ചുമ്മാതിരിക്കാനും വേണം വേദാന്തം!

man-LaylaBird-istockphoto
Representative image. Photo Credit: LaylaBird/istockphoto.com
SHARE

ഫൈവ് സ്റ്റാർ മുറിയെടുത്ത് ലേശം ജലപാനം നടത്തി വെറുതെയങ്ങിരിക്കുകയാണ് ഒരു ചങ്ങായി. ഇതു സൈദ്ധാന്തിക ചുമ്മാതിരിപ്പാണ്. ഇറ്റാലിയൻ വേദാന്തമാണത്രെ–ഡോൾസെ ഫാർ നിയന്തെ. ചുമ്മാതിരിക്കുന്നതിന്റെ രസം എന്നാണ് അർഥം. ഈറ്റ് പ്രേ ലവ് എന്ന ഹോളിവുഡ് സിനിമയിൽ വന്ന ശേഷമാണ് ഈ വാക്ക് ട്രെൻഡിങ് ആയത്. അമേരിക്കൻ എഴുത്തുകാരി എലിസബെത്ത് ഗിൽബർട്ട് ഇറ്റലിയിലും ഇന്ത്യയിലും ഇന്തൊനീഷ്യയിലും പോയ യാത്രാനുഭവങ്ങളുടെ കൃതിയാകുന്നു ഈറ്റ് പ്രേ ലവ്.

ലോകത്ത് ഇമ്മാതിരി പലതരം വേദാന്തങ്ങൾ ‘ഫാഡ്’ ആയിട്ട് ഇറങ്ങിയിട്ടുണ്ട്. അതു പഠിപ്പിക്കാനും പുസ്തകമാക്കാനും ബന്ധപ്പെട്ട സാധനങ്ങൾ (മെർച്ചന്റൈസ്) വിൽക്കാനും ആളേറെയുണ്ട്. ഫെങ്ഷൂയി ഉദാഹരണം. അതിന്റെ കോച്ചിങ്ങും ലൊട്ടുലൊടുക്ക് വിൽപനയുമായി ഒരുപാട് പേർ നാല് കാശുണ്ടാക്കി. നല്ല കാര്യം. മറ്റുള്ളവരുടെ പോക്കറ്റിലിരിക്കുന്ന കാശ് നമ്മുടെ പോക്കറ്റിലേക്കു മാറ്റിയാൽ പിന്നെ ആർക്കാ ഈറ്റ് പ്രേ ലവ് പറ്റാത്തേ?

ജപ്പാനിലെ ഒഗിമി ദ്വീപിലുള്ളവർക്കെല്ലാം നൂറായുസ്സ്. അവരുടെ രീതികൾ കണ്ടിട്ടാണ് ഇക്കിഗായ് പുസ്തകം ഉണ്ടായത്. ഒരു പോയിന്റ്–ആയുസ്സ് കൂടാൻ കൂട്ടുകാരുമായി ഉല്ലസിക്കുക! ചുമ്മാതാണോ പുസ്തകം കോടിക്കണക്കിനു വിൽക്കുന്നത്! 

ഇനി വേറൊന്നുണ്ട്– ടിസ് നാറ്റ് ഹാൻ എന്ന വിയറ്റ്നാംകാരൻ ഇറക്കിയതാണ്. മൈൻഡ്ഫുൾ ലിവിങ്, മൈൻഡ്ഫുൾ ഈറ്റിങ്...എന്തു ചെയ്താലും അതിൽ മുഴുകിയങ്ങിരിക്കുക. കട്ടൻ കുടിക്കുമ്പോഴും പതുക്കെ അതിൽ മാത്രം മുഴുകി..

ദേ പുതിയൊരെണ്ണം വന്നിരിക്കുന്നു. നിക്സെൻ! ഡച്ച് ആർട്ട് ഓഫ് ഡൂയിങ് നത്തിങ്. കുറേശെ ക്ലച്ച് പിടിക്കുന്നുണ്ട്. നിങ്ങൾ ജീവിക്കാൻ ഓടിപ്പാഞ്ഞു നടക്കുകയാണോ, സെയിൽസ്–മാർക്കറ്റിങ് ടാർഗറ്റും മറ്റുമായി പിരിമുറുക്കമാണോ? ബിപിയുടെ ഗുളിക ഒരെണ്ണം ദിവസവും കഴിച്ചിരുന്നത് രണ്ടെണ്ണമായോ...?? നിക്സെൻ പരിഹാരം. ജനാലയിലൂടെ വെറുതേ പുറത്തേക്ക് നോക്കിയിരിക്കുക, ഒന്നും ആലോചിക്കരുത്. കണ്ണുമാത്രമല്ല മനസ്സും വെറുതേ ചുറ്റിയടിക്കട്ടെ. മൊബൈൽ ഫോൺ എന്നല്ല ഒരു സ്ക്രീനും അടുത്തെങ്ങും കാണരുത്. നടക്കാൻ പോവുകയോ പാട്ട് കേൾക്കുകയോ ആവാം. പിരിമുറുക്കം കുറയാം, പിരിയിളകുമോന്നറിയില്ല.

വെറുതേ ഇരിക്കുമ്പോൾ വായിലേക്ക് എന്തെങ്കിലും പോകണമല്ലോ? അതിനുള്ള വഹ എങ്ങനെ ഒപ്പിക്കും? ഈ ചോദ്യത്തിന്റെ മറുപടിയിലാണ് സകലതിന്റേയും ഗുട്ടൻസ്. കാശിനെക്കുറിച്ച് ആലോചിക്കേണ്ടാത്തവർക്കു പറഞ്ഞിട്ടുള്ളതാണിതൊക്കെ. അല്ലാത്തവർ നാല് കാശുണ്ടാക്കണമെങ്കിൽ ഓടിയേ പറ്റൂ. ‘പറ്റിയേലെന്നു പറഞ്ഞാൽ ഒക്കിയേല’!

പക്ഷേ കാശുള്ളവരെ ചുമ്മാതിരിക്കാൻ പഠിപ്പിക്കുന്നത് കാശുണ്ടാക്കാൻ പറ്റിയ പരിപാടിയാണ്!

ഒടുവിലാൻ∙ കാലത്തേ എഴുന്നേറ്റാലുടൻ ഗ്രീൻ ടീ ഉണ്ടാക്കി തേൻ ചേർത്തു കുടിക്കുക, പച്ചക്കറി ജ്യൂസുകൾ അടിച്ചു കുടിക്കുക... ഒടുവിൽ കരളും കിഡ്നിയും മറ്റും  അടിച്ചു പോയ അനുഭവ വിവരണങ്ങളും കേൾക്കുന്നുണ്ട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS