Premium

നിസ്സഹായരായ ഒരു പിടി മനുഷ്യരുടെ ജീവിതം; ‘അടിയാളപ്രേതം’ അടയാളപ്പെടുത്തുന്നത്...

ramesh-chennithala-column-main
SHARE

‘അടിയാള പ്രേതം’ ഒരു പുതിയ അനുഭവമാണ്. കൊച്ചിയുടെ പശ്ചാത്തലത്തിൽ പി.എഫ്. മാത്യൂസ് എഴുതിയ ഈ ഉജ്വലമായ നോവൽ ഇതിനകം വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. അടിമത്തത്തിലും ചൂഷണത്തിലും ആണ്ടുകിടന്ന ഒരു ജനതയുടെ ആത്മാവിഷ്കാരമായി ‘അടിയാള പ്രേത’ത്തെ വിലയിരുത്താം. ഒരു ജനതയിലും സമൂഹത്തിലും കാലം വരുത്തുന്ന മാറ്റങ്ങളും പ്രത്യേകതകളും അസാധാരണമായ വൈദഗ്ധ്യത്തോടെ ഒപ്പിയെടുക്കാൻ നോവലിസ്റ്റിനു സാധിച്ചിരിക്കുന്നു. 

1663ൽ കൊല്ലപ്പെട്ട ഒരു കാപ്പിരിയുടെയും കുഞ്ഞുമാക്കോതയുടെയും കഥയാണ് ഇത്. കൊച്ചിയിൽ എത്തിയ പോർച്ചുഗീസുകാരനായ അൽമേഡ സായിപ്പ് തന്റെ കുടുംബത്തോടൊപ്പം പേരില്ലാത്ത ഒരു കാപ്പിരിയെ കൂടി കപ്പലിലെത്തിച്ചു. അദ്ദേഹത്തിന്റെ വീട്ടുകാര്യങ്ങൾ ശ്രദ്ധാപൂർവം കാപ്പിരി നിർവഹിച്ചു വന്നു. സായിപ്പിനു കുടുംബസമേതം നാടു വിട്ടു പോകേണ്ടി വന്നപ്പോൾ നിധി കാക്കും പ്രേതമാക്കി കാപ്പിരിയെ മാറ്റാനായി അയാളുടെ നെഞ്ചിൽ കഠാര കയറ്റുന്നു. 

അച്ചമ്പി മാപ്പിള, കുഞ്ഞുമാക്കോത പറയൻ എന്നിവർ ചേർന്ന് ഈ നിധി കൈക്കലാക്കാൻ നടത്തുന്ന കാപ്പിരി സേവയും അതുണ്ടാക്കുന്ന ദുരന്തങ്ങളുമാണ് കഥയുടെ പ്രധാന തന്തു. സ്റ്റേഷനിൽ പുതുതായി ചാർജെടുക്കുന്ന ഉണ്ണിച്ചെക്കനും സിഐ ബഞ്ചമിനും വിശദമായി നടത്തുന്ന അന്വേഷണങ്ങളാണ് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നത്. ചരിത്ര സത്യങ്ങളും മിത്തും കൂട്ടിക്കലർത്തിയുള്ള കഥാകഥന രീതിയാണ് പി.എഫ്. മാത്യൂസ് അവലംബിക്കുന്നത്. പതിറ്റാണ്ടുകൾക്ക് അപ്പുറത്ത് കീഴാള സമൂഹം നേരിടേണ്ടി വന്ന അടിമത്തം, ദുരിതങ്ങൾ, ദുരന്തങ്ങൾ എന്നിവ പൊള്ളിക്കുന്ന ഭാഷയിൽ പുസ്തകത്തിൽ വരച്ചു കാട്ടുന്നു. 

ആത്മാക്കളുടെ പുരോഹിതനായിരുന്ന കുഞ്ഞുമാക്കോത അച്ചമ്പി മാപ്പിളയുടെ അടിമയായി മാറുന്നതും കാപ്പിരി സേവയിൽ മുഴുകുന്നതും അടിയാള ദൈവത്തിന്റെ വിവരണവും വായനക്കാരെ പിടിച്ചിരുത്തുന്ന ഭാഗങ്ങളാണ്. കറുപ്പൻ എന്ന കഥാപാത്രം നാടിന്റെ പൗരൗണികത, ചരിത്രം, വിശ്വാസങ്ങൾ എന്നിവ പറഞ്ഞുതരുന്നു. ഒടുവിൽ കറുപ്പൻ കാണുന്ന വൻ യുദ്ധം അസൂയാവഹമായാണ് പിഎഫ് മാത്യൂസ് വിവരിക്കുന്നത്. ഉണ്ണിച്ചെക്കനും ചീരയും മികവാർന്ന കഥാപാത്രങ്ങൾ തന്നെ. ഉണ്ണിച്ചെക്കന്റെ അമ്മയും സഹോദരിയും കൊല്ലപ്പെടുന്നു. രക്ഷപ്പെട്ട  ഉണ്ണിച്ചെക്കൻ ഒടിയനായി മാറുന്നു. ശ്മശാനത്തിൽനിന്ന് കുഞ്ഞിന്റെ ശവം തട്ടിക്കൊണ്ടു പോകുന്നത് ഒടിയൻ കണ്ടെത്തുന്നു. ഇതെല്ലാം ഉണ്ണിച്ചെക്കനെ പ്രധാന കഥാപാത്രമാക്കുന്നു. 

പോർച്ചുഗീസുകാരുടെ ഭരണ കാലഘട്ടം മുതലുള്ള സാമൂഹിക,രാഷ്ട്രീയ ജീവിതവും ആ വിദേശികളുടെ വളർച്ചയും തളർച്ചയും എല്ലാം നോവലിൽ ഇതൾ വിരിയുന്നു. ഇതിനിടയിൽപ്പെട്ട നിസ്സഹായരായ ഒരു പിടി മനുഷ്യരുടെ ജീവിതം ഒരു ഡിറ്റക്ടീവ് നോവലിന്റെ പിരിമുറുക്കത്തോടെ പി.എഫ്. മാത്യൂസ് അവതരിപ്പിക്കുന്നു. കീഴാളരുടെ ചോരയുടെ ഗന്ധം ഈ നോവലിൽ മണക്കും.

English Summary: Congress Leader Ramesh Chennithala's Review about Adiyalapretham Novel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS