ഇന്തൊനീഷ്യക്ക് പുതിയ നായകന്‍

HIGHLIGHTS
  • പട്ടാള ഭരണത്തിലെ അതിക്രമങ്ങളില്‍ പങ്കാളിയെന്ന് ആരോപണം
  • വൈസ്പ്രസിഡന്‍റാകുന്നത് നിലവിലുള്ള പ്രസിഡന്‍റിന്‍റെ മകന്‍
prabowo-subianto
പ്രബോവൊ സുബിയാന്തോ (Photo: Yasuyoshi Chiba/AFP)
SHARE

ലോകത്തുവച്ചേറ്റവും വലിയ ദ്വീപ് സമൂഹം, ഏറ്റവുമധികം മുസ്ലിംകളുള്ള രാജ്യം എന്നിങ്ങനെ സവിശേഷതകളുള്ള ഇന്തൊനീഷ്യ കാല്‍നുറ്റാണ്ടുകാലമായി ജനാധിത്യത്തിന്‍റെ ഒരു പച്ചത്തുരുത്തായും അറിയപ്പെടുകയാണ്. അതിനാല്‍ അവിടെ ആര് ഭരിക്കുന്നുവെന്നത് ലോകത്തു പൊതുവില്‍ താല്‍പര്യം ഉണര്‍ത്തുന്നു. 

പട്ടാളത്തില്‍ ജനറലായിരുന്ന പ്രബോവോ സുബിയാന്‍റോ (72) ഇന്തൊനീഷ്യയുടെ അടുത്ത പ്രസിഡന്‍റാവുകയാണെന്നു മിക്കാവാറും തീരുമാനമായിക്കഴിഞ്ഞു. ഈ മാസം 14നു നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം ഇനിയും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും എക്സിറ്റ് പോള്‍ അടിസ്ഥാനത്തില്‍ വിജയി ആരെന്ന കാര്യത്തില്‍ സംശയമില്ലാതായി.  

ഫലപ്രഖ്യാപനം വൈകുന്നതില്‍ അസാധാരണമായി ഒന്നുമില്ല. കാരണം അത്രയും വലിയ വോട്ടെടുപ്പായിരുന്നു. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവര്‍ക്കു പുറമെ പാര്‍ലമെന്‍റിന്‍റെ ഇരു സഭകള്‍, പ്രവിശ്യാ നിയമസഭകള്‍, തദ്ദേശ ഭരണസമിതികള്‍ എന്നിവയിലെ മൊത്തം ഇരുപതിനായിരത്തിലേറെ അംഗങ്ങളെയാണ് ഒറ്റ ദിവസത്തില്‍ തിരഞ്ഞെടുക്കാനുണ്ടായിരുന്നത്.  

നിലവിലുള്ള പ്രസിഡന്‍റിന്‍റെ കാലാവധി പൂര്‍ത്തിയാകുന്നതും പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണവും ഒക്ടോബറിലായതിനാല്‍ ഫലപ്രഖ്യാപനത്തിലെ കാലതാമസം ഭരണപരമായ പ്രശ്നമൊന്നും ഉണ്ടാക്കുന്നുമില്ല. ഏതായാലും തെക്കു കിഴക്കന്‍ ഏഷ്യയിലെ ഈ സുപ്രധാന രാജ്യത്തിന്‍റെ അടുത്ത തലവന്‍ ഒരു മുന്‍സൈനികനായിരിക്കും.  

മുന്‍പ് രണ്ടു തവണ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും തോല്‍ക്കുകയും ചെയ്ത ആളാണ് നിലവില്‍ പ്രതിരോധ മന്ത്രികൂടിയായ പ്രബോവോ. ഇത്തവണ വോട്ടര്‍മാരുടെ മുന്നില്‍ അദ്ദേഹം സ്വയം അവതരിപ്പിച്ചത് സ്നേഹനിധിയായ അപ്പൂപ്പനായിട്ടായിരുന്നു. എന്നാല്‍ പഴയ തലമുറയിലെ പലരും അദ്ദേഹത്തെ ഓര്‍ക്കുന്നത് ഇന്തൊനീഷ്യയില്‍ പട്ടാളഭരണം നിലനിന്നിരുന്ന കാലത്തെ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളുടെ പശ്ചാത്തലത്തിലാണ്. 

ജനറല്‍ സുഹാര്‍ത്തോയുടെ 31 വര്‍ഷം (1967-1998) നീണ്ടുനിന്ന സൈനിക സ്വേഛാധിപത്യത്തില്‍ ഒട്ടേറെ പേര്‍, പ്രത്യേകിച്ച് യുവാക്കള്‍ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്യുകയുണ്ടായി. അതില്‍ പ്രബോവോയ്ക്കും പങ്കുണ്ടെന്നാണ് ആരോപണം. അതിനാല്‍ അടുത്ത അഞ്ചു വര്‍ഷം അദ്ദേഹമായിരിക്കും തങ്ങളെ നയിക്കുകയെന്ന ചിന്ത ഇന്തൊനീഷ്യക്കാരില്‍ ഗണ്യമായ ഒരു വിഭാഗത്തെ, പ്രത്യേകിച്ച് പഴയ തലമുറയിലുള്ളവരെ അസ്വസ്ഥരാക്കുന്നു. 

രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട് പത്തു വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രസിഡന്‍റ് ജോക്കോ വിദോദോയുടേതില്‍നിന്നു തികച്ചും വ്യത്യസ്തമായ പ്രതിഛായായാണ് പ്രബോവോയ്ക്കുള്ളത്. രാഷ്ട്രീയ-സൈനിക പാരമ്പര്യമില്ലാത്ത ആദ്യത്തെ ഇന്തൊനീഷ്യന്‍ പ്രസിഡന്‍റാണ് ജോക്കോവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിദോദോ (62). 

ജനസമ്മതിയില്‍ അദ്ദേഹം മുന്‍ഗാമികളെയെല്ലാം അനായാസം കടത്തിവെട്ടി. ഇത്തവണ മൂന്നാം തവണയും പ്രസിഡന്‍റാകാന്‍ മല്‍സരിച്ചെങ്കില്‍ ജയിക്കുകയും ചെയ്തേനെ. പക്ഷേ തുടര്‍ച്ചയായി രണ്ടില്‍ കൂടുതല്‍ തവണ പ്രസിഡന്‍റാകാന്‍ ഭരണഘടന അനുവദിക്കുന്നില്ല. 

അങ്ങനെയാണ് ജോക്കോവിയുടെ ഗവണ്‍മെന്‍റില്‍ അംഗമായ പ്രബോവോ മൂന്നാം തവണയും മല്‍സരിക്കാന്‍ മുന്നോട്ടുവന്നത്. കഴിഞ്ഞ രണ്ടു തവണയും (2014ലും 2019ലും) അദ്ദേഹത്തെ തോല്‍പ്പിച്ചത് ജോക്കോവി തന്നെയായിരുന്നു. പക്ഷേ, ജോക്കോവിയുടെ കീഴില്‍ പ്രതിരോധ മന്ത്രിയാകാന്‍ അതു പ്രബോവോയ്ക്കു തടസ്സമായില്ല.

ഇത്തവണ പ്രബോവോയ്ക്കു നേരിടേണ്ടിവന്നതു താരതമ്യേന പ്രായം കുറഞ്ഞ രണ്ടു മുന്‍പ്രവിശ്യാ ഗവര്‍ണര്‍മാരെയാണ്. 58 ശതമാനം വോട്ടുകള്‍  നേടി താന്‍ ജയിച്ചുവെന്നാണ് ഗെരിന്ദ്ര എന്ന വലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ പ്രബോവോ അവകാശപ്പെടുന്നത്. 

പാര്‍ലമെന്‍റിലെ ഏറ്റവും വലിയ കക്ഷിയായ ഇന്തൊനീഷ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് സ്ട്രഗ്ളിന്‍റെ (പിഡിഐപി) സ്ഥാനാര്‍ഥിയായ ഗന്‍ജാര്‍ പ്രണോവോ 17 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സ്വതന്ത്രനായി മല്‍സരിച്ച അനീസ് ബസ്വെദനാണ് 25 ശതമാനം വോട്ടുകളോടെ രണ്ടാംസ്ഥാനത്ത്. 

ഇന്തൊനീഷ്യന്‍ രാഷ്ട്രസ്ഥാപകനായ സുകാര്‍ണോയുട മകള്‍ മേഘവതി സുകാര്‍ണോപുത്രിയുടെ നേതൃത്വത്തില്‍ 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതാണ് മധ്യ ഇടതുപക്ഷ നിലപാടുകളുള്ള പിഡിഐപി. മേഘവതി മുന്‍പ് വൈസ്പ്രസിഡന്‍റും പ്രസിഡന്‍റുമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി രാജ്യം ഭരിച്ചുവരുന്ന ജോക്കോവിയും ഇതേപാര്‍ട്ടിക്കാരനായിരുന്നു. 

എങ്കിലും ഈ തിരഞ്ഞെടുപ്പില്‍ ജോക്കോവി ആരെയും പിന്തുണയ്ക്കുകയുണ്ടായില്ല. അതേസമയം, അദ്ദേഹത്തിന്‍റെ മകന്‍ ജിബ്രാന്‍ രാകബൂമിങ് രാക (36) പ്രബോവോയുടെ കിഴില്‍ വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി.  

അതു കാരണം ജോക്കോവിയുടെ പിന്തുണ പ്രബോവോയ്ക്കാണെന്ന ധാരണ പരക്കാനിടയാവുകയും അതു തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്തുവത്രേ. സാധാരണ ഗതിയില്‍ പ്രബോവോയ്ക്കു നിഷേധിക്കപ്പെടുമായിരുന്ന യുവജന വോട്ടുകള്‍ അദ്ദേഹത്തിനു നേടിക്കൊടുക്കാന്‍ ജോക്കോവിയുടെ പുത്രനുമായുള്ള കൂട്ടുകെട്ട് ഉപകരിച്ചുവെന്നു കരുതപ്പെടുന്നു. 

ഇന്ത്യാസമുദ്രത്തിനും ശാന്തസമുദ്രത്തിനും ഇടയില്‍ ചിതറിക്കിടക്കുകയാണ് ചെറുതും വലുതുമായ 17,000ല്‍പ്പരം ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഇന്തൊനീഷ്യ. രണ്ടു നൂറ്റാണ്ടു കാലം ഡച്ച് (നെതര്‍ലന്‍ഡ്സ്) കോളണിയായിരുന്നതിനാല്‍ ഡച്ച് ഈസ്റ്റിന്‍ഡീസ് എന്നും അറിയപ്പെട്ടു. സുകാര്‍ണോയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിലൂടെ 1945ല്‍ സ്വതന്ത്രമായി.  

സ്വതന്ത്ര ഇന്തൊനീഷ്യയുടെ ആദ്യത്തെ പ്രസിഡന്‍റായ സുകാര്‍ണോ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു, ഈജിപ്തിലെ പ്രസിഡന്‍റ ജമാല്‍ അബ്ദുന്നാസര്‍, യൂഗോസ്ളാവ് പ്രസിഡന്‍റ് മാര്‍ഷല്‍ ജോസിഫ് ടിറ്റോ എന്നിവരോടൊപ്പം ചേരിചേരാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി. അതിനു വഴിയൊരുക്കിയ 1955ലെ ആഫ്രോ-ഏഷ്യന്‍ സമ്മേളനം നടന്നത് ഇന്തൊനീഷ്യയിലെ ബാന്ദുങ്ങിലായിരുന്നു.

സുകാര്‍ണോയുടെ ഭരണകാലത്താണ് ഇന്തൊനീഷ്യ അതീവ ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെട്ടതും. ചൈനയെ അനുകൂലിക്കുന്ന ഇന്തൊനീഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1965ല്‍ സുകാര്‍ണോയെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ജനറല്‍ സുഹാര്‍ത്തോയുടെ നേതൃത്വത്തില്‍ പട്ടാളം അവര്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ മരിച്ചു.

സുകാര്‍ണോ അധികാരത്തില്‍നിന്നു പുറംതള്ളപ്പെടുകയും വീട്ടുതടങ്കിലാവുകയും ചെയ്തു. ആക്ടിങ് പ്രസിഡന്‍റായ  സുഹാര്‍ത്തോ പിന്നീട് പ്രസിഡന്‍റായി.  31 വര്‍ഷത്തെ ഭരണത്തിനിടയില്‍ അഴിമതിയിലൂടെയും അതിക്രമങ്ങളിലൂടെയും കുപ്രസിദ്ധി നേടി. ഒടുവില്‍ ജനരോഷവും പട്ടാളത്തില്‍നിന്നു തന്നെയുള്ള എതിര്‍പ്പും നേരിടാനാവാതെ 1998ല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി.

അതിനു ശേഷമുളള കാല്‍നൂറ്റാണ്ടിനിടയിലാണ് ഇന്തൊനീഷ്യയില്‍ ജനാധിപത്യം തളിര്‍ക്കാനും വളരാനും തുടങ്ങിയത്. 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രസിഡന്‍റ് ജോക്കോവിയുടെ  നയപരിപാടികള്‍ അതില്‍ മുഖ്യപങ്കു വഹിച്ചതായും അംഗീകരിക്കപ്പെടുന്നു. രാഷ്ട്രീയ വരേണ്യവര്‍ഗ പശ്ചാത്തലമില്ലാത്ത, എളിമയുള്ള, സൗമ്യനായ ജനപ്രിയ നേതാവ് എന്ന അര്‍ഥത്തില്‍ പലരും അദ്ദേഹത്തെ ഇന്തൊനീഷ്യയിലെ ബറാക് ഒബാമ എന്നു വിളിക്കുകയുമുണ്ടായി. 

എങ്കിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ ജോക്കോവിയുടെ ആ പ്രതിഛായയ്ക്കു മങ്ങലേറ്റതായി സംശയിക്കപ്പെടുന്നു. പ്രബോവോ പുതിയ പ്രസിഡന്‍റാകുന്നതോടെ രാജ്യം സ്വേഛാധിപത്യത്തിലേക്കുള്ള മടക്കയാത്ര തുടങ്ങുമോയെന്നു ഭയപ്പെടുന്നവരുമുണ്ട്.

സുഹാര്‍ത്തോയുടെ പട്ടള ഭരണകാലത്ത് സൈന്യത്തിലെ ഒരു സുപ്രധാന വിഭാഗത്തിന്‍റെ തലവനായിരുന്നു പ്രബോവോ. സുഹാര്‍ത്തോയുടെ മൂത്ത മകളുടെഭര്‍ത്താവുമായിരുന്നു. ഗവണ്‍മെന്‍റിന്‍റെ അപ്രീതിസമ്പാദിച്ച ഒട്ടേറെയാളുകള്‍, പ്രത്യേകിച്ച യുവാക്കള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമുണ്ടായി. പട്ടാളം ചോദ്യം ചെയ്യാന്‍ വിളിച്ച പലരെയും പിന്നീട് കാണാതാവുകയും ചെയ്തു. 

അതിനെല്ലാം ഉത്തരവാദികളായവരില്‍ ജനറല്‍ പ്രബോവോയും ഉള്‍പ്പെടുമെന്നാണ് ആരോപണം. പ്രബോവോ അതു നിഷേധിക്കുന്നു. എങ്കിലും പില്‍ക്കാലത്ത് അതിന്‍റെ പേരില്‍തന്നെ പ്രബോവോയോ പട്ടാളത്തില്‍നിന്നു പുറത്താക്കി. അമേരിക്കയും ഓസ്ട്രേലിയയും ആ രാജ്യങ്ങളിലേക്കുള്ള യാത്രാനുമതി നിഷേധിക്കുകയും ചെയ്തു. അവര്‍ അതു പിന്‍വലിച്ചത് വര്‍ഷങ്ങള്‍ക്കുശേഷം പ്രബോവോ പ്രസിഡന്‍റ് ജോക്കോവിയുടെ പ്രതിരോധമന്ത്രിയായതോടെയാണ്.

ജോക്കോവിയുടെ മകന്‍ ജിബ്രാന്‍ പ്രബോവോയുടെ റണ്ണിങ് മേറ്റായതും ജോക്കോവിയുടെ പ്രതിഛായയ്ക്കു മങ്ങലേല്‍പ്പിച്ചതായി പലരും കരുതുന്നു. പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിലേക്കു മല്‍സരിക്കാന്‍ 40 വയസ്സായിരിക്കണമെന്നാണ് നിയമം. 36 വയസ്സുമാത്രമുള്ള ജിബ്രാന്‍ വൈസ്പ്രസിഡന്‍റാകാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ അതു ഭരണഘടനാ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.  

ജിബ്രാന്‍ മുന്‍പ് ഒരു നഗരത്തിലെ മേയറായിരുന്നു. ആ നിലയിലുള്ള ജിബ്രാന്‍റെ സേവനകാലം കണക്കിലെടുക്കുമ്പോള്‍ പ്രായപരിധി പ്രശ്നമല്ലെന്നായിരുന്നു കോടതിവിധി. കോടതിയിലെ ചീഫ് ജസ്റ്റിസ് ജോക്കോവിയുടെ അളിയനാണെന്നതും കൗതുകമുണര്‍ത്തുന്നു.

നിയുക്ത പ്രസിഡന്‍റ് പ്രബോവോയ്ക്ക് ഭരണം തുടരാന്‍ തടസ്സം നേരിടുന്ന വിധത്തില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നിയമപ്രകാരം ഭരണം ഏറ്റെടുക്കേണ്ടത് ജിബ്രാനാണ്. ഫലത്തില്‍ ഇന്തൊനീഷ്യയുടെ ഭരണം ജോക്കോവിയുടെ കരങ്ങളിലേക്കു തിരിച്ചെത്തിയേക്കാമെന്നു പലരും ചൂണ്ടിക്കാട്ടുമ്പോള്‍ പശ്ചാത്തലത്തില്‍ കുടുംബാധിപത്യം എന്ന വിമര്‍ശനം ഉയരുകയും ചെയ്യുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA