ഫിന്‍ലന്‍ഡിലും സ്വീഡനിലും റഷ്യക്ക് തിരിച്ചടി

HIGHLIGHTS
  • രണ്ടു രാജ്യങ്ങള്‍ നിഷ്പക്ഷത ഉപേക്ഷിച്ച് നാറ്റോയില്‍ അംഗത്വം നേടുന്നു
  • യുക്രെയിന്‍ യുദ്ധത്തിന്‍റെ അനന്തരഫലം
finland-to-become-latest-membe-of-nato
SHARE

യുക്രെയിനില്‍ ഒരു വര്‍ഷത്തിലേറെയായി നടന്നുവരുന്ന യുദ്ധം കൊണ്ട് റഷ്യയ്ക്ക് ഉദ്ദേശിച്ച ഫലം ഉണ്ടായില്ലെന്നു മാത്രമല്ല, ഉദ്ദേശിക്കാത്ത ഫലം ഉണ്ടാവുകയും ചെയ്തു. അമേരിക്കയും റഷ്യയും തമ്മിലുളള ശീതയുദ്ധത്തില്‍ നിഷ്പക്ഷത പാലിച്ചിരുന്ന യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡ് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയില്‍ ചേര്‍ന്നു. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യവുമാണ് ഫിന്‍ലന്‍ഡ്. 

യുക്രെയിനെ ആക്രമിച്ചതുപോലെ തങ്ങളെയും റഷ്യ ആക്രമിക്കുമോയെന്ന ഭയമാണത്രേ ഫിന്‍ലന്‍ഡിനെ നയംമാറ്റത്തിനു പ്രേരിപ്പിച്ചത്. നാറ്റോയില്‍ ചേര്‍ന്നാല്‍ പുറമെനിന്നുള്ള ഏത് ആക്രമണത്തെയും ചെറുക്കാന്‍  നാറ്റോയുടെ സൈനിക സഹായം കിട്ടും. ഫിന്‍ലന്‍ഡിന്‍റെ തൊട്ടടുത്തുളള മറ്റൊരു നിഷ്പക്ഷ രാജ്യമായ സ്വീഡനും ഇതേ കാരണത്താല്‍ നാറ്റോയില്‍ അംഗമാകാനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുന്നു.  യുക്രെയിനിലെ യുദ്ധം പാളിയതിനു പുറമെ ഇതുകൂടി ആയതോടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വലിയ നാണക്കേടിലയി.  

സോവിയറ്റ് യൂണിയന്‍ നിലവിലുണ്ടായിരുന്ന കാലത്ത് അവരില്‍ നിന്നുള്ള ആക്രമണ ഭീഷണിയെ ചെറുക്കാന്‍ ബെല്‍ജിയത്തിലെ  ബ്രസല്‍സ് ആസ്ഥാനമായി 1949ല്‍ രൂപംകൊണ്ടതാണ് നാറ്റോ അഥവാ നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നിവ ഉള്‍പ്പെടെ 12 അംഗങ്ങളുണ്ടായിരുന്ന അതിലെ അംഗ സംഖ്യ ഇപ്പോള്‍ ഫിന്‍ലന്‍ഡ് കൂടി ചേര്‍ന്നതോടെ 31 ആയി. 

നാറ്റോ അംഗരാജ്യങ്ങളുമായുള്ള റഷ്യയുടെ അതിര്‍ത്തിയുടെ നീളം 1230 കിലോമീറ്റര്‍ ആയിരുന്നത് ഇരട്ടിയാവുയും ചെയ്തു-2500 കിലോമീറ്റര്‍.  ഇതോടെ റഷ്യയക്ക് അതിന്‍റെ അതിര്‍ത്തികളിലെ സുരക്ഷാ സംവിധാനങ്ങള്‍ കുടുതല്‍ വികസിപ്പിക്കേണ്ടത് ആവശ്യമായിത്തീര്‍ന്നു. സാമാന്യം ഭേദപ്പെട്ട ഒരു സായുധസേനയാണ് ഫിന്‍ലന്‍ഡിനുള്ളത്. 

നാറ്റോയെപ്പോലെ ഇത്രയും വിപുലവും ശക്തവുമായ സൈനിക സഖ്യം ലോകത്തു വേറെയില്ല. സോവിയറ്റ് യൂണിയന്‍റെ കാലത്ത് അമേരിക്കയെയും മറ്റും ചെറുക്കാന്‍ അവരുടെ നേതൃത്വത്തില്‍ എട്ടു രാജ്യങ്ങളടങ്ങിയ വാഴ്സാ സഖ്യമുണ്ടായിരുന്നു. പക്ഷേ, 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ആ സൈനിക സഖ്യം ഇല്ലാതായി. അതിലുണ്ടായിരുന്ന പല രാജ്യങ്ങളും പിന്നീട് നാറ്റോയില്‍ ചേര്‍ന്നു.റഷ്യയോടൊപ്പം സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ചില രാജ്യങ്ങളും മടിച്ചു നിന്നില്ല. 

നാറ്റോയുടെ അംഗബലം കൂടുകയും റഷ്യയുടെ ചുറ്റുമുളള രാജ്യങ്ങള്‍ അതില്‍ ചേരുകയും ചെയ്യുന്നതു സ്വാഭാവികമായും പുടിനെ അസ്വസ്ഥനാക്കുന്നു. ഇതിലൂടെ അമേരിക്ക റഷ്യയെ വളയുകയും വരിഞ്ഞുമുറുക്കുകയും ചെയ്യാന്‍ ശ്രമിക്കുകയാണെന്നു കരുതുന്ന അദ്ദേഹം റഷ്യ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായിട്ടാണ് ഇതിനെ കാണുന്നത്.    

ഈ രാജ്യങ്ങളില്‍ പലതും നാറ്റോയ്ക്കു പുറമെ, യൂറോപ്യന്‍ സാമ്പത്തിക കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനിലും അംഗത്വം നേടി. ഇതെല്ലാം സോവിയറ്റ് യൂണിയന്‍റെ അവസാന നാളുകളില്‍ അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും റഷ്യക്കു നല്‍കിയിരുന്ന സുരക്ഷാ സംബന്ധമായ ഉറപ്പുകളുടെ ലംഘനമാണെന്നു റഷ്യ കുറ്റപ്പെടുത്തുന്നു. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യ യുക്രെയിനെതിരെ ആക്രമണം അഴിച്ചുവിട്ടത് ഈ സാഹചര്യത്തിലായിരുന്നു. യൂറോപ്പില്‍ റഷ്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമാണ് യുക്രെയിന്‍. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന അവിടെ തെക്കുഭാഗത്തെ ക്രൈമിയന്‍ അര്‍ധദ്വീല്‍ സോവിയറ്റ് കാലം മുതല്‍ക്കേ നിലനിന്നുവരുന്ന നാവികസേനാ താവളം റഷ്യയെ സംബന്ധിച്ചിടത്തോളം  സൈനിക തന്ത്രപരമായി ഏറ്റവും പ്രധാനമാണ്. യുക്രെയിന്‍ നാറ്റോവില്‍ ചേരുന്നത് അതിനൊരു ഭീഷണിയായിരിക്കും.

യുക്രെയിന്‍ 2014ല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വത്തിനു ശ്രമിച്ചപ്പോള്‍ തന്നെ റഷ്യ ഉടക്കിയിരുന്നു. നാറ്റോയില്‍ കയറിക്കൂടാനുള്ള പരിപാടിയുടെ തുടക്കമായിട്ടാണ് അവര്‍ അതിനെ കണ്ടത്. യുക്രെയിനില്‍ യുദ്ധത്തിന്‍റെ മുന്നോടിയായി 2014ല്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയുടെ തുടക്കവും അങ്ങനെയായിരുന്നു. യുക്രെയിനെ പിന്തുടര്‍ന്നു സമീപമേഖലയിലെ മറ്റു ചില രാജ്യങ്ങള്‍കൂടി നാറ്റോയില്‍ ചേരുകയും അതോടെ റഷ്യ മിക്കവാറും പൂര്‍ണമായി യുഎസ് അനുകൂല സൈന്യത്താല്‍ വലയപ്പെടുകയും ചെയ്യുമെന്നു പുടിന്‍ ഭയപ്പെട്ടുവത്രേ. 

യുക്രെയിന്‍ നാറ്റോ അംഗമായിക്കഴിഞ്ഞിരുവെങ്കില്‍ അതിനെ ആക്രമിക്കാന്‍ റഷ്യ ധൈര്യപ്പെടില്ലായിരുന്നുവെന്നു കരുതുന്നവരുണ്ട്. ഏതെങ്കിലുമൊരു നാറ്റോ അംഗം ആക്രമിക്കപ്പെട്ടാല്‍ അതു തങ്ങള്‍ക്കെതിരെ മൊത്തമുണ്ടായ ആക്രമണമായി എല്ലാ അംഗങ്ങളും കരുതുകയും അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യുമെന്നു നാറ്റോ ഉടമ്പടിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ് ഇതിനു കാരണം. 

നാറ്റോയില്‍ ചേരണമോ വേണ്ടയോ എന്ന ചോദ്യം വര്‍ഷങ്ങളായി ഫിന്‍ലന്‍ഡിലെ ഒരു സജീവ രാഷ്ട്രീയ ചര്‍ച്ചാവിഷയമായിരുന്നു. 1917വരെ ഫിന്‍ലന്‍ഡ് റഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നതിന്‍റെയും 1939ല്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട് മൂന്നു മാസം കഴിഞ്ഞപ്പോള്‍ സോവിയറ്റ് യൂണിയന്‍ ഫിന്‍ലന്‍ഡിനെ ആക്രമിച്ചതിന്‍റെയും ഫിന്‍ലന്‍ഡുകാര്‍ അതിനെതിരെ പോരാടിയതിന്‍റെയും  കയ്പേറിയ ഓര്‍മകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. 

എങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യം സോവിയറ്റ് യുണിയനുമായും പിന്നീട് റഷ്യയുമായുള്ള പാശ്ചാത്യ ശക്തികളുടെ ശീതയുദ്ധത്തില്‍ ഫിന്‍ലന്‍ഡ് (അതുപോലെതന്നെ സ്വീഡനും) നിഷ്പക്ഷത പാലിക്കുകയാണ് ചെയ്തത്. റഷ്യയെ നേരിട്ടു ബാധിക്കാത്ത ചില സൈനിക നടപടികളില്‍ നാറ്റോയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെന്നുമാത്രം. 

ആ നിലപാടില്‍ മാറ്റം വരുത്തേണ്ട ആവശ്യമുള്ളതായി ഫിന്‍ലന്‍ഡിലെ ജനങ്ങളില്‍ അധികമാര്‍ക്കും തോന്നിയിരുന്നില്ല. 2018ല്‍ നടന്ന ഒരു സര്‍വേയില്‍ നാറ്റോ അംഗത്വത്തെ പിന്തുണച്ചത് ജനങ്ങളില്‍ മൂന്നിലൊന്നു പേരായിരുന്നു. കഴിഞ്ഞ വര്‍ഷം അതു അഞ്ചില്‍ നാലുപേരായി. കാരണം, യുക്രെയിനിലെ റഷ്യന്‍ ആക്രമണം. യുക്രെയിന്‍ നാറ്റോ അംഗമായിരുന്നുവെങ്കില്‍ അതിനെ ആക്രമിക്കാന്‍ റഷ്യ ധൈര്യപ്പെടില്ലായിരുന്നുവെന്നാണ് ബഹുഭൂരിപക്ഷം ഫിന്‍ലന്‍ഡുകാരും കരുതുന്നത്. 

സ്വീഡനിലെ സര്‍വേയില്‍ തെളിഞ്ഞതും ഏറെ വ്യത്യസ്തമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയില്‍ (റഷ്യയുടെ യുക്രെയിന്‍ ആക്രമണത്തിനുശേഷം രണ്ടു മാസം കഴിഞ്ഞപ്പോള്‍ രണ്ടു രാജ്യങ്ങളും ഒരേദിവസംതന്നെ നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കി. അംഗത്വം കിട്ടണമെങ്കില്‍ നിലവിലുള്ള എല്ലാ അംഗങ്ങളും സമ്മതിക്കണമെന്നുണ്ട്. പക്ഷേ തുര്‍ക്കിയും ഹംഗറിയും എതിര്‍ത്തു.

തുര്‍ക്കിയിലെ വിമതര്‍ക്കു, പ്രത്യേകിച്ച കുര്‍ദ് സമര നേതാക്കള്‍ക്കു ഫിന്‍ലന്‍ഡ് അഭയം നല്‍കിയതാണ് തുര്‍ക്കിയുടെ എതിര്‍പ്പിനു കാരണം. എങ്കിലും ഇരു രാജ്യങ്ങളുടെയും ഉന്നത നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നു ഒത്തൂതീര്‍പ്പാവുകയും എതിര്‍പ്പ് തുര്‍ക്കി പിന്‍വലിക്കുകയും ചെയ്തു. അങ്ങനെയാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഏപ്രില്‍ നാല്) ഫിന്‍ലന്‍ഡ് നാറ്റോയിലെ 31ാമത്തെ അംഗമായത്. 

സ്വീഡനില്‍ നടന്ന ഇസ്ലാമിക വിരുദ്ധ പ്രകടനങ്ങള്‍ തുര്‍ക്കിയുടെയും ഹംഗറിയിലെ ഗവണ്‍മെന്‍റിനെതിരെ ഔദ്യോഗിക തലത്തിലുണ്ടായ വിമര്‍ശനങ്ങള്‍ ഹംഗറിയുടെയും എതിര്‍പ്പിനു കാരണമായി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവരുന്നു. ലിത്വാനിയുടെ തലസ്ഥാനമായ വില്‍നിയസില്‍ ജൂലൈയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍വച്ച് സ്വീഡനും അംഗത്വം ലഭിച്ചേക്കും. സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ശേഷം നാറ്റോയില്‍ ചേര്‍ന്ന രാജ്യങ്ങളില്‍ ഒന്നാണ് ലിത്വാനിയ.

നാറ്റോയില്‍ ചേരാനുള്ള യുക്രെയിന്‍റെ ആഗ്രഹം റഷ്യന്‍ ആക്രമണത്തോടെ ശക്തിപ്പെട്ടതേയുള്ളൂ. പക്ഷേ, ഇപ്പോള്‍ അംഗത്വം നല്‍കിയാല്‍ അതു റഷ്യയെ പ്രകോപിപ്പിക്കുകയും നാറ്റോയും റഷ്യയും തമ്മിലുള്ള മഹായുദ്ധത്തില്‍ കലാശിക്കുകയും ചെയ്യുമെന്ന ഭയം അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ അംഗങ്ങളെ അതിനു സമ്മതിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്നു. 

നാറ്റോയിലെ ഒരംഗം ആക്രമിക്കപ്പെട്ടാല്‍ അതിനെ ചെറുക്കാന്‍ മറ്റ് അംഗങ്ങള്‍ സഹായിക്കണമെന്ന നിബന്ധന കാരണം അമേരിക്കയും യുദ്ധത്തില്‍ നേരിട്ട് ഇടപെടാന്‍ നിര്‍ബന്ധിതമാകും. ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, പോര്‍വിമാനങ്ങള്‍, മീസൈല്‍ സംവിധാനങ്ങള്‍ തുടങ്ങിയ ആയുധങ്ങള്‍ നല്‍കിയ യുക്രെയിനെ ഉദാരമായി സഹായിക്കുകയാണ് ഇപ്പോള്‍ നാറ്റോ അംഗരാജ്യങ്ങള്‍ ചെയ്തുവരുന്നത്.  

Content Summary : Finland to become latest member of NATO

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS