ലണ്ടനിൽ ജനം പായ്ക്കറ്റിലുള്ള ഭക്ഷണസാധനങ്ങളും മറ്റ് യൂറോപ്യൻ ഉൽപന്നങ്ങളും വാങ്ങി സ്റ്റോക്ക് ചെയ്യാൻ പരക്കംപായുകയാണ്. യൂറോപ്യൻ യൂണിയനുമായി വ്യാപാരക്കരാർ ഇതുവരെ ഉണ്ടാക്കാൻ കഴിയാത്തതിനാൽ ജനുവരി 1 മുതൽ യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സർവതിനും നികുതിയും വിലയും കൂടും. പലതും കിട്ടാതാവും. അതാണു ബീയർ പോലും വാങ്ങിക്കൂട്ടുന്നത്.
ബ്രിട്ടന്റെ പതനമേ! സൂര്യനസ്തമിക്കാത്ത സാമ്രാജ്യം, ലോകത്ത് ഏറ്റവും വിജയിച്ച രാജ്യം! ബ്രെക്സിറ്റിൽ തുടങ്ങിയത് ഇനി സ്കോട്‌ലൻഡും വടക്കൻ അയർലൻഡും കൂടി എക്സിറ്റ് ചെയ്യുന്നതിലെത്തുമോ? ലോക ധനകാര്യ തലസ്ഥാനങ്ങളിൽ പ്രധാനമെന്ന ലണ്ടൻ നഗരത്തിന്റെ പ്രതാപം പൊഴിയുന്നു. ബിസിനസിന്റെ യൂറോപ്യൻ ഹബ്ബായി ലണ്ടനിൽ ആസ്ഥാനം ഉറപ്പിച്ചിരുന്ന വൻ ബഹുരാഷ്ട്ര കമ്പനികൾ സ്ഥലം വിടുകയാണ്. ഓഫിസുകൾ ഒഴിയുന്നു. ആയിരക്കണക്കിനു ജോലികൾ ഇല്ലാതായി. ലക്ഷക്കണക്കിനു കോടി ഡോളറിന്റെ ആസ്തികളും ലണ്ടൻ വിട്ടു. ബാങ്കുകൾ ധനകാര്യ ആസ്തികൾ ജർമനിയിലേക്കും മറ്റും മാറ്റി. കോവിഡും കൂടി വന്നതോടെ ലണ്ടൻ പ്രേതനഗരമായെന്നു വരെ പറയാൻ ആളുണ്ട്.
ബ്രിട്ടന്റേതായി ലോകം കണ്ടിരുന്ന വിസ്മയങ്ങളൊക്കെ നേരത്തേ തന്നെ വിറ്റുപോയി. സ്വകാര്യവൽക്കരിച്ചപ്പോൾ പുറത്തുള്ള പലരും വാങ്ങി. ബ്രിട്ടിഷ് എയർവെയ്സ്, ബ്രിട്ടിഷ് ടെലികോം, ബ്രിട്ടിഷ് റെയിൽ...ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിന് സ്പാനിഷ്, ഖത്തർ ഉടമസ്ഥരുണ്ട്. പ്രമുഖ ഫുട്ബോൾ ക്ളബ്ബുകൾ പോലും ബ്രിട്ടിഷുകാരന്റെ സ്വന്തമല്ല. ബക്കിങ്ങാം കൊട്ടാരം പോലും വല്ല ദുബായിക്കാരും വാങ്ങുന്ന കാലം വന്നേക്കാം. ബ്രിട്ടിഷ് റെയിൽ സ്വകാര്യവൽക്കരിച്ചപ്പോൾ ടിക്കറ്റ് നിരക്കുകൾ കൂടി. നമ്മളൊക്കെ മെട്രോ സ്വപ്നം കാണും മുമ്പു തന്നെ തുടങ്ങിയ ലണ്ടൻ മെട്രോയിലെ സർവ കംപാർട്ട്മെന്റിലും പാതിപ്പേർ കുടിയേറ്റക്കാരെന്നു കണ്ടതോടെയാണ് പഴയ പ്രതാപം അയവിറക്കിയിരിക്കുന്ന പ്രായമായവർക്ക് കലി കയറിയതും യൂറോപ്യൻ യൂണിയനിലെ അംഗത്വവും അവിടങ്ങളിൽ നിന്നുള്ള കുടിയേറ്റവുമാണു പ്രശ്നമെന്നു വിചാരിച്ച് ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തതും. വെറും 52% പേർ മാത്രമേ അനുകൂലിച്ചുള്ളുവെങ്കിലും ബ്രെക്സിറ്റ് പാസായി.
ദേ ജനുവരി ഒന്നുമുതൽ യൂറോപ്പിൽ നിന്നു വരുന്ന സാധനങ്ങൾക്കെല്ലാം കസ്റ്റംസ് തീരുവ ബാധകം. ഒറ്റ വിപണി ഇല്ലാതാവുന്നു. ബ്രിട്ടന്റെ സാമ്പത്തിക ഗതി(കേട്) ഇനി കണ്ടറിയാം.
ഒടുവിലാൻ∙ പത്രവാർത്തകളുടെ തുടക്കം 17–ാം നൂറ്റാണ്ടിൽ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിലായിരുന്നു. വാർത്തകൾ അറിയേണ്ടവർ അവിടെ വരും. വാർത്തകൾ ഓരോരുത്തരിൽ നിന്നും കേൾക്കുന്ന മെനക്കേട് കുറയ്ക്കാൻ ചില വിദ്വാൻമാർ അവിടെ ന്യൂസ് ലെറ്റർ അച്ചടിച്ച് വിൽക്കാൻ തുടങ്ങി. പത്രങ്ങളുടെ ബീജാവാപം അവിടെയാണ്.
English Summary : Business Boom - Shoppers could pay more after no-deal Brexit