ഈ ലോകത്തിനെഴുതിയ (മറുപടിയില്ലാത്ത) കത്തുകള്‍

HIGHLIGHTS
  • ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിയില്‍, ജീവിതത്തിലെന്ന പോലെ, പ്രതീക്ഷയേക്കാള്‍ അപകടകരമായതും മോഹിപ്പിക്കുന്നതുമായ മറ്റൊന്നിലല്ലോ!
  • പക്ഷെ, ആദ്യമായും അവസാനമായും ആമെര്‍സ്റ്റ് എമിലി ഡിക്കിന്‍സന്റെ നഗരമാണ്.
emily
SHARE

ചൂതുകളിക്കാര്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധമായ വരികള്‍ എമിലി ഡിക്കിന്‍സന്റേതാണത്രേ! മനുഷ്യ മനസ്സില്‍ കൂടു കെട്ടിയിരിക്കുന്ന, തൂവലുകളുളള, വാക്കുകളുടെ അകമ്പടിയില്ലാതെ നിര്‍ത്താതെ സംഗീതം പൊഴിക്കുന്ന, പ്രത്യാശയെക്കുറിച്ചാണ് അത്.  Hope is the thing with the feathers/ That perches in the soul; And sings the tune without the words/And never stopts at all). ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിയില്‍, ജീവിതത്തിലെന്ന പോലെ, പ്രതീക്ഷയേക്കാള്‍ അപകടകരമായതും മോഹിപ്പിക്കുന്നതുമായ മറ്റൊന്നിലല്ലോ!

അമ്പത്താറു വര്‍ഷങ്ങള്‍ നീണ്ട തന്റെ ജീവിതത്തില്‍ എമിലി ഡിക്കിന്‍സണ്‍ ശുഭാപ്തിവിശ്വാസം ഉളള വ്യക്തിയായിരുന്നോ എന്ന് ഉറപ്പില്ല. ജീവിച്ചിരിക്കുന്നതു തന്നെ ലഹരിയും ആനന്ദവുമാണെന്ന് അവര്‍ എഴുതിയിട്ടുണ്ടെങ്കിലും (I find ecstasy in living; the mere sense of living is joy enough). നാട്ടിലെ പ്രമാണിയും മതഭക്തനും കര്‍ക്കശക്കാരനുമായ അച്ഛന്റെ നിഴലിലായിരുന്നു ഡിക്കിന്‍സനും സഹോദരങ്ങളും. അച്ഛന്‍ ധാരാളം പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടു വരുമായിരുന്നു. പക്ഷെ, ബൈബിള്‍ അല്ലാതെ മറ്റൊന്നും വായിച്ചു പോകരുതെന്ന് മക്കളെ താക്കീതു ചെയ്യുകയും ചെയ്യും.

ഒരിക്കല്‍ രഹസ്യമായി ഷേക്സ്പിയര്‍ കൃതി  വായിക്കാന്‍ ഇടയായതിനെക്കുറിച്ച് എമിലി ഡിക്കിന്‍സന്‍ ഇങ്ങനെ എഴുതി: “ഇനി മറ്റ് പുസ്തകങ്ങള്‍ എന്തിനാണ്?” തന്റെ ഇരുപതുകളില്‍ ഡിക്കിന്‍സന്‍ കവിതകള്‍ കുറിക്കാന്‍ തുടങ്ങുന്നു. തനിക്ക് മറുപടി എഴുതാന്‍ കൂട്ടാക്കാത്ത ഈ ലോകത്തിനുളള കത്തുകള്‍ എന്നാണ് അവര്‍ തന്റെ കവിതകളെ വിശേഷിപ്പിച്ചത്. അവരുടെ കാവ്യജീവിതം അത്രമേല്‍ രഹസ്യമായിരുന്നു. മരണശേഷം അടച്ചു പൂട്ടിയ പെട്ടികള്‍ക്കുളളില്‍ നിന്ന് കണ്ടെടുത്ത ആയിരത്തോളം കവിതകള്‍ ഡിക്കിന്‍സന്റെ സഹോദരിയെ പോലും അത്ഭുതപ്പെടുത്തി. 

 പഠിക്കാന്‍ പോയ ഹ്രസ്വകാലം ഒഴിച്ചാല്‍ തന്റെ ജന്മസ്ഥലമായ ആമെര്‍സ്റ്റ്എന്ന അമേരിക്കയിലെ വടക്കു കിഴക്കന്‍ പട്ടണത്തില്‍ നിന്ന് ഡിക്കിന്‍സന്‍ അധികമൊന്നും പുറത്തു പോയിട്ടില്ലെന്നാണ് ജീവചരിത്രങ്ങളില്‍ കാണുന്നത്. വൈദ്യശാസ്ത്ര പദാവലി അനുസരിച്ച് കവിക്ക് ആഗ്രോഫോബിയ (പൊതു ഇടങ്ങളോടുളള ഭയം) എന്ന അസുഖമായിരുന്നു എന്നൊക്കെ വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്. 

ആമെര്‍സ്റ്റ്എന്ന ഈ വടക്കു കിഴക്കന്‍ മസാച്ചുസെറ്റ്സ് നഗരം ഒരു കലാലയ പട്ടണമാണെന്ന് പറയാം. ആമെര്‍സ്റ്റ്എന്ന വാക്കിന്റെ ഉച്ഛാരണത്തില്‍ ‘h’ നിശബദ്മാണ്. ‘h’ മാത്രമേ നിശബ്ദമായിട്ടുളളൂ എന്ന് ഇവിടുത്ത ആളുകളുടെ വാചാലമായ ലിബറല്‍ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചു പറയാറുണ്ട്. ആമെര്‍സ്റ്റ് കോളജും അതുമായി ബന്ധപ്പെട്ട എഴുത്തുകാരുടെ നിര തന്നെയുണ്ട്. റോബര്‍ട്ട് ഫ്രോസ്റ്റ് കുറേ കാലം താമസിച്ച വീട് പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഡേവിഡ് ഫോസ്റ്റര്‍ വാലസ് ആമെര്‍സ്റ്റ് കോളേജില്‍ പഠിച്ചിരുന്നു. ഒന്നിലധികം തവണ ഡിപ്രഷന്‍ കാരണം പഠിപ്പു മുടങ്ങി. ഇവിടുത്തെ കോഴ്സിന്റെ ഭാഗമായുളള ഒരു തീസിസ് ആയാണ് എഴുന്നോറോളം പേജുകളുള ബ്രൂം ഓഫ് ദ സിസ്റ്റം എന്ന ആദ്യ നോവല്‍ വാ‍ലസ് എഴുതുന്നത്. 

പക്ഷെ, ആദ്യമായും അവസാനമായും ആമെര്‍സ്റ്റ് എമിലി ഡിക്കിന്‍സന്റെ നഗരമാണ്. ആമെര്‍സ്റ്റിന്റെ കഥാപാത്രവും മിത്തുമാണ് ഡിക്കിന്‍സന്‍. ഈ പട്ടണത്തിന്റെ ഏറ്റവും പ്രശസ്തയായ സിറ്റിസണ്‍. ആമെര്‍സ്റ്റിലെ ആകര്‍ഷണങ്ങളുടെ പട്ടികയിലെ ആദ്യ പേരു തന്നെ കവിയുടെ പേരിലുളള മ്യൂസിയമാണ്. ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെ മ്യൂസിയത്തിന്റെ പല തരത്തിലുളള ബ്രോഷറുകള്‍ കണ്ടിരുന്നു. ഹോട്ടല്‍ മുറികളിലെ ചുമരുകളില്‍ ചില്ലിട്ടു വച്ചിരിക്കുന്ന ഡിക്കിന്‍സന്റെ കൈയൊപ്പു പൊതിഞ്ഞ വരികള്‍ (the heart asks pleasure first/ then the excuse from pain). 

എമിലി ഡിക്കിന്‍സന്റെ കുടുംബ ഭവനമാണ് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. സ്വന്തം വീടും നാടും വിട്ട് ഒട്ടും സഞ്ചരിച്ചിട്ടില്ലാത്ത, എന്നാല്‍ സമ്പന്നമായ ആന്തരിക യാത്രകള്‍ കൊണ്ട് ജീവിതകാലം മുഴുവന്‍ കവിത നെയ്ത കവിയുടെ ഗൃഹമെന്ന മ്യൂസിയം അതു കൊണ്ടു തന്നെ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു. 

രണ്ടു ഭാഗങ്ങളുടെ വീടുകളില്‍ ഒന്ന് ഹോംസ്റ്റെഡ് എന്ന ഡിക്കിന്‍സന്റെ  ജന്മഗൃഹവും രണ്ടാമത്തേത് എവര്‍ഗ്രീന്‍സ് എന്ന, എമിലിയുടെ അനുജന്‍ ഓസ്റ്റിനും കുടുംബവും താമസിച്ചിരുന്ന വീടുമാണ്. അനുജനുമായി കവിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. മിലിട്ടറി ഡ്യൂട്ടിക്ക് ബോസ്റ്റണില്‍ പോയ അവനുളള കത്തുകളില്‍, മഞ്ഞു വീണ് ഉദാസീനമായ രാവിലെകളെക്കുറിച്ചും, അവന്‍ കൂടെ ഇല്ലാത്തതിന്റെ ഉന്മേഷമില്ലായ്മയെക്കുറിച്ചും, അച്ഛനുമായുളള ദൈനംദിന സംഘര്‍ഷത്തെക്കുറിച്ചും, അനുജനെക്കുറിച്ച് എത്ര മാത്രം അഭിമാനമുളളവരാണ് അമ്മയും താനുമെന്നും ഒക്കെ കവി കുറിക്കുന്നുണ്ട്. 

ഒരു ചെറിയ ചരുവിലാണ് മ്യൂസിയം. രണ്ട് നിലകളും, ത്രികോണാകൃതിയിലുളള മേല്‍ക്കൂരയും, ചിമ്മിണികളുമുളള, മഞ്ഞ ചായം തേച്ച വീട്. സൂര്യകാന്തിയും ലില്ലിയും അടക്കം പൂക്കളുടെ സമൃദ്ധി. തണല്‍ മരങ്ങളുടെ നിഴലുകള്‍.  മുറ്റം മുഴുവന്‍ സമൃദ്ധമായി വളരുന്ന, എന്നാല്‍ വെട്ടിയൊതുക്കിയ പച്ചപുല്‍ത്തകിടി. അതേ നിറത്തിലുള്ള ജനാലകളുടെ ധാരാളിത്തം. (കവിയെന്നതിനേക്കാള്‍ ഒരു പൂന്തോട്ടക്കാരിയായാണ് ഡിക്കിന്‍സണ്‍ തന്റെ ജീവിതകാലത്ത് അറിയപ്പെട്ടിരുന്നത് !)

ഓറഞ്ചും മഞ്ഞയും ഇളം പച്ചയും ഇലകള്‍ വീണു കിടക്കുന്ന മരത്തിന്റെ തണലില്‍ കുറച്ചു നേരം നിന്നു. പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. എഴുപതെങ്കിലും പ്രായം തോന്നിക്കുന്ന ഒരു ദമ്പതികള്‍ അവരുടെ നാലാമത്തെ സന്ദര്‍ശനമാണെന്ന് പറയുന്നു. ‘എമിലി’, ‘എമിലി’എന്നു സ്വന്തം കുടുംബത്തിലെ ആരെയോ എന്ന പോല്‍ പരാമര്‍ശിക്കുന്നു. ഔര്‍ ബിലവഡ് പോയറ്റ് എന്നു എന്നെ നോക്കി ചിരിക്കുന്നു.

മരണശേഷമാണ് ഡിക്കിന്‍സണെ ലോകം കണ്ടെടുത്തത്; അവരുടെ കവിതകള്‍ പ്രശസ്തിയിലേക്കുയര്‍ന്നത്. മരിച്ച് നാലു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ സമാഹാരം പുറത്തിറങ്ങി. താന്‍ പരക്കെ വായിക്കപ്പെടുമെന്ന് കവി സ്വപ്നം കണ്ടിരുന്നു എന്നു വേണം വിചാരിക്കാന്‍ (‘I can’t escape fame‘ എന്ന് ഒരു കവിതയില്‍ എഴുതിയിട്ടുണ്ട്.). 

കലാകാരല്ല അവരുടെ കൃതികളാണ് പ്രധാനം എന്ന് നമുക്കറിയാഞ്ഞിട്ടല്ല. കവി രാമനായാലും രാമാനുജനായാലും, ഷേക്സ്പിയര്‍ അപരനായാലും, ഒന്നിലധികം പേരായാലും അത് അവരുടെ കാലവതിര്‍ത്തിയായ രചനകളെ ബാധിക്കുന്നില്ല എന്നും. എങ്കിലും ജീവിതകാലത്ത് ആരാലും അറിയപ്പെടാതെ പോയ, മരണശേഷം ലോകപ്രശസ്തരായ കലാകാരന്മാര്‍ നമ്മെ വേദനിപ്പിക്കുന്നു. കവിയെന്ന നിലയില്‍ അജ്ഞാതയായി തുടരാന്‍ ഡിക്കിന്‍സനെ പ്രേരിപ്പിച്ചതെന്ത് എന്ന ചോദ്യം ധാരാളം ഊഹാപോഹങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും കാരണമായിട്ടുണ്ട്. സ്ത്രീകള്‍ എഴുതുന്നതിനോടും പ്രസിദ്ധീകരിക്കുന്നതിനോടും ഡിക്കിന്‍സന്റെ അച്ഛനുളള എതിര്‍പ്പാണ് മുഖ്യ കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്...

ബിയാട്രീസ് എന്ന ടൂര്‍ ഗൈഡ് തന്റെ കോളജ് കാലത്ത് എമിലി ഡിക്കിന്‍സനെ അനുകരിച്ച് കവിതകള്‍ എഴുതിയതിനെക്കുറിച്ചും, എമിലി ഡിക്കിന്‍സന്റെ ജീവിതത്തെക്കുറിച്ചുളള  വെബ് സീരീസ് എങ്ങനെ ഒരു ഭ്രാന്തായി മാറി എന്നും, ലൂയിസ്, ഫാനി എന്നീ ഡിക്കിന്‍സന്റെ കസിന്‍സിനെക്കുറിച്ചും, അവര്‍ക്കുളള കത്തിലെ എമിലിയുടെ അവസാന വാക്കുകളെക്കുറിച്ചും  പറയുന്നു –  ‘തിരിച്ചു വിളിച്ചു’ (Called back) എന്നാണ് മരണത്തിന്റെ തലേ ദിവസത്തെ കത്തില്‍ കവി എഴുതിയത്.

ഡിക്കിന്‍സന്റെ ജീവിതകാലമായ 1850-കളിലെ അന്തരീക്ഷം പുന:സൃഷ്ടിക്കുന്നതില്‍ മ്യൂസിയം അധികൃതര്‍ വിജയിച്ചിട്ടുണ്ടെന്ന് പറയണം. പരവതാനികളും, ഫര്‍ണീച്ചറുകളും, ചുമരും, വിളക്കുകളുമെല്ലാം എത്ര മാത്രം ശ്രദ്ധയോടെയാണ് തിരഞ്ഞെടുത്തിട്ടുളളതെന്ന് ഗൈഡ് വിശദീകരിക്കുന്നു. ഡിക്കിന്‍സനെക്കുറിച്ചുളള  ടി വി ഷോയുടെ അണിയറ പ്രവര്‍ത്തകരും മ്യൂസിയത്തിലേക്ക് ഉദാരമായി സംഭാവന ചെയ്തിട്ടുണ്ടെന്ന് ചിരിക്കുന്നു. 

പതിനഞ്ചായിരത്തോളം സന്ദര്‍ശകരാണ് ഒരു വര്‍ഷം എമിലി ഡിക്കിന്‍സന്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്തുന്നതത്രേ. ‘ഒറ്റപ്പെട്ട ജീവിതം നയിച്ച, മിക്കപ്പോഴും വെളള വസ്ത്രം മാത്രം ധരിച്ച, മരണം ഒരു ഒബ്സഷനായി കൊണ്ടു നടന്ന എമിലി ഡിക്കിന്‍സന്‍ ഇപ്പോഴും ഒരു സ്വാധീനമാണ്’, ബിയാട്രീസ് ഉറപ്പിച്ചു പറയുന്നു. ‘നമ്മില്‍ ഓരോരുത്തരിലേയും സര്‍ഗാത്മകത കണ്ടെടുക്കുന്നതില്‍‘.

മ്യൂസിയം ടൂറിലെ ആദ്യ സ്റ്റോപ്പായ ലൈബ്രറി മുറിയിലെ വട്ട മേശമേല്‍ സ്പ്രിംഗ് ഫീല്‍ഡ് റിപ്പബ്ലിക് എന്ന 1850-കളിലെ ഒരു പത്രം മടക്കി വച്ചിരിക്കുന്നു. ആരോ ഇപ്പോള്‍ വായിച്ചു നിര്‍ത്തിയതു പോലെ. എമിലി ഡിക്കിന്‍സന്റെ ചില കവിതകള്‍ ഈ പത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കൈയെഴുത്തു പ്രതികളുടെ കോപ്പികള്‍ കിടക്കരികിലുളള ചെറിയ സ്റ്റാന്‍ഡില്‍ കാണാം. മിട്ടായി പേപ്പറുകളിലും, കാര്‍ഡുകളിലും, തുണ്ടു കടലാസ്സുകളിലും മുറിച്ചു മുറിച്ചെഴുതിയ ആ വരികള്‍ കൌതുകത്തോടെ വായിക്കാം. അനാവശ്യ കടലാസുകള്‍ ഫ്ലുഷ് ചെയ്യരുതെന്ന് സന്ദര്‍ശകരെ താക്കീത് ചെയ്യാന്‍ ഡിക്കിന്‍സന്റെ വരികള്‍ തന്നെ റെസ്റ്റ്‌റൂമില്‍ പതിച്ചിരിക്കുന്നു. “What I can do — I will-/Though it be little as a Daffodil! ഡിക്കന്‍സന്റെ കിടപ്പുമുറിയില്‍ അവരുടെ വെളള ഉടുപ്പും ഷാളും പുനസൃഷ്ടിച്ചത് കാണാം. എഴുത്തു മേശയില്‍ പാതി തുറന്ന നോട്ട് പാഡും പെന്‍സിലും. ചുമരില്‍ കറുപ്പും വെളുപ്പും നിറത്തിലുളള, കവിയുടെ പോര്‍ട്രെയ്റ്റുകള്‍. തുടര്‍ന്ന് എമിലി ഡിക്കിന്‍സന്റെ അമ്മ രോഗബാധിതയായി കിടന്ന മുറിയും, എമിലിയുടെ ശവപ്പെട്ടി അടുത്തുളള സെമിത്തേരിയിലേക്കെടുത്ത കോണിപ്പടികളും കണ്ടാല്‍ ടൂര്‍ പൂര്‍ത്തിയാകും. 

പിന്നെയും ബാക്കിയാവുന്നത് ആ കവിതകളാണ്...

ജീനിയസുകളുടെ നിർമാണ പ്രക്രിയയെക്കുറിച്ച് ഒന്നും തന്നെ ഉറപ്പിച്ച് പറയാനാവില്ല എന്ന് നമുക്കറിയാം. അറിയാമായിരുന്നെങ്കില്‍ ജീനിയസുകളെ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ ലോകമെമ്പാടും തുറന്നേനേ. തികച്ചും സാധാരണമെന്ന് പുറമേ നിന്ന് തോന്നുന്ന കവിയുടെ ആന്തരിക ജീവിതവും അതു പോലെ ദുര്‍ഗ്രഹമാണ്.  

ബോര്‍ഡിംഗ് സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഡിക്കിന്‍സണ്‍ ഒരു കൂട്ടുകാരിക്കും സഹോദരന്‍ ഓസ്റ്റിനും എഴുതിയ കത്തുകളില്‍ തെളിയുന്നത്  കുടുംബത്തോട് ഏറെ അടുപ്പമുളള, ഗൃഹാതുരത്വം തുളുമ്പുന്ന ഒരു ജീവിതമാണ്. തന്റെ അഭാവം വീട്ടിലെ കുടുംബാംഗങ്ങളെ സങ്കടപ്പെടുത്തിയതിനെ പറ്റി അല്പം ഗൂഢമായ സന്തോഷത്തോടെയാണ് ഡിക്കിന്‍സണ്‍ സുഹൃത്തിനെഴുതുന്നത്. അവധിക്കാലത്ത് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഉളള ആഹ്ലാദ ദിനങ്ങളെ പ്പറ്റിയും, ഇടക്ക് ഓസ്റ്റിന്‍ സന്ദര്‍ശിക്കാന്‍ ബോര്‍ഡിംഗില്‍ വന്നതിനെക്കുറിച്ചും ഒക്കെ  വാചാലയാവുന്നു. കലാകാരന്മാരുടെ ബാല്യ കൌമാരങ്ങളിള്‍ നാം പലപ്പോഴും തെറ്റായി പ്രതീക്ഷിക്കാറുളള അന്തര്‍സംഘര്‍ഷങ്ങളോ, ഏകാന്തതയോ, പീഡാനുഭവങ്ങളോ ഒന്നും ആ കാലത്തെ കത്തുകളില്‍ കാണുന്നില്ല. 

വീട്ടില്‍ തനിച്ചായിപ്പോയ ദിവസങ്ങളില്‍ ഒന്നില്‍ ദൈവത്തെക്കുറിച്ച് ഇങ്ങനെ നിരീക്ഷിക്കുന്നു: “എന്റെ തൊട്ടടുത്ത് ദൈവം ഇരുന്ന് ഞാന്‍ നന്മ നിറഞ്ഞ വിചാരങ്ങളില്‍ തന്നെയാണോ മുഴുകിയിരിക്കുന്നത് എന്ന് നിരീക്ഷിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. പക്ഷെ, ഞാന്‍ അവനെ ഭയക്കുന്നില്ല എന്തെന്നാല്‍ എന്റെ സംഘര്‍ഷങ്ങള്‍ അവനേക്കാള്‍ മറ്റാര്‍ക്കറിയാം’ 

ഒരു വാലന്റൈസ് ഡേ സമയത്ത് ഓസ്റ്റിനെഴുതിയ കത്തില്‍ ഓസ്റ്റിന്‍ പല പെണ്‍കുട്ടികള്‍ക്കും കത്തുകള്‍ അയച്ചു കാണുമല്ലോ തനിക്ക് ആരുടെയും കത്തുകള്‍ കിട്ടിയിട്ടില്ല, പക്ഷെ, പ്രതീക്ഷ കൈ വെടിഞ്ഞിട്ടില്ല എന്ന് കുറിക്കുന്നു. എമിലി ഡിക്കിന്‍സന്‍ എന്തു മാത്രം ഏകാകിയും അന്തര്‍മുഖിയുമായിരുന്നു എന്നറിയില്ല. തന്നെ കാണാന്‍ വന്ന ഹിഗ്ഗിന്‍സിനോട് ‘താന്‍ അപരിചിതരെ കാണാറില്ല. എന്തു പറയണം എന്ന് എനിക്കറിയില്ല. എനിക്ക് വിറയലുണ്ട്’ എന്നൊക്കെ കവി പറയുന്നുണ്ട്. ഒരു കുഞ്ഞിനെ പോലെ, പക്ഷിയെ പോലെ, നാണം കുണുങ്ങിക്കൊണ്ട് എന്നൊക്കെയാണ് ഹിഗ്ഗിന്‍സ് കവിയെപ്പറ്റി എഴുതുന്നത്. ആരോ കുടിച്ച് ഗ്ലാസ്സില്‍ ബാക്കി വച്ച വീഞ്ഞു പോലെ എന്നും. 

I’m Nobody! Who are you?

Are you – Nobody – too?

Then there’s a pair of us!

Don't tell! they'd advertise – you know!

ഞാന്‍ ആരുമല്ല. നിങ്ങളോ?

ഓ നിങ്ങളും ആരുമല്ലേ?!

എന്നാല്‍ അത് നമ്മള്‍ രണ്ടാളെയും ഒരു ജോഡിയാക്കുന്നു

പക്ഷെ ആരോടും പറയല്ലേ ഈ കാര്യം  - അവര്‍ ഇത് ലോകത്തോടു മുഴുവന്‍ വിളിച്ചു പറയും.

English Summary: Column about Emily dickinson

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS