അധികാരത്തിലെ ദാർശനികൻ

HIGHLIGHTS
  • ഏതു പ്രതിസന്ധിയെയും സംയമനത്തോടെ നേരിടാൻ തലമുറകളെ ശീലിപ്പിച്ച ‘മെഡിറ്റേഷൻസ്’ എന്ന മഹാഗ്രന്ഥത്തിലൂടെ ഒറേലിയസ് പ്രസക്തനായി തുടരുന്നു
marcus-aurelius
SHARE

ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായി മുത്തച്ഛന്റെ കൂടെ വളർന്ന കുട്ടിയായിരുന്നു, പിൽക്കാലത്ത് രണ്ടു പതിറ്റാണ്ടോളം റോമൻ സാമ്രാജ്യം അടക്കിവാണ മാർകസ് ഒറേലിയസ് അന്റോണിയസ്. ‘റിപ്പബ്ലിക്’ എന്ന ക്ലാസിക് ഗ്രന്ഥത്തിൽ പ്ലേറ്റോ പറഞ്ഞ ‘ഫിലോസഫർ–കിങ്’ എന്ന സങ്കൽപത്തിന്റെ സാക്ഷാത്കാരമായിരുന്നു ഒറേലിയസ്. ‘ഭരണാധികാരികൾ തത്വചിന്തകരാവുകയോ തത്വചിന്തകർ ഭരണാധികാരികളാവുകയോ ചെയ്തില്ലെങ്കിൽ രാഷ്ട്രങ്ങൾ ഒരിക്കലും സന്തുഷ്ടമാകുകയില്ല’ എന്നായിരുന്നു പ്ലേറ്റോയുടെ മൊഴി.

ലാളിത്യ ചക്രവർത്തി

എഡി 121 ഏപ്രിൽ 26നാണ് ഒറേലിയസ് ജനിച്ചത്. അച്ഛനും മുത്തച്ഛനും കോൺസൽ പദവി വഹിച്ചവരായിരുന്നു. പരമാവധി ആ പദവിയിലെത്തുമെന്നു കരുതപ്പെട്ട ഒറേലിയസ് പക്ഷേ, നാൽപതാം വയസ്സിൽ ചക്രവർത്തിയായി. നിരന്തരപോരാട്ടങ്ങളുടെ ദിനങ്ങളാണു കാത്തിരുന്നത്. പാർത്തിയൻ സാമ്രാജ്യവുമായും ഒട്ടേറെ ഗോത്രവിഭാഗങ്ങളുമായും ഏറ്റുമുട്ടേണ്ടിവന്നു. പ്ലേഗ് ബാധയും റോമിനെ അലട്ടി. സമചിത്തതയോടെ ഒറേലിയസ് ഇതിനെയെല്ലാം കൈകാര്യം ചെയ്തു.

ആഡംബരം ഒറേലിയസിന് ഒട്ടുമില്ലായിരുന്നു. വസ്ത്രവും ആഹാരവുമെല്ലാം ലളിതം. 50 വയസ്സിനപ്പുറം അനാരോഗ്യവാനായ അദ്ദേഹം എഡി 180 മാർച്ച് 17ന്, 58–ാം വയസ്സിൽ അന്തരിച്ചു. മകൻ കമ്മോഡസ് ആയിരുന്നു പിൻഗാമി. സ്വഭാവഗുണത്തിലും പ്രാപ്തിയിലും അച്ഛന്റെ നിഴൽപോലുമല്ലാതിരുന്ന കമ്മോഡസ് അധികാരത്തിൽ ദയനീയപരാജയമായി.

വഴികാട്ടിയ ദർശനം

അധികാരകാലത്തെ പ്രയാസങ്ങളെ സമചിത്തതയോടെ നേരിടാൻ ഒറേലിയസിനു കരുത്തായത് സ്റ്റോയിക് ദർശനമായിരുന്നു. സെനേക്ക, എപിക്ടെറ്റസ് എന്നിവർക്കൊപ്പം ഇന്ന് സ്റ്റോയിക് ദർശനത്തിന്റെ ആൾരൂപമാണ് മാർകസ് ഒറേലിയസും. ഒരു കാലത്തെ ഭൂമിയിലെ ഏറ്റവും കരുത്തനായ ഭരണാധികാരി തത്വചിന്തകനാകുമെന്ന് ആരും കരുതിയില്ല. ഏതു പ്രതിസന്ധിയെയും സംയമനത്തോടെ നേരിടാൻ തലമുറകളെ ശീലിപ്പിച്ച ‘മെഡിറ്റേഷൻസ്’ എന്ന മഹാഗ്രന്ഥത്തിലൂടെ ഒറേലിയസ് പ്രസക്തനായി തുടരുന്നു. റോമൻ ചക്രവർത്തിയായിരിക്കെ ഒറേലിയസ് എഴുതിയ കുറിപ്പുകളുടെ സമാഹാരമാണിത്.

നിങ്ങളുടെ ശത്രുവിനെപ്പോലെ ആകാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതികാരം

മാർകസ് ഒറേലിയസ്

‘ബുദ്ധിസ്റ്റ്സ് വിത്ത് ആൻ ആറ്റിറ്റ്യൂഡ്’

പൂമുഖം എന്നർഥം വരുന്ന സ്റ്റോവ (Stoa) എന്ന വാക്കിൽനിന്നാണു ‘സ്റ്റോയിക്’ എന്ന പദം ഉണ്ടായത്. ഏതൻസിലെ സെനോ (Zeno) ആണ് അതിന് അടിത്തറയിട്ടത്. ക്ലിയാന്തീസും ക്രിസിപ്പസും അതിനെ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. മൂല്യങ്ങൾക്കും നൈതികതയ്ക്കും പ്രാധാന്യം നൽകുന്നതായിരുന്നു സ്റ്റോയിക് ദർശനം. അധികാരം, സമ്പത്ത്, സ്ഥാനമാനങ്ങൾ ഇവയൊന്നും നല്ലതോ ചീത്തയോ അല്ല, അതിനു വലിയ സാമൂഹികപ്രാധാന്യം ഇല്ല എന്നൊക്കെയായിരുന്നു ആശയങ്ങൾ. എന്തിനെയും സംയമത്തോടെയും യുക്തിഭദ്രമായും സമീപിക്കുന്നതായിരുന്നു സ്റ്റോയിക് രീതി. സ്റ്റോയിക്കുകളെ നസ്സിം നിക്കൊളാസ് താലിബ് വിശേഷിപ്പിച്ചത് ‘ബുദ്ധിസ്റ്റ്സ് വിത്ത് ആൻ ആറ്റിറ്റ്യൂഡ്’ എന്നാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Vaakkum Velichavum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS