സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാക്കുറുപ്പ്

HIGHLIGHTS
  • അയാൾ പൊട്ടിക്കരഞ്ഞുകൊണ്ടു കുറ്റസമ്മതം നടത്തി
  • ‘സർ സ്വത്തുക്കൾ തട്ടിയെടുക്കാൻ സുകുമാരക്കുറുപ്പിനെ കൊന്നതു ഞാനാണ്.’
sukumara-kurup-case
SHARE

കേരളം സാക്ഷിയായ നിത്യഹരിത കൊലക്കേസിനു വഴിത്തിരിവുണ്ടായതു പോസ്റ്റ്മോർട്ടം ടേബിളിൽനിന്നാണ്. ചാക്കോ വധക്കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയത് 1984 ജനുവരി 22ന്. കേരള പൊലീസിന്റെ, ഇതുവരെ ഫലംകാണാത്ത അന്വേഷണം. വിദേശ കമ്പനിയുടെ 8 ലക്ഷം രൂപയുടെ ഇൻഷൂറൻസ് തുക തട്ടിയെടുക്കാനുള്ള ആസൂത്രിത കൊലപാതകം നടന്നതു തലേന്നു രാത്രി. ഈ കേസിനെക്കുറിച്ചു വിവരിക്കുന്നതിനിടെ ചെങ്ങന്നൂർ ഡിവൈഎസ്പി പി.എം. ഹരിദാസ് പറഞ്ഞ ഒരുവാചകം ഫൊറൻസിക് സർജൻ ഡോ. ബി. ഉമാദത്തന്റെ മനസ്സിൽ ഉടക്കി.

ആരാണു കൊല്ലപ്പെട്ടത്? എന്ന ചോദ്യത്തിനു ‘സുകുമാരക്കുറുപ്പ് എന്നു പറയപ്പെടുന്ന ഒരാൾ...’ എന്നായിരുന്നു ഡിവൈഎസ്പി ഹരിദാസ് പറഞ്ഞ മറുപടി. കൊല്ലപ്പെട്ടതു സുകുമാരക്കുറുപ്പാണെന്നു പറഞ്ഞാൽ പോരെ, ‘പറയപ്പെടുന്ന ഒരാൾ’ എന്ന് അദ്ദേഹം പറഞ്ഞത് എന്തുകൊണ്ടാണ്?  അതായിരുന്നു ഫൊറൻസിക് സർജന്റെ സംശയം. ഹരിദാസ് പറഞ്ഞു: ‘ചില സംശയങ്ങളുണ്ടു സർ. പക്ഷേ, തെളിവു ശേഖരിക്കണം...’

എന്താണു സംശയം?

കൊല്ലപ്പെട്ടതായി പറയുന്ന സുകുമാരക്കുറുപ്പു ദീർഘകാലം അബുദാബിയിൽ ജോലി ചെയ്തയാളാണ്. ഉയർന്ന ശമ്പളം. നാട്ടിൽ ഒരു വീടുണ്ട്, മറ്റൊരു ഇരുനില വീടിന്റെ നിർമാണം ആലപ്പുഴ പട്ടണത്തിൽ അവസാന ഘട്ടത്തിൽ. അപകടം നടക്കുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന പഴയകാറിനു പുറമേ, പുതിയൊരുകാർ കൂടി ഇത്തവണ നാട്ടിലെത്തിയ ശേഷം വാങ്ങിയിട്ടുണ്ട്. ആഡംബര ജീവിതത്തിൽ താൽപര്യമുളളയാളാണ്.

കാറിന്റെ ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. പുറത്തെടുക്കുമ്പോൾ അടിവസ്ത്രത്തിന്റെ കുറച്ചു ഭാഗം മാത്രം കരിയാതെ ശേഷിച്ചിട്ടുണ്ട്. ചെരിപ്പുകൾ, വാച്ച്, മോതിരം എന്നിവ മൃതദേഹത്തിൽ കണ്ടില്ല.

‘പുതിയൊരു കാർ വീടിന്റെ പോർച്ചിൽ കിടക്കുമ്പോൾ ചെരിപ്പിടാതെ, വാച്ചുകെട്ടാതെ, മോതിരം ധരിക്കാതെ നിലവാരം വളരെ കുറഞ്ഞ അടിവസ്ത്രം ധരിച്ചു സുകുമാരക്കുറുപ്പിനെപ്പോലെ ആഡംബരപ്രിയനായ പ്രവാസി സമ്പന്നൻ പഴയ കാറോടിച്ചു പുറത്തേക്കു പോകുമോ?’

ഇതായിരുന്നു ഉത്തരം  കണ്ടെത്തേണ്ടിയിരുന്ന ചോദ്യം.

വയൽ വരമ്പത്ത് ഓലമറകെട്ടി വിശദമായ പോസ്റ്റ്മോർട്ടത്തിനുള്ള ഒരുക്കം തുടങ്ങി. ശരീരം മുഴുവൻ കത്തിക്കരിഞ്ഞിരിക്കുന്നു. ഉയരവും വണ്ണവും തട്ടിച്ചു നോക്കുമ്പോൾ കേട്ടറിവു വച്ച് സുകുമാരക്കുറുപ്പിനോടു സാദൃശ്യമുണ്ട്. ശരീരം മുഴുവൻ പെട്രോൾ പോലെ എന്തോ ഇന്ധനം ഒഴുകി തീപിടിച്ചതിന്റെ ലക്ഷണം. സാധാരണ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിക്കുമ്പോൾ ഡ്രൈവറുടെ ദേഹത്തു പെട്രോൾ വീഴാറില്ല. കാറിന്റെ ഡോർ അകത്തുനിന്നു തുറക്കാൻ കഴിയാത്ത വിധം ജാമായിട്ടുമില്ല.

ശ്വാസകോശവും ശ്വാസനാളിയും തുറന്നു പരിശോധിച്ചപ്പോൾ കരിയുടെ  തരിപോലും ഉള്ളിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അതായതു കാറിനു തീപിടിക്കുമ്പോൾ ഡ്രൈവർക്കു ശ്വാസമുണ്ടായിരുന്നെങ്കിൽ കരിയും പുകയും ഉള്ളിൽ കടന്നേനെ. ഡ്രൈവറെ മരണത്തിനുശേഷമാണു കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തി.

ആമാശയം പരിശോധിച്ചപ്പോൾ രൂക്ഷഗന്ധം കലർന്ന മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ മരണകാരണം വ്യക്തമായി.

എല്ലുകളും പല്ലുകളും പരിശോധിച്ചപ്പോൾ കൊല്ലപ്പെട്ടയാളുടെ ഉയരം 180 സെന്റിമീറ്ററാണെന്നും പ്രായം 30–35 വയസ്സാണെന്നും വ്യക്തമായി.

ഇതോടെ അന്വേഷണം അടുത്ത ബന്ധുക്കളെ ലക്ഷ്യമിട്ടു മുന്നേറി. വിദേശത്തു ശത്രുക്കളുളള സുകുമാരക്കുറുപ്പിനെ അവരിൽ ആരോ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നു പൊലീസിൽ പരാതിപ്പെട്ടതു സുകുമാരക്കുറുപ്പിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയാണ്.

ഡിവൈഎസ്പി ഹരിദാസ് വിളിച്ചുവരുത്തിയപ്പോൾ വെള്ളമുണ്ടും മുഴുക്കെ വെള്ളഷർട്ടും ധരിച്ച് കൈ അഴിച്ചിട്ടു ബട്ടൻസ് പൂട്ടിയ രീതിയിലാണു സ്റ്റേഷനിലെത്തിയത്. ഹരിദാസിനെ കണ്ടപാടെ കൈകൂപ്പി വണങ്ങി ആരും നിർദേശിക്കാതെ തന്നെ പൊലീസ് സ്റ്റേഷന്റെ മൂലയിലേക്കു മാറി പതുങ്ങി നിന്നു. ഇതു പൊലീസ് സ്റ്റേഷനിൽ കയറുമ്പോൾ കുറ്റവാളികൾ പ്രകടിപ്പിക്കുന്ന ശരീരഭാഷയാണ്. ഭാസ്കരപിള്ളയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഹരിദാസ് അയാളോടു ഷർട്ടിന്റെ കൈകൾ മുകളിലേക്കു തെറുത്തു കയറ്റാൻ നിർദേശിച്ചു. രണ്ടു കൈകളിലും പൊള്ളലേറ്റിരിക്കുന്നു.

അയാൾ പൊട്ടിക്കരഞ്ഞുകൊണ്ടു കുറ്റസമ്മതം നടത്തി: ‘സർ സ്വത്തുക്കൾ തട്ടിയെടുക്കാൻ സുകുമാരക്കുറുപ്പിനെ കൊന്നതു ഞാനാണ്.’

മരിച്ചതു സുകുമാരക്കുറുപ്പല്ലെന്ന് ഏതാണ്ട് ഉറപ്പാക്കിയിരുന്ന പൊലീസ് ഭാസ്കരപിള്ളയെ വിരട്ടി ചോദ്യം ചെയ്തപ്പോൾ തുറന്നുപറഞ്ഞ സത്യങ്ങളാണ് ഇന്നു നമുക്കറിയാവുന്ന ‘സുകുമാരക്കുറുപ്പ് കേസ്’. ചില കേസുകൾ ഇങ്ങനെയാണ്. അവ അറിയപ്പെടുന്നതു കൊല്ലപ്പെട്ട ഇരയുടെ പേരിലാവില്ല, കൊലയാളിയുടെ പേരിലാകും.

ഭാസ്കരപിള്ള പൊലീസ് കസ്റ്റഡിയിൽ സംഭവം വിവരിക്കുമ്പോൾ യഥാർഥ സുകുമാരക്കുറുപ്പ് ആലുവയിലെ ലോഡ്ജിൽ ഒളിച്ചിരിക്കുകയായിരുന്നു. ഭാസ്കരപിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ സുകുമാരക്കുറുപ്പ് ആലുവയിൽനിന്നു മുങ്ങിയതു ഭൂട്ടാനിലേക്കാണെന്നു കേരള പൊലീസിനു വിവരം ലഭിച്ചിരുന്നു.

പിന്നീടിതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇന്നു സുകുമാരക്കുറപ്പു ജീവനോടെയുണ്ടെങ്കിൽ 75 വയസ്സുണ്ടാകും. സുകുമാരക്കുറുപ്പിന്റെ പുതിയ രൂപത്തെക്കുറിച്ചു ഭാവനയിൽ രചിച്ച ചിത്രങ്ങൾ കേരള പൊലീസിന്റെ വെബ്സൈറ്റിലും രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിനും കൈമാറിയിട്ടുണ്ട്.

ഇടയ്ക്കു മകന്റെ വിവാഹം നടന്ന ഘട്ടത്തിൽ കുറുപ്പു നാട്ടിലെത്താനുള്ള സാധ്യത മുന്നിൽ കണ്ട് കേരള പൊലീസ് കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നു. ആർക്കാണ് അറിഞ്ഞുകൂടാത്തത്, കീഴടങ്ങാനല്ലാതെ അങ്ങനെയൊരു ദിവസം സുകുമാരക്കുറുപ്പു ചടങ്ങിനെത്തില്ലെന്ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ