പഴയ തര്‍ക്കം, പുതിയ ഭീഷണി

HIGHLIGHTS
  • ഗയാനയുടെ മൂന്നില്‍ രണ്ടുഭാഗത്ത് അവകാശവാദവുമായി വെനസ്വേല
  • ഇന്ത്യന്‍ വംശജരുടെ നാട് ഭീതിയില്‍
Venezuela President Nicolas Maduro Photo by ZURIMAR CAMPOS / Venezuelan Presidency / AFP
This handout picture released by the Venezuelan Presidency shows Venezuela's President Nicolas Maduro (R) speaking next to Bolivarian National Assembly President Jorge Rodriguez during a meeting of the Assembly of the Federal Council of Government at Miraflores Presidential Palace in Caracas on December 5, 2023.. Photo by ZURIMAR CAMPOS / Venezuelan Presidency / AFP
SHARE

തെക്കെ അമേരിക്കയുടെ വടക്കന്‍ തീരത്തുള്ള വെനസ്വേല തൊട്ടടുത്തു കിടക്കുന്ന താരതമ്യേന ചെറിയ രാജ്യമായ ഗയാനയുടെ മുന്നില്‍ വച്ചിട്ടുള്ളത്  അസാധാരണമായ ഒരാവശ്യമാണ്: ഗയാനയുടെ മൂന്നില്‍ രണ്ടു ഭാഗം തങ്ങള്‍ക്കു കിട്ടണം. ചരിത്രപരമായി അതു വെനസ്വേലയ്ക്ക് അവകാശപ്പെട്ടതാണത്രേ. 

കിട്ടിയില്ലെങ്കില്‍ എന്തുചെയ്യും? ബലംപ്രയോഗിച്ചു പിടിച്ചടക്കുമോ? വലുപ്പത്തില്‍ മാത്രമല്ല സൈനിക ശക്തിയിലും ഗയാനയുടെ എത്രയോ മുന്നിലാണ് വെനസ്വേല. എങ്കിലും ബലം പ്രയോഗിക്കുന്നതിനെപ്പറ്റിയൊന്നും വെനസ്വേല ഇപ്പോള്‍ പറയുന്നില്ല. അതേസമയം, ഏതു വിധത്തിലും ലക്ഷ്യം നേടുമെന്ന മട്ടില്‍ സംസാരിക്കാനും പെരുമാറാനും തുടങ്ങിയിട്ടുമുണ്ട്. 

അതിര്‍ത്തിയില്‍ വെനസ്വേല സൈനിക വിന്യാസം നടത്തുന്നതായും വാര്‍ത്തകളുണ്ട്. ഇന്ത്യന്‍ വംശജര്‍ക്കു ഭൂരിപക്ഷമുള്ള രാജ്യമായ ഗയാനയെ ഇതു ഭയപ്പെടുത്തുന്നു. സ്വാഭാവികമായും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വളര്‍ന്നുകൊണ്ടിരിക്കുന്നു.  

വെനസ്വേലയുടെ കിഴക്കന്‍ അതിര്‍ത്തി പങ്കിടുന്ന ഗയാനയുടെ വടക്കന്‍ മേഖലയിലെ 159,500 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഇസഖിബോ പ്രദേശമാണ് തങ്ങളുടേതെന്നു വെനസ്വേല അവകാശപ്പെടുന്നത്. അതു വിട്ടുകൊടുക്കുന്ന പ്രശ്നമേയില്ലെന്ന നിലപാടില്‍ ഗയാന ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. 

ഈ തര്‍ക്കത്തിന് ഒരു നൂറ്റാണ്ടതിലേറെ പഴക്കമുണ്ടെങ്കിലും ഇപ്പോള്‍ പെട്ടെന്നു ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങിയിരിക്കുന്നത് ഇക്കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ മൂന്ന്) വെനസ്വേലയില്‍ നടന്ന ഹിതപരിശോധനയോടെയാണ്.  

ഇസഖിബോ വെനസ്വേലയുടെ ഭാഗമായി അംഗീകരിക്കുന്നുവോ? അതു വെനസ്വേലയില്‍ ലയിപ്പിക്കുകയും ആ രാജ്യത്തിലെ ഒരു സംസ്ഥാനമാക്കുകയും  ഇസഖിബോയിലെ ജനങ്ങള്‍ക്കു വെനസ്വേലന്‍ പൗരത്വം നല്‍കുകയും ചെയ്യുന്നതിനെ അനുകൂലിക്കുന്നുവോ? ഇങ്ങനെയായിരുന്നു ഹിതപരിശോധനയിലെ മുഖ്യ ചോദ്യങ്ങള്‍.

ജനങ്ങളില്‍ 95 ശതമാനംവരെ പേര്‍ അനുകൂലിച്ചു വോട്ടു ചെയ്തുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. അതേസമയം, പാശ്ചാത്യ മാധ്യമങ്ങളുടെ അഭിപ്രായത്തില്‍ പോളിങ് ബൂത്തുകളില്‍ പലതും ഒഴിഞ്ഞു കിടക്കുകയായിരുന്നു. മാത്രമല്ല, വെനസ്വേലയിലെ ജനപ്രിയ നേതാവായിരുന്ന യൂഗോ ഷാവെസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിച്ചപ്പോള്‍ പോലും പോളിങ് ശതമാനം ഇത്രയും ഉയര്‍ന്നിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 

ഹിതപരിശോധന ഒരു പ്രഹസനമായിരുന്നുവെന്നും അതു പരാജയപ്പെട്ടുവെന്നും വെനസ്വേലയിലെ പ്രസിഡന്‍റ് നിക്കൊളാസ് മദുറോയുടെ ഗവണ്‍മെന്റ് അതു  മറച്ചുപിടിക്കുന്നുവെന്നുമാണ് പാശ്ചാത്യ നിഗമനം. ഒരു രാജ്യത്തിലെ സ്ഥലത്തിന്‍റെ കാര്യത്തില്‍ മറ്റൊരു രാജ്യത്തിലെ ജനങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ എന്തര്‍ഥമെന്ന്  ചോദിക്കുന്നവരുമുണ്ട്. 

വെനസ്വേല സ്പെയിനിന്‍റെയും ഗയാന ബ്രിട്ടന്‍റെയും കോളണികളായിരുന്ന കാലം മുതല്‍ക്കേയുള്ളതാണ് ഇസഖിബോയെക്കുറിച്ചുള്ള തര്‍ക്കം. ഗയാനയുടെ മൂന്നില്‍ രണ്ടു ഭാഗംവരുമെങ്കിലും അവിടത്തെ ജനങ്ങളുടെ എണ്ണം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ആറിലൊന്നുമാത്രമാണ്. ഒന്നേകാല്‍ ലക്ഷം.  

കാട്ടുപ്രദേശമാണ്. സ്വര്‍ണവും വെള്ളിയും പോലുള്ള പ്രകൃതി വിഭവങ്ങള്‍ ധാരാളം. എട്ടുവര്‍ഷം മുന്‍പ് വടക്കു ഭാഗത്തു തീരക്കടലില്‍ വന്‍ എണ്ണ നിക്ഷേപം കണ്ടെത്തുകയും ചെയ്തു. അമേരിക്കയിലെ എക്സോണ്‍ മൊബീല്‍ ഉള്‍പ്പെടെയുള്ള മൂന്ന് എണ്ണക്കമ്പനികള്‍ ചേര്‍ന്നു ദിനംപ്രതി ആറു ലക്ഷം ബാരല്‍ എണ്ണ കുഴിച്ചെടുത്തുവരുന്നു. 

ഇതോടെ ആ മേഖലയിലെ ഒരു പ്രമുഖ എണ്ണ ഉല്‍പ്പാദക-കയറ്റുമതി രാജ്യവുമായി ഗയാന. എണ്ണയില്‍നിന്നുള്ള വാര്‍ഷിക വരുമാനം ഒരു ശതകോടി ഡോളറാണ്. 

പരമദരിദ്രമായിരുന്ന ഗയാന ലോകത്തെ അതിവേഗം കുതിച്ചുയരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നായി എണ്ണപ്പെടാനും തുടങ്ങി. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ അടിക്കടി വികസിച്ചുകൊണ്ടിരിക്കുന്നു. 

മറുഭാഗത്ത്  തെക്കെ അമേരിക്കയിലെ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടത്തില്‍ ദശകങ്ങളായി ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ് വെനസ്വേല. പക്ഷേ,  അമേരിക്കയുമായുള്ള ബന്ധത്തിലെ ഉലച്ചിലും അതു കാരണമുള്ള യുഎസ് സാമ്പത്തിക ഉപരോധവുംമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടുവരുന്നു. 

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വെനസ്വേലയും ഗയാനയും തമ്മില്‍ ഇസഖിബോയുടെ പേരിലുള്ള തര്‍ക്കം മൂര്‍ഛിച്ചിരിക്കുന്നത്. വെനസ്വേല സ്പെയിനിന്‍റെ അധീനത്തിലായിരുന്ന കാലംമുതല്‍ക്കേ ആ പ്രദേശം തങ്ങളുടെ ഭാഗമാണെന്നാണ് വെനസ്വേലയുടെ വാദം. മുന്‍പ് ബ്രിട്ടീഷ് ഗയാന എന്നറിയപ്പെട്ടിരുന്ന ഗയാന അതംഗീകരിച്ചിരുന്നില്ല. അതിനാല്‍ തര്‍ക്കം തീര്‍ക്കാന്‍ രാജ്യാന്തരതലത്തില്‍തന്നെ ശ്രമങ്ങള്‍ നടന്നു. 

അങ്ങനെ രൂപംകൊണ്ട ഒരു രാജ്യാന്തര ട്രൈബ്യൂണലിന്‍റെ 1899ലെ വിധി ഇസഖിബോ ഗയാനയുടെ ഭാഗമാണെന്നായിരുന്നു. വെനസ്വേല അതു  തള്ളിക്കളഞ്ഞതിനാല്‍ 1966ല്‍ ഗയാന ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയ വര്‍ഷം മറ്റൊരു ശ്രമംകൂടി നടന്നു. വെനസ്വേലയുടെയും ഗയാനയുടെയും പ്രതിനിധികള്‍ അടങ്ങിയ ഒരു കമ്മിഷന്‍ മുന്‍പാകെ പ്രശ്നം സമര്‍പ്പിക്കപ്പെട്ടു. അതിനുശേഷം അരനൂറ്റാണ്ട് കഴിഞ്ഞിട്ടും കമ്മിഷനു വ്യക്തമായ തീരുമാനത്തിലെത്താനായില്ല. 

അതിനിടയില്‍തന്നെ ഗയാന 2018ല്‍ യുഎന്‍ പിന്തുണയോടെ രാജ്യാന്തര നീതിന്യായ കോടതിയെ (ലോകകോടതി) സമീപിക്കുകയുമുണ്ടായി. ലോകകോടതിയുടെ അധികാര പരിധിയില്‍ വരുന്ന കേസല്ല ഇതെന്നു പറഞ്ഞ് വെനസ്വേല അതു തടയാന്‍ ശ്രമിച്ചെങ്കിലും കോടതി ആ വാദം തള്ളി.  

ഞായറാഴ്ചയിലെ ഹിതപരിശോധനയില്‍ വെനസ്വേലന്‍ ഗവണ്‍മെന്‍റ് ജനങ്ങളുടെ മുന്‍പാകെ വച്ച ചോദ്യങ്ങളില്‍ അതു സംബന്ധിച്ച ഒരു ചോദ്യം കൂടിയൂണ്ടായിരുന്നു. ഈ കേസ് കൈകാര്യം ചെയ്യാന്‍ ലോകകോടതിക്ക് അധികാരമുണ്ടോ എന്നായിരുന്നു ചോദ്യം. 

ഇല്ലെന്നാണ് ജനങ്ങള്‍ നല്‍കിയ ഉത്തരമെന്നും വെനസ്വേല അവകാശപ്പെടുന്നു. കേസിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഹിതപരിശോധന നടത്തുന്നതു കോടതി വിലക്കിയിരുന്നു. പക്ഷേ, വെനസ്വേല ചെവിക്കൊണ്ടില്ല.

ഹിതപരിശോധന കഴിഞ്ഞതിനുശേഷമുള്ള രണ്ടാം ദിവസംതന്നെ അതിന്‍റെ ഫലം നടപ്പാക്കാനുളള പ്രാരംഭ നടപടികള്‍ പ്രസിഡന്‍റ് മദുറോ തുടങ്ങുകയും ചെയ്തു. 

ഇസഖിബോയില്‍ എണ്ണ ഖനനം നടത്തുന്നവര്‍ക്കു വെനസ്വേലന്‍ ഗവണ്‍മെന്‍റെിന്‍റെ ലൈസന്‍സ് നിര്‍ബന്ധമാക്കി. ഇസഖിബോയില്‍ ഖനനം തുടങ്ങുന്നതിനുവേണ്ടി ഒരുങ്ങിയിരിക്കാന്‍ വെനസ്വേലയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു.  

ഗയാന ഗവണ്‍മെന്‍റിന്‍റെ അനുമതിയോടെ യുഎസ് കമ്പനികള്‍ നടത്തിവരുന്ന ഖനനം വെനസ്വേല അംഗീകരിക്കുന്നില്ലെന്നു വ്യക്തം. അവരുടെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുമോയെന്നതു കാണാനിരിക്കുന്നതേയുളളൂ. ഇസഖിബോ പ്രദേശത്തെ വെനസ്വേലയിലെ ഒരു സംസ്ഥാനമായി കാണിക്കുന്ന ഭൂപടം  നാടുനീളെ വിതരണം ചെയ്യാനും സ്കൂളുകളിലും പൊതു കെട്ടിടങ്ങളിലും പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.   

അതിര്‍ത്തിയില്‍ വെനസ്വേല മാത്രമല്ല, ഗയാനയും സൈനിക വിന്യാസം നടത്തുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു രാജ്യങ്ങളുമായും അതിര്‍ത്തിയുള്ളതും തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യവുമായ ബ്രസീല്‍ സ്വന്തം അതിര്‍ത്തിയിലും കാവല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണത്രേ. 

സ്ഥിതിഗതികള്‍ അതീവ ഗുരുതരമാവുകയും കൈവിട്ടുപോവുകയും ചെയ്യുന്നതു തടയാനായി അടിയന്തര നടപടികളെടുക്കാന്‍ യുഎന്‍ രക്ഷാസമിതിയോട് ഗയാന ആവശ്യപ്പെട്ടിരിക്കുകയാണ്. അമേരിക്കയും യൂറോപ്യന്‍ രാഷ്ട്ര സാമ്പത്തിക കൂട്ടായ്മായ 27 അംഗ യറോപ്യന്‍ യൂണിയനും ഇസഖിബോ തര്‍ക്കത്തില്‍  ഗയാന്യ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.  

ഗയാനയിലെ ജനങ്ങളില്‍ 40 ശതമാനംവരെ ഇന്ത്യന്‍ വംശജരാണെന്നത് ആ രാജ്യത്തിന്‍റെ പ്രശ്നം ഇന്ത്യയില്‍ സവിശേഷ ശ്രദ്ധയ്ക്കു പാത്രമാകാന്‍ കാരണമാകുന്നു. ഗയാനയിലെ പ്രസിഡന്‍റ് മുഹമ്മദ് ഇര്‍ഫാന്‍ അലി, മുന്‍പ്രസിഡന്‍റായ ഇപ്പോഴത്തെ വൈസ് പ്രസിഡന്‍റ് ഭാരത് ജഗ്ദേവ് തുടങ്ങിയ പല പ്രമുഖരും ഇന്ത്യന്‍ വംശജരാണ്. സ്വാതന്ത്ര്യ സമര സേനാനിയും പ്രഥമ പ്രധാനമന്ത്രിയുമായ ഡോ. ചെഡ്ഡി ജഗനും ഇന്ത്യന്‍ വംശജനായിരുന്നു.

ഗയാനയുടെ കിഴക്കു ഭാഗത്തള്ള ചെറിയ അയല്‍രാജ്യമായ സുരിനാമിലും ഇന്ത്യന്‍ വംശജരാണ് ഭൂരിപക്ഷം. 1975ല്‍ സ്വതന്ത്രമാകുന്നതിനു മുന്‍പ് ഡച്ചുകാരുടെ  അധീനത്തിലായിരുന്നപ്പോള്‍ ഡച്ച് ഗയാന എന്നറിയപ്പെടുകയായിരുന്നു. ഇന്ത്യന്‍ വംശജനായ ചന്ദ്രികപ്രസാദ് സന്തോക്കിയാണ് പ്രസിഡന്‍റ്. നമ്മുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്ഥാനമേറ്റെടുത്തശേഷം സന്ദര്‍ശിച്ച ആദ്യത്തെ രാജ്യവും (ഇക്കഴിഞ്ഞ ജൂണില്‍) സുരിനാമാണ്. വെനസ്വേല-ഗയാന സംഘര്‍ഷം അയല്‍രാജ്യമെന്ന നിലയില്‍ സുരിനാമിനെയും അസ്വസ്ഥമാക്കാനിടയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS