മാറ്റങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന യുഎന്‍

HIGHLIGHTS
  • ഇന്ത്യയുടെ സ്ഥിരാംഗത്വ ശ്രമത്തിനു പിന്തുണ വര്‍ദ്ധിക്കുന്നു
  • ചൈനയ്ക്കും പാക്കിസ്ഥാനും എതിര്‍പ്പ്
un-assembly3
യുഎൻ ലോഗോ, Photo by ANGELA WEISS / AFP
SHARE

ഐക്യരാഷ്ട്ര സംഘടനയ്ക്ക് (യുഎന്‍) എണ്‍പതു വയസ്സാറാവുകയും അതിലെ അംഗസംഖ്യ ഏതാണ്ട് നാലു മടങ്ങു വര്‍ധിക്കുകയും ചെയ്തു. പക്ഷേ, അതനുസരിച്ചുള്ള കാതലായ മാറ്റങ്ങള്‍ അതിന്‍റെ ഘടനയിലോ പ്രവര്‍ത്തന ശൈലിയിലോ ഉണ്ടായില്ല. 

ഇങ്ങനെ പോയാല്‍ സംഘടനയുടെ പ്രസക്തിതന്നെ നഷ്ടപ്പെടുമെന്നും കാലോചിതമായ മാറ്റങ്ങള്‍ എത്രയും വേഗം ഉണ്ടായേ തീരൂവെന്നുമുള്ള അഭിപ്രായം അംഗരാജ്യങ്ങള്‍ക്കിടയില്‍ ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇനിയും വൈകിയാല്‍ മുന്‍ഗാമിയായ ലീഗ് ഓഫ് നാഷന്‍സിന്‍റെ ഗതി വന്നേക്കാമെന്നു മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്.  

ലോക സംഘടന 1945ല്‍ രൂപംകൊള്ളുമ്പോള്‍ ഉണ്ടായിരുന്നതുപോലുള്ള രാജ്യാന്തര സാഹചര്യങ്ങളല്ല ഇപ്പോഴുള്ളത്. രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ഏറെക്കുറെ വ്യത്യസ്തമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലെ സങ്കീര്‍ണതകളും വ്യത്യസ്തം. അതിനെയെല്ലാം ഫലപ്രദമായി നേരിടാന്‍ കഴിയുന്ന മാറ്റങ്ങളാണ് ആവശ്യമെന്ന വസ്തുത പൊതുവില്‍ അംഗീകരിക്കപ്പെടുന്നു. 

ന്യൂഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ (സെപ്റ്റംബര്‍ 9, 10) നടന്ന ജി20 ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പ്രധാന വിഷയവും ഇതായിരുന്നു. ലോക സംഘടനയെ അതിന്‍റെ ഇപ്പോഴത്തെ അര്‍ദ്ധ നിര്‍ജീവാവസ്ഥയില്‍നിന്നു മോചിപ്പിക്കാന്‍ സത്വരമായ മാറ്റം അനിവാര്യമാണെന്ന ആവശ്യം ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രനേതാക്കളെല്ലാം പങ്കുവയ്ക്കുകയും ചെയ്തു.  

un-assembly1
The United Nations headquarters building is pictured in New York on July 13, 2023, Photo by Daniel SLIM / AFP

സംഘടനയുടെ ഘടനയില്‍തന്നെ മാറ്റം വരുത്തണമെന്നും അതിന്‍റെ സുപ്രധാന നയരൂപീകരണ വേദിയായ രക്ഷാസമിതിയിലെ (സെക്യൂരിറ്റി കൗണ്‍സില്‍) അംഗസംഖ്യ അതിനുവേണ്ടി വര്‍ധിപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം നേരത്തെതന്നെ നിലവിലുള്ളതാണ്. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തിനും പിന്തുണ ഏറിവരുന്നു. സ്ഥിരാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അതിനുവേണ്ടി പരിഗണിക്കപ്പെടാന്‍ ഏറ്റവും അര്‍ഹത ഇന്ത്യക്കാണെന്ന അഭിപ്രായവും ശക്തിപ്പെടുകയാണ്. ഇതും ഇക്കഴിഞ്ഞ ജി20 ഉച്ചകോടിയില്‍ പ്രകടമാവുകയുണ്ടായി. ഐക്യരാഷ്ട്ര സംഘടനയുടെ ആറ് മുഖ്യ വിഭാഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് പതിനഞ്ചംഗ രക്ഷാസമിതി. തൊട്ടടുത്ത സ്ഥാനമാണ് പൊതുസഭ അഥവാ ജനറല്‍ അസംബ്ളിക്കുള്ളത്. എല്ലാ രാജ്യങ്ങള്‍ക്കും പ്രാതിനിധ്യമുള്ള പൊതുസഭയില്‍ തുടക്കത്തില്‍ 51 അംഗങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 193. 

ലോകത്തെവിടെയും യുദ്ധമോ മറ്റു വിധത്തിലുള്ള സംഘര്‍ഷമോ ഉണ്ടായാല്‍ അതിനു സത്വര പരിഹാരം കണ്ടെത്താന്‍ ശ്രമിക്കേണ്ടത് രക്ഷാസമിതിയുടെ ഉത്തരവാദിത്തമാണ്. യുദ്ധഭൂമിയിലേക്കു സമാധാന സേനയെ നിയോഗിക്കുക, സംഘര്‍ഷത്തിന് ഇടയാക്കുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതും രക്ഷാസമിതിതന്നെ. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ ഉചിതമായ നടപടിയെടുക്കുന്നതില്‍ രക്ഷാസമിതി പരാജയപ്പെടുന്നു. സ്ഥിരാംഗങ്ങള്‍, താല്‍ക്കാലികാംഗങ്ങള്‍ എന്നിങ്ങനെ രണ്ടുതരം അംഗങ്ങള്‍ രക്ഷാസമിതിയുലുളളതാണ് ഇതിനു മുഖ്യകാരണം. 

താല്‍ക്കാലികാംഗങ്ങളുടെ എണ്ണം 1945ല്‍ ആറായിരുന്നതു 1965 മുതല്‍ പത്താണ്. അതാണ് ഐക്യാരാഷ്ട്ര സംഘടനയുടെ ഘടനയില്‍ ഇത്രയും കാലത്തിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം. ഈ അംഗങ്ങളെ രണ്ടു വര്‍ഷം വീതമുള്ള കാലത്തേക്കു പൊതുസഭ തിരഞ്ഞെടുക്കുകയാണ്.സ്ഥിരാംഗങ്ങളുടെ എണ്ണം അന്നത്തെപ്പോലെ ഇന്നും-അഞ്ച് തന്നെ. ഈ രാജ്യങ്ങള്‍ (അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്) പെര്‍മനന്‍റ് ഫൈവ് എന്നും ചുരുക്കത്തില്‍ പി-5 എന്നും അറിയപ്പെടുന്നു. ചൈനയുടെ സീറ്റ് തങ്ങളാണ് യഥാര്‍ഥ ചൈനയെന്ന അവകാശവാദത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്വാന്‍ കൈവശം വച്ചിരുന്നത് 1971ല്‍ ചൈനയ്ക്കുതന്നെ കിട്ടി. സോവിയറ്റ് യൂണിയന്‍റെ സീറ്റ് 1991ല്‍ ആ രാജ്യത്തിന്‍റെ തകര്‍ച്ചയോടെ അതിലെ ഏറ്റവും വലിയ ഘടകമായിരുന്ന റഷ്യക്കും ലഭിച്ചു. അതിനുശേഷം രക്ഷാസമിതിയുടെ ഘടനയില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. 

UN-TERRORISM-CONFERENCE
UN High-level Conference Photo by Yuki IWAMURA / AFP

മറ്റ് അംഗങ്ങള്‍ക്കില്ലാത്ത പദവിയും പ്രാധാന്യവും സ്ഥിരാംഗങ്ങള്‍ക്കു നല്‍കുന്നത് അവരുടെ വീറ്റോ അധികാരമാണ്. അതായത്, ഏതെങ്കിലും ഒരു പ്രമേയത്തെ രക്ഷാസമിതിയിലെ മൊത്തം 15 അംഗങ്ങളില്‍ 14 എണ്ണംവരെ അനുകൂലിച്ചാലും ഒരു സ്ഥിരാംഗം എതിര്‍ത്താല്‍ ആ പ്രമേയം പാസ്സാകില്ല. വീറ്റോ പ്രയോഗിച്ചിട്ടില്ലാത്ത ഒരു സ്ഥിരാംഗവുമില്ല. ഇതു കാരണം സുപ്രധാനമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാതെ രക്ഷാസമിതിക്കു നിസ്സഹായമായി നില്‍ക്കേണ്ടിവരുന്നു. ഏറ്റവുമൊടുവില്‍ യുക്രെയിനിലെ യുദ്ധം തുടങ്ങി ഒന്നര വര്‍ഷമായിട്ടും അതില്‍ ഇടപെടാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു കഴിയാതിരിക്കുന്നതിനുള്ള കാരണവും അതുതന്നെ. യുദ്ധം തുടങ്ങിവച്ച റഷ്യയോട് അതു നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പ്രമേയം ആരെങ്കിലും രക്ഷാസമിതിയില്‍ കൊണ്ടുവന്നാല്‍ റഷ്യ വീറ്റോ ചെയ്യും. 

പുതിയ അംഗങ്ങള്‍ വരുന്നതോടെ തങ്ങളുടെ പദവിയും പ്രാധാന്യവും കുറയാന്‍ ഇടയുണ്ടെന്ന ഭീതികാരണം തങ്ങളുടെ വാതിലുകള്‍ തുറന്നിടാന്‍ സ്ഥിരാംഗങ്ങള്‍ അടുത്തകാലംവരെ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ കാലം മാറിയതും അതനുരിച്ചുള്ള മാറ്റങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയില്‍ ഉണ്ടായിരിക്കേണ്ടതിന്‍റെ അനിവാര്യതയും ഇപ്പോള്‍ പൊതുവില്‍ അവരും അംഗീകരിക്കുന്നു. 

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഐക്യരാഷ്ട്ര സംഘടന രൂപംകൊള്ളുമ്പോള്‍ അഞ്ചു രാജ്യങ്ങള്‍ക്കു സ്ഥിരാംഗത്വം നല്‍കപ്പെട്ടത് അവ ആ യുദ്ധത്തിലെ വിജയികളാണെന്ന പരിഗണനയിലായിരുന്നു. യുദ്ധത്തിനു ശേഷം മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞിരിക്കേ അത്തരമൊരു പരിഗണന തുടര്‍ന്നുപോകുന്നതിന്‍റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നു. 

ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം, ജനസംഖ്യ, സാമ്പത്തിക ശക്തി, ലോകസമാധാനം നിലനിര്‍ത്തുന്നതില്‍ വഹിച്ചുവരുന്ന പങ്ക്, രാജ്യാന്തര രംഗത്തെ സഹകരണം, നയതന്ത്രപരമായ വിശ്വാസ്യത എന്നിവയാണ് വാസ്തവത്തില്‍ കണക്കിലെടുക്കേണ്ടതെന്ന അഭിപ്രായത്തിനു പിന്തുണ വര്‍ധിച്ചുവരികയും ചെയ്യുന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം കൂട്ടുകയാണെങ്കില്‍ അതിനുവേണ്ടി ആദ്യമായി പരിഗണക്കേണ്ടത് ഇന്ത്യയാണെന്ന അഭിപ്രായത്തിനു മുന്‍തൂക്കം ലഭിച്ചുകൊണ്ടിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.  

UN-DIPLOMACY
UN headquarters campus, (Photo by Daniel SLIM / AFP

അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ നാലു സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്നുണ്ട്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്വാനല്‍ മക്രോ, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തെ പ്രതിനിധീകരിച്ച വിദേശമന്ത്രി സെര്‍ഗായ് ലാവറോവ് എന്നിവരുമായി ജി20 ഉച്ചകോടി വേളയില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചകളില്‍ ആ രാജ്യങ്ങളുടെയെല്ലാം പിന്തുണ ഒന്നുകൂടി സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ബൈഡന്‍റെ മുന്‍ഗാമികളായ ബറാക് ഒബാമ, ഡോണള്‍ഡ് ട്രംപ് എന്നിവരും ഇന്ത്യക്കു പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന സവിശേഷത ഇന്ത്യക്കു നേരത്തെതന്നെയുണ്ട്. ഇപ്പോള്‍ ഏറ്റവുമധികം ജനങ്ങള്‍ ജീവിക്കുന്ന നാടുമായി. ലോകജനസംഖ്യയുടെ ആറിലൊന്ന് ഇന്ത്യയിലാണ്. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക രംഗങ്ങളില്‍ ഇന്ത്യ കരസ്ഥമാക്കിയ നേട്ടങ്ങളും പരക്കെ അംഗീകരിക്കപ്പെടുന്നു, യുഎന്‍ സമാധാന സേനകളിലേക്ക് ഏറ്റവും ആദ്യവും ഏറ്റവുമധികവും ഭടന്മാരെ അയച്ചുകൊടുത്ത രാജ്യങ്ങളുടെ കൂട്ടത്തിലും ഇന്ത്യയുണ്ട്. ആണവ രാജ്യമെന്ന നിലയില്‍ വളരെ ഉത്തരവാദിത്ത ബോധത്തോടെയാണ് ഇന്ത്യ പെരുമാറുന്നതെന്ന കാര്യവും രാജ്യാന്തര തലത്തില്‍ പ്രശംസിക്കപ്പെടുന്നു.

ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനുള്ള അര്‍ഹത ഇന്ത്യ ഉന്നയിക്കുന്നതും ലോകരാഷ്ട്രങ്ങളില്‍ മിക്കതും അതിനെ സ്വാഗതം ചെയ്യുന്നതും. രക്ഷാസമിതിയിലെ നാലു താല്‍ക്കാലികാംഗങ്ങളില്‍ ഒന്നായി 2020ല്‍ ഇന്ത്യ വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതും ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കപ്പെടുന്നു. രണ്ടു വര്‍ഷത്തേക്കുള്ള ഈ അംഗത്വം ഇന്ത്യക്കു ലഭിക്കുന്നത് എട്ടാം തവണയായിരുന്നു. തിരഞ്ഞെടുക്കപ്പെടാന്‍ പൊതുസഭയില്‍ മൂന്നിലൊന്നു വോട്ടാണ് കിട്ടേണ്ടിയിരുന്നത്. ഇന്ത്യക്കു കിട്ടിയത് അതിലേറെയാണ്-192ല്‍ 184. നേരത്തെ, അതിനുവേണ്ടി 55 അംഗ ഏഷ്യ-പസിഫിക് മേഖലയുടെ സ്ഥാനാര്‍ഥിയായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയുമായിരുന്നു.

ഇന്ത്യയ്ക്കു പുറമെ മറ്റു ചില രാജ്യങ്ങളും സ്ഥിരാംഗത്വം ആവശ്യപ്പെടുന്നുണ്ട്. തെക്കെ അമേരിക്കയിലെ ബ്രസീലും ഏഷ്യയിലെ ജപ്പാനും പശ്ചിമ യൂറോപ്പിലെ ജര്‍മനിയും ഇക്കൂട്ടത്തില്‍പ്പെടുന്നു. പരസ്പരം സഹായിക്കാനായി ഇവയും ഇന്ത്യയും ചേര്‍ന്നു ജി-4 എന്ന പേരില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുമുണ്ട്. പക്ഷേ,  ബ്രസീലിന് യുഎന്‍ സ്ഥിരാംഗത്വം ലഭിക്കുന്നത് ആ ഭൂഖണ്ഡത്തിലെതന്നെ മറ്റൊരു വലിയ രാജ്യമായ അര്‍ജന്‍റീനയ്ക്ക് ഇഷ്ടമല്ല. ജപ്പാനു ചൈനയില്‍നിന്നും ജര്‍മനിക്ക് ഇറ്റലിയില്‍നിന്നും എതിര്‍പ്പ് നേരിടുന്നു. 

നിലവിലുള്ള സ്ഥിരാംഗങ്ങളില്‍ ചൈന മാത്രമാണ് ഇന്ത്യയെ പിന്തുണയ്ക്കാന്‍ തയാറാകാതിരിക്കുന്നത്. ചൈനയോടൊപ്പം ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ പാക്കിസ്ഥാനുമുണ്ട്. മുന്‍പ് ചൈനയ്ക്കു സ്ഥിരാംഗത്വ പദവിയോടെ യുഎന്‍ അംഗത്വം ലഭിക്കാന്‍ ഏറ്റവും ശക്തമായി വാദിച്ചിരുന്നത് ഇന്ത്യയായിരുന്നുവെന്നത് ചൈന ഇപ്പോള്‍ വിസ്മരിക്കുന്നു. തങ്ങളുടെ നിലപാടിനു മാന്യതയുടെ മൂടുപടം നല്‍കാനായി ഒരു ബദല്‍ നിര്‍ദ്ദേശവും ചൈനയും പാക്കിസ്ഥാനും മുന്നോട്ടുവച്ചിട്ടുണ്ട്. സ്ഥിരാംഗങ്ങളുടെയല്ല, താല്‍ക്കാലിക അംഗങ്ങളുടെ എണ്ണമാണത്രേ വര്‍ദ്ധിക്കേണ്ടത്. ഒന്നോ രണ്ടോ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു സ്ഥിരാംഗത്വം നല്‍കണമെന്ന നിര്‍ദ്ദേശം ആഫ്രിക്കന്‍യൂണിയനും ഉന്നയിക്കുന്നുണ്ട്. 

സ്ഥിരാംഗങ്ങളുടെ എണ്ണം കൂട്ടാന്‍ യുഎന്‍ ചാര്‍ട്ടര്‍ ഭേഗഗതി ചെയ്യേണ്ടിവരും. അതു സംബന്ധിച്ച പ്രമേയം പൊതു സഭ മൂന്നില്‍ രണ്ടിന്‍റെ ഭൂരിപക്ഷത്തോടെ പാസ്സാക്കിയിരിക്കണം. അനുകൂലമായി വോട്ടു ചെയ്യുന്ന രാജ്യങ്ങള്‍ അവയുടെ പാര്‍ലമെന്‍റിലൂടെ അതിനെ അംഗീകരിക്കുകയും വേണം. അതിനെല്ലാം വേണ്ടി കാത്തിരിക്കുകയാണ് ബന്ധപ്പെട്ട എല്ലാവരും.

Content Highights: India | UN | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS