sections
MORE

ഒലിച്ചിറങ്ങിയ ചെറിപിങ്ക് നിറമുള്ള രക്തം

HIGHLIGHTS
  • പല തവണ വിളിച്ചു ചേച്ചി, അവർ വാതിൽ തുറന്നില്ല
  • പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിനു ‘ചെറി പിങ്ക്’ നിറമാണ്.
Detective Column
SHARE

കേരളത്തിലെ മനോഹര ഹിൽ സ്റ്റേഷൻ റിസോർട്ട്. അത്താഴത്തിനു ഞങ്ങളെ വിളിക്കേണ്ട, കൊച്ചിയിൽ നിന്നു പുറപ്പെട്ടപ്പോൾ രാത്രിക്കു വേണ്ടതെല്ലാം കരുതിയിട്ടുണ്ടെന്നാണ് അവർ റിസപ്ഷനിൽ പറഞ്ഞിരുന്നത്. രാവിലെ 7നു വിളിച്ചുണർത്തണം, മസാലച്ചായ കൊടുത്തു വിടണം, പിറ്റേന്നു കാടു കറങ്ങാൻ ഒരു ഫോർ വീൽ ഡ്രൈവ് ജീപ്പ് റെഡിയാക്കിത്തരണം... ഇതായിരുന്നു അവരുടെ ആവശ്യങ്ങൾ.

മറക്കാതിരിക്കാൻ റിസപ്ഷനിസ്റ്റ് ഇക്കാര്യങ്ങൾ അപ്പോൾ തന്നെ ഡയറിയിൽ കുറിച്ചു. ജനിച്ചതും വളർന്ന തും കർണാടകത്തിലാണ്. ഇരുവരുടെയും മാതാപിതാക്കൾ മലയാളികൾ. മധുവിധു ആഘോഷിക്കാനാണ് അവർ മാതാപിതാക്കളുടെ ജന്മനാടായ കേരളത്തിൽ എത്തിയത്. രാവിലെ 9 മണിയായിട്ടും പുറത്തു നല്ല മഞ്ഞാണ്, കൊഴിഞ്ഞു വീണ യൂക്കാലിപ്റ്റസ് ഇലകളുടെ നറുമണം കലർന്ന പുകമഞ്ഞ്. 10 മീറ്ററിനപ്പുറം കാണാൻ കഴിയുന്നില്ല.

‘‘മാ‍ഡം അവർ റെഡിയാണോ വണ്ടി താഴെയുണ്ട്, ജിപ്സിയാണ്. മതിയല്ലോ?’’

റിസപ്ഷനിസ്റ്റ് അന്നു രാവിലെ ജോലിക്ക് എത്തിയതേയുള്ളു. ട്രാവൽ ഏജന്റിന്റെ ഫോൺ വന്നപ്പോഴാണ് അക്കാര്യം അവർ ഓർത്തത്.

‘‘രാവിലെ 307 ൽ മസാലച്ചായ കൊടുത്തില്ലേ? അവരെ വിളിച്ചുണർത്തിയില്ലേ?’’

‘‘പല തവണ വിളിച്ചു ചേച്ചി, അവർ വാതിൽ തുറന്നില്ല... ചായ തണുത്തു. വേറെയിടാം മൊബൈൽ നമ്പർ തന്നിട്ടുണ്ടെങ്കിൽ ചേച്ചി ഒന്നു വിളിച്ചു നോക്ക്...’’ റൂം ബോയ് വീണ്ടും 307 ലേക്കു പോയി. വാതിലിൽ എത്ര മുട്ടിയിട്ടും അകത്ത് അനക്കമില്ല. മൊബൈൽ ഫോണും പല തവണ അടിച്ചു നിശബ്ദമായി. 

ദൈവമേ... റിസപ്ഷനിസ്റ്റ് അറിയാതെ വിളിച്ചുപോയി. അവർ വിവാഹിതരല്ലേ? വീട്ടുകാർ കല്യാണത്തിന് എതിർത്ത കുട്ടികൾ വല്ലവരുമാണോ... എന്തെങ്കിലും കടുംകൈ?

മുൻപൊരിക്കൽ അത്തരമൊരു സംഭവം അതേ റിസോർട്ടിലുണ്ടായിട്ടുണ്ട്. അന്നു സംശയം തോന്നി ഹോട്ടൽ ജീവനക്കാർ തന്നെ വാതിൽ പൊളിച്ചു മുറിയിൽ കയറിയതിന്റെ പൊല്ലാപ്പ് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 

അവരുടെ വീട്ടുകാർ സംഭവം കൊലപാതകമാണെന്ന് ആരോപിച്ചതോടെ ഹോട്ടൽ ജീവനക്കാരെല്ലാം പലതവണ പൊലീസ് സ്റ്റേഷൻ കയറി മൊഴി നൽകേണ്ടിവന്നതാണ്. ലോക്കൽ പൊലീസ് ആത്മഹത്യയെന്നു കണ്ടെത്തിയ കേസ് ബന്ധുക്കളുടെ നിവേദനത്തെ തുടർന്നു ക്രൈംബ്രാഞ്ചിനു വിട്ടിരിക്കുകയാണ്. അന്നു റിസോർട്ടിൽ ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരെയും അന്വേഷണ സംഘം വീണ്ടും വിളിപ്പിച്ചിട്ടുണ്ട്.

അന്നു പൊലീസ് പ്രത്യേകം നിർദേശം നൽകിയതാണ്, മുറിയുടെ അകത്തുനിന്നു കുറ്റിയിട്ട വാതിൽ താമസക്കാർ തുറന്നില്ലെങ്കിൽ പൊളിക്കാൻ ശ്രമിക്കരുത്, അതു ചിലപ്പോൾ തെളിവു നശിപ്പിക്കലാകും. വാതിൽ പൊളിക്കുന്ന ജോലി പൊലീസിനു വിടുക.

‘‘ സർ, മാഡം.... വാതിൽ തുറക്കൂ, വാതിൽ തുറക്കൂ ജീപ്പ് താഴെ വന്നിട്ടുണ്ട് വാതിൽ തുറക്കൂ’’

റൂം നമ്പർ 307ന്റെ മുൻപിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ റിസപ്ഷനിസ്റ്റിന്റെ മുഖം വാടി. അവർ മുതലാളിയെ വിളിച്ചു കാര്യം പറഞ്ഞു.

വൈകാതെ പൊലീസെത്തി, സ്ക്രൂഡ്രൈവർ തിക്കി വാതിൽ തുറന്നു. മുറി ശൂന്യം, കിടക്കയിൽ മുഷിഞ്ഞ വസ്ത്രങ്ങൾ ഊരിയിട്ടിരിക്കുന്നു. മടക്കിത്തേച്ച പുതിയ ജോടി വസ്ത്രങ്ങൾ കിടക്കയിൽ എടുത്തുവച്ചിട്ടുണ്ട്.

വാതിൽ തുറക്കും മുൻപു റിസപ്ഷനിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നവദമ്പതികൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണു കിടക്കയിൽ മാറിയിട്ടിരിക്കുന്നത്. ദൃശ്യങ്ങൾ മുഴുവൻ പരിശോധിച്ചു, രാത്രിയോ അതിരാവിലെയോ അവർ റിസോർട്ടിനു പുറത്തേക്കു പോയിട്ടില്ല. ആരെങ്കിലും അവരെ കാണാൻ അകത്തേക്കു വന്നതായും അറിയില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണു മുറിക്കകത്തു കയറിയത്. റബർ കയ്യുറ ധരിച്ചാണ് അദ്ദേഹം വാതിലിന്റെ കൈപ്പിടിയിലും മറ്റും തൊട്ടത്.

കട്ടിലിൽ കിടന്നിരുന്ന മൊബൈൽ ഫോണുകൾ രണ്ടും അപ്പോഴും മാറി മാറി ബെല്ലടിക്കുന്നുണ്ട്, തൽക്കാലം പൊലീസ് അതിൽ തൊട്ടില്ല. കുളിമുറിയുടെ വാതിൽ ചാരിയിട്ടേയുള്ളു, കുറച്ചു വെള്ളം പുറത്തേക്ക് ഒഴുകിയിട്ടുണ്ട്. മുറിയിലെ ലൈറ്റുകൾ ഓഫാണ്.

സമയം രാവിലെ 9.30 കഴിഞ്ഞിട്ടും പുറത്തു വെയിലില്ലാത്തതിനാൽ മുറിക്കുള്ളിൽ ഇരുട്ടാണ്.

പൊലീസ് ഉദ്യോഗസ്ഥൻ ടോർച്ചടിച്ചു നോക്കി, കുളിമുറിയിൽ നിന്നു പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിനു ‘ചെറി പിങ്ക്’ നിറമാണ്.

ആശങ്കയോടെയാണ് അദ്ദേഹം കുളിമുറി വാതിൽ തുറന്നത്. രണ്ടു പേരും ബാത്ത് ടബ്ബിൽ ചലനമില്ലാതെ കിടക്കുന്നു.

നാഡിയിടിപ്പും ശ്വാസവുമില്ല, ശരീരം വിറങ്ങലിച്ചിട്ടുണ്ട്. മരണം സംഭവിച്ചതു തലേന്നു വൈകിട്ടായിരിക്കണം.

പുറത്തു പോകാൻ വസ്ത്രങ്ങൾ എടുത്തു കട്ടിലിൽ വച്ചിട്ട് ഒരുമിച്ചു കുളിക്കാൻ കയറിയതാകണം... 

കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതിൽ എന്തോ പന്തികേട്. മരണം ശാന്തമാണ്, മുറിവുകളോ ചതവോ ശരീരത്തിലില്ല. കേരളാ പൊലീസിന്റെ ഏറ്റവും പരിചയ സമ്പന്നനായ ഫൊറൻസിക് സർജനാണു പോസ്റ്റ്മോർട്ടം നിർവഹിച്ചത്. അദ്ദേഹത്തിന്റെ റിപ്പോർട്ട് വരുന്നതിനു മുൻപേ ചില പൊലീസുകാരും സമീപത്തെ റിസോർട്ടുകാരും സംഭവത്തെ ആത്മഹത്യയെന്നു വ്യാഖ്യാനിച്ചു കഴിഞ്ഞിരുന്നു.

‘കമിതാക്കൾ റിസോർട്ടിൽ വിഷം കഴിച്ചു മരിച്ചു’ ആദ്യ വിവരങ്ങൾ ഇങ്ങനെയാണു പുറത്തുവന്നത്.

മാതാപിതാക്കൾ എത്തിയതോടെ അവർ വിവാഹിതരാണെന്നു തെളിഞ്ഞു. അപ്പോൾ സംസാരം ‘നവദമ്പതികൾ വിഷം കഴിച്ചു മരിച്ചെ’ന്നായി.

307–ാം മുറിയിൽ ഫൊറൻസിക് വിദഗ്ധരുടെ പരിശോധന നടന്നു. മുറിക്കുള്ളിൽ വായുസഞ്ചാരം കുറവാണ്. പുറത്തു തണുപ്പായതിനാൽ ജനലുകൾ തുറക്കാറില്ല. കുളിമുറിയുടെ അകത്തെ എക്സോസ്റ്റ് ഫാൻ പ്രവർത്തിക്കുന്നില്ല. റൂം ഹീറ്റർ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, ഒട്ടും ചൂട് അനുഭവപ്പെട്ടില്ല. മുറിയിലോ കുളിമുറിയിലോ വിഷത്തിന്റെ അംശം പോലും കണ്ടെത്താൻ കഴിഞ്ഞില്ല. കൊച്ചിയിൽ നിന്നു വാങ്ങിയ ഭക്ഷണപ്പൊതി അഴിക്കാതെ മേശപ്പുറത്തുണ്ട്. അവരതു കഴിച്ചിട്ടില്ല.

മൃതദേഹങ്ങളുടെ മൂക്കിൽ നിന്ന് ഒലിച്ചിറങ്ങിയ ചെറി പിങ്ക് നിറമുള്ള രക്തമായിരുന്നു മരണകാരണം വ്യക്തമാക്കുന്ന ആദ്യ ശാസ്ത്രീയ സൂചന. സംഭവം, കഴിഞ്ഞ ദിവസം നേപ്പാൾ ദമനിലെ റിസോർട്ട് മുറിയിൽ 2 കുടുംബങ്ങളുടെ മരണത്തിനു കാരണമായ അതേ വിഷവാതക ചോർച്ച തന്നെ. കാർബൺ മോണോക്സൈഡ് ശ്വസിച്ചു മരിക്കുന്നതിന്റെ ആദ്യ ലക്ഷണമാണു ശരീരത്തിലെ രക്തത്തിന്റെ നിറം ‘ചെറി പിങ്കാ’യി മാറുന്നത്. വായയുടെ ഉൾഭാഗം, മോണ, നെഞ്ച്, വയറ്, ഉള്ളംകൈകാലുകൾ എന്നിവയും പിങ്ക് നിറത്തിൽ കാണപ്പെടും.

വിഷവാതകം ശ്വസിക്കുമ്പോൾ രക്തത്തിലെ ഓക്സിജൻ വാഹകരായ ഹിമോഗ്ലോബിൻ രൂപംമാറി കാർബോക്സി ഹിമോഗ്ലോബിനായി മാറുന്നതാണ് ഈ നിറംമാറ്റത്തിനു കാരണം. അപകട മരണം നടന്ന മുറിയിലെ ഗ്യാസ് ഹീറ്റർ ഘടിപ്പിച്ച സിലിണ്ടർ പരിശോധിച്ചപ്പോൾ അതു കാലിയായിരിക്കുന്നു. അടഞ്ഞു കിടന്ന കുളിമുറിയിലെ ഓക്സിജന്റെ അളവു പരിശോധിച്ചപ്പോൾ വളരെ കുറവ്. മൃതദേഹത്തിൽ കാർബൺ മോണോക്സൈഡ് ഓക്സി മീറ്റർ ഘടിപ്പിച്ചു പരിശോധിച്ചപ്പോൾ വളരെ കൂടിയതോതിൽ വിഷവാതക സാന്നിധ്യം കണ്ടെത്തിയതോടെ മരണകാരണം ശാസ്ത്രീയമായി ബോധ്യപ്പെട്ടു.

അന്തരിച്ച ഫൊറൻസിക് സയൻസ് അധ്യാപകൻ പ്രഫ. ബി.  ഉമാദത്തന്റെ ഓർമക്കുറിപ്പുകളിൽ ഈ സംഭവത്തിന്റെ ശാസ്ത്രീയ വിവരണമുണ്ട്. എൽപിജി പാചകവാതകം ചോർന്നാൽ വേഗം തിരിച്ചറിയാൻ സഹായിക്കുന്ന ദുർഗന്ധം സിലിണ്ടറിൽ നിറയ്ക്കാറുണ്ട്. അതുപോലെ കാർബൺ മോണോക്സൈഡിനു പ്രത്യേകിച്ചു ഗന്ധമില്ലാത്തതാണ് അപകടത്തിനു കാരണമാകുന്നത്. മുറിക്കുള്ളിൽ 50% വിഷവാതകം നിറ‌ഞ്ഞാൽ എത്ര ആരോഗ്യമുള്ള വ്യക്തിക്കും ബോധം നഷ്ടപ്പെട്ടും അടുത്ത 5 മിനിറ്റ് കൂടി അതു ശ്വസിച്ചാൽ മരണം ഉറപ്പ്.

English Summary : Breathing Poison

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DETECTIVE
SHOW MORE
FROM ONMANORAMA