Premium

സ്ത്രീകൾക്കെതിരെ ഇന്നുമുണ്ടോ വിവേചനം? ‘മൈ ലൈഫ് ഇൻ ഫുൾ’ വായനാനുഭവം പങ്കിട്ട് രമേശ് ചെന്നിത്തല

pusthakapaksham-ramesh-chennithala
SHARE

നീണ്ട 12 വർഷം ലോകത്തിലെ ഏറ്റവും വലിയ ശീതളപാനീയ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവിയിൽ ഇരുന്ന ഇന്ദ്ര നൂയിയുടെ ആത്മകഥ ‘മൈ ലൈഫ് ഇൻ ഫുൾ’ പുസ്തക ലോകത്ത് വലിയ തരംഗമായി മാറുകയാണ്. അതുകൊണ്ടുതന്നെ ആ കൃതിയെക്കുറിച്ച് എഴുതുന്നതു ശ്രമകരവുമാണ്. പുരുഷകേന്ദ്രീകൃത കോർപറേറ്റ് ലോകത്ത് അത്യുന്നതങ്ങളിലെത്തിയ ഇന്ത്യക്കാരി കൂടിയായ സ്ത്രീയുടെ ജീവിതകഥയെക്കുറിച്ചാണ് എഴുതുന്നത് എന്ന വസ്തുത ആ ഉത്തരവാദിത്തത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഇന്ദിര കൃഷ്ണമൂർത്തി നൂയി ജനിച്ചത് തമിഴ്നാട്ടിലാണ്. ഇവരുടെ മുൻഗാമികൾ പാലക്കാട് ജില്ലയിൽനിന്നുള്ളവരായിരുന്നു. ഇന്നു ചെന്നൈ എന്നറിയപ്പെടുന്ന മദ്രാസിലെ കുട്ടിക്കാലം, മദ്രാസ് ക്രിസ്ത്യൻ കോളജിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കൊൽക്കത്തയിലെയും വിദ്യാർഥി ജീവിതം, അമേരിക്കയിലേക്കുള്ള സംഭവബഹുലമായ പറിച്ചുനടൽ, ഇവയെല്ലാം ‘ജീവിതം പൂർണതയിൽ’ (life in full) എന്നു പേരിട്ട ഈ ആത്മകഥയിലുണ്ട്. തലവാചകത്തോട് ശരിക്കും നീതി പുലർത്തുന്ന പുസ്തകമെന്ന് നിസ്സംശയം പറയാം.

മാനവരാശി ഇന്നേ വരെ ദർശിക്കാത്ത വിധത്തിലുള്ള ഒരു മഹാമാരിയുടെ പിടിയിൽ ലോകം അമർന്നിരുന്ന 2021ലാണ് ഈ ആത്മകഥ പ്രകാശനം ചെയ്തത്. മനുഷ്യൻ തന്റെ സഹജീവികളെ കുറേക്കൂടി പരിഗണിക്കുകയും സംരക്ഷിക്കുകയും വേണമെന്ന സന്ദേശം നൽകാനായിരിക്കും ഈ സമയം തന്നെ ഗ്രന്ഥകർത്താവ് തിരഞ്ഞെടുത്തത്. നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ ആത്മകഥയിൽ അവരുടെ ബാല്യവും കൗമാരവും വിദ്യാഭ്യാസാനന്തരം ഇന്ത്യയിൽ കാലുറപ്പിക്കാൻ ശ്രമിച്ചതും പെപ്സികോയിലെ സംഭവബഹുലമായ ഔദ്യോഗിക വർഷങ്ങളും മുന്നോട്ടുള്ള വീക്ഷണവുമാണുള്ളത്. അവസാനത്തെ അധ്യായം അവരുടെ വ്യക്തിജീവിത്തിലെ കാഴ്ചപ്പാടുകളേക്കാൾ ഇനി ലോകം എന്തായിരിക്കണമെന്ന ചിന്തയിലേക്കു വെളിച്ചം വീശുന്നതാണ്.

ഇന്ത്യ എന്ന വൈരുധ്യങ്ങളുടെ ഭൂമികയെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ഇന്ദ്ര നൂയി തന്റെ കഥ പറഞ്ഞു തുടങ്ങുന്നത്. കുടുംബത്തെ നിലനിർത്താനായി സ്ത്രീകൾ/ അമ്മമാർ നടത്തുന്ന കഠിന പരിശ്രമങ്ങളും ത്യാഗങ്ങളും ആരും അറിയാതെയും പരിഗണിക്കാതെയും പോകുന്നതിനെക്കുറിച്ച് പുസ്തകത്തിന്റെ തുടക്കത്തിൽത്തന്നെ അവർ എഴുതുന്നു. തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ, അല്ലെങ്കിൽ തൊഴിൽമേഖലയിലെ ഉന്നത വിജയങ്ങൾ എത്തിപ്പിടിക്കുന്നതിൽനിന്നു സ്ത്രീകളെ തടയുന്ന ‘ചില്ലു ഭിത്തികളെ’ക്കുറിച്ച് വളരെ ആഴത്തിൽ അവർ വിവരിക്കുന്നു. 

ഒരേ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീയും പുരുഷനും തമ്മിൽ വേതനത്തിലുള്ള വ്യത്യാസം, ഗർഭകാലത്ത് തങ്ങളുടെ തൊഴിൽ മേഖലകളിൽനിന്നു മാറി നിൽക്കേണ്ടി വരുമ്പോൾ സ്ത്രീകൾക്ക് ഉണ്ടാകുന്ന വേതന നഷ്ടം എന്നിവയെക്കുറിച്ചൊക്കെ ഉറക്കെ ചിന്തിക്കാൻ ഗ്രന്ഥകർത്താവിനു സാധിക്കുന്നു. സ്ത്രീകളെ സംബന്ധിച്ച വിഷയം ചർച്ച ചെയ്യുമ്പോൾ ഒരു കാൽ ഭാവിയിലേക്കു വയ്ക്കുന്ന ഇന്ത്യ പക്ഷേ മറ്റേ കാൽ ഭൂതകാലത്തിൽ വയ്ക്കാറുണ്ട്. ഇത് ഒരു വിവേചനമാണ്. സ്ത്രീകളുടെ വലിയ സംഭാവനകളെയും ശക്തിയെയും തടഞ്ഞു നിർത്താനുള്ള ഉപാധിയായി ഈ വിവേചനം മാറുന്നു. ഇന്ത്യയും ലോകവുമെല്ലാം സ്ത്രീത്വത്തിന്റെ മഹനീയതയെ ആഘോഷിക്കുന്നുണ്ടാകാം. എന്നാൽ അവൾക്കുള്ള സംസ്‌കാരികപരവും ലിംഗപരവുമായ അവകാശങ്ങൾ വകവച്ചു തരുന്ന കാര്യത്തിൽ വിമുഖത തുടരുന്നു. ആത്മകഥയിൽ ഇന്ദ്ര നൂയി ചൂണ്ടിക്കാട്ടുന്ന ഏറ്റവും വലിയ വൈരുധ്യം ഇതാണെന്ന് എനിക്കു തോന്നുന്നു. 

indra-nooyi
ഇന്ദ്ര നൂയി. Photo Credit : R Senthil Kumar / PTI

പെപ്‌സികോയുടെ സിഇഒ ആയിരുന്ന 12 വർഷക്കാലവും performance with purpose എന്ന ആശയത്തിലൂന്നിയാണ് അവർ പ്രവർത്തിച്ചത്. പരിപോഷണം (nourish), സമ്പൂർണമാക്കൽ (replenish), പരിലാളിക്കൽ (cherish) ഇവ മൂന്നുമായിരുന്നു performance with purposeന്റെ കാതലായി അവർ കണ്ടത്. മനുഷ്യ വിഭവശേഷിയുടെ സമ്പൂർണമായ ഉപയോഗം, പരിസ്ഥിതിയുടെ നിലനിൽപ്, കഴിവുകളുടെയും ഭാവനാസമ്പന്നതയുടെയും പരിലാളനം ഇവയാണ് ഇതിലൂടെ അവർ അർഥമാക്കിയത്. Share holders എന്ന സാമ്പത്തിക പരിപ്രേഷ്യത്തിൽനിന്നു കുറേക്കൂടി മാനവികമായ Stake holders എന്ന പരിപ്രേക്ഷ്യത്തിലേക്ക് കോർപറേറ്റ് ലോകം മാറേണ്ടതിന്റെ ആവശ്യകതയും ഗ്രന്ഥകർത്താവ് ചൂണ്ടിക്കാട്ടുന്നു. 

തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം മൂന്നു കാര്യങ്ങളാണ് പ്രധാനമെന്നു പുസ്തകം വിലയിരുത്തുന്നു. ശമ്പളത്തോടെയുള്ള അവധി, ആയാസരഹിതവും പ്രവചനീയവുമായ തൊഴിൽ അന്തരീക്ഷം, സംരക്ഷണം എന്നിവയാണത്. ഗർഭിണികളാവുകയും പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ കുടുംബവും തൊഴിലും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനുള്ള സ്ഥിതിവിശേഷം ഉണ്ടാകണം. കുടുംബ ജീവിതവും തൊഴിൽ ജീവിതവും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള ധാർമികമായ പിന്തുണയും മനസ്സാന്നിധ്യവും അവർക്ക് ഉണ്ടാകേണ്ടതുണ്ട്. സംരക്ഷണം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നതും അതാണ്. 

ഇന്ദ്ര നൂയി പെപ്‌സികോയുടെ സിഇഒ ആയി ചുമതല വഹിക്കുന്ന കാലത്ത് 20 ലക്ഷം യുഎസ് ഡോളർ ചെലവിട്ടാണ് കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനം അവരുടെ ആസ്ഥാനത്ത് ഒരുക്കിയത്. ഇതു പല വിമർശനങ്ങൾക്കും വഴിവച്ചെങ്കിലും സ്ത്രീജിവനക്കാർക്ക് കൂടുതൽ മനഃസ്സാന്നിധ്യത്തോടെയും വിശ്വസ്തതയോടെയും ജോലി ചെയ്യാനുള്ള സാഹചര്യം ഇതു മൂലം ഉണ്ടാവുകയും അതുവഴി കമ്പനിയുടെ ഉൽപാദനക്ഷമത വർധിക്കുകയും ചെയ്തുവെന്നു പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശരാശരി കോർപറേറ്റ് സിഇഒ മാരിൽനിന്ന് ഇന്ദ്ര നൂയിയെ വ്യത്യസ്തമാക്കിയത് ഇത്തരം പുതിയ ചിന്തകളും ആശയങ്ങളും നടപ്പിൽ വരുത്താൻ അവർ കാണിച്ച ധൈര്യമാണ്. 

ഇന്ദ്ര നൂയിയെ പോലുള്ള പ്രതിഭാധനയായ ഒരു സ്ത്രീയെ നമ്മുടെ രാജ്യം വേണ്ടതു പോലെ പ്രയോജനപ്പെടുത്തിയില്ല എന്ന ദുഃഖം ഈ പുസ്തകത്തിലൂടെ കടന്നു പോയപ്പോൾ ഉണ്ടായി. ഇന്ദ്ര നൂയിയും സത്യ നദല്ലയും ലക്ഷ്മി മിത്തലുമെല്ലാം അദ്ഭുതങ്ങൾ പ്രവർത്തിച്ചത് നമ്മുടെ രാജ്യത്തിന്റെ സീമകൾക്കു പുറത്താണ് എന്നതും അവർക്ക് ഇവിടെ വേണ്ട അവസരങ്ങൾ ലഭിച്ചില്ല എന്നതും നിർഭാഗ്യകമാണ്. 

ഈ പുസ്തകം വായിക്കുന്ന ആർക്കും സ്ത്രീകളുടെ അപാരമായ കർമശേഷിയെക്കുറിച്ചും മൂല്യബോധത്തെക്കുറിച്ചും ധാർമികശക്തിയെക്കുറിച്ചും വലിയ ബഹുമാനവും ആദരവും തോന്നുമെന്ന് എനിക്കുറപ്പുണ്ട്. സ്ത്രീകളെ വിലകുറച്ചു കാണുന്നവർക്ക് കഠിനാധ്വാനത്തിലൂടെ അവർ നേടിയെടുത്ത വലിയ വിജയങ്ങൾ അംഗീകരിക്കേണ്ടതായും വരും. ഇനിയും ധാരാളം ഇന്ദ്ര നൂയിമാർ സൃഷ്ടിക്കപ്പടുകയും അവർ നമ്മുടെ രാജ്യത്തുതന്നെ അദ്ഭുതകരമായ വിജയങ്ങൾ നേടിയെടുക്കുകയും ചെയ്യുമെന്ന് ഈടുറ്റ ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

English Summary: Pusthakapaksham: Ramesh Chennithala Writes About Indra Nooyi's Autobiography, 'My Life in Full'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS