രണ്ട് പയര്‍ വിത്തുകള്‍

HIGHLIGHTS
  • പരലോകജീവിതത്തോടും ആത്മാവിനോടും മനസ്സിനെമതങ്ങള്‍ ബന്ധിപ്പിച്ചിരുന്നു
  • മനസ്സിനെ വിശ്വാസപരമായ തലങ്ങളില്‍നിന്ന് മെല്ലെ മോചിപ്പിക്കുന്നത് തത്വശാസ്ത്രമാണ്
controll-brain-with-integelence
SHARE

ഒരു കൃഷിക്കാരന്‍ തന്‍റെ മറ്റ് കൃഷി ചെയ്യുന്നതിനിടയില്‍ രണ്ട് പയര്‍ വിത്തുകള്‍ നട്ടു. മണ്ണിനടിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒരു വിത്ത് ചിന്തിക്കാന്‍ തുടങ്ങി. 'ഇനി അയാള്‍ വെള്ളം തൂവും. ഞാന്‍ മുളയ്ക്കും. എന്റെ വേരുകള്‍ കഠിനമായ മണ്ണിനെ തുളച്ച് താഴോട്ട് വളരും. മൃദുലമായ തളിരുകള്‍ മുകളിലേക്കും. അങ്ങനെ ഞാന്‍ ഈ വിത്തില്‍ നിന്നും പുറത്ത് വന്ന് സുന്ദരമായ ലോകം കാണും. എന്റെ വളര്‍ച്ച കണ്ട് കൃഷിക്കാരനും കുടുംബവും ആഹ്ലാദിക്കും.' ചിന്തിച്ചപോലെ പോലെ തന്നെ ആ വിത്ത് വളരാനും വലുതാകാനും തുടങ്ങി. മറ്റൊരു വിത്ത് ചിന്തിച്ചത് ഇങ്ങനെ. 'എന്റെ വേരുകള്‍ താഴേയ്ക്കുപോയാല്‍ പെരുച്ചാഴിയോ, കൃമികീടങ്ങളോ കരണ്ടേക്കാം. മൃദുലമായ തളിരുകള്‍ മുകളിലേക്കു പോകുമ്പോള്‍ പരന്ന കല്ലിലും മണ്ണിലും തട്ടി ക്ഷതം ഉണ്ടാകാം. പുഴുക്കള്‍ എന്റെ മാര്‍ദ്ദവമേറിയ തളിരുകള്‍ കാര്‍ന്നുതിന്നാം. ഹാവു…. ഭീകരമാണീ ലോകം. അതിലും ഭേദം ഈ വിത്തിനുള്ളില്‍ ഇതുപോലെ തന്നെ ചുരുണ്ടു കിടക്കുന്നതാണ്.' വളരേണ്ടെന്ന് നിശ്ചയിച്ച് ആ വിത്ത് അങ്ങനെ കൃഷിക്കാരന്‍ ഇട്ടപോലെ തന്നെ കിടന്നു. കുറേ ദിവസം കഴിഞ്ഞപ്പോള്‍  ആദ്യത്തെ വിത്ത് വളര്‍ന്ന് വലുതായി നിറയെ കായ്ച്ചു അടുത്ത്  തലമുറയിലേക്കുള്ള വിത്തുകള്‍ കൂടി ഉല്പാദിപ്പിച്ചു.  ആ പയറുമണി അത്യധികം സന്തോഷത്തോടെ തന്നിലുണ്ടായിരിക്കുന്ന പയറുവിത്തുകളെ സംരക്ഷിച്ചു...  മാത്രമല്ല കൃഷിക്കാരനും  തങ്ങളുടെ സ്വന്തം മക്കളെ പോലെ ആ പയറിനെ പരിപാലിക്കാന്‍ തുടങ്ങി.. ഇതെല്ലാം കണ്ട്  മനസ്സില്‍ ഇങ്ങനെ പറഞ്ഞു.. നീ വളരുന്നതില്‍ നിനക്ക് അതിയായ സന്തോഷം കാണുന്നു. നിന്‍റെ ഇലകളും വേരുകളും ആഴ്ന്നിറങ്ങി പോകുന്നതിലും സന്തോഷം തന്നെ.. പക്ഷേ കല്ലും മുള്ളൊക്കെ തട്ടി അത് കൊഴിഞ്ഞു പോകുമ്പോഴുണ്ടാകുന്ന ദു:ഖം അത്ര  ചെറുതായിരിക്കില്ല... ഇങ്ങനെ പറഞ്ഞുകൊണ്ട് അസൂയയോടെ ചിരിച്ചുകൊണ്ട്  രണ്ടാമത്തെ പയറ് വിത്ത്  ഒന്നും അറിയാത്തത് പോലെ വീണ്ടും ചുരുണ്ടുകൂടി...

ഒരു ദിവസം അതുവഴി വന്ന കോഴി ചികഞ്ഞു നോക്കിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന വിത്തു കണ്ടു. അടുത്ത നിമിഷം അവള്‍ അത് കൊത്തി വിഴുങ്ങി. അതോടെ ആ വിത്തിന്‍റെ അവസാനവുമായി. നമ്മുടെ മനസാകുന്ന വിത്തില്‍ സമസ്ത ശക്തികളും അടങ്ങിയിരിക്കുന്നു. ശുഭചിന്തയോടെ അത് വളര്‍ത്തിയാല്‍ നാം വടവൃക്ഷം പോലെ വലുതാകും. നിഷേധചിന്തകളാല്‍ മനസ്സിനെ ക്ലേശിപ്പിച്ചാല്‍ അത് പാഴ് ​വിത്തുമാകും. നമുക്ക് വേണമെങ്കില്‍ നമ്മെ വളര്‍ത്താനും, തളര്‍ത്താനും കഴിയും.

പരലോക ജീവിതത്തോടും ആത്മാവിനോടും മനസ്സിനെ മതങ്ങള്‍ ബന്ധിപ്പിച്ചിരുന്നു. ശരീരത്തെപ്പോലെ മനസ്സും ദൈവസൃഷ്ടിയെന്ന് പ്രാചീന മതങ്ങള്‍ അറിയിച്ചു. മനസ്സിനെ വിശ്വാസപരമായ തലങ്ങളില്‍നിന്ന് മെല്ലെ മോചിപ്പിക്കുന്നത് തത്വശാസ്ത്രമാണ്. മനസ്സും ആത്മാവും സന്തുലിതമാക്കപ്പെടുമ്പോൾ പ്രകൃതിയുടെ ആന്തരിക ചൈതന്യം പ്രകാശിക്കും. ജീവിതത്തില്‍ രണ്ട് കാര്യങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ നമുക്ക് സന്തോഷവും സംതൃപ്തിയും വിജയവും ലഭിക്കും. ഒന്ന് മനസ്സിന് നല്ല ഭാവനകള്‍ നല്‍കുക. യഥാര്‍ത്ഥത്തില്‍ മനസ്സിന്റെ ഭക്ഷണമാണ് ശുദ്ധമായ ഭാവനകള്‍. രണ്ട് ബുദ്ധിയെ ജ്ഞാനം കൊണ്ട് ശക്തിപ്പെടുത്തുക. ജ്ഞാനമില്ലാത്ത ബുദ്ധി മനസ്സിനെ നിയന്ത്രിക്കുമ്പോഴാണ് അപകടങ്ങളും അബദ്ധങ്ങളും പരാജയങ്ങളും സംഭവിക്കുന്നത്. അതോടെ ജീവിതം സംതൃപ്തിയില്ലാതാകും. മനസ്സിനെ സ്വയമങ്ങ് സഞ്ചരിക്കാന്‍ വിടരുത്. ബുദ്ധിയാണ് മനസ്സിനെ നിയന്ത്രിക്കേണ്ടത്. കാഴ്ച, കേള്‍വി പോലെ ഇന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നത് മനസ്സാണല്ലോ. എന്ത് കാണണം കാണണ്ട  എന്ന് തീരുമാനിക്കുന്നത് മനസാണ്. ഈ മനസ്സിനെ ജ്ഞാനമുള്ള മനസ്സ് നിയന്ത്രിക്കുമ്പോഴാണ് നല്ലത് കാണാനും കേള്‍ക്കാനും മനസ്സിന് കഴിയുന്നത്. ആത്മാവ് തന്റെ ഇന്ദ്രിയങ്ങളുടെ നിയന്ത്രണം മനസ്സിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത് അതുകൊണ്ട് അറിവ് കൊണ്ട് ബുദ്ധിയെ ശക്തിപ്പെടുത്തുകയും ബുദ്ധികൊണ്ട് മനസ്സിനെ നിയന്ത്രിക്കുകയും ചെയ്യുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ