ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ?

SHARE

ആശ കൊടുത്താലും കിളിയേ വാക്ക് കൊടുക്കാമോ... നമ്മൾ പാടിപ്പഴകിയ പാട്ടാണ്. അപ്പോൾ വാക്കുകൾക്ക് വലിയ പ്രസക്തിയുണ്ട് നമ്മുടെ ജീവിതത്തിൽ.

ഭോജരാജാവിന്റെ വിദ്വൽ സദസ്സ്. ഒരുപാടു പണ്ഡിതന്മാർ അവിടെയിരിക്കുന്നു. എല്ലാവരോടുമായി രാജാവ് ഒരു ചോദ്യം ചോദിച്ചു: ഈ ലോകത്തിലെ ഏറ്റവും മധുരമുള്ള സാധനം എതാണ്? പലരും പല ഉത്തരങ്ങളാണ് പറഞ്ഞത്. ഒരാൾ പറഞ്ഞു: പഞ്ചസാര, മറ്റൊരാൾ തേൻ, പിന്നെ കൽക്കണ്ടം, പാൽപായസം, പഞ്ചാമൃതം...

hridayakamalam-article-image
Representative Image. Photo Credit : Waraporn Wattanakul / Shutterstock.com

അങ്ങനെ ഓരോരുത്തരും.  പക്ഷേ അതൊന്നും രാജാവിന് തൃപ്തിയായില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ എല്ലാവരുടെയും പിറകിൽനിന്ന് ഒരാൾ മുന്നോട്ടു വന്നു. അത് മറ്റാരുമായിരുന്നില്ല, മഹാകവി കളിദാസൻ. അദ്ദേഹം പറഞ്ഞു: ‘ഈ ലോകത്തിലെ എറ്റവും മധുരമുള്ള സാധനമെന്നു പറയുന്നത് നല്ല വാക്കുകളാണ്.’ 

പറയുന്നതു കേട്ടിട്ടില്ലേ, വാക്കു പറഞ്ഞാൽ വാക്കായിരിക്കണം. അപ്പോൾ വാക്ക് വിശ്വാസത്തിന്റെ ഉറപ്പാണ്. വാക്കും പഴയ ചാക്കും എന്നു പറയുമ്പോൾ അവിടെ തെളിയുന്നത് അവിശ്വാസമാണ്. വെറും വാക്ക് പറയരുത് അല്ലേ, അവൻ വാക്കു കൊടുത്താ വാക്കാ... വാക്കിനു വിലയും വ്യവസ്ഥയുമില്ലാത്തവൻ എന്നു ചിലരെക്കുറിച്ചു പറയും ശരിയാണ് വാക്കു പറഞ്ഞുറപ്പിക്കുക എന്നു പറയുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. വലിയ ഉടമ്പടികൾ ഒരു വാക്കിന്റെ ബലത്തിൽ ഉണ്ടായിട്ടുണ്ട്. വാക്ക് സ്നേഹത്തിന്റെ ഭാഷയാണ്; അതുപോലെ തന്നെ  വെറുപ്പിന്റെയും.

തോക്കുകൾക്കു പകരം കനപ്പെട്ട വാക്കുകൾ കൊണ്ട് രാജ്യം ഭരിച്ച് വിജയിപ്പിച്ച ഭരണാധികാരികൾ നമ്മുടെ മുൻപിലുണ്ട്. വാക്കിനു വിലയുണ്ട് എന്നു പറയാറില്ലേ. വാക്കുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും എന്നും പറയും. പറയുന്ന വാക്കും എയ്ത അമ്പും പിന്നെ ഒരിക്കലും തിരിച്ചെടുക്കാനാവില്ല. വാക്കുകൾ കൊണ്ടമ്മാനമാടുന്നവരും മിതമായി വാക്കുകൾ ഉപയോഗിക്കുന്നവരുമുണ്ട്. വാക്കുകൾ കൊണ്ട് മനുഷ്യരെ ശപിക്കാം, അനുഗ്രഹിക്കാനും വാക്കുകൾക്കു കഴിയുന്നു. വാക്കുകൾ സാന്ത്വനമാണ്, വേദനിപ്പിക്കുന്നതും വാക്കുകൾ തന്നെയാണ്. തകർന്നു തരിപ്പണമാകുമ്പോൾ എല്ലാം തിരിച്ചു പിടിക്കാൻ ഇച്ഛശക്തിയുടെ വാക്കുകൾ തുണയ്ക്കുന്നു. അകലങ്ങൾ സൃഷ്ടിക്കാനും ദൂരങ്ങൾ കുറയ്ക്കാനും വാക്കുകൾക്കു കഴിയുന്നു, 

വെറുപ്പ് ജനിപ്പിക്കാനും അതിന്റെ കനലുകൾ അടക്കാനും വാക്കുകൾക്ക് കഴിയുന്നു. വാക്കുകളിൽ പ്രത്യാശയും നിരാശയുമുണ്ട്. വാക്കുകൾ കരുതലാണ്; ഒരാളെ ചേർത്ത് പിടിക്കാനുള്ള കരുതൽ. വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്നവരുണ്ട്, അദ്ഭുതപ്പെടുത്തുന്നവരുമുണ്ട്. ലോകത്തെ വിറപ്പിച്ചവരും പ്രചോദിപ്പിച്ചവരുമുണ്ട്. വാക്കുകൾക്ക് പ്രകാശമുണ്ട്. അതേസമയം കൂരിരുട്ട് സൃഷ്ടിക്കാനും വാക്കുകൾക്കു കഴിയും. ഇതെന്റെ അവസാന വാക്കാണെന്നു പറഞ്ഞ് അന്ത്യശ്വാസനം നൽക്കുന്നവരുണ്ട്. വാക്കേറ്റങ്ങൾ അക്രമങ്ങളായി മാറിയിട്ടൂണ്ട് ആത്മാർഥമായി നമ്മുടെ കുടെ നിന്നവർ പിന്നെ നമ്മളിൽനിന്ന് അകന്നുപോകാൻ ചിലപ്പോൾ ഒരു വാക്കു മതിയാവും

വാക്കുകൾക്കു മുറിവുണ്ടാക്കാനും അതുണക്കാനും ഒരുപോലെ കഴിയുന്നു. വാക്കുകൾ ഉപയോഗിക്കുന്നവരാൽ അതു കേൾക്കുന്നവൻ എന്തായി ധരിക്കുന്നു എന്നതിലാകട്ടെ കാര്യം. മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ വാക്കുകൾ പറയുന്നവർ മഹാന്മാരായി മാറുന്നു. സ്നേഹത്തിന്റെ വാക്കുകൾ എപ്പോഴും അംഗീകരിക്കപ്പെടും. വേണ്ടപ്പോൾ മാത്രം സംസാരിക്കുകയും വേണ്ടതു മാത്രം പറയുകയും  ചെയ്യുന്നവരാണ് വാക്കുകളെ മനോഹരമാക്കുന്നത്. 

അതെ, വാക്കാണ് സത്യം.

English Summary : Web Column : Hridayakamalam - How our words affect our lives?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.