മുന്നറിയിപ്പിന്റെ പാളങ്ങളിൽ റെയിൽഫോഴ്സ് വൺ

HIGHLIGHTS
  • വിമാനത്തിലോ ഹെലികോപ്റ്ററിലോ മാത്രം നീണ്ട യാത്രകൾ ചെയ്യാറുള്ള അമേരിക്കൻ പ്രസിഡന്റ് ആക്രമണസാധ്യത ഏറെയുള്ള യുദ്ധമേഖലയിലൂടെ 10 മണിക്കൂർ ട്രെയിനിൽ സഞ്ചരിച്ചതും കൃത്യമായ രാഷ്ട്രീയപ്രഖ്യാപനമായിരുന്നു
joe-biden-train-to-poland
ജോ ബൈഡൻ
SHARE

യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ പോളണ്ടിലെ ഒരു സ്റ്റേഷനിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കയറ്റിയ ട്രെയിൻ 10 മണിക്കൂർ യാത്രയ്ക്കുശേഷം യുക്രെയ്‌ൻ തലസ്ഥാനം കീവിലേക്കു പ്രവേശിച്ചപ്പോൾ പിറന്നത് ചരിത്രമായിരുന്നു. ഒരു വർഷം പിന്നിട്ട റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ നിർണായകസ്വാധീനം ചെലുത്താൻ ശേഷിയുള്ള നീക്കമായി ആ യാത്ര വിലയിരുത്തപ്പെട്ടു. ബൈഡനെ കീവിൽ എത്തിച്ച യുക്രെയ്ൻ റെയിൽവേയുടെ ട്രെയിൻ ‘റെയിൽഫോഴ്സ് വൺ’ എന്ന പേരിൽ പ്രശസ്തി നേടി. അമേരിക്കൻ പ്രസിഡന്റ് സഞ്ചരിക്കുന്ന അത്യാധുനികസൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളുമുള്ള വിമാനത്തിന്റെ പേര് ‘എയർഫോഴ്സ് വൺ’ എന്നാണ്.

യുഎസ് നയപ്രഖ്യാപനം

മറ്റെന്തിലുമുപരി ഈ നീക്കം അമേരിക്കയുടെ സഖ്യപ്രഖ്യാപനംകൂടിയായിരുന്നു. പ്രസിഡന്റായശേഷം ജോ ബൈഡന്റെ ഏറ്റവും നിർണായകസമയമായിരുന്നു, പോളണ്ടിലും യുക്രെയ്നിലുമായി അദ്ദേഹം ചെലവഴിച്ച 72 മണിക്കൂർ. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ബൈഡൻ പറഞ്ഞു: ‘അധിനിവേശത്തിന്റെ ഒരു വർഷാനന്തരം കീവ് വീണിട്ടില്ല, യുക്രെയ്ൻ വീണിട്ടില്ല, ജനാധിപത്യവും വീണിട്ടില്ല’. ലോകരാഷ്ട്രീയത്തിൽ അമേരിക്ക വഹിക്കാനുദ്ദേശിക്കുന്ന പങ്ക് എന്താണെന്ന നയപ്രഖ്യാപനം കൂടിയായി ആ സന്ദർശനം.

വിമാനത്തിലോ ഹെലികോപ്റ്ററിലോ മാത്രം നീണ്ട യാത്രകൾ ചെയ്യാറുള്ള അമേരിക്കൻ പ്രസിഡന്റ് ആക്രമണസാധ്യത ഏറെയുള്ള യുദ്ധമേഖലയിലൂടെ 10 മണിക്കൂർ ട്രെയിനിൽ സഞ്ചരിച്ചതും കൃത്യമായ രാഷ്ട്രീയപ്രഖ്യാപനമായിരുന്നു. റഷ്യൻ ആക്രമണങ്ങളിൽ പ്രതീക്ഷ നഷ്ടപ്പട്ടുകൊണ്ടിരുന്ന യുക്രെയ്ൻ ജനതയ്ക്ക്, ലോകത്തെ ഏറ്റവും ശക്തരായ രാജ്യത്തിന്റെ സഹായം ഒപ്പമുണ്ടെന്ന ശുഭാപ്തിവിശ്വാസം അതു പകർന്നു.

കീവിലെ തെരുവുകളിൽ പ്രതീക്ഷയുടെ പരേഡ്!

ഒരു വർഷം മുൻപു റഷ്യൻ മുന്നേറ്റത്തിൽ യുക്രെയ്ൻ ആടിയുലഞ്ഞപ്പോൾ പ്രസിഡന്റ് സെലൻസ്കിയെ രാജ്യത്തുനിന്നു രക്ഷപ്പെടുത്താമെന്ന് അമേരിക്ക വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, അതു വിനയപൂർവം നിരസിച്ച സെലൻസ്കി യുക്രെയ്നിന്റെ ചെറുത്തുനിൽപിന്റെ വീരപ്രതീകമായി. അധിനിവേശം ആരംഭിച്ചു ദിവസങ്ങൾക്കകം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വിജയപരേഡ് നടത്തുമെന്നു കരുതിയിരുന്ന കീവിലെ തെരുവുകളിലൂടെ സഞ്ചരിച്ചാണ് ബൈഡനും സംഘവും പ്രസിഡന്റിന്റെ കൊട്ടാരമായ മാരിൻസ്കി പാലസിലെത്തിയത്. പുതിയൊരു യുക്രെയ്നിന്റെ ഉദയമെന്ന സന്ദേശം അതു റഷ്യയ്ക്കു നൽകി.

ബ്രിട്ടൻ, കാനഡ, ജർമനി, ഫ്രാൻസ്, ഇറ്റലി, പോളണ്ട്, സ്ലോവേനിയ, ചെക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധിപൻമാർ നേരത്തേ യുക്രെയ്ൻ സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. യുഎസ് പ്രഥമവനിത ഡോ. ജിൽ ബൈഡനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നേരത്തേ യുക്രെയ്നിലെത്തിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Videsha Vishesham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS