അര നോമ്പും സുറുങ്കുറ്റിയും പിന്നെ ഉപ്പിലിട്ട അച്ചാറും - ഓര്‍മകളുടെ നോമ്പുകാലം 

HIGHLIGHTS
  • ഏകദേശം എല്ലാവരുടെയും ആദ്യത്തെ നോമ്പ് (വ്രതം) 'അര നോമ്പു'കളാവും.
  • നോമ്പുകാലത്തെ രാത്രി അച്ചാറുകള്‍ക്ക് വല്ലാത്തൊരു രുചി തന്നെയാണ്.
remembering-childhood-ramadan-lent
SHARE

ആത്മീയതയുടെയും വ്രതശുദ്ധിയുടെയും നാളുകളാണ് റമദാന്‍ മാസം. ദൈവത്തിലേക്ക് കൂടുതലടുക്കുന്ന, പ്രാര്‍ഥനാമുഖരിതമായ കാലം. പക്ഷേ ഓര്‍ത്തു നോക്കുമ്പോള്‍ അത് മാത്രമായിരുന്നില്ല കടന്നുപോയ നോമ്പുകാലങ്ങള്‍. ഗൃഹാതുരമായ ഓര്‍മകളുടെയും സൗഹൃദങ്ങളുടെയും ആഘോഷം കൂടിയായിരുന്നു അത്.

ഏകദേശം എല്ലാവരുടെയും ആദ്യത്തെ നോമ്പ് (വ്രതം) 'അര നോമ്പു'കളാവും. ദിവസം മുഴുവന്‍ വിശപ്പ് സഹിക്കാനാവാത്ത പ്രായത്തില്‍ മുതിര്‍ന്നവരെ പോലെ നോമ്പു പിടിക്കണമെന്ന് വാശി കാണിക്കുമ്പോള്‍ വീട്ടുകാര്‍ മുന്നോട്ടുവയ്ക്കുന്ന മാര്‍ഗം- "ഉച്ചവരെ ഒന്നും കഴിക്കാതിരുന്നാല്‍ മതി. അര നോമ്പാവും. അങ്ങനെ അടുത്ത ദിവസവും. അപ്പോ അര+അര = ഒന്ന്." മുപ്പത് ദിവസം കഴിയുമ്പോഴേക്ക് 15 നോമ്പ് അക്കൗണ്ടിലുണ്ടാവും.

ഇരട്ടി സ്വാതന്ത്ര്യം അനുഭവിക്കാമെന്നതാണ് നോമ്പു കാലത്തെ അവധി ദിനങ്ങളുടെ പ്രത്യേകത. ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള വിളികളുണ്ടാവില്ല. വീട്ടുകാരുടെ അന്വേഷണമുണ്ടാവില്ല. 

നാട്ടുപറമ്പുകളില്‍ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറുന്ന കാലമാണത്. കാലത്ത് തുടങ്ങുന്ന ഇന്നിങ്സുകള്‍ വൈകുന്നേരം വരെ തുടരും.  വലത്തെ ഭാഗത്തെ പറമ്പില്‍ ഉയര്‍ന്നു വീണാല്‍ ഔട്ട്, നേരെ മാത്രം ബൗണ്ടറി, ബാറ്റിനു തട്ടി പിന്നിലോട്ട് പോയാല്‍ സിങ്കിള്‍ റണ്‍...എന്നിങ്ങനെ നോമ്പിന്റെ ക്ഷീണം പരിഗണിച്ചുള്ള ധാരാളം പുതിയ നിയമങ്ങളുണ്ടാവും. കൂടുതല്‍ റണ്‍ എടുക്കുക എന്നതിലപ്പുറം കുറേ നേരം ബാറ്റ് ചെയ്യുക എന്നതാണ് ലക്ഷ്യം. സ്ലിപ്പിലും തൊട്ടടുത്തുമെല്ലാം ഫീല്‍ഡര്‍മാര്‍ നിരനിരക്കും. ബാറ്റ് കൊണ്ട് തൊട്ടാല്‍ ക്യാച്ച് ആവുമെന്ന അവസ്ഥയിലെ സമ്മര്‍ദ്ദ കളികള്‍!

ചൂണ്ടയിടലാണ് വേറൊരു പ്രധാന ഹോബി. മീന്‍ കിട്ടിയാലും ഇല്ലെങ്കിലും നേരത്തിന്റെ കണക്കില്ലാതെ ചൂണ്ടയിടാം. ബോറടിക്കുമ്പോള്‍ ഇഷ്ടം പോലെ പുഴയില്‍ നീന്താം. കൂട്ടുകാരോടൊന്നിച്ച് നാട്ടിലെ കുന്നിന്‍ പുറങ്ങളിലേക്കും പാറക്കെട്ടുകളിലേക്കുമുള്ള ട്രക്കിങ്ങാണ് മറ്റൊരു കാര്യപരിപാടി. മരപ്പൊത്തിലെ കിളിക്കൂടുകള്‍ അന്വേഷിച്ചും പുതിയ വഴികളിലൂടെ നടന്നുമെല്ലാം സാഹസികതയുടെ പുതിയ മേച്ചില്‍പുറങ്ങള്‍ കണ്ടെത്തും. ട്രെക്കിങ്ങില്‍ താത്പര്യമില്ലാത്ത ദിവസങ്ങളില്‍ സൈക്കിളുകളില്‍ ലോങ് റൈഡുകളാവും. അങ്ങനെയങ്ങനെ ആഘോഷമാവുന്ന പകലുകള്‍. ചില വിരുതന്മാര്‍ ഈ വരവില്‍ ഉപ്പും പുളിയും മാങ്ങയും പൊതിഞ്ഞടുക്കും. ഏതെങ്കിലും മറവിലിരുന്ന് തിന്നും. വഴിയിലെ കൈതച്ചക്ക പറിക്കും, കിണറിലെ വെള്ളം കോരിക്കുടിക്കും.

സന്ധ്യാ നേരത്ത് തിരിച്ചെത്തുമ്പോഴേക്കും അടുക്കളയില്‍ നിന്ന് പത്തിരിയുടെയും കോഴിക്കറിയുടെയും മണമുയരാന്‍ തുടങ്ങിയിട്ടുണ്ടാവും. പൊടിപ്പത്തിരിയുടെ മണത്തിന്റെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് കിനിഞ്ഞിറങ്ങാനുള്ള കഴിവ് തിരിച്ചറിയുന്ന നേരങ്ങള്‍. പകലിന്റെ ക്ഷീണം മുഴുവന്‍ തീര്‍ക്കുന്ന രുചിയിടവേള - രാത്രിയിലേക്കുള്ള തുടക്കമാണിത്.

റമദാനിലെ നീണ്ട രാത്രി നമസ്കാരങ്ങള്‍ക്കായുള്ള (തറാവീഹ്) യാത്ര തന്നെ രസകരമാണ്. ബൈക്കുകളൊന്നുമായിരുന്നില്ല, 'സുറുങ്കുറ്റി'യാണ്ഈ യാത്രകളിലെ വെളിച്ചം. പാകത്തിലുള്ള  മുളങ്കുറ്റി വെട്ടിയെടുത്ത്, അതില്‍ മണ്ണെണ്ണ നിറച്ച്, തുണി കൊണ്ടുള്ള തിരിയിട്ടൊരുക്കുന്ന ചെറു പന്തങ്ങളാണ് സുറുങ്കുറ്റി. ഒരുവിധം എല്ലാ കുട്ടികളുടെയും കയ്യിലുണ്ടാവും ഇങ്ങനെയൊന്ന്. മുതിര്‍ന്നവര്‍ ചൂട്ട് കത്തിക്കുമ്പോള്‍ സുറുങ്കുറ്റികളുമായി കുട്ടികള്‍ നടക്കും, നാട്ടുവഴികളിലൂടെ പള്ളിയിലേക്ക്. നല്ല മുളങ്കുറ്റികള്‍ കണ്ടെത്താനും അത് വെട്ടിയൊരുക്കി സുറുങ്കുറ്റിയാക്കാനും കഴിവുള്ളവരാണ് താരങ്ങള്‍. മൊബൈല്‍ ഫോണുകളേ ഇല്ലാതിരുന്ന അക്കാലത്ത് ടോര്‍ച്ചുകള്‍ പോലും പലപ്പോഴും ആഡംബരമായിരുന്നു.

പള്ളിയിലെത്തിയാലും രസച്ചരട് മുറിയുന്നില്ല. കാരണവന്മാരുടെ ചീത്തപറച്ചില്‍ വകവയ്ക്കാതെ  പള്ളിക്ക് അകത്ത് ഏറ്റവും പിന്നില്‍ ചുമര് ചാരിയിരുന്ന് വര്‍ത്തമാന മഴ പെയ്യാന്‍ തുടങ്ങും. അടുത്ത ദിവസത്തേക്കുള്ള പ്ലാനിങ്ങാവും. അല്ലെങ്കില്‍ നോമ്പ് പിടിച്ച വീരഗാഥകള്‍. ചിലര്‍ നമസ്കാരത്തിന്റെ ഏറ്റവും ഒടുവിലെ ഭാഗത്ത് ഓടിപ്പോയി കൂടും - സലാം ചൊല്ലിക്കഴിഞ്ഞ് (നമസ്കാരത്തിന്റെ അവസാനം)  മുന്‍നിരയിലെ കാരണവന്മാരും ബന്ധുക്കളും നോക്കുമ്പോള്‍ കാണുന്നത് കുട്ടികളൊക്കെ അച്ചടക്കത്തോടെ പ്രാര്‍ഥിക്കുന്നതാവും! അടുത്ത നമസ്കാരം ആരംഭിക്കുമ്പോള്‍ മെല്ലെ പിന്നെയും പിന്നിലെ ചുമരിനടുത്തെത്തും, കഥമഴ തുടങ്ങും,  അവസാനം ഓടിപ്പോയി നമസ്കാര നിരയിലിരിക്കും; അങ്ങനെ കുറേ പറ്റിക്കല്‍ നമസ്കാരങ്ങള്‍. 

ഇത്തിരി മുതിര്‍ന്നാല്‍ പിന്നെ പള്ളിക്കകത്തെ വര്‍ത്തമാനം പുറത്തേക്കെത്തും. പറഞ്ഞിട്ടും കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ പള്ളിയിലെ കാരണവന്മാര്‍ അടുത്ത ചെറിയ തലമുറയെ ചീത്ത പറയുന്നുണ്ടാവും. പള്ളിമുറ്റത്തെ വര്‍ത്തമാനം മെല്ലെ നീങ്ങി നീങ്ങി അടുത്ത അങ്ങാടിയിലെ അച്ചാറു കടക്ക് മുന്നിലെത്തും. നോമ്പുകാലത്തെ രാത്രി അച്ചാറുകള്‍ക്ക് വല്ലാത്തൊരു രുചി തന്നെയാണ്. മാങ്ങയും കൈതച്ചക്കയും പേരയ്ക്കയും നെല്ലിക്കയുമെല്ലാം ഉപ്പിലിട്ട സുര്‍ക്കയില്‍ നീന്തിത്തുടിച്ച്, മുളക് മസാല കൊണ്ട് സുറുമ പുരട്ടി നാവിന്‍തുമ്പിലേക്കെത്തുമ്പോള്‍ രൂചിയുടെ പുതുലോകം തുറക്കും. നോമ്പുകാലത്ത് മാത്രം തുറക്കുന്ന ഇതുപോലെയുള്ള കടകളുണ്ട്, രുചികളുണ്ട്. അല്ലാത്ത സമയങ്ങളില്‍ അപ്രത്യക്ഷരാവുന്നവര്‍.

മുതിരുന്നതോടെ പകല്‍ നേരങ്ങളിലെ ആവേശവും മെല്ലെ കെട്ടടങ്ങിത്തുടങ്ങും. ചിലര്‍ വീട്ടുകാരുടെ ഇടയില്‍ നിന്ന് നോമ്പെടുത്ത് ഉച്ചയാവുമ്പോള്‍ അടുത്ത ടൗണിലെ  ഹോട്ടലുകളിലെത്തും. അല്ലെങ്കില്‍ നോമ്പു കാലത്ത് മാത്രം കെട്ടിയുയര്‍ത്തപ്പെടുന്ന താത്കാലിക തട്ടുകടകളില്‍. ബിരിയാണിയും പൊറാട്ടയുമൊക്കെ തട്ടിക്കയറ്റുന്നതിനിടെയാവും തൊട്ടടുത്ത മേശയില്‍ നാട്ടുകാരനെ കാണുക. പരസ്പരധാരണയുടെ ഏറ്റവും മനോഹര ഉദാഹരണമാണ് ഇവിടെ - രണ്ടു പേരും ആ കണ്ടുമുട്ടല്‍ പാടേ മറന്നുകളയും. വൈകുന്നേരം ഒന്നുമറിയാത്ത പോലെ, വീട്ടുകാരോടൊപ്പം നോമ്പ് തുറക്കുകയും ചെയ്യും. 

ഓര്‍മകളിലെ നോമ്പുകാലാനുഭവങ്ങളാണ്. പലതും പാടേ അപ്രത്യക്ഷമായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ കാലത്ത് സുറുങ്കുറ്റിയെക്കുറിച്ച് ആരും ഓര്‍ക്കുന്ന കൂടിയുണ്ടാവില്ല. ടാബ് ഗെയിമുകളുടെ കാലത്ത് നാട്ടിന്‍ പുറങ്ങളിലെ ട്രക്കിങ്ങും പാറകയറ്റവുമൊന്നും ആകര്‍ഷിച്ചെന്ന് വരില്ല, അങ്ങനെ ചെല്ലാന്‍ കുന്നുകളുമില്ല. ഉപ്പിലിട്ട കടകള്‍ ഇപ്പോഴും സജീവമാണ് - നോമ്പുകാലത്തെ വില്‍പ്പന മറ്റേതു കാലത്തേക്കാളും മുകളിലും. 

നോമ്പിന്റെ കാറ്റുവീശുന്ന പകല്‍ നേരങ്ങളിലും രാത്രി നമസ്കാരത്തിന്റെ നേരങ്ങളിലുമെല്ലാം ഒന്നു കണ്ണടച്ചാല്‍ മതി, ഇപ്പോഴുമെത്തും. സുറുങ്കുറ്റിയില്‍ തിരിയിട്ട കോട്ടണ്‍ തുണിയില്‍ നിന്ന് കിനിഞ്ഞിറങ്ങുന്ന മണ്ണെണ്ണയുടെ മണം. പോയ നോമ്പുകാലങ്ങളുടെ മണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ