ഗാസയില്‍ ഏഴു മാസമായി നടന്നുവരുന്ന ഘോരയുദ്ധത്തിന്‍റെ ചൂടും പുകയും ഒടുവില്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയിലും (ഐസിസി) എത്തുകയാണ്. യുഎന്‍ ആഭിമുഖ്യത്തിലുളള രാജ്യാന്തര നീതിന്യായ കോടതി അഥവാ ലോകകോടതിയില്‍ (ഐസിജെ) നേരത്തെതന്നെ ഈ പ്രശ്നം ഉന്നയിക്കപ്പെട്ടിരുന്നു. അതിനെ അപേക്ഷിച്ച് ഐസിസിയില്‍ കാര്യം കുറേക്കൂടി മുന്നോട്ടു പോയിക്കഴിഞ്ഞുവെന്നാണ് സൂചനകള്‍.
യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്രയേലിലെ ചില പ്രമുഖര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാന്‍ ഐസിസി ഉദ്ദേശിക്കുകയാണത്രേ. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗല്ലാന്‍റ്, കരസൈന്യാധിപന്‍ ലെഫ്റ്റനന്‍റ് ജനറല്‍ ഹെര്‍സി ഹലേവി എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു.
സ്വാഭാവികമായും ഇത് ഇസ്രയേലിനെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസിയെ പിന്തിരിപ്പിക്കണമെന്ന് അവര്‍ അമേരിക്കയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഐസിസി വാറന്‍റ് പുറപ്പെടുവിക്കുകയാണെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അതിന് ഐസിസി ഉത്തരവാദികളായിരിക്കുമെന്നും ഇസ്രയേല്‍ താക്കീതു നല്‍കിയതായും വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.
അമേരിക്കയില്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഗവണ്‍മെന്‍റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ചില പ്രമുഖര്‍ ഐസിസിക്കെതിരെ ആഞ്ഞടിച്ചു. ഐസിസിക്കും അതിലെ ഉദ്യോഗസ്ഥര്‍ക്കും എതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിക്കണമെന്നുപോലും അവര്‍ ആവശ്യപ്പെടുകയും ചെയ്തു.
ഐസിസിക്കും അതിന്‍റെ സ്റ്റാഫിനുമെതിരെ ഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും അതനുവദിക്കില്ലെന്നും വ്യക്തമാക്കുന്ന കര്‍ക്കശ സ്വരത്തിലുളള ഒരു പ്രസ്താവന ഐസിസിതന്നെ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയത് ആരാണെന്നു പക്ഷേ പ്രസ്താവനയില്‍ പറയുന്നില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഗാസയില്‍ നടന്നുവരുന്ന യുദ്ധത്തില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്ന പരാതിയുമായി ഇക്കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്ക ലോകകോടതിയെ സമീപിച്ചിരുന്നു. രാജ്യങ്ങള്‍ തമ്മിലുളള തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുളളതാണ് 1945മുതല്‍ നിലവിലുളള ലോകകോടതി.
അതിന്‍റെ മുന്‍പാകെ വരുന്ന കേസുകളില്‍ തീര്‍പ്പുണ്ടാവാന്‍ സാധാരണ ഗതിയില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ഇസ്രയേലിനെതിരായ കേസിലും സ്ഥിതി വ്യത്യസ്തമാകാനിടയില്ല. എങ്കിലും വംശഹത്യ നടക്കാന്‍ അനുവദിക്കരുതെന്ന് ഒരു ഇടക്കാല ഉത്തരവില്‍ ലോകകോടതി ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍, വംശഹത്യ എന്നിവ സംബന്ധിച്ച് വ്യക്തികള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കൈകാര്യം ചെയ്യാനായി 2002ല്‍ സ്ഥാപിതമായതാണ് ഐസിസി. ലോകകോടതിയെപ്പോലെ അതും നെതര്‍ലന്‍ഡ്സിലെ ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്നു.
നെതന്യാഹുവിനെതിരെ ഐസിസി വാറന്‍റ് പുറപ്പെടുവിക്കുകയാണെങ്കില്‍ അത് അത്തരത്തിലുളള ആദ്യസംഭവമായിരിക്കില്ല. യുക്രെയിന്‍ യുദ്ധത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെതിരെ ഐസിസി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. യുക്രെയിനിലെ കുട്ടികളെ അവരുടെയോ അവരുടെ രക്ഷിതാക്കളുടെയോ അനുവാദമില്ലാതെ റഷ്യയിലേക്കു കടത്തിക്കൊണ്ടുപോയി എന്നായിരുന്നു പുടിനെതിരായ കേസ്.
പുടിനെതിരെ ഐസിസി വാറന്‍റ് പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെ റഷ്യയില്‍ നിന്നു തിരിച്ചടിയുമുണ്ടായി. ഐസിസിയിലെ പ്രമുഖര്‍ക്കെതിരെ റഷ്യയും വാറന്‍റ് പുറപ്പെടുവിച്ചു.
ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ പ്രസിഡന്‍റ് ഉമര്‍ അല്‍ ബഷീറിനെതിരെ വാറന്‍റ് ഉണ്ടായത് 2009ലാണ്. സുഡാനിലെ ദാര്‍ഫുറില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ വംശഹത്യ നടന്നുവെന്നും അതില്‍ ബഷീര്‍ സജീവ പങ്കു വഹിച്ചുവെന്നുമായിരുന്നു കേസ്.
പുടിനും ബഷീറും രണ്ടുപേരും അറസ്റ്റ് ചെയ്യപ്പെട്ടില്ല. നെതന്യാഹുവിന്‍റെ അനുഭവവും വ്യത്യസ്തമാകാനിടയില്ല. കാരണം അറസ്റ്റ് നടപ്പാക്കാന്‍ ഐസിസിക്കു സ്വന്തം പൊലീസ് സേനയില്ല. ഇതു കാരണം പലരും ഐസിസിയെ കടലാസ് പുലിയെന്നും പല്ലില്ലാത്ത കടുവയെന്നും വിളിച്ചു പരിഹസിക്കുന്നുമുണ്ട്.
നെതന്യാഹുവിനും മറ്റുമെതിരായ വാറന്‍റിന്‍റെ കാര്യം ഇപ്പോള്‍ ഉയര്‍ന്നിട്ടുളളത് ഗാസയിലെ യുദ്ധത്തിന്‍റെ പശ്ചാത്തിലത്തിലാണെങ്കിലും അവരുടെ പേരിലുളള ആരോപണങ്ങളെക്കുറിച്ചുളള അന്വേഷണം 2021ല്‍തന്നെ തുടങ്ങിയിരുന്നു.
ആഫ്രിക്കയിലെ ഗാംബിയക്കാരിയായ ഫത്തു ബെന്‍സൗദയായിരുന്നു അന്ന് ഐസിസിയുടെ ചീഫ് പ്രോസിക്യൂട്ടര്‍. പിന്നീടവര്‍ ബ്രിട്ടനിലെ ഗാംബിയയുടെ ഹൈക്കമ്മിഷണറായി. പാക്കിസ്ഥാന്‍ വംശജനായ ബ്രിട്ടീഷ് ബാരിസ്റ്റര്‍ കരീം അസദ് അഹമദ് ഖാനാണ് 2021 മുതല്‍ ആ സ്ഥാനത്തുള്ളത്. പുടിനെതിരെ വാറന്‍റ് പുറപ്പെടുവിക്കാന്‍ മുന്നോട്ട് വന്നതും അദ്ദേഹമാണ്.
ഗാസയില്‍ മാത്രമല്ല, അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളായ വെസ്റ്റ്ബാങ്ക് (ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ തീരം), കിഴക്കന്‍ ജറൂസലം എന്നിവയിലും 2014 മുതല്‍ ഇസ്രയേല്‍ പിന്തുടര്‍ന്നുവരുന്ന വിവാദപരമായ നടപടികളെക്കുറിച്ചായിരുന്നു തുടക്കത്തില്‍ ഐസിസിയുടെ അന്വേഷണം. കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ ഗാസ യുദ്ധത്തെ തുടര്‍ന്ന് ഗാസയിലെ സ്ഥിതിഗതികളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
കരീം ഖാന്‍ ഡിസംബറില്‍ ഗാസയും ഇസ്രയേലും സന്ദര്‍ശിക്കുകയും ഹമാസ് ബന്ദികളാക്കിയുവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ പലരുമായും സംസാരിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകും ചെയ്തു. ഏതാണ്ട് 1200 പേരുടെ മരണത്തിനു കാരണമാവുകയും 250 പേരെ ബന്ദികളാക്കുകയു ചെയ്തുകൊണ്ട് ഹമാസ് ഒക്ടോബര്‍ ഏഴിനു നടത്തിയ മിന്നലാക്രമണത്തെ അദ്ദേഹം കഠിനമായി അപലപിക്കുകയുമുണ്ടായി. യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന പേരില്‍ ഹമാസ് നേതാക്കള്‍ക്കെതിരെയും അറസ്റ്റ് വാറന്‍റ് ഉണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു.
ഐസിസിയുടെ ഏറ്റവും വലിയ പോരായ്മ സ്വന്തം തീരുമാനം നടപ്പാക്കാന്‍ പലപ്പോഴും അതിനു കഴിയുന്നില്ലെന്നതാണ്. അറസ്റ്റ് വാറന്‍റിനു വിധേയരാകുന്ന വ്യക്തികളെ അവരുടെ രാജ്യങ്ങളിലെ ഗവണ്‍മെന്‍റുകള്‍തന്നെ അറസ്റ്റ് ചെയ്തു ഐസിസിയെ ഏല്‍പ്പിക്കണമെന്നാണ് നിയമം. അതു നടപ്പുളള കാര്യമല്ലെന്നു റഷ്യയിലെ പ്രസിഡന്‍് പുടിന്‍റെയും സുഡാനിലെ പ്രസിഡന്‍റ് ബഷീറിന്‍റെയും കാര്യത്തില്‍ തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്.
പ്രതികള്‍ വിദേശ രാജ്യങ്ങളില്‍ പോയാല്‍ ഐസിസി നിയമമനുസരിച്ച് ആ രാജ്യങ്ങളിലെ ഗവണ്‍മെന്‍റുകള്‍ അവരെ അറസ്റ്റ് ചെയ്യാന്‍ ബാധ്യസ്ഥരാണ്. സുഡാനിലെ പ്രസിഡന്‍റ് ബഷീര്‍ 2019ല്‍ സ്ഥാനഭ്രഷ്ടനാകുന്നതിനുമുന്‍പ് ആഫ്രിക്കയിലെ പല രാജ്യങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. ഒരിടത്തും അദ്ദേഹത്തിന് അറസ്റ്റിനെ നേരിടേണ്ടിവന്നിരുന്നില്ല.
പുടിനാണെങ്കില്‍ വളരെ കരുതലോടെ നീങ്ങുകയാണ്. ഐസിസിയുടെ വാറന്‍റ് ഉണ്ടായ ശേഷം റഷ്യയ്ക്കു പുറത്ത് അധികമൊന്നും അദ്ദേഹം യാത്ര ചെയ്തിട്ടില്ല. വിദേശ നഗരങ്ങളില്‍ നടന്ന പല സുപ്രധാന രാജ്യാന്തര സമ്മേളനങ്ങളും അദ്ദേഹം ഒഴിവാക്കുകയാണ് ചെയ്തത്.
നെതന്യാഹുവിനും മറ്റും എതിരെ ഐസിസി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുന്ന പക്ഷം എന്തു സംഭവിക്കുമെന്ന ചോദ്യത്തിന്‍റെ മുന്നിലാണ് ഇപ്പോള്‍ ലോകം. ഇസ്രയേല്‍ ഇതു നിസ്സാരമാക്കുകയോ പുഛിച്ചുതള്ളുകയോ ചെയ്യുന്നില്ലെന്ന് അവരുടെ ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ഐസിസിയില്‍ പരാതി ഉന്നയിച്ചത് പലസ്തീന്‍ അതോറിറ്റിയായതിനാല്‍ ആദ്യംതന്നെ ഇസ്രയേല്‍ അവര്‍ക്കെതിരെ നീങ്ങാനാണ സാധ്യത.
അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ നികുതി പലസ്തീന്‍ അതോറിറ്റിക്കു വേണ്ടി പിരിച്ചുകൊടുക്കുന്നത് ഇസ്രയേലാണ്. അതു നിര്‍ത്തലാക്കുമത്രേ. അതോടെ പലസ്തീന്‍ അതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും തകരുകയും ചെയ്തേക്കാം. അതിന് ഐസിസി ഉത്തരവാദിയാണെന്ന ആരോപണം ഉയരാനുളള സാധ്യതയുമുണ്ട്. ഗാസ യുദ്ധത്തില്‍ വെടിനിര്‍ത്തലുണ്ടാക്കാന്‍ നടന്നുവരുന്ന ശ്രമങ്ങള്‍ തകിടം മറിയാനുളള സാധ്യതയും പലരും കാണുന്നു.