ജര്‍മനിക്ക് വേണ്ട ഇനി ആണവ ഊര്‍ജ്ജം

HIGHLIGHTS
  • അവശേഷിച്ചിരുന്ന മൂന്നു ന്യൂക്ളിയര്‍ റിയാക്ടറുകളും അടച്ചുപൂട്ടി
  • പരിസ്ഥിതി സംരക്ഷണ വാദികള്‍ ആഘോഷത്തില്‍
GERMANY-NUCLEAR-ENERGY-Germany-energy-nuclear
nuclear power plant Isar in Essenbach near Landshut, southern Germany. (Photo Credit by Christof STACHE / AFP)
SHARE

ഏറ്റവും ശുദ്ധവും താരതമ്യേന ചെലവു കുറഞ്ഞതും വന്‍തോതില്‍ ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഊര്‍ജ്ജ സ്രോതസ്സ് ഏതെന്ന ചോദ്യത്തിനു പലരും നല്‍കുന്നത് ഒരേ ഉത്തരമാണ് : ആണവോര്‍ജ്ജം അഥവാ ന്യൂക്ലിയര്‍ എനര്‍ജി. നിലവിലുള്ള ആണവ പദ്ധതികള്‍ വികസിപ്പിക്കാനും പുതിയ പദ്ധതികള്‍ ആരംഭിക്കാനും പല രാജ്യങ്ങളും നടത്തിവരുന്ന ശ്രമങ്ങള്‍ അതിനു സാക്ഷ്യം വഹിക്കുന്നു. 

പതിറ്റാണ്ടുകളായി ജര്‍മനിയിലും ഇതുതന്നെയായിരുന്നു സ്ഥിതി. ലോകത്തെ നാലാമത്തെയും  യൂറോപ്പിലെ ഒന്നാമത്തെയും സാമ്പത്തിക ശക്തിയായി ജര്‍മനിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ആണവോര്‍ജ്ജം നിര്‍ണായക പങ്കു വഹിച്ചു. പക്ഷേ, മൂന്നാഴ്ചയോളമായി ജര്‍നിയില്‍ ആണവോര്‍ജത്തിനു സ്ഥാനമില്ല. എല്ലാംകൂടി 19 ആണവനിലയങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ ചില വര്‍ഷങ്ങളായി അവശേഷിച്ചതു മൂന്നെണ്ണമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 15നു അവയും അടച്ചുപൂട്ടി. 

തെക്കു പടിഞ്ഞാറന്‍ മേഖലയിലെ ബവേറിയയിലും ബാഡന്‍വുര്‍ട്ടന്‍ബര്‍ഗിലും വടക്കു പടിഞ്ഞാറു ഭാഗത്തെ എംസ്ലന്‍ഡിലും സ്ഥിതിചെയ്യുന്ന ആ നിലയങ്ങള്‍ക്കു മുന്നില്‍ അന്നേദിവസം വലിയ ആഘോഷമായിരുന്നു. ബര്‍ലിന്‍, മ്യൂണിക്ക് തുടങ്ങിയ പ്രമുഖ നഗരങ്ങളിലും ജനം തെരുവുകളില്‍ തടിച്ചുകൂടുകയും ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തു. ജര്‍മനി ഭരിക്കുന്ന സഖ്യഗവണ്‍മെന്‍റിലെ ഘടക കക്ഷിയായ ഗ്രീന്‍ പാര്‍ട്ടി തങ്ങളുടെ ദീര്‍ഘകാല സ്വപ്നം സഫലമായതിലുള്ള സന്തോഷം ഒട്ടും മറച്ചുവച്ചില്ല.

അമേരിക്കയിലെ ത്രീമൈല്‍ ഐലന്‍ഡില്‍ 1978ലും സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന യുക്രെയിനിലെ ചെര്‍ണോബിലില്‍ 1986ലും ജപ്പാനിലെ ഫുക്കുഷിമയില്‍ 2011ലും ആണവനിലയങ്ങളിലുണ്ടായ ഭീകരമായ അപകടങ്ങളെക്കുറിച്ചുളള ഓര്‍മകളുടെ നിഴലിലായിരുന്നു അവരെല്ലാം. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ യുഗത്തിനു തുടക്കം കുറിക്കുന്നു. 

അതേസമയം, ആണവോര്‍ജത്തെ തീര്‍ത്തും തള്ളിക്കളയുന്നത് രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയെ അവതാളത്തിലാക്കുമെന്നു വിശ്വസിക്കുന്നവരും ജര്‍മനിയിലുണ്ട്. ആണവ നിലയങ്ങള്‍ അടച്ചുപൂട്ടുന്നതിനുവേണ്ടി ശക്തമായി വാദിച്ചവരില്‍ ചിലര്‍തന്നെ അവസാനഘട്ടത്തില്‍ അതിനു വിപരീതമായ നിലപാടു സ്വീകരിക്കുകയുമുണ്ടായി. 

അവസാനത്തെ മൂന്ന് ആണവ നിലയങ്ങളും അടച്ചുപൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടു ഡസന്‍ ശാസ്ത്രജ്ഞര്‍ ജര്‍മന്‍ ചാന്‍സലര്‍ (പ്രധാനമന്ത്രി) ഒലാഫ് ഷോള്‍സിനു തുറന്ന കത്തെഴുതിയതും ശ്രദ്ധേയമായിരുന്നു. നൊബേല്‍ സമ്മാന ജേതാക്കളും അവരില്‍ ഉള്‍പ്പെടുന്നു. 

കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന വിധത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്ന  കാര്‍ബണ്‍ ഡയോക്സൈഡ് പോലുള്ള ഹരിത ഗ്രഹ വാതകങ്ങള്‍ ധാരാളമായി ബഹിര്‍ഗമിപ്പിക്കുന്നവയാണ് മറ്റു പല ഊര്‍ജ്ജ സ്രോതസ്സുകളും. അവയാണ ആദ്യം നിര്‍മാര്‍ജ്ജനം ചെയ്യേണ്ടതെന്നും അവയക്കു പകരമായി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് ആണവോര്‍ജ്ജമെന്നും ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. 

തെക്കു പടിഞ്ഞാറന്‍ മേഖലയിലെ ബവേറിയയില്‍ കാള്‍ എന്ന സ്ഥലത്തു 1961 ജൂണില്‍ പ്രവര്‍ത്തനം തുടങ്ങിയ ആണവ നിലയത്തോടെ ആരംഭിച്ചതാണ് ജര്‍മനിയുടെ ആണവോര്‍ജവ ചരിത്രം. തുടര്‍ന്നുള്ള 62 വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മറ്റു 18 നിലയങ്ങള്‍കൂടി സ്ഥാപിതമാവുകയും ജര്‍മനിക്ക് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനംവരെ അവയെല്ലാംകൂടിഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. 

അതിനിടയിലായിരുന്നു അമേരിക്കയില്‍ പെന്‍സില്‍വാനിയ സംസ്ഥാനത്തെ ത്രീമൈല്‍ ഐലന്‍ഡിലെ ആണവനിലയത്തില്‍ 1978 മാര്‍ച്ചിലുണ്ടായ അപകടം. എടുത്തുപറയാവുന്ന തോതിലുള്ള ആളപായം സംഭവിക്കുകയോ  ഭാവിയില്‍ മാരരോഗങ്ങള്‍ക്കു കാരണമാകുന്ന വിധത്തിലുള്ള ആണവ പ്രസാരണം ഉണ്ടാവുകയോ ചെയ്തില്ല. എങ്കിലും ആണവോര്‍ജ്ജത്തിന്‍റെ ഉപയോഗത്തില്‍ ഗുരുതരമായ അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന ഭീതി പരക്കാന്‍ അതു കാരണമായി. യുക്രെയിനിലെ ചെര്‍ണോബിലില്‍ 1986 ഏപ്രിലില്‍ സംഭവിച്ച അപകടം ലോകമൊട്ടുക്കും ആണവവിരുദ്ധ വികാരം ഉയരാന്‍ ഇടയാക്കുകയും ചെയ്തു.

അന്‍പതോളം പേരാണ് ചെര്‍ണോബില്‍ അപകടത്തില്‍ മരിച്ചത്. പരിസരപ്രദേശങ്ങളില്‍നിന്ന് മുപ്പതിനായിരം പേരെ ഒഴിപ്പിക്കേണ്ടിവന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് ആണവപ്രസാരം മൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായി.  അയല്‍രാജ്യങ്ങളിലെയും വായു വിഷമയമായി. ജര്‍മനിയെപ്പോലും അതു ബാധിച്ചു.ഇതെല്ലാം കാരണം ജര്‍മനിയില്‍ ആണവ നിലയങ്ങളെക്കുറിച്ചുള്ള ഭീതി ശക്തിപ്പെടാന്‍ ഇടയായതില്‍ ആരും അല്‍ഭുതപ്പെടുന്നില്ല.

ഇതിനിടയില്‍തന്നെ, ഹരിത (ഗ്രീന്‍) രാഷ്ട്രീയവും ജര്‍മനിയില്‍ പച്ചപിടിക്കാന്‍ തുടങ്ങിയിരുന്നു. പരിസ്ഥിതി സംരംക്ഷണത്തിന്‍റെ ഭാഗമായി ആണവോര്‍ജജത്തിന്‍റെ ഉപയോഗം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഗ്രീന്‍ പാര്‍ട്ടി രംഗത്തിറങ്ങി. ്ഗെര്‍ഹാഡ് ഷ്രോഡറുടെ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുമായി സഖ്യത്തിലായ അവര്‍ 1998ല്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തി കൂട്ടുഗവണ്‍മെന്‍റില്‍ പങ്കാളികളാവുകയും ചെയ്തു. ജര്‍മനിയിലെ ആണവനിലയങ്ങള്‍ ഘട്ടംഘട്ടമായി പൂട്ടാന്‍ തുടങ്ങിയത് അതിനുശേഷമാണ്. 

എന്നാല്‍ ഇടതുപക്ഷ ചായ്വുള്ള ഷ്രോഡര്‍ ഗവണ്‍മെന്‍റിന്‍റെ പതനത്തിനുശേഷം 2005ല്‍ അംഗല മെര്‍ക്കലിന്‍റെ നേതൃത്വത്തില്‍ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ അധികാരത്തില്‍ എത്തിയതോടെ ജര്‍മനിയുടെ നിലപാട് മാറി. ശാസ്ത്രജ്ഞ കൂടിയായിരുന്നു 16 വര്‍ഷം ചാന്‍സലര്‍ പദവിയിലിരുന്ന മെര്‍ക്കല്‍. ആണവ നിലയങ്ങള്‍ അടച്ചുപൂട്ടുന്നത് അവരുടെ ഭരണത്തില്‍ പുനര്‍വിചിന്തനത്തിനുവിധേയമാവുകയും മന്ദഗതിയിലാവുകയും ചെയ്തു. 

  

അക്കാലത്തുതന്നെയാണ് 2011 മാര്‍ച്ചില്‍ ജപ്പാനിലെ ഫുകുഷിമ ഡയിച്ചി ആണവ നിലയം ഭൂകമ്പവും സുനാമിയുംമൂലം തകര്‍ന്നത്. ആയിരത്തിലേറെ പേര്‍ മരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരികയും ചെയ്തു. ആണവ പ്രസരത്തിന്‍റെ ഫലമായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇരയായവര്‍ അസംഖ്യം. ജര്‍മനിയില്‍ ആണവവിരുദ്ധ തരംഗം വീണ്ടും ഉയരാനും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാനും ഇതു കാരണമായി. മെര്‍ക്കലിനെ സംബന്ധിച്ചിടത്തോളം നയംമാറ്റം അനിവാര്യമായി.

അതനുസരിച്ച് 2022 ഡിസംബര്‍ അവസാനത്തോടെ അവശേഷിക്കുന്ന മൂന്നു ആണവ നിലയങ്ങളും അടച്ചുപൂട്ടേണ്ടതായിരുന്നു. അതിനിടയിലായിരുന്നു 2022 ഫെബ്രുവരിയില്‍ യുക്രെയിനിലെ റഷ്യന്‍ ആക്രമണം. ജര്‍മനി ഉള്‍പ്പെടെയുള്ള പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു റഷ്യയില്‍നിന്നു പൈപ്പ്ലൈനുകളിലൂടെ പ്രകൃതിവാതകം എത്തിച്ചേരുന്നതിന് ഇതോടെ തടസ്സം നേരിട്ടു. അവശേഷിക്കുന്ന മൂന്നു ആണവ നിലയങ്ങളും അടച്ചുപൂട്ടുന്നതു നിര്‍ത്തിവയ്ക്കാന്‍ അതുകാരണമാവുകയും ചെയ്തു.

ജര്‍മനിയില്‍ അതിനുമുന്‍പ്തന്നെ ഭരണമാറ്റവുമുണ്ടായി. മെര്‍ക്കലിന്‍റെ പിന്‍ഗാമിയായി 2021 ഡിസംബറില്‍ ചുമതലയേറ്റ പുതിയ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി) അവശേഷിക്കുന്ന മൂന്നു ആണവ നിലയങ്ങളും അടച്ചുപൂട്ടുന്നതിനു പുതിയ തീയതി നിശ്ചയിച്ചു. അതായിരുന്നു ഏപ്രില്‍ 15.  

ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനംവരെ ആണവ നിലയങ്ങളിലൂടെ ഉല്‍പാദിപ്പിക്കാന്‍ മുന്‍പ് ജര്‍മനിക്കു കഴിഞ്ഞിരുന്നു. അവസാന ഘട്ടമായേക്കും അതു വെറും ആറര ശതമാനമായി. അതിനാല്‍ ആണവോര്‍ജ്ജത്തിന്‍റെ അഭാവം മൂലം ഭാവിയില്‍ ഗുരുതരമായ ഊര്‍ജ്ജ പ്രശ്നത്തെ നേരിടേണ്ടിവരുമെന്ന ഭയം ഗവണ്‍മെന്‍റിനില്ല. കാറ്റ്, സൂര്യപ്രകാശം എന്നിവപോലുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളിലൂടെ കമ്മി നികത്താനാവുമെന്നു പ്രതീക്ഷിക്കുന്നുമുണ്ട്.

ആണവോര്‍ജ്ജം വേണ്ടെന്നു വാദിക്കുന്നവര്‍ ആണവ നിലയങ്ങളില്‍ ഉണ്ടാകാന്‍ ഇടയുള്ള അപകടങ്ങള്‍ മാത്രമല്ല അതിനു കാരണമായി ഉന്നയിക്കുന്നത്. ആണവ നിലയങ്ങളില്‍ അവശേഷിക്കുന്ന വിഷമയമായ മാലിന്യം മനുഷ്യര്‍ക്കും പ്രകൃതിക്കും അപകടം ഉണ്ടാക്കാവിധത്തില്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിലുളള  പ്രയാസവും ഒരു വലിയ പ്രശ്നമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

ആണവോര്‍ജ്ജവത്തിന്‍റെ കാര്യത്തില്‍ ജര്‍മനിയുടെ അതേ നിലപാടു സ്വീകരിച്ചിട്ടുള്ളവരും അല്ലാത്തവരും യൂറോപ്പിലുണ്ട്. ചെര്‍ണോബില്‍ അപകടത്തിന്‍റെ തൊട്ടുപിന്നാലെ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച രാജ്യങ്ങളായിരുന്നു സ്വീഡനും ഇറ്റലിയും. പക്ഷേ 1996ല്‍ സ്വീഡന്‍ ചുവടു മാറ്റി. ഇപ്പോള്‍ സ്വീഡന് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനംവരെ കിട്ടുന്നത് അരഡസന്‍ ആണവ നിലയങ്ങളില്‍ നിന്നാണ്.  

പോളണ്ടും നെതര്‍ലന്‍ഡ്സും ആണവോര്‍ജ്ജ പരിപാടി വികസിപ്പിക്കുന്ന കാര്യം ആലോചിക്കുമ്പോള്‍  ബെല്‍ജിയം നീങ്ങുന്നതു നിലവിലുള്ള ആണവ നിലയങ്ങള്‍ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനാണ്. യൂറോപ്പില്‍ ഏറ്റവുമധികം (57) ആണവ നിലയങ്ങളുള്ള രാജ്യം ഇപ്പോഴും ഫ്രാന്‍സ്തന്നെ. യൂറോപ്പിനു പുറത്തു ചൈനയും ഇന്ത്യയും മാത്രമല്ല, ജപ്പാനും വൈദ്യുതി ഉല്‍പാദനത്തിനുവേണ്ടി നിലവിലുള്ള നിലയങ്ങള്‍ വികസിപ്പിക്കാനോ പുതിയ നിലയങ്ങള്‍ തുടങ്ങാനോ ശ്രമിക്കുകയാണ്. ഫുകുഷിമ അപകടത്തിനുശേഷം 12 വര്‍ഷം കഴിഞ്ഞതോടെ അത്തരം അത്യാഹിതങ്ങളെക്കുറിച്ചുള്ള ജപ്പാന്‍കാരുടെ ഭീതിയിലും മാറ്റം വന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS