യൂറോപ്പിനെ വലത്തോാാാാാാാാട്ട് വലിക്കുന്നവര്‍

HIGHLIGHTS
  • ഡച്ച് തിരഞ്ഞെടുപ്പിലും തീവ്രവലതുപക്ഷ കക്ഷിക്കു ജയം
  • സമാന സ്വഭാവമുള്ള യൂറോപ്യന്‍ കക്ഷികള്‍ ആഹ്ളാദത്തില്‍
Melvin Post-shutterstock
Representative image. Photo Credit: Melvin Post/Shutterstock.com
SHARE

തെക്കെ അമേരിക്കയില്‍ അര്‍ജന്‍റീനയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പും യൂറോപ്പില്‍ നെതര്‍ലന്‍ഡ്സിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പും നടന്നത് കഴിഞ്ഞ ആഴ്ച ഏതാനും ദിവസംമാത്രം ഇടവിട്ടാണ്. അത്യന്തം വാശിയോടെ നടന്ന ആ രണ്ടു മല്‍സരങ്ങളിലും അപ്രതീക്ഷിത വിജയം നേടിയത് തീവ്രവലതുപക്ഷക്കാര്‍. 

അമേരിക്കയിലെ മുന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആശയങ്ങളില്‍നിന്നും അഭിപ്രായങ്ങളില്‍നിന്നും ആവേശം കൊള്ളുന്നവരെന്ന സവിശേഷതയും ഇവര്‍ക്കുണ്ട്. അര്‍ജന്‍റീനയിലെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഹവിയര്‍ മിലേയെ പലരും അവിടത്തെ ട്രംപ് എന്നു വിളിക്കുന്നതുപോലെ നെതര്‍ലന്‍ഡ്സിലെ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടിയ കക്ഷിയുടെ നേതാവ് ഗിയര്‍ട്ട് വില്‍ഡേഴ്സിനെ ഡച്ച് ട്രംപ് എന്നും വിളിക്കുന്നു. 

(ഡച്ച്, ഡച്ചുകാര്‍ എന്നിവ നെതര്‍ലന്‍ഡ്സുകാരെപ്പറ്റി പറയുമ്പോള്‍ ഉപയോഗിക്കുന്ന പേരുകളാണ്. ഇപ്പോള്‍ അധികം പ്രചാരത്തിലില്ലാത്ത ഹോളണ്ട് എന്ന പേരും നെതര്‍ലന്‍ഡ്സിനുണ്ട്.)  

അമേരിക്കയില്‍ അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ രണ്ടാം തവണയും പ്രസിഡന്‍റാകാന്‍ കച്ചമുറുക്കിക്കൊണ്ടിരിക്കുകയാണ് ട്രംപ്. അദ്ദേഹത്തിന്‍റെ വിജയ സാധ്യതയും അടിക്കടി വര്‍ധിക്കുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്പിലാണെങ്കില്‍ നെതര്‍ലന്‍ഡ്സിലെ തീവ്രവലതുപക്ഷ വിജയം ആ ഭൂഖണ്ഡത്തിലെ മറ്റു ചില രാജ്യങ്ങളിലെ സമാന സ്വഭാവമുള്ള കക്ഷിള്‍ക്ക് പുതിയ ഊര്‍ജവും ഉണര്‍വും പകരാനുള്ള സാധ്യതയും ആരും തള്ളിക്കളയുന്നില്ല. 

യൂറോപ്പിലെ മെച്ചപ്പെട്ട സാമ്പത്തിക ശക്തിയായ നെതര്‍ലന്‍ഡ്സില്‍ പതിവുപോലെ ഇത്തവണയും ആര്‍ക്കും ഭരിപക്ഷമില്ല. എങ്കിലും, ഡച്ച് ഭാഷയില്‍ പിവിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന തീവ്രവലതുപക്ഷ കക്ഷിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡം 150 അംഗ പാര്‍ലമെന്‍റില്‍ 37 സൂറ്റുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തി. അതിന്‍റെ തലവനായ അറുപതുകാരന്‍ വില്‍ഡേഴ്സിനു പ്രധാനമന്ത്രിയാകാനുള്ള സാധ്യത അങ്ങനെ ആദ്യമായി തെളിയുകയും ചെയ്തു. 

ഇടതുപക്ഷ ലേബര്‍-ഗ്രീന്‍ സഖ്യമാണ് 25 സീറ്റുകളോടെ രണ്ടാം സ്ഥാനത്ത്. മുന്‍പ്രധാനന്ത്രി മാര്‍ക്ക് റുട്ടെയുടെ യാഥാസ്ഥിതിക പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡമോക്രസി (വിവിഡി) മൂന്നാം സ്ഥാനത്തേക്കു പിന്‍തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്തായിരുന്ന പിവിവി അന്നത്തേതിന്‍റെ ഇരട്ടി സീറ്റുകള്‍ നേടിയാണ് ഇത്തവണ ഒന്നാം സ്ഥാനത്തെത്തിയത്. തൊട്ടടുത്തുള്ള പാര്‍ട്ടിയേക്കാള്‍ 12 സീറ്റും അവര്‍ കൂടുതല്‍ നേടി.

പക്ഷേ, പ്രധാനമന്ത്രിയാകാന്‍ പാര്‍ലമെന്‍റില്‍ ചുരുങ്ങിയത് 76 അംഗങ്ങളുടെ പിന്തുണ വേണം. അതിനുവേണ്ടി തന്നോടൊപ്പം ചേരാന്‍ വില്‍ഡേഴ്സ് 39 പേരെയെങ്കിലും പുതുതായി കണ്ടെത്തണമെന്നര്‍ഥം. കൂട്ടുമന്ത്രി സഭയില്‍ ചേര്‍ന്നു ഭരണത്തില്‍ പങ്കാളികളാകാനോ അല്ലെങ്കില്‍ ഭരണത്തില്‍ ചേരാതെ പുറത്തുനിന്നു പിന്തുണനല്‍കാനോ ഒരു ഡസനോളം വരുന്ന മറ്റു കക്ഷികളില്‍നിന്ന് ആളുകളെ കിട്ടണം. 

അതിനുള്ള ചര്‍ച്ചകളും വിലപേശലുകളുമെല്ലാം തുടങ്ങിക്കഴിഞ്ഞു. പക്ഷേ, ഇത് എളുപ്പമല്ല. കഴിഞ്ഞ തവണ റുട്ടെയുടെ നേതൃത്വത്തിലുള്ള കൂട്ടുമന്ത്രിസഭ രൂപംകൊണ്ടത് തിരഞ്ഞെടുപ്പിനു ശേഷം പത്തു മാസം കഴിഞ്ഞായിരുന്നു. 

മിക്ക കക്ഷികളും മധ്യവലത് അല്ലെങ്കില്‍ മധ്യഇടതു നിലപാടുകളുള്ളവരാണ്. വില്‍ഡേഴ്സിന്‍റെ കക്ഷി അതിദേശീയ-തീവ്രവലതുപക്ഷ നിലപാടുമായി അവയില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ പലപ്പോഴും അതിരു വിട്ടുളളതും പ്രകോപനപരവും നിഷേധാത്മകവുമാണെന്ന ആക്ഷേപവുമുണ്ട്. 

അതിനാല്‍ അദ്ദേഹവുമായി സഹകരിക്കുന്ന പ്രശ്നമേയില്ലെന്നു ചില കക്ഷികള്‍ നേരത്തെതന്നെ വ്യക്തമാക്കുകയുണ്ടായി. അതേസമയം, സ്വന്തം നിലപാടില്‍ മയംരുത്താന്‍ വില്‍ഡേഴ്സ് തയാറാവുകയാണെങ്കില്‍ അവരുടെ സമീപനത്തിലും മാറ്റം വരാനുളള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു.  

വിലക്കയറ്റം, നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ പോലുള്ള പ്രശ്നങ്ങള്‍ മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളെയുംപോലെ നെതര്‍ലന്‍ഡ്സിനെയും അലട്ടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയമായത് ഭൂഖണ്ഡത്തെ പൊതുവില്‍ ബാധിക്കുന്ന മറ്റു ചില വിഷയങ്ങളാണ്. വിദേശ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം, അഭയാര്‍ഥി പ്രവാഹം, യൂറോപ്യന്‍ യൂണിയനിലെ അംഗത്വം, റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയിനു നല്‍കുന്ന ആയുധം സഹായം എന്നിവ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 

ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നെതര്‍ലന്‍ഡ്സിലെ കുടിയേറ്റക്കാരില്‍ ഭൂരിക്ഷവും. അവരോടുള്ള തന്‍റെ കഠിനമായ എതിര്‍പ്പിന്‍റെ ഭാഗമായി വില്‍ഡേഴ്സ് ഇസ്ലാംമതവും വിശുദ്ധ ഖുര്‍ആനും നിരോധിക്കണമെന്നും മസ്ജിദുകള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു. 

യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മായ യൂറോപ്യന്‍ യൂണിയനില്‍ (ഇയു) തുടക്കം മുതല്‍ക്കേ അംഗമാണ് നെതര്‍ലന്‍ഡ്സ്. പക്ഷേ അതുകാരണം തങ്ങള്‍ക്കു നഷ്ടമേ ഉണ്ടായിട്ടുള്ളൂവെന്നും അതിനാല്‍ ഇയുവില്‍നിന്നു വിട്ടുപോകണമെന്നും വില്‍ഡേഴ്സ വാദിക്കുന്നു. ഇയു വിട്ടുപോകാനുള്ള ബ്രിട്ടന്‍റെ തീരുമാനത്തിനു ബ്രെക്സിറ്റ് എന്ന പേരു വന്നതിനെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ നെതര്‍ലന്‍ഡ്സില്‍ നെക്സിറ്റ് ചര്‍ച്ചകള്‍ക്കു ചൂടുപിടിക്കാനും തുടങ്ങിയിട്ടുണ്ട്. 

ഇയു അംഗത്വം തുടരുന്നതു സംബന്ധിച്ച് 2016ല്‍ ബ്രിട്ടനില്‍ നടന്നതുപോലുള്ള ഹിതപരിശോധന നെതര്‍ലന്‍ഡ്സില്‍ നടത്തണമെന്നും ആവശ്യപ്പെടുകയാണ് വില്‍ഡേഴ്സ്. തീവ്രവലതുപക്ഷ കക്ഷികള്‍ ശക്തി പ്രാപിച്ചുവരുന്ന ഇറ്റലി, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലും ഇയു അംഗത്വം ഉപേക്ഷിക്കണമെന്ന വാദം മുഴങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.  

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച 2015ലെ രാജ്യാന്തര ഉടമ്പടിയില്‍ നെതര്‍ലന്‍ഡ്സ് ഒപ്പുവച്ചത് അബദ്ധമായിപ്പോയെന്നും അതില്‍നിന്നു പിന്മാറണമെന്നുമുള്ള അഭിപ്രായവും വില്‍ഡേഴ്സിനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കുമുണ്ട്. ഇക്കാര്യത്തിലും മുന്‍ യുഎസ് പ്രസിഡന്‍റ് ട്രംപിനെ അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 196 രാജ്യങ്ങള്‍ ഒപ്പുവച്ച കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്മാറിയത് 2020ല്‍ ട്രംപ് പ്രസിഡന്‍റായിരുന്നപ്പോഴായിരുന്നു. 

റഷ്യയും യുക്രെയിനും തമ്മില്‍ ഒന്നര വര്‍ഷത്തിലേറെയായി നടന്നുവരുന്ന യുദ്ധത്തില്‍ വില്‍ഡേഴ്സിന്‍റെ കക്ഷി യുക്രെയിന്‍റെ ഭാഗത്താണ്. അതേസമയം യുക്രെയിന് ആയുധ സഹായം തുടരുന്നതിനെ അവര്‍ എതിര്‍ക്കുകയും ചെയ്യുന്നു. ഇതേ അഭിപ്രായമാണ് യൂറോപ്പിലെ മറ്റു മിക്ക തീവ്രവലതുപക്ഷ കക്ഷികള്‍ക്കുമുള്ളത്. 

ദശകങ്ങളായി നെതര്‍ലന്‍ഡ്സ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ് വില്‍ഡേഴ്സ്. മുന്‍പ്രധാനമന്ത്രി റുട്ടെയുടെ നേതൃത്വത്തിലുള്ള ലിബറല്‍ ഗ്രൂപ്പിലായിരുന്നു തുടക്കം. യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കിക്ക് അംഗത്വം നല്‍കുന്നതിന് അനുകൂലമായ റൂട്ടെയുടെ നിലപാടില്‍ പ്രതിഷേധിച്ച് അവരുമായി തെറ്റിപ്പിരിയുകയും കുറച്ചുകാലം സ്വതന്ത്രനായി പ്രവര്‍ത്തിക്കുകയും ചെയ്തു. 

പിവിവി എന്ന പുതിയ പാര്‍ട്ടിക്കു രൂപം നല്‍കിയത് അതിനു ശേഷം 2006ലാണ്. 2010ലെ തിരഞ്ഞെടുപ്പിലൂടെ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയായി. രണ്ടു വര്‍ഷം റുട്ടെയുടെ ഗവണ്‍മെന്‍റിനെ പിന്താങ്ങി. 2017ല്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 

പ്രധാനമന്ത്രി റൂട്ടെയുടെ നേതൃത്വത്തിലുള്ള വിവിഡിയായിരുന്നു തുടര്‍ച്ചയായി മൂന്നാംതവണയും ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം ജൂലൈയില്‍ സ്വമേധയാ സ്ഥാനമൊഴിയുന്നതിനു മുന്‍പുള്ള 13 വര്‍ഷത്തിനിടയില്‍ അദ്ദേഹം അങ്ങനെ ഏറ്റവും നീണ്ടകാലം അധികാരത്തിലിരുന്ന ഡച്ച് പ്രധാനമന്ത്രിയാവുകയും ചെയ്തു. പുതിയ തിരഞ്ഞെടുപ്പിലെ വിജയത്തോടെ നെതര്‍ലന്‍ഡ്സിലെ ഏറ്റവുമേറെ ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയ നേതാവായിരിക്കുകയാണ് വില്‍ഡേഴ്സ്. 

വില്‍ഡേഴ്സ് പ്രധാനമന്ത്രിയാകമോ എന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. എങ്കിലും യൂറോപ്പിലെ സമാന സ്വഭാവമുള്ള കക്ഷികളും അവയുടെ നേതാക്കളും അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനും ആഹ്ളാദം പ്രകടിപ്പിക്കുന്നതിനും കാത്തുനിന്നില്ല. ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി (ബ്രദേഴ്സ് ഓഫ് ഇറ്റലി), ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി (ലീഗ), ഹംഗറിയിലെ പ്രധാനമന്ത്രി വികടര്‍ ഓര്‍ബന്‍ (ഫിഡെസ്), ഫ്രാന്‍സിലെ മരീന്‍ ലെ പെന്‍ (നാഷനല്‍ റാല്ലി) എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. 

ജര്‍മനിയിലെ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി), ഓസ്ട്രിയയിലെ ഫ്രീഡം പാര്‍ട്ടി, സ്പെയിനിലെ വോക്സ്, ഫിന്‍ലന്‍ഡിലെ ഫിന്‍സ് പാര്‍ട്ടി, ഗ്രീസിലെ ഗ്രീക്ക് സൊലൂഷന്‍സ്, സ്വീഡനിലെയും ഡെന്മാര്‍ക്കിലെയും ഡമോക്രാറ്റ്സ് കക്ഷികള്‍, ചെക്ക് റിപ്പബ്ളിക്കിലെ ഫ്രീഡം ആന്‍ഡ് ഡയരക്റ്റ് ഡമോക്രസി, ബല്‍ജിയത്തിലെ ന്യൂഫ്ളെമിഷ് അലയന്‍സ്, ബള്‍ഗേറിയയിലെ റിവൈവല്‍, ബ്രിട്ടനിലെ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി എന്നിവയും ആഹ്ളാദം പ്രകടിപ്പിച്ചിട്ടുണ്ട്.

യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനിയില്‍ എഎഫ്ഡിയുടെ മുന്നേറ്റം മുഖ്യധാരാ കക്ഷികളെ പൊതുവില്‍ അസ്വസ്ഥരാക്കുകയാണ്. അഭിപ്രായ വോട്ടുകളില്‍ അവര്‍ ചാന്‍സലര്‍ (പ്രധാനമന്ത്രി) ഒലാഫ് ഷോള്‍സിന്‍റെ സോഷ്യല്‍ ഡമോക്രാറ്റ് പാര്‍ട്ടിയുടെ മുന്നിലെത്തി നില്‍ക്കുന്നു. 

ഫ്രാന്‍സിലാണെങ്കില്‍ നാഷനല്‍ റാല്ലി പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി. അവരുടെ നേതാവായ വനിത മരീന്‍ ലെ പെന്‍ കഴിഞ്ഞ രണ്ടു പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലും തോറ്റതു രണ്ടാം റൗണ്ടിലാണ്. എലിസീ കൊട്ടാരത്തിന്‍റെ പടിവാതില്‍ക്കല്‍വരെ അവര്‍ എത്തിയിരുന്നുവെന്നര്‍ഥം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS