പിക്കുന്ന സ്വിച്ച് വളരെ പുതുമയോടെ ഇരിക്കുന്നതായി എനിക്കു തോന്നി. അത് ഒട്ടും മുഷിഞ്ഞിരുന്നില്ല, ഒട്ടും തേഞ്ഞിട്ടുമില്ല. തുണിയലക്കാൻ ഒരേയൊരു മെഷീൻ മാത്രമാണ് ആ വീട്ടിലുണ്ടായിരുന്നത്... അതിലെന്തോ പന്തികേടു തോന്നി.’’

ഇത്രയും കേട്ടതോടെ സംഗതികളുടെ കിടപ്പു സാറ മൊറിസിന് ഏതാണ്ടു മനസ്സിലായി. സർവീസ് ഏജന്റിനെ ഫോണിൽ വിളിച്ചു സംശയം തീർത്തതോടെ അലക്കു യന്ത്രത്തിന്റെ മദർ ബോർഡുമായി അവർ വീണ്ടും ലാബിലേക്കു കയറി. ഏകദേശം 3 മണിക്കൂർ കൊണ്ടു കുറ്റകൃത്യത്തിന്റെ മുഴുവൻ തെളിവുമായി അവർ പുറത്തേക്കു വന്നു. ഇതിനിടെ പ്രതിയുടെ മൊബൈൽ ഫോൺ സെറ്റും 2 മാസത്തെ കോൾ ലിസ്റ്റും അവർ വിളിച്ചു വരുത്തിയിരുന്നു.

സാറാ മൊറിസിന്റെ അന്വേഷണ നിഗമനങ്ങൾ:


 ആർട്ടിഫിഷൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) സംവിധാനത്തിൽ പ്രവർത്തിക്കുന്ന വാഷിങ് മെഷീൻ അതിന്റെ സ്വിച്ച് ഉപയോഗിക്കാതെ മൊബൈൽ ആപ് വഴി ദൂരെ സ്ഥലത്തിരുന്നു പ്രവർത്തിപ്പിക്കാൻ കഴിയും. 

∙ ആർട്ടിഫിഷൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) സംവിധാനത്തിൽ പ്രവർത്തിക്കുന്ന വാഷിങ് മെഷീൻ അതിന്റെ സ്വിച്ച് ഉപയോഗിക്കാതെ മൊബൈൽ ആപ് വഴി ദൂരെ സ്ഥലത്തിരുന്നു പ്രവർത്തിപ്പിക്കാൻ കഴിയും. 

∙ കുറ്റകൃത്യം നടന്ന സമയം പ്രതിയുടെ വീട്ടിലെ വാഷിങ് മെഷീൻ പ്രവർത്തിച്ചതും മൊബൈൽ ആപ് വഴി ലഭിച്ച കമാൻഡിലാണ്. 

∙ സ്വയം പ്രവർത്തിക്കാനുള്ള നിർദേശം വാഷിങ് മെഷീനിലേക്ക് എത്തിച്ച മൊബൈൽ ഫോണിന്റെ തത്സമയ ലൊക്കേഷൻ സൈബർ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയപ്പോൾ അതു കുറ്റകൃത്യം നടന്ന അതേ സ്ഥലത്താണെന്നു ബോധ്യപ്പെട്ടു. 

∙ കുറ്റകൃത്യം നടന്ന ശേഷം പ്രതിയുടെ ഫോണിലെ ‘വാഷിങ് മെഷീൻ’ ആപ് ഡിലീറ്റ് ചെയ്യപ്പെട്ടതായി കണ്ടെത്തി.

∙ ഇതോടെ കുറ്റകൃത്യത്തിനു പ്രതി ബോധപൂർവം ഒരുക്കിയ ആലബൈയാണു തുണിയലക്കു കഥയെന്നു തെളിയിക്കാൻ പൊലീസിനു കഴിഞ്ഞു. 

∙ കുറ്റകൃത്യത്തിന്റെ മുന്നൊരുക്കം, തെളിവു നശിപ്പിക്കൽ എന്നിവയ്ക്കുള്ള ശാസ്ത്രീയ തെളിവുകൾ കൂടി ലഭിച്ചതോടെ കേസിനു കരുത്തു കൂടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ