അറുപതു വര്‍ഷം മുന്‍പ്, ഈ ദിവസം (നവംബര്‍ 22) നടന്ന ഒരു കൊലപാതകവും അതിനെച്ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും തുടര്‍ന്നുണ്ടായ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും സംശയങ്ങളും അമേരിക്കയെ ഇന്നും അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. അമേരിക്കയുടെ 35ാമത്തെ പ്രസിഡന്‍റാണ് വധിക്കപ്പെട്ടത്. ജോണ്‍ ഫിറ്റ്സ്ജറള്‍ഡ് കെന്നഡി എന്ന ജാക്ക് കെന്നഡി. പ്രായം 46. ഏറ്റവും ചെറുപ്പക്കാരനായ യുഎസ് പ്രസിഡന്‍റ്.
സ്വന്തം രാജ്യത്തിനു മാത്രമല്ല, ലോകത്തിനുതന്നെ പുതിയ ദിശാബോധം നല്‍കാന്‍ കെല്‍പ്പുള്ളവനെന്നു കരുതപ്പെട്ടിരുന്ന പുരോഗമനവാദി. പെട്ടെന്നുണ്ടായ അദ്ദേഹത്തിന്‍റെ മരണം അമേരിക്കയെ മാത്രമല്ല, ലോകത്തെതന്നെ നടുക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു.
അന്ന് ഉച്ചസമയത്ത്, ടെക്സസ് സംസ്ഥാനത്തെ ഡാല്ലസില്‍, മുകള്‍ഭാഗം തുറന്ന നീണ്ട കാറിലിരുന്ന് റോഡിന്‍റെ ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് ഉല്ലാസപൂര്‍വം യാത്രചെയ്യുകയായിരുന്നു കെന്നഡി. ഇടതു ഭാഗത്തു പത്നി ജാക്വിലിന്‍ എന്ന ജാക്കി. മുന്‍സീറ്റില്‍ ടെക്സസ് ഗവര്‍ണര്‍ ജോണ്‍ കോണലിയും ഭാര്യ നെല്ലിയും.
വാഹന ഘോഷയാത്രയിലെ തുടര്‍ന്നുള്ള കാറുകളില്‍ വൈസ്പ്രസിഡന്‍റ് ലിന്‍ഡന്‍ ജോണ്‍സനും മറ്റ് പ്രമുഖരും. "മിസ്റ്റര്‍ പ്രസിഡന്‍റ്, ഡാല്ലസിന് അങ്ങയെ ഇഷ്ടമല്ലെന്ന് ഇനി അങ്ങ് പറയുകയില്ലല്ലോ" എന്നു നെല്ലി കെന്നഡിയോട് തമാശപറഞ്ഞു.
അടുത്ത നിമിഷം, വഴിയരികിലെ ഒരു കെട്ടിടത്തിന്‍റെ ആറാം നിലയില്‍നിന്നുണ്ടായ വെടിവയ്പില്‍ കെന്നഡിയുടെ തല തകരുകയും തലച്ചോറ് പൊട്ടിച്ചിതറി അതിന്‍റെ ഭാഗങ്ങളും രക്തവും ജാക്കിയുടെ ദേഹത്തിലും വസ്തത്തിലും തെറിച്ചുവീഴുകയും ചെയ്തു. മറ്റൊരു വെടിയുണ്ട കെന്നഡിയുടെ കഴുത്തിലൂടെ തുളച്ചുകയറി പുറത്തുവന്നു കോണലിയുടെ കഴുത്തിനും സാരമായ പരുക്കേല്‍പ്പിച്ചു.
ഉടന്‍തന്നെ, ആ കെട്ടിടത്തിലേക്ക് ഓടിക്കയറിയ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു തോക്ക് (റൈഫ്ള്‍) കണ്ടെത്താനായെങ്കിലും ഘാതുകനെ പിടികൂടാനായില്ല. ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്ന മുന്‍യുവ സൈനികന്‍ പിടിയിലായത് അരമണിക്കൂറിനു ശേഷം ഒരു സിനിമാ തിയേറ്ററില്‍ വച്ചാണ്. വഴിമധ്യേ ഒരു പൊലീസുകാരനെ വെടിവച്ചുകൊന്നശേഷം അവിടെ ഒളിച്ചിരിക്കുകയായിരുന്നു അയാള്‍.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഉണ്ടായത് ഞെട്ടിക്കുന്ന മറ്റൊരു നാടകീയ സംഭവമാണ്. ഓസ്വാള്‍ഡിനെ പൊലീസുകാര്‍ ഒരു ജയിലില്‍നിന്നു മറ്റൊരു ജയിലിലേക്കു കൊണ്ടുപോകുമ്പോള്‍, തൊട്ടുമുന്നില്‍വച്ച് ജാക്ക് റൂബി എന്ന നിശാക്ളബ് ഉടമ വെടിവച്ചുകൊന്നു. ലോകം മുഴുവന്‍ ജനങ്ങള്‍ ആ സംഭവം തല്‍സമയം ടെലിവിഷനില്‍ കണ്ടു.
റൂബിക്ക് കോടതി വധശിക്ഷ വിധിച്ചെങ്കിലും അപ്പീലില്‍ അയാള്‍ മരണത്തില്‍ നിന്നു രക്ഷപ്പെട്ടു. കേസിന്‍റെ പുനര്‍ വിചാരണ നടന്നുകൊണ്ടിരിക്കേ അയാള്‍ കാന്‍സര്‍ രോഗബാധിതനാവുകയും 1967ല്‍ മരിക്കുകയും ചെയ്തു.
അതോടെ കെന്നഡി വധക്കേസ് അവസാനിച്ചുവെന്നാണ് പലരും കരുതിയത്. പക്ഷേ, ഓസ്വാള്‍ഡ് ആ കുറ്റകൃത്യം ചെയ്തത് ഒറ്റയ്ക്കല്ലെന്നും അയാളുടെ പിന്നില്‍ മറ്റാരെങ്കിലും ഉണ്ടാവാന്‍ ഇടയുണ്ടെന്നുമുള്ള സംശയം തുടക്കം മുതല്‍ക്കേ ഉയര്‍ന്നിരുന്നു. റൂബിതന്നെ ഒറ്റയാനല്ലെന്ന സംശയവുമുണ്ടായി. എല്ലാം ഒരു ഗൂഡാലോചനയുടെ ഫലമാണെന്ന സംശയവും ബലപ്പെടാന്‍ തുടങ്ങി. വെടിവച്ചത് ഒരാളല്ല, രണ്ടാളുകളാണെന്നും രണ്ടോ മൂന്നോ തവണയായി മുന്നില്‍നിന്നും പിന്നില്‍നിന്നും വെടിവയ്പുണ്ടായെന്നും അഭ്യൂഹങ്ങളുണ്ടായി.
സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടാന്‍ പുതിയ പ്രസിഡന്‍റ് ലിന്‍ഡന്‍ ജോണ്‍സന്‍ നിര്‍ബന്ധിതനായി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഏള്‍ വാറന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിഷനെയാണ് നിയമിച്ചത്. പത്തു മാസത്തെ തെളിവെടുപ്പിനുശേഷം വാറന്‍ കമ്മിഷന്‍ 888 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കെന്നഡിയെ വധിച്ചത് ഓസ്വാള്‍ഡ് തനിച്ചാണെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നും ഗൂഡാലോചന നടന്നുവെന്നതിനു തെളിവില്ലെന്നുമായിരുന്നു കമ്മിഷന്‍റെ നിഗമനം.
ജോണ്‍സനെപ്പോലും അതു തൃപ്തിപ്പെടുത്തിയില്ല. സംശയങ്ങളും അഭ്യൂഹങ്ങളും കെട്ടടങ്ങിയുമില്ല. ലേഖനങ്ങള്‍ക്കു പുറമെ ആയിരത്തിലേറെ പുസ്തകങ്ങളും ഒട്ടേറെ സിനിമകളും പുറത്തിറങ്ങി. പ്രശസ്ത സംവിധായകനായ ഓലിവര്‍ സ്റ്റോണിന്‍റ 'ജെഎഫ്കെ' എന്ന പടം പുരസ്ക്കാരങ്ങല്‍ വാരിക്കൂട്ടുകയും ചെയ്തു.
രണ്ടു വര്‍ഷവും പത്തുമാസവും മാത്രം നീണ്ടുനിന്ന തന്‍റെ ഭരണത്തിനിടയില്‍ കെന്നഡി ശക്തരായ ഒട്ടേറെ ശത്രുക്കളെ സമ്പാദിച്ചിരുന്നു. സ്വാഭാവികമായും സംശയത്തിന്‍റെ സൂചിമുനകള്‍ അവരുടെ നേരെ തിരിയുകയും ചെയ്തു.
ക്യൂബ, സോവിയറ്റ് യൂണിയന്‍, അമേരിക്കയിലെ ക്യൂബന്‍ വിമതര്‍, അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന് കെന്നഡി അന്ത്യം കുറിക്കുമെന്നു ഭയപ്പെട്ടിരുന്നവര്‍, അമേരിക്കയിലെ ആയുധ നിര്‍മാതാക്കള്‍,ടെക്സസിലെ വലതുപക്ഷ തീവ്രവാദികള്‍, സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മാഫിയകള്‍, അമേരിക്കയുടെ സ്വന്തം ചാരവിഭാഗമായ സിഐഎ എന്നിങ്ങനെ വിവിധ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. പ്രസിഡന്‍റ് ജോണ്‍സന്‍പോലും സംശയിക്കപ്പെട്ടു.
ക്യൂബയുമായുള്ള യുഎസ് ബന്ധം അപകടകരമായ വിധത്തില്‍ വഷളാകാന്‍ തുടങ്ങിയത് കെന്നഡിയുടെ ഭരണ കാലത്താണ്. അമേരിക്കയില്‍ അഭയം പ്രാപിച്ചിരുന്ന ക്യൂബന്‍ വിമതര്‍ 1961ല്‍ സിഐഎ സഹായത്തോടെ ക്യൂബയെ ആകമിച്ചത് അതിനുദാഹരണമായിരുന്നു.
'ബേഓഫ് പിഗ്സ്' സംഭവം എന്നറിയിപ്പെട്ടിരുന്ന ആ അതിസാഹസിക കൃത്യം സിഐഎ ആസൂത്രണം ചെയ്തത് കെന്നഡിയുടെ സമ്മതമില്ലാതെയായിരുന്നുവത്രേ. അതു പരാജയപ്പെടുകയും കെന്നഡി നാണം കെടുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്‍റെ കാലത്തുതന്നെ ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോയെ വധിക്കാന്‍ സിഐഎ നടത്തിയ ശ്രമങ്ങളും വിവാദമായി.
ക്യൂബയില്‍ സോവിയറ്റ് യൂണിയന്‍ സ്ഥാപിച്ചിരുന്ന ആണവ മിസൈലുകള്‍ കാരണം അമേരിക്കയും സോവിയറ്റ് യൂണിയനും യുദ്ധത്തിന്‍റെ വക്കോളമെത്തിയതും കെന്നഡി യുഎസ് പ്രസിഡന്‍റായിരിക്കുമ്പോഴാണ്. കെന്നഡി വധത്തില്‍ സോവിയറ്റ് യൂണിയനോ ക്യൂബയ്ക്കോ രണ്ടു കൂട്ടര്‍ക്കും കൂടിയോ പങ്കണ്ടാകാമെന്നവാദം ഈ പശ്ചാത്തലത്തില്‍ അധികമാരെയും അല്‍ഭുതപ്പെടുത്തുകയുണ്ടായില്ല.
ഓസ്വാള്‍ഡിന്‍റെ സോവിയറ്റ്, ക്യൂബ ബന്ധങ്ങള്‍ അതിനു ബലം നല്‍കുകയും ചെയ്തു. യുഎസ് സൈന്യത്തില്‍നിന്നു വിരമിച്ച ഓസ്വാള്‍ഡ് പിന്നീട് അറിയപ്പെട്ടത് കമ്യൂണിസ്റ്റായിട്ടായിരുന്നു. സോവിയറ്റ് യൂണിയനിലേക്കു പോവുകയും കുറച്ചുകാലം അവിടെ കഴിയുകയും ഒരു റഷ്യക്കാരിയെ കല്യാണം കഴിക്കുകയും ചെയ്തു.
തിരിച്ചുവന്നതിനുശേഷം മെക്സിക്കോയിലേക്കു പോയി ക്യൂബയിലേക്കു കടക്കാന്‍ ശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല.
ക്യൂബന്‍ മിസെല്‍ സംഭവത്തിനു ശേഷം കെന്നഡിക്കു മനംമാറ്റമുണ്ടായെന്നും സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും കരുതുന്നവരുണ്ട്. വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കുന്ന കാര്യവും അദ്ദേഹം ചിന്തിക്കാന്‍ തുടങ്ങിയിരുന്നുവത്രേ. അമേരിക്കയിലെ ആയുധ നിര്‍മാണക്കമ്പനികള്‍ക്ക് അതൊന്നും ഇഷ്ടമായില്ലെന്നും അതാണ് കെന്നഡിയുടെ വധത്തില്‍ കലാശിച്ചെതെന്നുമായിരുന്നു അഭ്യൂഹങ്ങള്‍.
പ്രസിഡന്‍റ് കെന്നഡിയുടെ അനുജന്‍ റോബര്‍ട്ട് കെന്നഡിയായിരുന്നു അമേരിക്കയുടെ അറ്റോര്‍ണി ജനറല്‍. ആ നിലയില്‍ നാട്ടിലെ ക്രമസമാധാനത്തിന്‍റെ ചുമതല അദ്ദേഹത്തിനായിരുന്നു. 'ഗോഡ്ഫാദര്‍' സിനിമയില്‍ കാണുന്നതുപോലുള്ള സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മാഫിയകള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
അവരുടെ പകയാണ് പ്രസിഡന്‍റ് കെന്നഡിയുടെ വധത്തില്‍ കലാശിച്ചതെന്നു കരുതുന്നവരും ഏറെയുണ്ടായിരുന്നു. 1968ല്‍ റോബര്‍ട്ട് കെന്നഡിയും വെടിയേറ്റു മരിച്ചു. പക്ഷേ, ഘാതകനു മാഫിയയുമായി ബന്ധമുണ്ടായിരുന്നില്ല.
ടെക്സസ് പോലുള്ള ചില സംസ്ഥാനങ്ങളില്‍ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന വലതുപക്ഷ തീവ്രവാദികള്‍ക്കു കെന്നഡിമാരുടെ ലിബറല്‍ നയപരിപാടികള്‍ ദഹിച്ചിരുന്നില്ല. അവര്‍ കുഴപ്പമുണ്ടാക്കുമെന്ന ഭയത്താല്‍ അന്നത്തെ ഡാല്ലസ് സന്ദര്‍ശനം മാറ്റിവയക്കണമെന്ന് കെന്നഡിയുടെ സുരക്ഷാ ഉപദേഷ്ടാക്കള്‍ നിര്‍ദേശിച്ചിരുന്നുവത്രേ.
കുറഞ്ഞ പക്ഷം, തുറന്ന കാറില്‍ സഞ്ചരിക്കുന്നതെങ്കിലും ഒഴിവാക്കണമെന്ന് അവര്‍ ഉപദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയുണ്ടായി. അമേരിക്കയിലെ വലതുപക്ഷ തീവ്രവാദികളാണ് കെന്നഡിയുടെ വധത്തിന് ഉത്തരവാദികളെന്നു കുറ്റപ്പെടുത്തിയവരില്‍ കാസ്ട്രോയും സോവിയറ്റ് പ്രധാനമന്ത്രി നികിത ക്രൂഷ്ചോവുമുണ്ടായിരുന്നു.
ബേ ഓഫ് പിഗ്സ് സംഭവത്തിന്‍റെ പരാജയവും കാസ്ട്രോ വധശ്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും സിഐഎയെ കുറച്ചൊന്നുമല്ല നാണക്കേടിലാക്കിയിരുന്നത്. അതിന് ഉത്തരവാദിയായി അവര്‍ കണ്ടത് പ്രസിഡന്‍റ് കെന്നഡിയെയായിരുന്നു. കെന്നഡിയുടെ വധത്തിനു പിന്നില്‍ സിഐഎയുടെ കരങ്ങള്‍ കണ്ടെത്തിയവര്‍ അതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് മുഖ്യമായി അതാണ്.
കെന്നഡിയുമായുള്ള വൈസ്പ്രസിഡന്‍റ് ജോണ്‍സന്‍റെ ബന്ധവും ഉലഞ്ഞിരുന്നുവത്രേ. അടുത്ത തിരഞ്ഞെടുപ്പില്‍ കെന്നഡി തന്നെ റണ്ണിങ് മേറ്റ് (വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥി) ആക്കാനിടയില്ലെന്നു ജോണ്‍സന്‍ ഭയപ്പെട്ടിരുന്നതായും ഊഹാപോഹങ്ങള്‍ പ്രചരിക്കുകയുണ്ടായി. കെന്നഡിയുടെ വധത്തില്‍ ജോണ്‍സനെ പലരും സംശയിച്ചത് അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു.
ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍പോലും 'ഫൈനല്‍ വിറ്റ്നസ്' (അവസാനത്തെ സാക്ഷി) എന്ന പേരില്‍ ഒരു പുതിയ പുസ്തകം ഇറങ്ങിയിട്ടുണ്ട്.
ജാക്കിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന ഒരു മുന്‍ സീക്രട്ട് സര്‍വീസ് ഏജന്‍റാണ് അതെഴുതിയിരിക്കുന്നത്. വാറന്‍ കമ്മിഷന്‍റെ നിഗമനത്തില്‍ സംശയം ജനിപ്പിക്കുന്ന വിവരങ്ങള്‍ അതിലുമുണ്ട്.
English Summary: What we know and still dont know about john f kennedy assassination