ഓസ്ട്രേലിയന്‍ സൈന്യത്തിലെ ഒരു മാതൃകാപുരുഷനായിരുന്നു ബെഞ്ചമിന്‍ റോബര്‍ട്സ്-സ്മിത്ത്. 17 വര്‍ഷത്തെ സൈനിക സേവനത്തിനിടയില്‍ അദ്ദേഹം നേടിയ അത്രയും മെഡലുകളും മറ്റു ബഹുമതികളും നേടിയ ആരും ആ രാജ്യത്ത് ഇപ്പോളില്ല. ധീരതയ്ക്കുള്ള അത്യുന്നത സൈനിക ബഹുമതിയായ വിക്ടോറിയ ക്രോസും (വിസി) അവയിൽ ഉള്‍പ്പെടുന്നു.
ഭാവിയിലും റോബര്‍ട്സ്-സ്മിത്ത് എക്കാലവും ഓര്‍മിക്കപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. സൈന്യത്തില്‍ വിശിഷ്ട സേവനം നടത്തിയവരുടെ സ്മരണയ്ക്കായി ഓസ്ട്രേലിയയുടെ തലസ്ഥാന നഗരമായ കാന്‍ബറയില്‍ സ്ഥാപിച്ച യുദ്ധസ്മാരകത്തില്‍ അദ്ദേഹത്തിന്‍റെ ഛായാചിത്രങ്ങളും യൂണിഫോമും പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. ആറര അടി ഉയരമുള്ള നാല്‍പത്തിനാലുകാരനായ ഒരു സുഭഗന്‍. അദ്ദേഹത്തെ കാണാനും അദ്ദേഹം പറയുന്നതു കേള്‍ക്കാനും ആളുകള്‍ തടിച്ചുകൂടുമായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലണ്ടനില്‍ എലിസബത്ത് രാജ്ഞിയുടെ ശവസംക്കാരത്തില്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിന്‍റെ നേതൃത്വത്തില്‍ ഓസ്ട്രേലിയയില്‍നിന്നു പങ്കെടുത്ത സംഘത്തിലെ റോബര്‍ട്സ്-സ്മിത്തിന്‍റെ സാന്നിധ്യവും ശ്രദ്ധിക്കപ്പെടുകയുണ്ടായി. റോബര്‍ട്സ്-സ്മിത്തിനെയും കൂട്ടണമെന്നു ബ്രിട്ടീഷ് കൊട്ടാരത്തില്‍നിന്നു പ്രത്യേകമായി അറിയിച്ചതായിരുന്നുവത്രേ.
ആ പ്രശസ്തിയും പ്രതാപവുമെല്ലാം പക്ഷേ, അവസാനിക്കുകയാണെന്നു തോന്നുന്നു. യുദ്ധവീരന്‍ എന്നതല്ല, യുദ്ധക്കുറ്റവാളിയെന്നതാണ് റോബര്‍ട്സ്-സ്മിത്തിന് ഇപ്പോള്‍ പലരും നല്‍കുന്ന വിശേഷണം. ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂണ്‍ ഒന്ന്) ഉണ്ടായ ഒരു കോടതി വിധി അതു ശരിവയ്ക്കുന്നു. വാസ്തവത്തില്‍ കോടതിയിലെ കേസ് റോബര്‍ട്സ്-സ്മിത്തിന് എതിരെയുള്ളതായിരുന്നില്ല. തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ അദ്ദേഹം കൊടുത്ത. മാനനഷ്ടക്കേസായിരുന്നു. അതിലെ വിധി അദ്ദേഹത്തിനെതിരായതോടെ ആരോപണം സ്ഥിരീകരിക്കപ്പെട്ടു.
ഇതൊരു സിവില്‍ കേസായിരുന്നു. ഇതിലെ വിധിയുടെ അടിസ്ഥാനത്തില്‍ റോബര്‍ട്സ്-സ്മിത്തിന് എതിരെ ഗവണ്‍മെന്‍റ് ക്രിമിനല്‍ നിയമ നടപടിക്കു മുതിരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഇതൊരു അഭൂതപൂര്‍വമായ സംഭവവികാസമായതിനാല്‍ വ്യക്തമായ മറുപടി പറയാന്‍ ആര്‍ക്കും കഴിയുന്നില്ല.
സിഡ്നി ഹെറള്‍ഡ്, കാന്‍ബറ ടൈംസ്, ദ് ഏജ് എന്നീ മൂന്നു പ്രമുഖ പത്രങ്ങള്‍ക്ക് എതിരെയായിരുന്നു റോബര്‍ട്സ്-സ്മിത്തിന്‍റെ മാനനഷ്ടക്കേസ്. അഫ്ഗാനിസ്ഥാനിലെ യുദ്ധത്തില്‍ ഓസ്ട്രേലിയന്‍ സൈന്യത്തിലെ അംഗമായി പങ്കെടുക്കുമ്പോള്‍ റോബര്‍ട്സ്-സ്മിത്ത് നിരായുധരായ യുദ്ധത്തടവുകാരെയും സിവിലിയന്മാരെയും വെടിവച്ചുകൊന്നുവെന്നായിരുന്നു 2018ല്‍ ആ പത്രങ്ങള്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകളിലെ ആരോപണം.
യുദ്ധനിയമങ്ങള്‍ക്കു നിരക്കാത്ത അത്തരം ഹീനകൃത്യങ്ങള്‍ ചെയ്യാന്‍ റോബര്‍ട്സ്-സ്മിത്ത് തന്‍റെ കീഴിലുള്ള സഹപ്രവര്‍ത്തകരെ പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന ആരോപണവും ആ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. അതിനുവേണ്ടി തന്‍റെ പദവി ഉപയോഗിച്ച് തന്‍റെ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നുവത്രേ.
സൈന്യത്തിലെ മേജര്‍ ജനറലും പിന്നീട് ഹൈക്കോടതി ജഡ്ജിയുമായിരുന്ന ഒരാളുടെ മകനായ റോബര്‍ട്സ്-സ്മിത്ത് പിതാവിന്‍റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു സൈന്യത്തില്‍ ചേര്‍ന്നത് പതിനെട്ടാം വയസ്സിലാണ്. സൈന്യത്തിലെ വിശിഷ്ട വിഭാഗമായ സ്പെഷ്യല്‍ എയര്‍ സര്‍വീസ് റെജിമെന്‍റില്‍ കോര്‍പൊറലായിരിക്കേ 2013ല്‍ 35ാം വയസ്സില്‍ റിട്ടയര്‍ചെയ്തു, തുടര്‍ന്നു രണ്ടു വര്‍ഷം റിസര്‍വ് സേനയിലുണ്ടായിരുന്നു.
തെക്കു കിഴക്കന്‍ ഏഷ്യയിലെ ദ്വീപ് രാജ്യമായ കിഴക്കന്‍ ടിമോറില്‍ 1999ല്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടത്തെ ഗവണ്‍മെന്‍റിനെ സഹായിക്കാന്‍ ചെന്ന ഓസ്ട്രേലിയന്‍ സൈന്യത്തിന്‍റെ ഭാഗമായി. അമേരിക്കയില്‍ 2001 സെപ്റ്റംബര്‍ 11നു നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് നേതൃത്വത്തില്‍ നടന്ന യുദ്ധത്തിലും ഓസ്ട്രേലിയന്‍ സൈന്യത്തിലെ അംഗമായി പങ്കെടുത്തു.
ആറു വര്‍ഷത്തിനിടയില്‍ (20062012) ആറു തവണ അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു. പത്രങ്ങള്‍ പുറത്തുകൊണ്ടുവന്നത് അവസാനത്തെ ചില വര്‍ഷങ്ങളില്‍ നടന്ന സംഭവങ്ങളാണ്. ആ റിപ്പോര്‍ട്ടുകളില്‍ റോബര്‍ട്സ്-സ്മിത്തിന്‍റെ പേരു പറഞ്ഞിരുന്നില്ല. എങ്കിലും അതു തന്നെപ്പറ്റി തന്നെയാണെന്നു വ്യക്തമാണെന്നും എന്നാല്‍ അവാസ്തവമാണെന്നും തനിക്കു മാനഹാനി ഉണ്ടാക്കുന്നതാണെന്നും പറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനിലെ ദര്‍വാന്‍ ഗ്രാമം 2012 സെപ്റ്റംബറില്‍ റോബര്‍ട്സ്-സ്മിത്തിന്‍റെ നേതൃത്വത്തിലുളള സൈനിക വിഭാഗം റെയ്ഡ് ചെയ്യുകയുണ്ടായി. നിരായുധനായ ഒരു ഗാമീണന്‍ അവരുടെ പിടിയിലായി. കൈയാമം വച്ചിരുന്ന അയാളെ പത്തു മീറ്റര്‍ ഉയരമുള്ള ഒരു കുന്നിന്‍റെ മുകളില്‍നിന്നു താഴെ വറ്റിക്കിടക്കുന്ന നദിയിലെ പാറക്കെട്ടുകളിലേക്ക് റോബര്‍ട്സ്-സ്മിത്ത് ചവിട്ടി വീഴ്ത്തിയത്രേ. ഗുരുതരമായി പരുക്കേറ്റ അയാളെ പിന്നീട് റോബര്‍ട്സ്-സ്മിത്ത് വെടിവച്ചുകൊന്നതായും പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മറ്റൊരു സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു: ഒരു തുരങ്കത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന രണ്ട് അഫ്ഗാനിസ്ഥാന്‍കാരെ (ഒരു വൃദ്ധനെയും കൃത്രിമക്കാലുള്ള യുവാവിനെയും) റോബര്‍്ട്സ്-സ്മിത്തിന്‍റെ നേതൃത്വത്തിലുള്ള സൈനിക സംഘം കണ്ടെത്തി. അവരെ പിടിച്ചുകൊണ്ടുവന്നു. വൃദ്ധനെ വെടിവച്ചുകൊല്ലാന്‍ സഹപ്രവര്‍ത്തകര്‍ക്ക് ഉത്തരവ് നല്‍കി. യുവാവിനെ റോബർട്ട്സ്-സ്മിത്ത് തന്നെ വെടിവെച്ചുകൊന്നു. അയാളുടെ കൃത്രിമക്കാല്‍ ഊരിയെടുക്കുകയും നാട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തു. അതു പിന്നീട് മദ്യം ഒഴിച്ച്കുടിക്കാനുള്ള പാത്രമായി ഉപയോഗിച്ചുവത്രേ.
ഇങ്ങനെ ആറു സംഭവങ്ങളിലായി നിരായുധരായ നാലു സിവിലിയന്മാരെ കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവരൊന്നും സിവിലിയന്മാരായിരുന്നില്ലെന്നും പോരാട്ടത്തിലാണ് അവര്‍ കൊല്ലപ്പെട്ടതെന്നും അതിനാല്‍ അവരുടെ മരണം യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരില്ലെന്നുമായിരുന്നു റോബര്‍ട്സ്-സ്മിത്തിന്‍റെ വാദം. ചില സംഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ കെട്ടുകഥയാണെന്നും വാദിക്കുകയുണ്ടായി.
മാനനഷ്ടക്കേസിനെ നേരിടേണ്ടിവന്ന മൂന്നു പത്രങ്ങള്‍ക്കും വേണ്ടി സാക്ഷി പറയാന്‍ എത്തിയവരില്‍ റോബര്‍ട്സ്-സ്മിത്തിന്‍റെ ചില മുന്‍ സഹപ്രവര്‍ത്തകരുമുണ്ടായിരുന്നു. അവരുടെ ദൃക്സാക്ഷി വിവരണം റോബര്‍ട്സ്-സ്മിത്തിനു വലിയ തിരിച്ചടിയായി. അവരില്‍ ചിലരെ റോബര്‍ട്സ്-സ്മിത്ത് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമുണ്ടായി. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സാക്ഷികളെ വിഡിയോ ലിങ്കിലൂടെ വിസ്തരിക്കുകയായിരുന്നു.
മൂന്നു പത്രങ്ങളുടെയും പ്രസാധകരായ നൈന്‍ എന്‍റര്‍നെയിറ്റ്മെന്‍റ് കമ്പനി മാനനഷ്ടക്കേസ് നേരിടാന്‍ എല്ലാവിധ സഹായങ്ങളും നല്‍കിക്കൊണ്ട് പത്രങ്ങളുടെയും അതിലെ റിപ്പോര്‍ട്ടര്‍മാരുടെയും പിന്നില്‍ ഉറച്ചുനിന്നു. മറുഭാഗത്ത് റോബര്‍ട്സ്-സ്മിത്തിനെ സഹായിക്കാന്‍ സെവന്‍ നെറ്റ്വര്‍ക്ക് എന്ന മറ്റൊരു പ്രമുഖ മാധ്യമ സ്ഥാപനവും മുന്നോട്ടുവന്നു. കേസ് നടത്താനുള്ള ചെലവ് വഹിച്ചതും അവരാണത്രേ. അങ്ങനെ ഈ കേസ് രണ്ടു മാധ്യമസ്ഥാപനങ്ങള്‍ തമ്മിലുള്ള യുദ്ധവുമായി.
സൈന്യത്തില്‍നിന്നു പിരിഞ്ഞതിനെ തുടര്‍ന്നുള്ള ചെറിയ ഒരിടവേളയ്ക്കു ശേഷം റോബര്‍ട്സ്-സ്മിത്ത് സെവന്‍ നെറ്റ്വര്‍ക്കില്‍ ഉന്നത ഉദ്യോഗം വഹിച്ചുവരികയായിരുന്നു. കേസിലെ പ്രതികൂല വിധിക്കുശേഷം ഉദ്യോഗം രാജിവച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഏതാണ്ട് ഒന്നര മാസത്തെ സമയമുണ്ട്. അപ്പീലും തളളിപ്പോവുകയാണെങ്കില്‍ റോബര്‍ട്സ്-സ്മിത്ത്ഒരു യുദ്ധക്കുറ്റവാളിയാണെന്ന ആരോപണം ഒരിക്കല്‍കൂടി സ്ഥിരീകരിക്കപ്പെടും.
English Summary: Australias most decorated soldier found responsible for war crimes