പിക്ക്ൾബോളിലാണ് ഇനി കളി കാണേണ്ടത്!

Pickleball-Getty
Image Credit: Getty images
SHARE

എടാ കൊച്ചനേ...ഇതെന്നാ കളിയാ...???

കൊച്ചൻമാർ പുതിയ ഏതോ കളിയിലേർപ്പെട്ടിരിക്കുന്നതു കണ്ടിട്ട് അപ്പാപ്പൻ ചോദിച്ചതാ. ടേബിൾ ടെന്നിസിന്റെ പോലെ ബാറ്റ്, ബാഡ്മിന്റൻ കളിയുടെ പോലത്തെ കോർട്ട്, ടെന്നിസ് കോർട്ടിലെ അത്ര ഉയരം മാത്രമുള്ള നെറ്റ്...! ടെന്നിസും ടേബിൾ ടെന്നിസും ബാഡ്മിന്റനും എല്ലാം ചേർന്നൊരു മുക്കൂട്ട് കളി.  ഇതാകുന്നു പിക്ക്ൾബോൾ!  

അമേരിക്കയിൽ സായിപ്പും മദാമ്മയുമാണ് ഈ കളി തുടങ്ങിയത്. സായിപ്പിന്റെ കളി ലോകം അനുകരിക്കുമല്ലോ. 1965ൽ വാഷിങ്ടനിലെ ബ്രിജ് ഐലന്റിൽ തുടക്കം. ജോയൽ പ്രിച്ചാഡ്, ബിൽബൽ, ബാർണി മക്കല്ലം എന്നിങ്ങനെ അയൽപക്ക കളിക്കൂട്ടുകാർ ചേർന്നാണ് കളിയുടെ നിയമങ്ങൾ ഉണ്ടാക്കിയതും. ഇപ്പോൾ ലോകമാകെ ഏറ്റവും വേഗത്തിൽ പ്രചരിക്കുന്ന കളിയാണത്രെ. പ്രായം നോക്കാതെ ആർക്കും കളിക്കാം, വലിയ ആയാസമില്ല.

സാധാരണ നമ്മൾ മലയാളികളാണ് നേരത്തേ സാധ്യത കണ്ടറിഞ്ഞു തുടക്കമിടുന്നതും പിന്നങ്ങോട്ട് വലുതായി ഗുണംപിടിക്കാതെ പോകുന്നതും. ഇന്ത്യയിലെ ആദ്യ ഐടി പാർക്ക് കഴക്കൂട്ടത്ത് ഉണ്ടാക്കിയതു പോലെ. പിക്ക്ൾബോൾ കളിയിൽ നേരേ തിരിച്ചാണ്. ബിസിനസ് അവസരവും അസോസിയേഷന്റെ പേരു പറഞ്ഞ് ഗമകാണിച്ചു നടക്കാനുള്ള ചാൻസുമെല്ലാം കളഞ്ഞ് നമ്മൾ വെറുതേ ഇരിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങൾ അടിച്ചു കേറുകയാണ്. ഇന്ത്യയാകെ പതിനായിരം പിക്ക്ൾബോൾ ക്ലബ്ബുകളുണ്ടെന്നു വരെ പറയുന്നു.

ഗുജറാത്ത് പിക്ക്ൾബോൾ അസോസിയേഷൻ ഇക്കൊല്ലം ഒക്ടോബറിൽ വേൾഡ് പിക്ക്ൾബോൾ ചാംപ്യൻഷിപ് നടത്താൻ പോവുകയാണത്രെ. എവിടെ വച്ച്? അഹമ്മദാബാദിൽ! വേറെവിടെ? ഗോവ പിക്ക്ൾബോൾ അസോസിയേഷന് ഗോവയെ പിക്ക്ൾബോളിന്റെ ഇന്റർനാഷനൽ ഹബ് ആക്കണമെന്നാണ് അതിമോഹം. കർണാടക ഇതിന്റെ ഓൾ ഇന്ത്യ വിമൻസ് ടൂർണമെന്റും സംഘടിപ്പിച്ചു. യുപിക്കാർ പറയുന്നത് ഇന്ത്യയിൽ ആദ്യം ഈ കളി നടന്നത് നോയിഡയിൽ വച്ചാണെന്നാണ്. 

ഗോസായിമാർ കാശ് വാരാനുള്ള സാധ്യത കണ്ടറിഞ്ഞിട്ടാവണം 2 അസോസിയേഷനുകളുണ്ടാക്കി. ഇന്ത്യൻ പിക്ക്ൾബോൾ അസോസിയേഷനും ഓൾ ഇന്ത്യ പിക്ക്ൾബോൾ അസോസിയേഷനും(ഐപ). കോർപ്പറേറ്റ് രംഗം കളിയിൽ കണ്ണ് വച്ചിരിക്കുകയാണ്. കബഡി കളിയുടെ യോഗം നോക്കുക! പോപ്പുലർ സ്പോർട്സ് ഇനങ്ങൾക്ക് ജനങ്ങളിലുള്ള താൽപര്യം മുതലാക്കാൻ സ്പോൺസർഷിപ്പുകളുമായി കോള–കാകോള കമ്പനികൾ പിറകേ വരും.

അപ്പോൾ നമ്മൾ എവിടെ വരെ എത്തി? അസോസിയേഷനൊന്നുമായിട്ടില്ല. അവിടവിടെ കളി നടക്കുന്നുണ്ടെന്നു മാത്രം. കോർട്ടിന് മണിക്കൂർ വച്ചു വാടകയും വാങ്ങുന്നുണ്ട്.

ഒടുവിലാൻ∙ പിക്ക്ൾബോൾ എന്ന പേര് എങ്ങനെ വന്നു? കണ്ടുപിടിച്ച മൂവരിലെ ജോയൽ പ്രിച്ചാഡിന്റെ പട്ടിയുടെ പേര് പിക്ക്ൾ. പുതിയ കളിക്ക് പട്ടിയുടെ പേരിട്ടതാണെന്നും അല്ല കളിയുടെ പേര് പട്ടിക്കിട്ടതാണെന്നും പറയുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS