കുലമഹിമയും ആഭിജാത്യവുമുള്ള ഷി ജിൻ പിങ്ങിനെ ഭാവി നേതാക്കളിലൊരാളായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി 2007 ൽ തിരഞ്ഞെടുത്തശേഷം അദ്ദേഹത്തിന്റെ ഉയർച്ച അദ്ഭുതാവഹമായിരുന്നു. കമ്യൂണിസ്റ്റ് ആഢ്യന്മാരുടെ മുൻനിര പാരമ്പര്യമുള്ള അദ്ദേഹത്തിന് തുടർന്ന് ബെയ്ജിങ്ങിലെ അധികാര ഇടനാഴികളിൽത്തന്നെ തുടരാമായിരുന്നു. എന്നാൽ, വിദ്യാസമ്പന്നരായ പാർട്ടി കേഡർമാർ രാജ്യത്തെ ദരിദ്രരിൽ നിന്ന് പുനർവിദ്യാഭ്യാസം നേടണമെന്ന പാർട്ടി പ്രമാണം അദ്ദേഹം ശിരസ്സാവഹിച്ചു. പ്രവിശ്യകളിൽ ഒന്നിലെ കമാൻഡർ ഇൻ ചീഫിന്റെ സഹായിയായി അഴിമതിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയായി.
അഞ്ചുവർഷത്തിനു ശേഷം 2012 ൽ രാജ്യത്തിന്റെ പ്രസിഡന്റായ അദ്ദേഹത്തിന് 2017 ൽ രണ്ടാം ഊഴത്തിനിടെ തന്നെ തന്റെ സോഷലിസ്റ്റ് ചിന്തകളും സവിശേഷമായ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകളും പാർട്ടിയുടെ അടിസ്ഥാനപ്രമാണമായി അംഗീകരിപ്പിക്കാൻ കഴിഞ്ഞു. അതോടെ രാഷ്ട്രസ്ഥാപകൻ മാവോ സെ ദുങ്ങിനു ശേഷം രാജ്യത്തിന്റെ പരമോന്നത നേതാവായി ഷി അവരോധിക്കപ്പെട്ടു. പാർട്ടിയുടെയും സർക്കാരിന്റെയും സൈന്യത്തിന്റെയും പൊതുസമൂഹത്തിന്റെയും അക്കാദമിക് ലോകത്തിന്റെയും അവസാനവാക്കായി ഷി ചരിത്രം തിരുത്തിയെഴുതി.
പ്രസിഡന്റ്ന് പരമാവധി 2 ടേം എന്ന ഭരണഘടനാവ്യവസ്ഥ 2017 ലെ പാർട്ടി കോൺഗ്രസ് ഭേദഗതി ചെയ്തപ്പോൾത്തന്നെ അത് ഷി ചിൻപിങ്ങിനു വേണ്ടിയാണെന്നു വ്യക്തമായിരുന്നു. തുടർന്ന് പടിപടിയായി അദ്ദേഹം എല്ലാ മേഖലകളിലും സമ്പൂർണ ആധിപത്യമുറപ്പിച്ചു. സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ വേഗം കുറച്ചു. ഭീമൻ കോർപ്പറേറ്റ് കമ്പനികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ‘എല്ലാവരുടെയും സമൃദ്ധിയിലൂടെ സോഷ്യലിസം’ എന്ന മുദ്രാവാക്യത്തിലൂന്നി നവമുതലാളിമാർക്ക് കൂച്ചുവിലങ്ങിട്ടു.
ഇരുപതാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ 20ന് തുടങ്ങുന്നതിന് തൊട്ടു മുൻപ് ചൈനയിൽ പട്ടാള അട്ടിമറി നടന്നതായും ഷി വീട്ടുതടങ്കലിലാണെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, അതെല്ലാം വ്യാജവാർത്തകളായിരുന്നുവെന്ന് പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഷി നടത്തിയ പ്രസംഗത്തിൽ നിന്നും അദ്ദേഹത്തിനറെ ശരീരഭാഷയിൽ നിന്നും വ്യക്തമായി. അടുത്ത അഞ്ചു വർഷവും ഒരുപക്ഷേ അതിലപ്പുറവും ചൈനയുടെ പ്രസിഡന്റ് താനായിരിക്കുമെന്ന കാര്യത്തിൽ ഷിക്ക് തെല്ലും സംശയമില്ലെന്ന് ആ വാക്കുകൾ സ്ഥിരീകരിച്ചു. പാർട്ടി കോൺഗ്രസ് മൂന്നാം ടേം അംഗീകരിക്കുന്നതിനു മുൻപുതന്നെ അടുത്ത 10 വർഷത്തേക്കുള്ള ദർശനരേഖ അദ്ദേഹം അവതരിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ചൈന നേരിട്ട വെല്ലുവിളികളും എങ്ങനെ താൻ അവയെ വിജയകരമായി നേരിട്ടുവെന്ന വിവരവും പാർട്ടി സഖാക്കളുമായി പങ്കുവച്ചു.
സാമ്പത്തിക മേഖലയിൽ ഗണ്യമായ വളർച്ച നേടിക്കൊണ്ട് ശാസ്ത്രസാങ്കേതിക മേഖലകളിൽ നൂതനമായ മുന്നേറ്റങ്ങൾ നടത്താനാണ് ഷിയുടെ ദർശനരേഖ ലക്ഷ്യമിടുന്നത്. ഒരൊറ്റ രാഷ്ട്രം എന്ന നിലയിൽ ചൈന കരുത്താർജിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. സ്വയംപര്യാപ്തതയിൽ ഊന്നി സൈന്യത്തെ ആധുനികവൽക്കരിക്കാൻ പദ്ധതിയിടുന്നു. ദേശീയ സുരക്ഷയിൽ ഊന്നിനിന്നുകൊണ്ട് ലോകത്തിലെ ഏറ്റവും മുൻനിരരാഷ്ട്രമായി ചൈന വളരണമെന്ന് അദ്ദേഹം സ്വപ്നം കാണുന്നു.
യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‍വൻ സന്ദർശനം പരാമർശിച്ചുകൊണ്ടാണ് ആ ഭൂപ്രദേശവുമായി ബന്ധപ്പെട്ട ചൈനയുടെ നയം ഷി ചിൻ പിങ് വ്യക്തമാക്കിയത്. തയ്വാനെ കൂട്ടിച്ചേർക്കാൻ ബലം പ്രയോഗിക്കില്ലെന്ന നയം ചൈന ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിവതും സമാധാനപൂർണമായ സംയോജനമാണ് ലക്ഷ്യമിടുന്നത്. എന്നാൽ, പാശ്ചാത്യശക്തികളുടെ ഇടപെടൽ മറിച്ചൊരു സാഹചര്യം സൃഷ്ടിച്ചേക്കാം. ചൈനയുടെ ഏകീകരണം പാർട്ടിയുടെ ചരിത്രദൗത്യമാണെന്നു ഷി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ചരിത്രത്തിന്റെ ചക്രങ്ങൾ ആ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയൽരാജ്യങ്ങളുമായുള്ള സൗഹൃദം കൂടുതൽ മെച്ചപ്പെടുത്താനാണ് ചൈന ആഗ്രഹിക്കുന്നതെന്നു ഷി പറഞ്ഞു. ചൈനയുടെ പരമാധികാരവും സുരക്ഷയും വികസന താൽപര്യങ്ങളും മുൻനിർത്തി സൈനികതന്ത്രങ്ങൾ രൂപപ്പെടുത്തും. അയൽരാജ്യങ്ങളുടെ അതിർത്തി കയ്യേറി രാജ്യം വിസ്തൃതമാക്കുന്ന കുതന്ത്രം ചൈനയുടെ പ്രഖ്യാപിത ശൈലിയാണെന്ന ആരോപണം നിലനിൽക്കെ, ഇതേക്കുറിച്ചു നേരിട്ടു പരാമർശിക്കാതെയുള്ള പ്രസിഡന്റിന്റെ വാക്കുകൾ അങ്ങേയറ്റം സൂക്ഷ്മതയോടെയായിരുന്നു. കടന്നുകയറ്റങ്ങളിൽ നിന്ന് മാതൃഭൂമിയെ സംരക്ഷിക്കുന്നതിന് സൈനിക ശേഷി വർധിപ്പിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ആഗോള സാഹചര്യത്തെക്കുറിച്ചുള്ള ഷിയുടെ വിലയിരുത്തൽ 2017 നെ അപേക്ഷിച്ച് കൂടുതൽ അശുഭകരമാണ്. ലോകം അസ്ഥിരാവസ്ഥയിലാണെന്നും ആഗോളവൽക്കരണം തിരിച്ചടി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകരാജ്യ പ്രാമാണിത്തവും തുറന്ന വിപണി നേരിടുന്ന പ്രതിബന്ധങ്ങളും വിപരീതപ്രവണതകളാണ്. ചില രാജ്യങ്ങളെ ഒഴിവാക്കിനിർത്തിക്കൊണ്ട് രൂപീകരിക്കുന്ന ഗ്രൂപ്പുകളെയും കൂട്ടായ്മകളെയും ചൈന എതിർക്കുമെന്ന് യുഎസും ഓസ്ട്രേലിയയും ജപ്പാനും ഇന്ത്യയും ചേർന്നു രൂപീകരിച്ച ചതുർരാഷ്ട്രസഖ്യമായ ക്വാഡിനെ ഉദ്ദേശിച്ച് ഷി വ്യക്തമാക്കി. എന്നാൽ ഇന്തോ–പസിഫിക് മേഖലയെക്കുറിച്ച് അദ്ദേഹം മിണ്ടിയില്ല. ഈ മേഖലയിലെ രാജ്യങ്ങൾക്കുമേൽ ചൈന നടത്തുന്ന കുതിരകയറ്റമാണ് ക്വാഡിന്റെ രൂപീകരണത്തിനു വഴിവച്ചതെന്ന സത്യം അദ്ദേഹം സൗകര്യപൂർവം മറന്നു.
ഷിയുടെ പ്രസംഗത്തിൽ ഇന്ത്യയെ പരാമർശിച്ചില്ല. എന്നാൽ, അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് വ്യക്തമായിരുന്നു. ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയതിന്റെ വിഡിയോ ക്ലിപ്പ് പാർട്ടി കോൺഗ്രസ് വേദിയിൽ പ്രദർശിപ്പിച്ചു. ചൈനീസ് സൈന്യത്തിന്റെ കമാൻഡർ ക്വി ഫബാവോ ഇന്ത്യൻ സൈനികർക്കു നേരെ കൈചൂണ്ടിനിൽക്കുന്നതും പ്രതിനിധികളെ കാണിച്ചു. ചൈനയുടെ വീരനായകനായി ഔദ്യോഗിക മാധ്യമങ്ങൾ വാഴ്ത്തിപ്പാടിയ ക്വി ഫബാബോ പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായിരുന്നു. ഇരുഭാഗത്തും ആൾനാശമുണ്ടായ ഗൽവാൻ ഏറ്റുമുട്ടലിന്റെ വിവരങ്ങൾ പാർട്ടി കോൺഗ്രസ് പ്രതിനിധികളെ അസ്വസ്ഥരാക്കിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞതു മറന്ന് ഇന്ത്യയുമായി നല്ലബന്ധം തുടരാനാണ് ചൈന ആഗ്രഹിക്കുന്നതെങ്കിൽ ഈ വിഡിയോ പ്രദർശനം ഒഴിവാക്കുമായിരുന്നു. ലഡാക്കിലെ ചില മേഖലകളിൽ ഇരുസൈന്യവും പിന്മാറിയെങ്കിലും ഡാംചക്, ഡെസ്പാങ് മേഖലകളിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഷാങ്ഹായ് സഹകരണ സംഘനയുടെ സമർകൻഡ് സമ്മേളനത്തിൽ ഷി ചിൻപിങ്ങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിട്ടും അവർ തമ്മിൽ ചർച്ച നടത്തിയില്ല എന്നത് സംഘർഷം അവസാനിച്ചിട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.
ചൈനയുടെ പരമാധികാരിയായി ഷി തുടരുന്നത് ഇന്ത്യയ്ക്കു ഗുണം ചെയ്യുമോയെന്ന് പറയാറായിട്ടില്ല. വുഹാനിലും മഹാബലിപുരത്തും നടന്ന അനൗപചാരിക ഉച്ചകോടികളിൽ നരേന്ദ്ര മേദിയും ഷിയും ഏറെസമയം ചെലവഴിച്ച് ചർച്ച നടത്തി. ഇത്തരം ചർച്ചകൾ ഒന്നും ഇന്ത്യയോടുള്ള ചൈനയുടെ നിലപാടിനെ തെല്ലും സ്വാധീനിച്ചിട്ടില്ലെന്നാണ് ലഡാക്കിലെ സംഭവങ്ങൾ തെളിയിക്കുന്നത്. എല്ലാ അടിസ്ഥാന തത്വങ്ങളും മര്യാദകളും ലംഘിക്കുന്നതായിരുന്നു ചൈനയുടെ നടപടി. അവർ അത് തിരുത്താൻ സന്നദ്ധമായിട്ടുമില്ല. അതുകൊണ്ടുതന്നെ ഷി ചിൻ പിങ് തുടരുന്നത് ഇന്ത്യയെ സംബന്ധിച്ച് നല്ല ലക്ഷണമല്ല.
റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ പരിസമാപ്തി ആഗോളരാഷ്ട്രീയത്തെയും ശാക്തിക ബലാബലത്തെയും മാറ്റിമറിക്കും. ചൈനയും റഷ്യയുമായുള്ള സഖ്യത്തിന്റെ ഗതിപരിണാമവും ഇന്ത്യ– ചൈന ബന്ധത്തിൽ നിർണായക സ്വാധീനം ചെലത്തുമെന്ന് ഉറപ്പാണ്.
സർവതും കൈപ്പിടിയിൽ ഒരുങ്ങിയെന്നു കരുതുമ്പോഴും ചൈനയിൽ കാര്യങ്ങൾ അത്ര ഭദ്രമാണെന്ന് കരുതേണ്ടതില്ല. പലതരം കുതന്ത്രങ്ങളിലൂടെയാണ് ഷി രാജ്യത്ത് സമ്പൂർണ ആധിപത്യം നിലനിർത്തുന്നത്. ഏതുനിമിഷവും അതിന് വെല്ലുവിളി ഉയരാം. അദ്ദേഹത്തിന്റെ ദർശനരേഖ പാർട്ടി കോൺഗ്രസ് അംഗീകരിക്കും. എന്നാൽ, അതിനെതിരായ നീക്കം വരുംവർഷങ്ങളിൽ ഉണ്ടാകില്ലെന്ന് ആർക്കും ഉറപ്പിക്കാനാവില്ല.